2015-07-25 20:18:00

ക്രിസ്തുവില്‍ ദൃശ്യമായ ദൈവിക കാരുണ്യത്തിന്‍റെ സമൃദ്ധി


ലത്തീന്‍ റീത്തിലെ ആരാധനക്രമമനുസരിച്ച് ആണ്ടുവട്ടം 1-ാം വാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 6, 1-15 അഞ്ചപ്പം അയ്യായിരങ്ങള്‍ക്ക്

യേശു തിബേരിയൂസ് എന്നു വിളിക്കപ്പെടുന്ന ഗലീലിക്കടലി‍ന്‍റെ മറുകരയിലേയ്ക്കു പോയി. വലിയ ഒരു ജനക്കൂട്ടം അവിടുത്തെ അനുഗമിച്ചു. കാരണം, രോഗികളില്‍ അവിടുന്നു പ്രവര്‍ത്തിച്ച അടയാളങ്ങള്‍ അവര്‍ കണ്ടിരുന്നു. ക്രിസ്തു മലയിലേയ്ക്കു കയറി ശിഷ്യന്മാരോടുകൂടെ അവിടെയിരുന്നു. യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു. യേശു കണ്ണുകളുയര്‍ത്തിയപ്പോള്‍ ഒരു വലിയ ജനതതി തന്‍റെ അടുത്തേയ്ക്കു വരുന്നതു കണ്ടു. അവിടുന്ന് പീലിപ്പോസിനോടു ചോദിച്ചു. ഇവര്‍ക്കു ഭക്ഷിക്കുവാന്‍ നാം എവിടെനിന്ന് അപ്പം വാങ്ങും? അയാളെ പരിക്ഷിക്കാനാണ് ക്രിസ്തു ഇങ്ങനെ ചോദിച്ചത്. എന്തു ചെയ്യണമെന്ന് യേശു നേരത്തെ മനസ്സില്‍ കരുതിയിരുന്നു. പീലിപ്പോസ് മറുപടി പറഞ്ഞു. ഓരോരുത്തര്‍ക്കും അല്പം വീതം കൊടുക്കുവാന്‍ ഇരുന്നൂറു ദനാറയ്ക്കുള്ള അപ്പംപോലും തികയുകയില്ല. ശിഷ്യന്മാരില്‍ ഒരുവനും ശിമയോന്‍ പത്രോസിന്‍റെ സഹോദരനുമായ അന്ത്രയോസ് അവിടുത്തോടു പറഞ്ഞു. അഞ്ചു ബാര്‍ലിയപ്പവും രണ്ടു മീനും കൈവശമുള്ള ഒരു കുട്ടി ഇവിടെയുണ്ട്. എന്നാല്‍, ഇത്രയും പേര്‍ക്ക് അതെന്തു തികയാനാണ്. ക്രിസ്തു പറഞ്ഞു. ആളുകളെയെല്ലാം ഭക്ഷണത്തിന് ഇരുത്തുവിന്‍. ആ സ്ഥലത്തു പുല്ലു തഴച്ചു വളര്‍ന്നിരുന്നു. അയ്യായിരത്തോളം വരുന്ന പുരുഷ്ന്മാര്‍ അവിടെ ഇരുന്നു. അനന്തരം യേശു അപ്പമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവര്‍ക്ക് വിതരണംചെയ്തു. അതുപോലെതന്നെ മീനും വേണ്ടത്ര നല്‍കി. അവര്‍ ഭക്ഷിച്ചു തൃപ്തരായപ്പോള്‍ അവിടുന്ന് ശിഷ്യന്മാരോടു പറഞ്ഞു. ഒന്നും നഷ്ടപ്പെതാടെ മിച്ചമുള്ള കഷണങ്ങളെല്ലാം ശേഖരിക്കുവിന്‍. അഞ്ചു ബാര്‍ലിയപ്പത്തില്‍നിന്നും ജനങ്ങള്‍ ഭക്ഷിച്ചതിനുശേഷം മിച്ചംവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. അവന്‍ പ്രവര്‍ത്തിച്ച അടയാളം കണ്ട ജനങ്ങള്‍ പറഞ്ഞു. ലോകത്തിലേയ്ക്കു വരാനിരുന്ന പ്രവാചകന്‍ സത്യമായും ഇതാണ്. അവര്‍ വന്ന് തന്നെ രാജാവാക്കുവാന്‍വേണ്ടി ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ഭാവിക്കുന്നു എന്നു മനസ്സിലാക്കിയ യേശു വീണ്ടും തനിയെ മലമുകളിലേയ്ക്കു പിന്‍മാറി.

