2015-08-01 16:30:00

ക്രിസ്തു പ്രബോധിപ്പിക്കുന്ന ദൈവസ്നേഹത്തിന്‍റെ ആന്തരിക തലം


ലത്തീന്‍ റീത്തിലെ ആരാധനക്രമമനുസരിച്ച് ആണ്ടുവട്ട് 18-ാം വാരം ഞായറാഴ്ച ദിവ്യബലിമദ്ധ്യേ വായിക്കുന്ന സുവിശേഷഭാഗത്തിന്‍റെ വിചിന്തനമാണിന്ന്.

 

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 6, 24-35 ജീവന്‍റെ അപ്പം

 

യേശുവോ ശിഷ്യന്മാരോ അവിടെയില്ലെന്നു കണ്ടപ്പോള്‍ ജനക്കൂട്ടം വളളത്തില്‍ കയറി യേശുവിനെ തിരക്കി കഫര്‍ണാമിലെത്തി. യേശുവിനെ കടലിന്‍റെ മറുകരിയില്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ചോദിച്ചു. റബായ്, അങ്ങ് എപ്പോള്‍ ഇവിടെയെത്തി? യേശു പ്രതിവചിച്ചു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്. നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്‍റെ മേല്‍ അംഗീകാരമുദ്ര വച്ചിരിക്കുന്നു. അപ്പോള്‍ അവര്‍ ചോദിച്ചു. ദൈവഹിതം അനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തുചെയ്യണം? യേശു മറുപടി പറഞ്ഞു. ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി – അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക. അപ്പോള്‍ അവര്‍ ചോദിച്ചു. ഞങ്ങള്‍ കണ്ട് അങ്ങില്‍ വിശ്വസിക്കേണ്ടതിന് എന്ത് അടയാളമാണു അങ്ങു ചെയ്യുക? എന്താണു നീ പ്രവര്‍ത്തിക്കുക? അവിടുന്ന് അവര്‍ക്കു ഭക്ഷിക്കുവാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് അപ്പം കൊടുത്തു എന്ന് എഴുതപ്പെട്ടിരിക്കുന്നതുപോലെ, ഞങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു. യേശു മറുപടി പറഞ്ഞു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍നിന്ന് അപ്പം തന്നത്, എന്‍റെ പിതാവാണ് സ്വര്‍ഗ്ഗത്തില്‍നിന്ന് നിങ്ങള്‍ക്കു യഥാര്‍ത്ഥമായ അപ്പം തരുന്നത്. എന്തെന്നാല്‍, ദൈവത്തിന്‍റെ അപ്പം സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന് ലോകത്തിനു ജീവന്‍ നല്‍കുന്നതത്രേ. അപ്പോള്‍ അവര്‍ അവിടുത്തോട് അപേക്ഷിച്ചു. കര്‍ത്താവേ, ഈ അപ്പം ഞങ്ങള്‍ക്ക് എപ്പോഴും നല്‍കണമേ. യേശു അവരോടു പറഞ്ഞു. ഞാനാണ് ജീവന്‍റെ അപ്പം. എന്‍റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.

 

ശാസ്ത്രപഥത്തില്‍നിന്നും ഭരണപഥമേറിയ ഭാരതീയരുടെ പ്രിയങ്കരാനായ മുന്‍രാഷ്ട്രപതി അന്തരിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ. അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായൊരു പ്രസ്താവത്തോടെ നമുക്കീ സുവിശേഷചിന്ത ആരംഭിക്കാം. ലോകത്തിന് കരുണയുള്ള നായകരെയാണ്, രാഷ്ട്രനേതാക്കളെയാണ് ആവശ്യമെന്നായിരുന്ന മഹാനുഭാവനായ ശ്രീ അബ്ദുള്‍ കലാമിന്‍റെ കാഴ്ചപ്പാട്.

