2015-07-29 16:27:00

ലോക യുവജന മാമാങ്കത്തിന് വന്‍ ബുക്കിങ്ങ്


ലോക യുവജനമേളയ്ക്കുള്ള ബുക്കിങ്ങിന്‍റെ ഉദ്ഘാടനദിനത്തില്‍ നാല്പത്തയ്യാരം പേര്‍ റെജിസ്റ്റര്‍ ചെയ്തെന്ന്, അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍ഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ പ്രസ്താവിച്ചു.

ജൂലൈ 26-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് 2016-ല്‍ പോളണ്ടിലെ ക്രാക്കോയില്‍ അരങ്ങേറാന്‍ പോകുന്ന ലോകയുവജനമേളയ്ക്കുള്ള ബുക്കിങിന്‍റെ ഉദ്ഘാടനം ഇന്‍റര്‍നെറ്റുവഴി പാപ്പാ ഫ്രാന്‍സിസ് പ്രതീകാത്മകമായി നിര്‍വ്വഹിച്ചത്.

തന്‍റെതന്നെ പേര് ഐ-പാടിലൂടെ റെജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് മേളയുടെ ഔപചാരികമായ ഉദ്ഘാടനകര്‍മ്മം പാപ്പാ വത്തിക്കാനില്‍ നിര്‍വ്വഹിച്ചത്.

തുടര്‍ന്നുള്ള 24 മണിക്കൂറിലാണ് 45,000 പേരുടെ റെക്കോര്‍ഡ് ബുക്കിങ്ങ് ക്രാക്കോയിലെ ഓഫിസില്‍ നടന്നതെന്ന്, മേളയുടെ സംഘാടകരില്‍ ഒരാളും വത്തിക്കാന്‍റെ പ്രതിനിധിയുമായ കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

250 ഗ്രൂപ്പുകളുടെയും 300 സന്നദ്ധസേവകരായ യുവജനങ്ങളുടെയും ബുക്കിങുകളുടെ ആകത്തുകയാണ് പ്രഥമദിനത്തിലെ 45,000 പേരുടെ ബുക്കിങ്ങെന്ന് സംഘാടകര്‍ അറിയിച്ചു.

2016 ജൂലൈ 21-മുതല്‍ 27-വരെ തിയതികളിലാണ് പോളണ്ടിലെ ക്രാക്കോ നഗരത്തില്‍ 31-ാമത് ലോക യുവജനമേള നടക്കുവാന്‍ പോകുന്നത്. മേളയുടെ സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവായ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ജന്മനാട്ടില്‍ അത് അരങ്ങേറുന്നുവെന്ന പ്രത്യേകതയാണ് ഈ വര്‍ദ്ധിച്ച ബുക്കിങ് നിരക്കിനു കാരണമെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുന്ന മേളയ്ക്ക് ഇക്കുറി പിന്നെയും റെക്കോര്‍ഡു പങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നതെന്നും, കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷം ലോകയുവതയുടെതന്നെ ജൂബിലവര്‍ഷമായി മാറുമെന്നുമാണ് തന്‍റെ പ്രത്യാശയെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

‘കാരുണ്യമുള്ളവര്‍ അനുഗ്രഹീതരാകുന്നു എന്തെന്നാല്‍ അവര്‍ക്ക് കരുണ ലഭിക്കും,’ (മത്തായി 5, 7) എന്ന സുവിശേഷത്തിലെ ആപ്തവാക്യവുമായിട്ടാണ് ആഗോള യുവജന സംഗമം ക്രാക്കോയില്‍ അരങ്ങേറുന്നത്.








All the contents on this site are copyrighted ©.