രണ്ടാഴ്ച മുന്‍പാണ്, തെക്കെ അമേരിക്കന്‍ രാജ്യങ്ങളായ – ഇക്വഡോര്‍, ബൊളീവിയ, പരാഗ്വേ എന്നിവ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചത്. മടക്കയാത്രയില്‍ വിമാനത്തില്‍വച്ചു നല്കിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യപ്രവര്‍ത്തകന്‍റെ ചോദ്യം ഇങ്ങനെയായിരുന്നു. അങ്ങ് എപ്പോഴും പാവങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ടല്ലോ, എന്നാല്‍ ഇടത്തരക്കാരെ Middle Class-കാരെ അങ്ങ് മറന്നുപോകുന്നുണ്ടോ എന്ന്. പാപ്പാ പറഞ്ഞു. ഓര്‍മ്മപ്പെടുത്തിയതിന് നന്ദി ഞാന്‍ ഇടത്തരക്കാരെ മറുന്നുപോവുകയല്ല.

മറിച്ച്, എനിക്കു തോന്നുന്നത്, ഇനിയും ഒരു പഠനം നടത്തേണ്ടിയിരിക്കുന്നു. ലോകത്ത് ഉള്ളവനും ഇല്ലാത്തവനും, ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു വര്‍ദ്ധിച്ച് ഈടത്തരക്കാര്‍ ഇല്ലാതായി വരികയാണെന്നു തോന്നുന്നു! എവിടെയും പാവങ്ങള്‍ കുറവല്ല, എന്നൊരു സത്യമാണ് പാപ്പാ വെളിപ്പെടുത്തിയത്. പാവങ്ങളായവരോട് ക്രിസ്തുവിന് അനുകമ്പ തോന്നിയ സംഭവമാണ് ഇന്നത്തെ സുവിശേഷഭാഗം.

ക്രിസ്തുവിലൂടെ ലോകത്ത് അനുഭവവേദ്യമായ ദൈവികകാരുണ്യത്തിന്‍റെ പ്രകടനമാണ് ഇന്നത്തെ സുവിശേഷ സംഭവത്തില്‍ നാം കാണുന്നത്.

യേശുവിന്‍റെ മൂന്നു പിന്‍വാങ്ങലുകള്‍ സുവിശേഷകന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. ജനക്കൂട്ടത്തില്‍നിന്ന് വിജനസ്ഥലത്തേയ്ക്കാണ് ഈ പിന്‍വാങ്ങലുകള്‍. അതില്‍ ആദ്യത്തെ പിന്‍വാങ്ങലാണ് ഇന്നത്തെ സുവിശേഷ സംഭവത്തിന് പശ്ചാത്തലം. സ്നാപകയോഹന്നാനെ ഹേറോദേസ് വധിച്ച വിവിരം കേട്ടാണ് ക്രിസ്തു ജനക്കൂട്ടത്തില്‍നിന്നും പിന്‍വാങ്ങി. പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചത്.

തന്നെ കാത്തിരിക്കുന്നതും സ്നാപകയോഹന്നാനെപ്പോലെ മരണമാണ്. മുന്നോട്ടു പോകണമോ, വേണ്ടയോ. എങ്ങിനെ നീങ്ങണം. ഒരു തീരുമാനത്തിലെത്താനായിരുന്നിരിക്കണം ഈ പിന്‍വാങ്ങള്‍ - it was a retreat!

എന്തായിരുന്നു ആ പിന്‍വാങ്ങലിന്‍റെ പൊരുള്‍? മരിച്ചാലും വേണ്ടില്ല മനുഷ്യരെ സ്നേഹിച്ച ശുശ്രൂഷിച്ച് ജീവിക്കുകതന്നെ. ഈ സ്നേഹ ശുശ്രൂഷയാണ് വിശക്കുന്ന മനുഷ്യന് അപ്പം പകര്‍ന്നരുകൊടുക്കുന്ന സുവിശേഷ സംഭവത്തില്‍ പ്രകാശിതമാകുന്നത് – ദൈവികകാരുണ്യത്തിന്‍റെ പ്രകാശം!