പാവങ്ങളും സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കാപ്പെട്ടവരുമായ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളോട് അനുകമ്പയും സ്നേഹവും കരുണയുമുള്ള നേതാക്കളെയാണ് ലോകത്തിന് ഇന്നാവശ്യമെന്ന്, രാഷ്ട്രത്തിന്‍റെ മിസ്സൈല്‍ ശാസ്ത്രജ്ഞന്‍ ശ്രീ കലാം Indian Express ദിനപത്രത്തില്‍ ഏതാനും മാസക്കു മുന്‍പ് എഴുതിയ Compassion and Connectvity ‘കാരുണ്യത്തിന്‍റെ കണ്ണിചേര്‍ക്കല്‍’ എന്ന ലേഖനത്തില്‍ പറയന്നുണ്ട്. മനുഷ്യന്‍ തന്‍റെ സഹോദരങ്ങളോടു കാണിക്കുന്ന അനുകമ്പ, കാരുണ്യം തീര്‍ച്ചയായും കാരുണ്യവാനായ ദൈവം, the merciful One, പിതാവ് മക്കളോടെന്നപോലെ ദൈവം മനുഷ്യരോടു കാണിക്കുന്ന കരുണയുടെ പ്രതിഫലനമായിരിക്കും, എന്നാണ്. കാലംചെയ്ത ശ്രേഷ്ഠാചാര്യന്‍ അനുവാചകരുമായി ലേഖനത്തില്‍ പങ്കുവയ്ക്കുന്ന അടിസ്ഥാന വീക്ഷണമാണിത്.

ഭൗമശാസ്ത്രത്തിന്‍റെയും ബഹിരാകാശത്തിലെ അനന്തതയുടെയും ഉള്‍പ്പൊരുള്‍ മനസ്സിലാക്കിയിട്ടുള്ള ശ്രീ കാലാമിനു കിട്ടിയ ആത്മീയ ദര്‍ശനമായിരിക്കണം ഇത്. കുറുക്കുവഴികളില്ലാത്ത, അദ്ദേഹത്തിന്‍റെ കഠിനാദ്ധ്വാനത്തിന്‍റെ ജീവിത സാക്ഷാത്ക്കാരത്തിനും വിജയത്തിനും പിന്നില്‍ ഈ ദര്‍ശനം പ്രചോദനമായിരുന്നിരിക്കണം, എന്ന് 83-വര്‍ഷം നീണ്ടതും, അവസാന നിമിഷംവരെ കര്‍മ്മബദ്ധവുമായിരുന്ന ജീവിതത്തെക്കുറിച്ച് നമുക്ക് ചാരിതാര്‍ത്ഥ്യത്തോടെ പ്രസ്താവിക്കുവാന്‍ സാധിക്കും. 

 

അന്നത്തിനുവേണ്ടിയാണ് മനുഷ്യന്‍ ജീവിക്കുന്നത്, അദ്ധ്വാനിക്കുന്നത്, എന്ന് വളരെ സാധാരണമായി നാം പറയാറുണ്ട്. പലരും ജീവിത ബദ്ധപ്പാടിന്‍റെ പശ്ചാത്തലത്തില്‍ പറയാറുണ്ട്. സാറേ, ഇത് വയറ്റീപ്പഴപ്പാണേ, എന്നൊക്കെ! മനുഷ്യപ്രയത്നത്തിന്‍റെ നല്ലൊരു ശതമാനവും ചെലവഴിക്കപ്പെടുന്നതു ഭക്ഷണത്തിനു വേണ്ടിയാണ്. ഭക്ഷണമില്ലെങ്കില്‍ മനുഷ്യന്‍ മരിച്ചുപോകും. ഭക്ഷണത്തിനുവേണ്ടി നാം അദ്ധ്വാനിക്കണം. എന്നാല്‍ അദ്ധ്വാനം, തൊഴില്‍ മറ്റുള്ളവരുമായി ബന്ധപ്പെട്ടതുമാണ്. സഹജരെ, മറ്റു സഹോദരങ്ങളെയും ആശ്രയിച്ചിരിക്കുന്നത്. ഒരുമിച്ചാണ് നാം പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ എത്ര പിന്‍തുണയുണ്ടെങ്കിലും, എത്ര അദ്ധ്വാനിച്ചു സമ്പാദിച്ചാലും, അവസാനം മനുഷ്യജീവന്‍ കടന്നുപോകുന്നതാണ്. നാം എല്ലാവരും ഒരുനാള്‍ മരിക്കണം. ജീവിതം നശ്വരമാണ്. അതിനാല്‍ അത്, ജീവിതം കൂടുതല്‍ അര്‍ത്ഥസമ്പുഷ്ടമാക്കാന്‍, നന്മയുള്ളതാക്കാന്‍ ക്രിസ്തു നല്കുന്ന സരോപദേശം സ്വീകരിക്കാം – എന്നും നിലനില്‍ക്കുന്ന അപ്പം ജീവിതത്തില്‍ നമുക്കു തേടാം. ‘നശ്വരമായ അപ്പത്തിനുവേണ്ടി മാത്രം അദ്ധ്വാനിക്കാതെ നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാം‍.’ (യോഹ. 6, 27). ഇതാണ് ഇന്നത്തെ സുവിശേഷ സന്ദേശം. അനശ്വരതയെക്കുറിച്ച് ചിന്തയുള്ളവരായിരിക്കുവിന്‍, ദൈവിക കാരുണ്യത്തിന്‍റെ മന്നതേടുവിന്‍, എന്ന്.

