2015-07-22 11:21:00

മനുഷ്യനെയും പരിസ്ഥിതിയെയും വേറിട്ടു കാണരുതെന്ന് പാപ്പാ ഫ്രാന്‍സിസ്


മനുഷ്യനെയും പരിസ്ഥിതിയെയും വേര്‍തിരിക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ജൂലൈ 21-ാം തിയതി ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് വത്തിക്കാനിലെ കസീനോ പിയോയില്‍ സംഗമിച്ച നഗരസഭാദ്ധ്യക്ഷന്മാരുടെ ആഗോള സംഗമത്തെ അഭിസംബോധനചെയ്തുകൊണ്ടു സംസാരിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

പരിസ്ഥിതിയോട് അനുഭാവമുള്ള മനോഭാവം മനുഷ്യരോടു തന്നെ അനുഭാവവും സ്നേഹമുള്ള മനോഭാവമാണെന്നും, കാരണം പരിസ്ഥിതിയുടെ കേന്ദ്രസ്ഥാനത്ത് മനുഷ്യനാണെന്നും പാപ്പാ പ്രസ്താവിച്ചു. പരിസ്ഥിതി പൂര്‍ണ്ണമാകുന്നത് മനുഷ്യന്‍ അതിന്‍റെ ഭാഗമാകുകയും, അതിന്‍റെ കേന്ദ്രസ്ഥാനത്ത് ജീവിക്കുകയും ചെയ്യുന്നതുകൊണ്ടാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു. അതിനാല്‍ മനുഷ്യനെയും പരിസ്ഥിതിയെും വേര്‍തിരിക്കുന്നത് ശരിയല്ലെന്നും പാപ്പാ പ്രസ്താവിച്ചു. പരിസ്ഥിതിയെ മനുഷ്യന്‍ സമീപിക്കുന്ന രീതിയില്‍നിന്നുമാണ് പ്രകൃതിയുടെ പ്രതികരണം ഉണ്ടാകുന്നതും പ്രകൃതിവിനാശം സംഭവിക്കുന്നതെന്നും പാപ്പാ പ്രഭാഷണത്തില്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ തന്‍റെ പുതിയ പ്രബോധനം, Laudato Si’ അങ്ങേയ്ക്കു സ്തുതി! ഒരു സാമൂഹ്യപ്രബോധനമാണെന്നും, ഈ അര്‍ത്ഥത്തില്‍ അതൊരു പരിസ്ഥിതി സംബന്ധിയായ പ്രബോധനമല്ലെന്നുx പ്രഭാഷണത്തില്‍ പാപ്പാ മേയര്‍മാരെ ധരിപ്പിച്ചു. പരിസ്ഥിതിയെ ഉപയോഗിക്കുന്നതു മനുഷ്യനാണ്. അത് മോശമായും സ്വാര്‍ത്ഥമായും ഉപയോഗിച്ചാല്‍ അതനുസരിച്ച് പ്രകൃതി വികൃതമാകുകയും, അത് മനുഷ്യന് എതിരാവുകയും ചെയ്യുന്നതാണ് കാലാവസ്ഥാവ്യതിയാനവും, ആഗോളതാപനവുമെന്ന് പാപ്പാ വിശദീകരിച്ചു.

പരിസ്ഥിതി സംരക്ഷണം അതിനാല്‍ സാമൂഹ്യ മനഃസ്ഥിതിയാണ്, കാരണം പരിസ്ഥിതി ദൈവത്തിന്‍റെ സൃഷ്ടിയാണ്, മനുഷ്യന് ദൈവം തരുന്ന ദാനവുമാണ്.

മേയര്‍മാരെ ഈ സമ്മേളനത്തിലേയ്ക്ക് വിളിക്കുവാനുള്ള പ്രത്യേക കാരണം തുടര്‍ന്ന് പാപ്പാ വ്യക്തമാക്കി. കാരണം പരിസ്ഥിതി വിനാശത്തിന്‍റെ കെടുതികള്‍മൂലം ഗ്രാമങ്ങള്‍ വാസയോഗ്യമല്ലാതാകുമ്പോള്‍ മനുഷ്യന്‍ വന്‍നഗരങ്ങളിലേയ്ക്കാണ് കുടിയേറുന്നത്.  തന്‍റെ സാമൂഹ്യ പ്രബോധനത്തില്‍ എടുത്തു പറയുന്നതുപോലെ, ആരോടും വിരോധമില്ലാതെയും പരിഭവമില്ലാതെയും എന്ന ആമുഖ പ്രയോഗത്തോടെ പാപ്പാ പ്രസ്താവിച്ചു, സാങ്കേതികാധിപത്യത്തിന്‍റെ ബിംബവത്ക്കരണം ഇന്നത്തെ സമൂഹം ഉപേക്ഷിക്കണമെന്ന്. ആധുനിക സാങ്കേതികാധിപത്യം മനുഷ്യന്‍റെ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കുന്നുണ്ടെന്നും, അത് സമൂഹത്തില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും വളര്‍ത്തുന്നുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ വളര്‍ത്തുന്ന ദാരിദ്ര്യത്തിന്‍റെയും ജീവിത കെടുതികളുടെയും പശ്ചാത്തലത്തില്‍ മനുഷ്യന്‍ പുതിയ ജീവിത ചക്രവാളങ്ങള്‍ തേടുകയും, കുടിയേറ്റം ആരംഭിക്കുകയും ചെയ്യുന്നത് അവിടെയാണെന്നും പാപ്പാ വിശദീകരിച്ചു.

തൊഴിലില്ലായ്മയും അതു കാരണമാക്കുന്ന കുടിയേറ്റ പ്രതിഭാസത്തെയും കൂടാതെ, പ്രകൃതി വിനാശത്തില്‍നിന്നും ഉടലെടുക്കുന്ന നവമായ പുതിയ രോഗങ്ങള്‍, മരുവത്ക്കരണം, വനനശീകരണം, കുടുയേറ്റ പ്രതിഭാസം, അതുമായി ബന്ധപ്പെട്ടു സംഭവിക്കുന്ന മനുഷ്യക്കടത്ത്, വേശ്യാവൃത്തി എന്നീ സാമൂഹ്യ തിന്മകളെക്കുറിച്ചും, മാതൃഭാഷയായ സ്പാനിഷില്‍ നടത്തിയ പ്രഭാഷണത്തില്‍ പാപ്പാ വിശദീകരിച്ചു.
All the contents on this site are copyrighted ©.