2015-07-23 09:40:00

കാലാവസ്ഥക്കെടുതിയും മനുഷ്യക്കടത്തും പരിഹാരംതേടേണ്ട ധാര്‍മ്മിക ഉത്തരവാദിത്വങ്ങള്‍


കാലാവസ്ഥാ കെടുതിയും മനുഷ്യക്കടത്തും സമൂഹത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വമാണെന്ന് നഗരാധിപന്മാരുടെ സമ്മേളനം പ്രഖ്യാപിച്ചു.

മേയര്‍മാരുടെ സമ്മേളനത്തിന്‍രെ ഫലപ്രാപ്തിയായി ആദ്യദിനത്തിന്‍റെ അന്ത്യത്തില്‍ രൂപപ്പെടുത്തിയ പ്രഖ്യാപനത്തില്‍ എല്ലാ മേയര്‍മാരും, സംഘടനാ പ്രതിനിധികളും, യുഎന്‍ പ്രതിനിധികളും ഒപ്പുവച്ചു. സദസ്സിനെ അഭിസംബോധനചെയ്ത് സന്ദേശം നല്കിയ പാപ്പാ ഫ്രാന്‍സിസ് സമ്മതം രേഖപ്പെടുത്തിക്കൊണ്ടും, പ്രഖ്യാപനങ്ങള്‍ മാനവികതയ്ക്ക് ഉപകാരപ്രദമാവട്ടെ, എന്ന ആശംസയോടെയും അതില്‍ ഒപ്പുവച്ചു.

ജൂലൈ 21, 22 ചൊവ്വ ബുധന്‍ തിയതികളില്‍ വത്തിക്കാനില്‍ സംഗമിച്ച് ലോകത്തിലെ വന്‍നഗരങ്ങളിലെ മേയര്‍മാരുടെ സംഗമമാണ് സാമൂഹ്യതിന്മകള്‍ മനുഷ്യന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വമാണെന്ന് പ്രഖ്യാപിച്ചത്.

മനുഷ്യന്‍ കാരണമാക്കുന്ന കാലാവസ്ഥാ വ്യതിയാനം ഒരു ശാസ്ത്രീയ യാഥാര്‍ത്ഥ്യമാണെന്നും, അതിനാല്‍ അതിന്‍റെ ഫലവത്തായ നിയന്ത്രണം മനുഷ്യകുലത്തിന്‍റെതന്നെ ഉത്തരവാദിത്വമാണെന്നും സമ്മേളനം പ്രസ്താവിച്ചു.

ഇന്ന് സമൂഹത്തിലെ കൊടുംദാരിദ്ര്യത്തിന് കാരണമാകുന്ന വരള്‍ച്ച, കൊടുങ്കാറ്റ്, ഉഷ്ണക്കാറ്റ്, സമുദ്രനിരപ്പിന്‍റെ ക്രമാതീതമായ ഉയര്‍ച്ച എന്നിവ മനുഷ്യന്‍ കാരണമാക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്‍റ പ്രത്യാഘാതങ്ങളാണെന്ന് സമ്മേളനം പ്രഖ്യാപനത്തില്‍ സ്ഥിരീകരിച്ചു. അന്തരീക്ഷ മലിനീകരണത്തിന്‍റെ നിയന്ത്രണം, പ്രകൃത്യോര്‍ജ്ജങ്ങളുടെ ശരിയായ വിനയോഗം, സുസ്ഥിതി വികസനപദ്ധതികള്‍ എന്നിവയിലൂടെ നഗരങ്ങളിലെ മലിനീകരണം ഇല്ലാതാക്കുവാനും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാക്കുവാനും പരിശ്രമിക്കുമെന്ന് ലോകത്തിലെ മേയര്‍മാരും ഇതര ഏജെന്‍സികളും ഒന്നടങ്കം പ്രഖ്യാപിച്ചു.

മിലിട്ടറിപോലുള്ള അഭ്യന്തര മന്ത്രാലയങ്ങള്‍ കാരണമാക്കുന്ന അമിതച്ചിലവു ചുരുക്കി രാഷ്ട്രങ്ങള്‍ സമൂഹത്തിന്‍റെ സുസ്ഥിവികസന പദ്ധകളിലും, പ്രകൃത്യോര്‍ജ്ജങ്ങളുടെ ശരിയായ ഉപയോഗം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പ്രഖ്യാപനം നിര്‍ദ്ദേശിച്ചു.

സെപ്തംബര്‍ മാസത്തില്‍ ഐക്യരാഷ്ട്ര സഭ വിളിച്ചുകൂട്ടുന്ന cop21 പരിസ്ഥിതി ഉച്ചകോടി മനുഷ്യഹേതുവായ ആഗോള താപനത്തന്‍റെ അളവ് (നാലു ഡിഗ്രിയില്‍നിന്നും രണ്ടിലേയ്ക്കു) കുറക്കുന്നതിനുതകുന്ന മാനദണ്ഡം സ്വീകരിക്കണമെന്ന വ്യക്തമായ ധാരണയും പ്രഖ്യാപനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യപീഡനം, ചൂഷണം, മനുഷ്യക്കടത്ത്, എല്ലാത്തരത്തിലുമുള്ള അടമത്വങ്ങള്‍ മുതലായ മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളും, നിര്‍ബന്ധിത തൊഴില്‍, വേശ്യാവൃത്തി, അവയവക്കടത്ത്, ഗാര്‍ഹിക അടിമത്വം, പീഡനം എന്നിവയ്ക്കെതിരം നഗരാധിപന്മാര്‍ സമര്‍പ്പണത്തോടെ പോരാടുമെന്ന് സമ്മേളനത്തിന്‍റെ ഫലപ്രാപ്തി എന്നോണം ഒരുക്കിയ പ്രഖ്യാപനം വെളിപ്പെടുത്തി.  ദേശീയ പാര്‍പ്പിട സൗകര്യങ്ങളിലൂടെയും കൃത്യമായ സുരക്ഷാ നടപടികളിലൂടെയും നഗരങ്ങളിലെത്തുന്ന കുടിയേറ്റക്കാരുടെയും പാവപ്പെട്ടവരുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുമെന്നും മേയര്‍മാര്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

സമ്മേളനത്തില്‍ പങ്കെടുത്ത മേയര്‍മാരും, യുഎന്‍ പ്രതിനിധികളും, രാഷ്ട്രപ്രതിനിധികളും, സര്‍ക്കാരേതര സംഘടാ പ്രവര്‍ത്തകരും  പാപ്പാ ഫ്രാന്‍സിസിനോടും, വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമിയുടെ പ്രതിനിധികളോടും ചേര്‍ന്ന് പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു.  
All the contents on this site are copyrighted ©.