 

ക്രിസ്തുവിന്‍റെ വാക്കുകളി‍ല്‍നിന്നും നമുക്ക് എത്തിച്ചേരാവുന്ന വളരെ സുവ്യക്തമായ നിഗമനം ഇതാണ്. മനുഷ്യജീവിതത്തിന് അതിന്‍റെ ഭൗതിതലത്തിനും അപ്പുറം ഒരാത്മീയ തലമുണ്ടെന്ന്. നിത്യജീവന്‍റെ ആത്മീയ ഭോജനത്തിനായി പരിശ്രമിക്കുവിന്‍, എന്ന് ക്രിസ്തു പറയുന്നത് അതുകൊണ്ടാണ്. മനുഷ്യജീവിതത്തിന് ശാരീരരിക തലം മാത്രമല്ല, ഒരാത്മീയ തലവുമുണ്ട് എന്നാണ് അവിടുന്നു സമര്‍ത്ഥിക്കുന്നത്.

 

എന്തെങ്കിലും കഴിക്കുവാനും കുടിക്കുവാനും കിട്ടിയതുകൊണ്ടു മാത്രമായില്ല. മാത്രം മതിയോ, അതുകൊണ്ട് ജീവിതമായോ, ജീവിതം പൂര്‍ണ്ണമായോ?. അപ്പോള്‍ അടുത്ത ചോദ്യം, പിന്നെ നിത്യജീവന്‍ പ്രാപിക്കാന്‍ എന്തുചെയ്യണം? ദൈവം അയച്ച മനുഷ്യപുത്രനില്‍ വിശ്വസിക്കുക. മനുഷ്യരെ വിശ്വസിക്കുക. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ലോകത്തെ അത്രമാത്രം സ്നേഹിച്ച ദൈവത്തിന്‍റെ സ്നേഹത്തില്‍ വിശ്വസിക്കുക. ദൈവം ആഗ്രഹിക്കുന്നത് ഒത്തിരി പ്രവൃത്തികളല്ല, പ്രത്യുത പ്രവൃത്തിയാണ്. പ്രവൃത്തികള്‍ ആചാരാനുഷ്ഠാനങ്ങളാണ്. എന്നാല്‍ പ്രവൃത്തി, ഏകവചനത്തില്‍  അത് സ്നേഹപ്രവൃത്തിയാണ്, സദ്പ്രവൃത്തിയാണ്. സ്നേഹത്തിന്‍റെ, ദൈവസ്നേഹത്തി‍ന്‍റെ വിജയശക്തിയിലുള്ള വിശ്വാസമാണ് സദ്പ്രവൃത്തി. അവിടെ സ്നേഹവും, കരുണയുമുണ്ട്. ദൈവികകാരുണ്യത്തിന്‍റെ പ്രതിഫലനമാണ് ക്രിസ്തുവിന്‍റെ സ്നേഹപ്രമാണവും അവിടുത്തെ സ്നേഹപ്രവൃത്തികളും. അതുകൊണ്ടാണ് വിശുദ്ധ യോഹന്നാന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നത്. ദൈവത്താല്‍ അയക്കപ്പെട്ടവനില്‍ വിശ്വസിക്കുക. ദൈവം അയച്ചവനില്‍ വിശ്വസിക്കുക.

