2015-07-23 18:16:00

മാറ്റങ്ങള്‍ക്ക് വഴിതുറക്കേണ്ട പാപ്പായുടെ അമേരിക്ക സന്ദര്‍ശനം


പാപ്പാ ഫ്രാന്‍സിസിന്‍റെ അമേരിക്ക സന്ദര്‍ശനം മാറ്റങ്ങള്‍ക്കു വഴിതുറക്കുമെന്ന് ന്യൂ ഓര്‍ളിയാന്‍സിന്‍റെ മേയര്‍, മിച്ച് ലാന്‍ഡ്രിയൂ പ്രസ്താവിച്ചു. സെപ്റ്റംബര്‍ 24-മുതല്‍ 27-വരെ തിയതികളിലാണ് പാപ്പായുടെ അമേരിക്ക സന്ദര്‍ശിക്കുന്നത്.

വത്തിക്കാന്‍റെ ശാസ്ത്ര അക്കാ‍ഡമി വിളിച്ചുകൂട്ടിയ കാലാവസ്ഥാ വ്യതിയനവും മനുഷ്യക്കടത്തും സംബന്ധിച്ച ലോകത്തിലെ വന്‍നഗരങ്ങളിലെ മേയര്‍മാരുടെ പഠനശിബരത്തിന്‍റെ അന്ത്യത്തില്‍ ജൂലൈ 22-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ റോ‍ഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ആസന്നമാകുന്ന അമേരിക്ക സന്ദര്‍ശനത്തെക്കുറിച്ച് മേയര്‍ ലാന്‍ഡ്രിയൂ ഇങ്ങനെ പ്രസ്താവിച്ചത്.

വാഷിംങ്ടണില്‍ പാപ്പാ ഫ്രാന്‍സിസ് നല്കുവാന്‍ പോകുന്ന കോണ്‍ഗ്രസ്സിനുള്ള സന്ദേശം അമേരിക്കയിലെ ഭരണനേതൃത്വത്തിന് ഏറെ വെല്ലുവിളിയായിരിക്കുമെന്നും, അത് സമൂഹത്തില്‍ മാറ്റങ്ങള്‍ക്ക് വഴിതുറക്കാന്‍ കരുത്തുള്ളവയായിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും, മേയര്‍ ലാന്‍ഡ്രിയൂ അഭിമുഖത്തില്‍ പ്രസ്താവിച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും നവഅടിമത്വമായ മനുഷ്യക്കടത്തിന് എതിരെയുമുള്ള പാപ്പായുടെ പ്രബോധനങ്ങളെ ലാന്‍ഡ്രിയൂ ഏറെ മതപ്പോടെ സമ്മേളനത്തില്‍ വിലയിരുത്തുകയും പ്രശംസിക്കുകയും ചെയ്തു.

2005-ല്‍ കാതറിന്‍ ചുഴലിക്കാറ്റ് പാടെ തകര്‍ത്ത നഗരമാണ് ന്യൂ ഓര്‍ളിയാന്‍സ്.

പാപ്പാ ഫ്രാ‍ന്‍സിസിന്‍റെ സാമൂഹ്യ പ്രബോധനം Laudato Si’ അങ്ങേയ്ക്കു സ്തുതി!-യെ ആധാരമാക്കിയാണ് വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമി കാലാവസ്ഥാ വ്യതിയാനം മനുഷ്യക്കടത്ത് എന്നീ വിഷയങ്ങളെ ആധാരമാക്കി ലോകത്തിലെ വന്‍നഗരങ്ങളുടെ മേയര്‍മാരെ കേന്ദ്രീകരിച്ച് ദ്വിദിന പഠനശിബിരം ജൂലൈ 21, 22 ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ വത്തിക്കാനിലെ കസീനോ പിയോയില്‍ സംഘടിപ്പിച്ചത്. പാപ്പാ ഫ്രാന്‍സിസ് സമ്മേളനത്തില്‍ പങ്കെടുത്ത് മേയര്‍മാരെ അഭിസംബോധനചെയ്തു.

 
All the contents on this site are copyrighted ©.