2015-07-20 13:29:00

തെക്കെ അമേരിക്കന്‍ പര്യടനത്തിനുശേഷം പാപ്പായുടെ ത്രികാലപ്രാര്‍ത്ഥന


കരുണാര്‍ദ്രമാകുന്ന ക്രിസ്തു സാന്നിദ്ധ്യത്തെക്കുറിച്ച് തെക്കെ അമേരിക്കന്‍ അപ്പസ്തോലിക പര്യടനത്തിനുശേഷം പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാല പ്രാര്‍ത്ഥനാസന്ദേശം.

റോമില്‍ കാലെകൂട്ടി എത്തിയ വേനല്‍ വെയിലിനെ വകവയ്ക്കാതെ പാപ്പാ ഫ്രാന്‍സിസിനെ നേരില്‍ കാണുവാനും പ്രഭാഷണം ശ്രവിക്കുവാനും ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാനും  ഞായറാഴ്ച ജൂലൈ 19-ാം തിയതി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ വന്‍ജനാവലിയാണ് സമ്മേളിച്ചത്. കൃത്യം 12 മണിക്ക് അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കായ് പാപ്പാ പ്രത്യക്ഷപ്പെട്ടു. അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടും വെയിലിനെ വെല്ലുവിളിച്ചും എത്തിയതിന് ഏവരെയും അഭിനന്ദിച്ചുകൊണ്ടുമാണ് പാപ്പാ പ്രഭാഷണം ആരംഭിച്ചത്.

പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമങ്ങളിലേയ്ക്കും ജനമദ്ധ്യത്തിലേയ്ക്കും ഇറങ്ങിത്തിരിച്ച ശിഷ്യന്മാരെ ക്രിസ്തു സ്വീകരിക്കുന്ന വിശുദ്ധ മാര്‍ക്കോസിന്‍റെ പ്രത്യേക സുവിശേഷ ഭാഗമാണ് (മര്‍ക്കോസ് 6, 30-34) പാപ്പാ വിസ്തരിച്ചത്. ശിഷ്യന്മാര്‍ അവരുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ക്ഷീണിതരെങ്കിലും സന്തോഷഭരിതരായി തിരിച്ചെത്തിയിരുന്നു. 

ഏറെ സ്നേഹത്തോടെ അവരെ മനസ്സിലാക്കിക്കൊണ്ട്, അവര്‍ക്ക് അല്പം വിശ്രമം നല്ക്കുവാനും, ചിലപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുവാനും ആഗ്രഹിച്ചായിരിക്കണം അവിടുന്ന് വിജനസ്ഥലത്തേയ്ക്കു മാറി വിശ്രമിക്കാം എന്നു അവരോട് പറഞ്ഞത് (മാര്‍ക്കോസ് 6, 31). ക്രിസ്തുവും ശിഷ്യന്മാരും വിജനസ്ഥലത്തേയ്ക്കു നീങ്ങുന്നതു കണ്ട് ജനക്കൂട്ടവും അവരെ അനുഗമിക്കുവാന്‍ തുടങ്ങി.

ഇതു സംബന്ധിച്ച് വളരെ സൂക്ഷ്മമായ ചില വിശദീകരണങ്ങളും നിരീക്ഷണങ്ങളും ഒരു ഫോട്ടോഗ്രാഫിലെന്നപോലെയാണ് സുവിശേഷകന്‍ വരച്ചുകാട്ടുന്നത്. നൗകയില്‍നിന്നും ഇറങ്ങിയ അവിടുത്തേയ്ക്ക് ജനാവലിയെ കണ്ട് അനുകമ്പതോന്നി. കാരണം അവര്‍ ആടുകളില്ലാത്ത ഇടയന്മാരെപ്പോലെയായിരുന്നു. എന്നിട്ട് അവിടുന്ന് അവരെ പഠിപ്പിക്കുവാന്‍ തുടങ്ങി (34). മര്‍ക്കോസ് സുവിശേഷ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന മൂന്നു ക്രിയകള്‍ നമുക്ക് ചിന്താവിഷയമാക്കാമെന്ന് പാപ്പാ പ്രസ്താവിച്ചു :

കാണുക, അനുകമ്പ  തോന്നുക, പഠിപ്പിക്കുക. ഇവയെ ഇടയന്‍റെ ക്രിയകളെന്നാണ് പാപ്പാ വിശേഷിപ്പിച്ചത്. എന്നാല്‍ അനുകമ്പ കാണിക്കുക, പഠിപ്പിക്കുക എന്നീ രണ്ടു ക്രിയകള്‍ ക്രിസ്തുവിനെ സംബന്ധിക്കുന്നവയാണെന്നും പ്രസ്താവിച്ചു. കാരണം ഈ രണ്ടു ക്രിയകളും എപ്പോഴും ക്രിസ്തുവിന്‍റെ പ്രവര്‍ത്തന ശൈലിയാണ്. ഇതൊരു സാമൂഹ്യ സമുദ്ധാരകന്‍റെയോ, മാധ്യമപ്രവര്‍ത്തകന്‍റെയോ ശൈലിയല്ല, മറിച്ച് ഹൃദയത്തിന്‍റെ ഭാഷയാണ്. ഹൃദയത്തിന്‍റെ കാഴ്ചപ്പാടാണിത്, എന്നാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണത്തില്‍ വിശേഷിപ്പിച്ചത്.

