2015-07-29 16:06:00

നന്മയുടെ ദര്‍ശനം രാഷ്ട്രത്തിനു നല്കിയ മഹാനുഭാവനായിരുന്നു അബ്ദുള്‍ കലാമെന്ന് കര്‍ദ്ദിനാള്‍ ക്ലീമിസ്


അബ്ദുള്‍ കലാമിന് കേരള സഭയുടെ ആദരാഞ്ജലി!

മരണംവരെ നന്മയുടെ ദര്‍ശനം രാഷ്ട്രത്തിന് നല്കിയ മഹാനുഭാവനായിരുന്നു അന്തരിച്ച മുന്‍പ്രസിഡന്‍റ് അബ്ദുള്‍ കാലാമെന്ന് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ചെയര്‍മാന്‍, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് പ്രസ്താവിച്ചു.

ജൂലൈ 27-ാം തിയതി തിങ്കളാഴ്ച വൈകുന്നേരം ഗ്വഹാത്തിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ (IIM Shillong) വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭാഷണം നല്കവെ അനുഭവപ്പെട്ട  ഹൃദയാഘാതത്തെ തുടര്‍ന്നാണ് അബ്ദുള്‍ കലാം അന്തരിച്ചത്.

83-വയസ്സുവരെയ്ക്കും കര്‍മ്മധീരനായി ജീവിച്ച രാഷ്ട്രത്തിന്‍റെ മുന്‍പ്രഥമ പൗരനെ അനുസ്മരിച്ചുകൊണ്ട് കൊച്ചിയിലെ സഭയുടെ ആസ്ഥാനമായ പി.ഒ.സിയില്‍നിന്നും ജൂലൈ 28-ാം തിയതി ചൊവ്വാഴ്ച ഇറക്കിയ മാധ്യമ പ്രസ്താവനയിലാണ് ദേശീയ മെത്രാന്‍ സമിതിയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ക്ലീമിസ് ഇങ്ങനെ പ്രസ്താവിച്ചത്.

ജീവിതത്തില്‍ വലിയ സ്ഥാനങ്ങളുടെ സാക്ഷാത്ക്കാരത്തിന് കുറുക്കുവഴികളില്ലെന്ന് സ്വന്തം ജീവിതംകൊണ്ട് പഠിപ്പിച്ച കര്‍മ്മയോഗി, അബ്ദുള്‍ കലാം 20 വര്‍ഷക്കാലം തിരുവനന്തപുരത്തെ തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചതും പലവട്ടം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളതും മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ക്ലീമിസ് ആദരവോടെ പ്രസ്താവനയില്‍ അനുസ്മരിച്ചു.  

അന്തരിച്ച മുന്‍പ്രസി‍ഡന്‍റിന്‍റെ ഭൗതികദേശം ജന്മനാടായ രാമേശ്വരത്ത് പൊതുപ്രദര്‍ശനത്തിന് ചൊവ്വാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍നിന്നും എത്തിയിരുന്നു. അന്തരിച്ച പ്രിയങ്കരാനായ നാടിന്‍റെ പുത്രന് ബാഷ്പാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആയിരങ്ങളാണ് ചൊവ്വാഴ്ച രാത്രിയിലും, ബുധനാഴ്ച മുഴുവനും രാമേശ്വരത്ത് ദുഃഖാര്‍ത്ഥരായി ഓടിയെത്തിയത്.

ജൂലൈ 30-ാം തിയതി വ്യാഴാഴ്ച രാമേശ്വരത്തുള്ള ജന്മഗേഹത്തില്‍ നടത്തപ്പെടുന്ന അന്തിമോപചാര ശുശ്രൂഷകള്‍ക്കുശേഷം രാവിലെ 11-മണിക്ക് നഗരമദ്ധ്യത്തില്‍ ഒരുക്കിയിട്ടുള്ള പ്രത്യേക മണ്ഡപത്തില്‍ രാഷ്ട്രത്തിന്‍റെ ആചാര ബഹുമതികളോടെ മുന്‍പ്രസി‍ഡന്‍റ് കലാമിന്‍റെ കബറടക്കം നടത്തപ്പെടുമെന്ന് രാമേശ്വരം-രാമനാഥപുരം കളക്ടര്‍ അറിയിച്ചു.

 

 








All the contents on this site are copyrighted ©.