 

ഇന്നത്തെ സുവിശേഷത്തിലെ സാരോപദേശമാണിത്, സന്ദേശമാണിത് (യോഹ. 6, 29). ദൈവം അയച്ചവനില്‍ വിശ്വസിക്കുക എന്നു പറയുന്നത്, ദൈവത്തിനു സ്വീകാര്യമായ പ്രവൃത്തികള്‍ ചെയ്യുക എന്നാണ്. സ്നേഹത്തി‍ന്‍റെ പ്രവൃത്തികളാണ് ദൈവത്തിന് സ്വീകാര്യമായ പ്രവൃത്തികള്‍. ക്രിസ്തു രോഗശാന്തി നല്‍കുമ്പോഴും, പാപിക്കു മോചനം നല്‍കുമ്പോഴും, കാഴ്ച നല്‍കുമ്പോഴും, അത്ഭുതകരമായി അപ്പം വര്‍ദ്ധിപ്പിച്ച് ആയിരങ്ങളു‌ടെ വിശപ്പടക്കുമ്പോഴും, അതിനു പിന്നില്‍ അവിടുത്തെ കരുണാര്‍ദ്രമാകുന്ന മനുഷ്യസ്നേഹമാണ്. അവസാനം കാല്‍വരിയില്‍ അവിടുന്ന് ജീവന്‍ സമര്‍പ്പിക്കുമ്പോഴും അവിടുന്ന് പിതൃസ്നേഹത്തിന്‍റെ, സ്വര്‍ഗ്ഗീയ പിതാവിന്‍റെ ഭൂമിയിലെ സജീവ സ്നേഹത്തിന്‍റെ സാക്ഷിയാവുകയാണ്.

 

നാം സങ്കീര്‍ത്തന പദങ്ങളില്‍ വായിക്കുന്നുണ്ട്. ‘അവര്‍ക്കു ഭക്ഷിക്കാന്‍ അവിടുന്ന് മന്ന വര്‍ഷിച്ചു. അവിടുന്ന് അവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍നിന്നും മന്ന നല്കി’ (സങ്കി. 78, 24).

പഴയ നിയമത്തില്‍ മരുഭൂമിയില്‍വച്ച് ദൈവം തന്‍റെ ജനത്തിന് വര്‍ഷിച്ചു നല്കിയ മന്നയിലും, പുതിയ നിയമത്തില്‍ തിബേരിയൂസ് തീരത്തുവച്ച് ക്രിസ്തു വര്‍ദ്ധിപ്പിച്ചു നല്കിയ അപ്പത്തിലും മനുഷ്യന്‍റെ ശാരീരിക പുഷ്ടിക്കും സുസ്ഥിതിക്കുമുള്ള ദൈവികമായ ഇടപെടലുകളാണ് നാം കാണേണ്ടത്. എന്നാല്‍ നമുക്കു ലഭിക്കുന്ന ഭൗതിക നന്മകള്‍ക്കു പിന്നിലും ദൈവികപരിപാലനയുടെയും ദൈവസ്നേഹത്തിന്‍റെയും അദൃശ്യമായ കരങ്ങള്‍ കാണുവാന്‍ നമുക്ക് സാധിക്കണം. നാം ജീവിക്കുന്ന പ്രകൃതിയിലും, ജീവിത പരിസരത്തിലും ഉണ്ടായിരിക്കേണ്ട ആത്മീയ വീക്ഷണമാണ് സമഗ്രമായൊരു പാരിസ്ഥിതിക ദര്‍ശനം intergral ecology, ലോകത്തിന് നല്‍കുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ്ചാക്രികലേഖനം, Laudato Si’-യില്‍ പ്രസ്താവിക്കുമ്പോള്‍, പ്രപഞ്ച സ്രഷ്ടാവിന്‍റെ അദൃശ്യമായ കരങ്ങള്‍ കാണുവാന്‍ കരുത്തുളളവരു‍ടെ ജീവിത വീക്ഷണം സമഗ്ര വീക്ഷണം വളര്‍ത്തണമെന്നാണ്. ദൈവിക കാരുണ്യവും, ആ കാരുണ്യത്തിന്‍റെ നന്മകളും ഏറ്റുപറഞ്ഞ് നമുക്ക് അനുദിനം ജീവിക്കാം.

 








All the contents on this site are copyrighted ©.