2015-07-21 15:23:00

നഗരസഭ അദ്ധ്യക്ഷന്മാരുടെ വന്‍സംഗമം വത്തിക്കാനില്‍


മേയര്‍മാരുടെ ലോകത്തെ ഏറ്റവും വലിയ സമ്മേളനം വത്തിക്കാനില്‍ ആരംഭിച്ചു.

വത്തിക്കാന്‍റെ ശാസ്ത്ര അക്കാ‍ഡമിയുടെ ക്ഷണപ്രകാരമാണ് ലോകത്തെ വന്‍നഗരങ്ങളുടെ മേയര്‍മാരും, രാഷ്ട്രപ്രതിനിധികളും, ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധികളും മറ്റ് സര്‍ക്കാരേതര ഏജന്‍സികളുമായി വലിയ സംഘം ജൂലൈ 21-ാം തിയതി തിങ്കളാഴ്ച രാവിലെ മുതലാണ് വത്തിക്കാനില്‍ സംഗമിച്ചിരിക്കുന്നത്. 22-ാം തിയതി ബുനാഴ്ച വൈകുന്നേരംവരെ നീളുന്നതാണ് പഠനശിബരം.

മെയ് 24-ാം തിയതി പാപ്പാ ഫ്രാന്‍സിസ് പ്രസിദ്ധീകരിച്ച പരിസ്ഥിതി സംബന്ധിയായ ചാക്രികലേഖനം (Laudato Si’) അങ്ങേയ്ക്ക് സ്തുതി!  ഉണര്‍ത്തുവിളിയായി സ്വീകരിച്ചുകൊണ്ടാണ് വത്തിക്കാനിലെ കസീനോ പിയോയില്‍ വന്‍ പഠനശിബരം ആരംഭിച്ചിരിക്കുന്നത്.  പ്രഥമദിനമായ ചൊവ്വ രാവിലെ അഭിപ്രായപ്രകടനം നടത്തിയ മേയര്‍മാരില്‍ കൊച്ചിയുടെ ആരാധ്യനായ മേയര്‍, ടോണി ചമ്മണി മുന്‍നിരക്കാരനായി ഏഴാമത് അരങ്ങേറി സംസാരിച്ചു.

ആഗോള കാലവസ്ഥാ വ്യതിയാനം മനുഷ്യക്കടത്ത് എന്നീ രണ്ടു സാമൂഹ്യതിന്മകള്‍ക്കെതിരെ എങ്ങനെ ഉണരാം, കൂട്ടായി ഉണര്‍ന്നു പ്രവര്‍ത്തിക്കാം എന്നതാണ് സമ്മേളനത്തന്‍റെ മുഖ്യപ്രമേയം. സന്നിഹിതരായിരിക്കുന്ന കൊച്ചി മേയര്‍ ടോണി ചമ്മണി മുതല്‍ കലിഫോര്‍ണിയയുടെ മേയര്‍ ജെറി ബ്രൗണ്‍വരെയുള്ള പ്രമുഖര്‍ ആദ്യദിവസമായ ചൊവ്വാഴ്ച തന്നെ 10 മിനിറ്റുകള്‍ വീതം ആശയങ്ങള്‍ പങ്കുവയ്ക്കുന്ന വിലപ്പെട്ട വേദിയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അനുഗ്രഹ സാന്നിദ്ധ്യമുള്ള ഈ സമ്മേളനമെന്ന്, സംഘാടകരായ വത്തിക്കാന്‍റെ ശാസ്ത്ര അക്കാ‍ഡമിയുടെ പ്രസ്താവന വ്യക്തമാക്കി.

മാനവികതയുടെ പൊതുസ്വത്തും ഭവനവുമായ ഭൂമിയെ സംരക്ഷിക്കേണ്ടത് അടിയന്തിരമാണെന്നും, അതി‍ല്‍ അടിസ്ഥാനമായും ദൈവം നല്കിയിട്ടുള്ള ഉഭയ സാദ്ധ്യതകള്‍ സകലര്‍ക്കും, വിശിഷ്യാ പാവങ്ങള്‍ക്കും ലഭ്യാമാക്കത്തക്ക വിധത്തില്‍ ക്രമീകരിക്കപ്പെടുകയും, മനുഷ്യാന്തസ്സ് തുല്യമായി മാനിക്കപ്പെടുകയും വേണമെന്നുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനമാണ് പരിസ്ഥിതിയെ സംബന്ധിച്ച നവമായ ചലനങ്ങള്‍ക്ക് ചാലകശക്തിയാകുന്നത്.

വത്തിക്കാന്‍റെ പരിസ്ഥിതി സംബന്ധിയായ പഠനം നഗരങ്ങളെ കേന്ദ്രീകരിച്ചാകുവാന്‍ കാരണം, ലോക ജനസംഖ്യയുടെ പകുതിയില്‍ അധികം ജനങ്ങളും നഗരങ്ങളെ കേന്ദ്രീകരിച്ച് ജീവിക്കുന്നതാണ്. മാത്രമല്ല, ലോകത്ത് അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന കാര്‍ബണ്‍ഡയോക്സൈഡ് വാതകത്തിന്‍റെ (Green House Gas, GHG) പകുതിയില്‍ അധികവും രൂപംകൊള്ളുന്നത് നഗരങ്ങളെ കേന്ദ്രീകരിച്ചാണ്. അങ്ങനെ അവ ആഗോള അന്തരീക്ഷ മലിനീകരണത്തോടൊപ്പം, താപവര്‍ദ്ധനവിനും കാരണമാകുന്നുണ്ട്.

ഐക്യാരാഷ്ട്ര സഭയോടും, ലോകത്തെ ഇതര ഏജന്‍സികളോടും, നഗരസഭകളോടും കൈകോര്‍ത്തുനിന്നുകൊണ്ട് മനുഷ്യകുലത്തെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ കെടുതികളില്‍നിന്നും തിക്തഫലങ്ങളില്‍നിന്നും വിടുവിക്കുക, ഒപ്പം മനുഷ്യക്കടത്തുപോലുള്ള സാമൂഹ്യ തിന്മയില്‍നിന്നും സമൂഹത്തെ മോചിക്കുക എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനത്തിന് കാതോര്‍ത്തുകൊണ്ടാണ് വത്തിക്കാന്‍റെ ശാസ്ത്ര അക്കാ‍ഡമി മേയര്‍മാരുടെ ദ്വിദിന വന്‍സംഗമം വത്തിക്കാനില്‍ വിളിച്ചുകൂട്ടിയിരിക്കുന്നത്.
All the contents on this site are copyrighted ©.