വലിയ ജനക്കൂട്ടമാണ് അവിടുത്തെ തേടിയെത്തിയത്. ജനത്തിന്‍റെ നന്മയ്ക്കുവേണ്ടി ക്രിസ്തു നിലകൊള്ളുന്നതില്‍ മതമേലധ്യക്ഷന്മാര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും അവിടത്തോട് അമര്‍ഷമുണ്ടായിരുന്നു. എങ്കിലും, ‘ജനത്തിന്‍റെമേല്‍ അവിടുത്തേയ്ക്ക് കരുണ തോന്നി,’ (യോഹന്നാന്‍ 6, 1-15).  ജനത്തെ കാണുമ്പോള്‍ അവിടുന്ന് എല്ലാം മറക്കുന്നു. Sympathy അല്ലെങ്കില്‍ സഹാനുഭാവം മാത്രം പോരല്ലോ empathy-യും വേണം. അതായത് ദീനാനുകമ്പ മാത്രം പോരാ, തന്മയീഭാവശക്തിയും വേണം. മറ്റൊരുവന്‍റെ ക്ലേശങ്ങള്‍ മനസ്സിലാക്കി അതിനോട് സഹതപിക്കുവാനുള്ള കഴിവ്. അതായത്, ദയ എന്ന വികാരം കാരുണ്യപ്രവൃത്തിയായി രൂപാന്തരപ്പെടണം. അങ്ങനെ ക്രിസ്തു അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നു. ‘അവിടുന്ന വരുമ്പോള്‍  വിശക്കുന്നവര്‍ക്കും ദാഹിക്കുന്നവര്‍ക്കും മേച്ചില്‍പ്പുറങ്ങളില്‍ ഭക്ഷണവും വെള്ളവും ലഭിക്കും,’ (ഏശയ്യ 49, 10) എന്ന പ്രവചനവാക്യങ്ങള്‍ ദൈവരാജ്യത്തിന്‍റെ വീണ്ടെടുപ്പു ശക്തിയാണ് പ്രകടമാക്കുന്നത്.

ക്രിസ്തു പുരുഷാരത്തെ ഊട്ടുന്ന സംഭവങ്ങള്‍ നമ്മുടെയും അന്ന വിചാരങ്ങള്‍ക്ക് നല്ല അടയാളമായി മാറിയേക്കും. ‘മനുഷ്യര്‍ക്ക് വിശുക്കുന്നു’ എന്ന അറിവാണ് അതില്‍ ആദ്യത്തേത്. നാം വളരെ സാധാരണയായി പറയുകയും ഉപയോഗിക്കുകയും ചെയ്യുന്ന പല ഭക്ഷണപദാര്‍ത്ഥങ്ങളുടെയും പേരുപോലും പലര്‍ക്കും നിശ്ചയമില്ലായെന്ന് അറിയാത്തതെന്ത്യേ?

ഒരു ദിവസം, പ്ലസ് ടു അദ്ധ്യാപിക തന്‍റെ കുട്ടിക്കള്‍ക്കുവേണ്ടി കുറച്ച് ‘പുഡ്ഡിംഗ്’ ഉണ്ടാക്കി ക്ലാസ്സില്‍ കൊണ്ടുവന്നു കൊടുത്തു. വളരെ ചെറിയ അളവിലത് കുട്ടികള്‍ക്ക് വിളമ്പിക്കൊടുത്തു. കഴിച്ചിട്ട് കുട്ടികള്‍ ടീച്ചറോട് പറഞ്ഞത്. നല്ല രൂചി! ഇതിന്‍റെ പേരെന്താണ്, ടീച്ചറേ....!? ടീച്ചര്‍ ചിരിച്ചെങ്കിലും, അവരുടെ കണ്ണുനനയാതെ എന്തു ചെയ്യും!! അതേനേരം  മറ്റൊരു വീട്ടിലെ ഊട്ടുമേശയില്‍ കെ.ജി.യില്‍ പഠിക്കുന്ന മകള്‍ പറയുന്നു. ‘അമ്മേ, ഇന്നെനിക്ക് ന്യൂഡില്‍സ് വേണ്ടാ, സ്പഗേത്തി മതി’യെന്ന്. നോക്കണേ, വൈരുദ്ധ്യം!

