2015-07-30 19:11:00

ബന്ധികളുടെ മോചനത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ യാചനയും പ്രാര്‍ത്ഥനയും


ബന്ധികളുടെ മോചനത്തിനായി പാപ്പാ യാചിച്ചു, കുടുംബം പാപ്പായ്ക്കു നന്ദിയര്‍പ്പിച്ചു.

ഇറ്റാലിയന്‍ മിഷണറി വൈദികന്‍ പാവ്ളോ ദി’ലോലിയോ സിറിയയില്‍ ബന്ധിയാക്കപ്പെട്ട വാര്‍ഷിക ദിനത്തില്‍ ജൂലൈ 26-ാം തിയതി ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് മോചനാഭ്യര്‍ത്ഥന നടത്തിയത്.

സമര്‍പ്പിതനും ശ്രേഷ്ഠാചാര്യനുമായ ഫാദര്‍ പാവ്ളോ ദിലോലിയോയെ മോചിപ്പിക്കണമെന്ന് ബന്ധപ്പെട്ടവരോട് പരസ്യമായി, എന്നാല്‍ ഏറെ ഹൃദ്യമായി പാപ്പാ യാചിച്ചു. അതുപോലെ സിറിയയില്‍ ബന്ധനത്തില്‍ കഴിയുന്ന ഓര്‍ത്ത‍ഡോക്സ് മെത്രാന്മാരെയും മദ്ധ്യപൂര്‍വ്വദേശത്തെ പീഡിതരും ബന്ധികളുമാക്കപ്പെട്ട സകലരെയും പാപ്പാ വേദനയോടെ അനുസ്മരിക്കുകയും അവരുടെ മോചനത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതിന് ജനങ്ങളോട് പ്രത്യേകം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയ്ക്കു സമ്മേളിച്ച 20,000-ത്തോളം വരുന്ന ജനങ്ങള്‍ക്കൊപ്പം നന്മനിറഞ്ഞ മറിയമേ, എന്ന പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ട് സിറിയയിലെ  ബന്ധികളുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുകയുണ്ടായി.

പ്രാര്‍ത്ഥനാഭ്യാര്‍ത്ഥ അറിഞ്ഞ ഫാദര്‍ ലോലിയോയുടെ ഇറ്റലിയിലെ കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് സഹോദരി, ഫ്രാന്‍ചേസ്ക്കയാണ് പാപ്പായ്ക്ക് നന്ദിപറഞ്ഞുകൊണ്ട് സന്ദേശമയച്ചത്. രണ്ടു വര്‍ഷങ്ങളായി ബന്ധിയാക്കപ്പെട്ട  സഹോദരന്‍, ഫാദര്‍ പാവ്ളോയുടെ  മോചനത്തിനായി ബന്ധപ്പെട്ടവരോട് പരസ്യമായി അഭ്യര്‍ത്ഥിച്ചതിനും, പ്രാര്‍ത്ഥിച്ചതിനും ഫ്രാന്‍ചേസ്ക്കാ പാപ്പായ്ക്ക് സന്ദേശത്തില്‍ നന്ദിയര്‍പ്പിച്ചു.

ഫാദര്‍ ലോലിയോ സിറിയയില്‍ പ്രവര്‍ത്തിക്കുന്നത് 30 വര്‍ഷക്കാലമായി. ക്രൈസ്തവ-മുസ്ലീം സംവാദവും നാടിന്‍റെ സമാധാന പൂര്‍ണ്ണമായ വളര്‍ച്ചയുമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതദൗത്യം. അതു സംബന്ധമായി അദ്ദേഹം എഴുതുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു. അടുത്തകാലത്ത് സിറിയയില്‍ ഉയര്‍ന്ന ഇസ്ലാമിക രാഷ്ട്രത്തിനായുള്ള മുറവിളിക്കെതിരെ ഫാദര്‍ ലോലിയോ മാധ്യമങ്ങളിലൂടെയും അല്ലാതെയും തുറന്ന പ്രതികരണങ്ങള്‍ നടത്തിയിരുന്നു. 2013 ജൂലൈ മാസത്തിലാണ് അദ്ദേഹം ബന്ധിയാക്കപ്പെട്ടത്.

 
All the contents on this site are copyrighted ©.