2015-07-30 12:47:00

അബ്ദുല്‍ കലാമിന് നാടിന്‍റെ സ്നേഹാഞ്ജലി!


അന്തരിച്ച മുന്‍പ്രസി‍ഡന്‍റ് അബ്ദുള്‍ കലാമിന് രാഷ്ട്രം അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ജൂലൈ 30-ാം തിയതി, വ്യാഴാഴ്ച രാവിലെ ജന്മഗേഹത്തിലും സ്ഥലത്തെ മദ്രസയിലുമായി നടന്ന അന്തിമോപചാര ശുശ്രൂഷകള്‍ക്കുശേഷം രാവിലെ 11-മണിക്ക് രാഷ്ട്രത്തിന്‍റെ പൂര്‍ണ്ണ ബഹുമതികളോടെ രാമേശ്വരം നഗരപ്രാന്തത്തില്‍ തയ്യാറാക്കിയ പ്രത്യേക മണ്ഡപത്തില്‍ ജനപ്രിയനായ മുന്‍പ്രസിഡന്‍റും, ശാസ്ത്രജ്ഞനും, വാഗ്മിയും, ശ്രേഷ്ഠാചാര്യനും, വിദ്യാര്‍ത്ഥികളുടെ പ്രചോദകനും സ്നേഹിതനുമായ അബ്ദുള്‍ കലാം കബറടങ്ങി.

ഭാരതത്തിന്‍റെ 11-ാമത്തെ പ്രസി‍ഡന്‍റിനും മിസ്സൈല്‍ ശാസ്ത്രജ്ഞനുമായ അബദുള്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ, രാഷ്ട്രത്തിന്‍റെ ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രമാരുടെയും പ്രമുഖരുടെയും വന്‍നിര എത്തിയപ്പോള്‍, നാടിന്‍റെ അരുമപുത്രനും ജനപ്രിയനായ മുന്‍പ്രഥമ പൗരനും അന്ത്യഞ്ജലി അര്‍പ്പിക്കാന്‍ ജാതിമതഭേദമെന്യേ പതിനായിരങ്ങളുടെ ജനസാഗരം രാമേശ്വരത്തെ സ്മൃതിമണ്ഡപത്തിലേയ്ക്ക് ഒഴുകി.  

ജൂലൈ 27-ാം തിയതി തിങ്കളാഴ്ച ഷില്ലോംഗിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട് ഓഫി മാനെജ്മെന്‍റില്‍വച്ചുണ്ടായ ഹൃദയാലസ്യത്തെ തുടര്‍ന്നാണ് കലാം അന്തരിച്ചത്. തുടര്‍ന്ന് ഡല്‍ഹിവഴി ബുധനാഴ്ച രാമേശ്വരത്തെത്തി രാഷ്ട്രത്തിന്‍റെ മുന്‍പ്രസിഡന്‍റിന്‍റെയും ശാസ്ത്രജ്ഞന്‍റെ ശ്രേഷ്ഠാചാര്യന്‍റെയും ഭൗതികദേഹം ബുധനാഴ്ച ജന്‍മനാടായ രാമേശ്വരത്ത് ആര്‍മി ഹെലിക്കോപ്റ്ററില്‍ എത്തിച്ചിരുന്നു.

83-മത്തെ വയസ്സില്‍ കടന്നുപോകുമ്പോഴും രാഷ്ട്രത്തിന്‍റെ വളര്‍ച്ചയും പൊതുന്മയും ലക്ഷ്യമാക്കി അക്ഷീണം ജീവിതയാത്രചെയ്ത മഹാനായ അബ്ദുള്‍ കാലാമിന്‍റെ വേര്‍പാടിനെ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്‍റെ തീരാനഷ്ടമെന്ന് ഗദ്ഗദത്തോടെ വിശേഷിപ്പിച്ചു.
All the contents on this site are copyrighted ©.