ദീര്‍ഘമായ പ്രഭാഷണത്തിനുശേഷം മടങ്ങിപ്പോകുന്ന ജനക്കൂട്ടത്തിന്,  പാവപ്പെട്ട കേള്‍വിക്കാര്‍ക്ക് എന്തു സംഭവിക്കുമെന്ന് ക്രിസ്തു ഭാരപ്പെടുന്നു. വിശക്കുന്നവരുടെ ജീവിതവഴികളില്‍ എന്തും സംഭവിക്കാം. വിശക്കുന്ന ദാവീദ് രാജാവ് ദേവാലയത്തില്‍ കയറി പുരോഹിതന്മാര്‍ക്ക് മാത്രം അവകാശപ്പെട്ട കാഴ്ചയപ്പം എടുത്ത് ഭക്ഷിച്ചത്. വിശന്ന ശിഷ്യനമാര്‍ വയലിലെ കതിര്‍ മണികള്‍ കവര്‍ന്നെടുത്തില്ലേ.

വിശക്കുന്ന പെണ്‍കുട്ടി ഗണികത്തെരുവിലേയ്ക്ക് വഴിതെറ്റി ചെന്നെന്നിരിക്കാം. വിശക്കുന്നവരോട് മാത്രം നമ്മുടെ ധാര്‍മ്മിക വിചാരങ്ങള്‍ അമിതമായി വിളമ്പരുത്. അവരുടെ വിശപ്പടക്കാന്‍ സഹായിക്കുകയാണു വേണ്ടത്. നല്ലൊരളവില്‍, വിശപ്പാണ് മനുഷ്യജീവിതത്തിന്‍റെ നിലനില്‍പ്പുകളെ പാളിക്കുന്നത്.... അവര്‍ക്കെന്തു സംഭവിക്കുമെന്ന് വ്യാകുലപ്പെടാത്തവരുടെ സാരോപദേശങ്ങള്‍ക്ക് കാല്‍ക്കാശിന് വിലയില്ലാ എന്നും ഓര്‍ക്കണം!

ഭൂമിയുടെ വിശപ്പിനെ ശമിപ്പിക്കുവാന്‍ നമുക്കിനിയെന്താവും, എന്ന അന്വേഷണമാണ് രണ്ടാമത്തെ ചുവട്. ഇത്രയും വലിയ പുരുഷാരത്തെ ഊട്ടാന്‍ ഇരുന്നൂറു ‘ദനാറ’ വേണ്ടിവരുമെന്നാണ് പീലിപ്പോസിന്‍റെ കണ്ടെത്തല്‍. അവരെത്ര കൂട്ടിയാലും കൂടാത്ത കണക്കാണിത്. വിശക്കുന്നവരോട് ലക്ഷോപലക്ഷം ജനങ്ങളെയോര്‍ത്ത് നമ്മുടെ നിസ്സഹായതകള്‍ പേര്‍ത്ത് പേര്‍ത്ത് പറയുകയല്ല വേണ്ടത്. ജനക്കൂട്ടത്തിലെ ബാലന്‍ ചെയ്തതുപോലെ കൈയ്യിലുണ്ടായിരുന്ന, അക്ഷരാര്‍ത്ഥത്തില്‍ ‘എണ്ണിച്ചുട്ട അപ്പം’ അടുത്തിരിക്കുന്നവര്‍ക്കുവേണ്ടി വച്ചുനീട്ടുകയാണ് പ്രധാനം. മറ്റൊരു വാക്കില്‍ think globally and act locally, വിശാലദൃഷ്ടിയോടെ പ്രായോഗികമായും വളരെ പ്രാദേശികമായും പ്രവര്‍ത്തിക്കുക, പങ്കുവയ്ക്കുക. പിന്നെ പയ്യന്‍ ചെറുവാല്യക്കാരനായി മാറുകയാണ്. അവന് കഴിക്കാന്‍വേണ്ടി മാത്രം  ഉറ്റവരാരോ പൊതിഞ്ഞു-കെട്ടി കൊടുത്ത അപ്പം പങ്കിടുവാന്‍ കാട്ടിയ സുമനസ്സ്, അവന്‍റെ വിശാല ഹൃദയം! അതായിരുന്നു ശരിക്കും ഗലീലയത്തീരത്തെ അത്ഭുതം!!

പാപ്പാ ഫ്രാന്‍സിസ് നിരീക്ഷിക്കുന്നതു കണക്ക് മനുഷ്യന്‍റെ ആവശ്യങ്ങള്‍ക്കുള്ള വിഭവങ്ങളൊക്കെ ഈ ഭൂമിയില്‍ സമൃദ്ധമായിട്ടുണ്ട്. എന്നാല്‍ അവന്‍റെ ദുരയെ ശമിപ്പിക്കാന്‍ ഒന്നും മതിയാവാതിരിക്കുകയും ചെയ്യുന്നു. കുറെക്കൂടി നീതിപൂര്‍വ്വമായ വിതരണ പ്രക്രിയ സംഭവിക്കേണ്ടതുണ്ടെന്നു ഉദ്ബോധിപ്പിക്കുന്ന പാപ്പാ വിശ്വസിക്കുന്നത്, ബഹൂഭൂരിപക്ഷം ഇനിയും പാവങ്ങള്‍ പാര്‍ക്കുന്ന ലോകത്ത് ആരെയും ഒഴിച്ചുനിറുത്താത്തതും, എന്നാല്‍ സകലരെയും ഉള്‍ക്കൊള്ളുന്നതുമായ സാകല്യസംസകൃതി വളര്‍ത്തണമെന്നാണ്. അതുകൊണ്ടുതന്നെയാണ് ‘പാവങ്ങള്‍ക്കുള്ള പാവപ്പെട്ട സഭ’യാണ് താന്‍ സ്വപ്നം കാണുന്നത് എന്ന് പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതും.

ഇന്നത്തെ സുവിശേഷ പശ്ചാത്തലത്തിലേയ്ക്ക്, വിജനപ്രദേശത്തേയ്ക്ക് വീണ്ടും എത്തിനോക്കിയാല്‍, ബാക്കി വരുന്നതൊക്കെ ഏറ്റവും ശ്രദ്ധയോടെ ശേഖരിക്കാനായി ക്രിസ്തു പറയുന്നുണ്ട്. വന്നവര്‍ക്ക് വേണ്ടി മാത്രമല്ല, വരുവാനിരിക്കുന്നവര്‍ക്കു വേണ്ടിക്കൂടെ പങ്കുവയ്ക്കുവാനുള്ള സൂചനയും കരുതലുമാണിവിടെ നാം കാണേണ്ടത്. ധാന്യവില നിലനിര്‍ത്താന്‍ കൂടുതല്‍ ഉത്പാദനങ്ങളുള്ള വര്‍ഷങ്ങളില്‍ ടണ്‍കണക്കിന് ഗോതമ്പ് കടലില്‍ കൊണ്ടുപോയി കളയുന്ന വന്‍കിട രാഷ്ട്രങ്ങള്‍ കഥയല്ല, കാര്യമാണ്.

ഒരു വറ്റുചോറ് ഒരു കുഞ്ഞിന്‍റെ ഒരുനേരത്തെ ഭക്ഷണമാണെന്നു കൂടി ഓര്‍മ്മിക്കുക. വിശക്കുന്നയൊരാള്‍ ഏതു യാമത്തിലും ഇനിയും വന്നേക്കാം. ‘വിശക്കുന്നൊരാളെ ഊട്ടിയപ്പോഴൊക്കെ തന്നെയാണ് ഊട്ടിച്ചതെന്ന് ക്രിസ്തു പഠിപ്പിക്കുന്നുണ്ടല്ലോ

ഭൂമിയിലേയ്ക്കുവച്ച് ഏറ്റവും നല്ല കുശലമെന്താണ്, ക്രിസ്തു പറഞ്ഞതു തന്നെയാണ്, വിശക്കുന്നുണ്ടോ? വല്ലതും കഴിച്ചോ? നിങ്ങളെന്താ കഴിക്കാത്തത്. വേണ്ട, നിങ്ങള്‍ കഴിക്കുന്നത് നോക്കിയിരിക്കുമ്പോള്‍ത്തന്നെ കണ്ണും വയറും നിറയും, എന്നു മക്കളോടു പറഞ്ഞ് പൊരിവയറുമായി കിടന്നുറങ്ങുന്ന അമ്മമാരുണ്ടല്ലോ ഈ ലോകത്ത്...!
All the contents on this site are copyrighted ©.