ജീവിതത്തെ ക്രിയാത്മകമായും അനുകമ്പയോടെയും വീക്ഷിക്കുവാന്‍ കഴിയുന്ന ഈ രണ്ട് ക്രിയകളെയും പ്രവൃത്തികളെയും ക്രിസ്തുവിന്‍റ നല്ലിടയഭാവമെന്നും പാപ്പാ സ്ഥാപിച്ചു. അനുകമ്പ അവിടുത്തെ മാനുഷിക ഭാവം മാത്രമല്ല, അതിലേറെ മനുഷ്യരൂപമെടുത്ത അവിടുത്തെ രക്ഷാകര സ്വഭാവമാണെന്നു സമര്‍ത്ഥിച്ചു. ജനങ്ങളെ പഠിപ്പിക്കുവാനും അവരോട് ദൈവവചനം പങ്കുവയ്ക്കുവാനുമുള്ള മനോഭാവം നമുക്കു നല്കുന്നത് ദൈവത്തിന്‍റെ കരുണയാണ്, ദൈവത്തിന്‍റെ കരുണാര്‍ദ്ര ഭാവമാണ്!

കാര്യങ്ങള്‍ കണ്ടു മനസ്സിലാക്കുകയും, അനുകമ്പയോടെ ജനങ്ങളോടു പെരുമാറുകയും ചെയ്യുന്നതാണ് ക്രിസ്തുവിന്‍റെ പ്രവര്‍ത്തന ശൈലിയുടെ മനോഹാരിത!

സുവിശേഷ പ്രഘോഷണത്തിന്, നല്ലിടയനായ ക്രിസ്തുവിന്‍റെ അരൂപിയും ആത്മധൈര്യവും തന്ന് നയിക്കണമേ, എന്നു താന്‍ പ്രാര്‍ത്ഥിരുന്നുവെന്ന് പാപ്പാ പങ്കുവച്ചു. തല്‍ഫലമായിട്ടാണ് ഇക്വഡോര്‍, ബൊളീവിയ, പരാഗ്വേ എന്നീ തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലേയ്ക്ക് അപ്പസ്തോലിക സന്ദര്‍ശനങ്ങള്‍ നടത്തുവാനുള്ള ഭാഗ്യം തനിക്കുണ്ടായതെന്നും പാപ്പാ പ്രസ്താവിച്ചു. ഈ വലിയ അനുഗ്രഹത്തിന് ഹൃദയം തുറന്ന് ദൈവത്തിനു നന്ദിപറയുന്നുവെന്നും, അതുപോലെ ഹൃദ്യമായതും ആവേശം അലയടിച്ചതുമായ പങ്കാളിത്തത്തോടുകൂടെ തന്നെ സ്വീകരിച്ച മൂന്നു തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പാപ്പാ പ്രത്യേകം നന്ദിയര്‍പ്പിച്ചപ്പോള്‍, ചത്വരത്തില്‍ തിങ്ങിന്ന ആയിരങ്ങളും സമ്മതിയോടെ ഹസ്താരവം മുഴക്കി.  

അതുപോലെ അവിടങ്ങളിലെ രാഷ്ട്രതലവന്മാര്‍ക്കും, ഭരണകര്‍ത്താക്കള്‍ക്കും അവര്‍ നല്കിയ ആതിഥേയത്വത്തിനും, സഹകരണത്തിനും പാപ്പാ പ്രത്യേകം നന്ദിയര്‍പ്പിച്ചു. തന്‍റെ സന്ദര്‍ശനപരിപാടികളില്‍ ഏറെ വാത്സല്യത്തോടും ആവേശത്തോടുംകൂടെ പങ്കെടുത്തതിന് ഓരോ രാജ്യത്തെയും മെത്രാന്മാര്‍ വൈദികര്‍ സന്ന്യസ്തര്‍ അല്‍മായര്‍ യുവജനങ്ങള്‍ എന്നിവര്‍ക്ക് പാപ്പാ നന്ദിയര്‍പ്പിച്ചു.

ദൈവം തന്‍റെ ജനത്തോടൊത്തു ചരിച്ചുകൊണ്ടു പ്രവര്‍ത്തിച്ചിട്ടുള്ള അത്ഭുത കൃത്യങ്ങളാണ് താന്‍ ജനങ്ങളുടെ ഇടയില്‍ അനുഭവിച്ചതെന്ന് പാപ്പാ സാക്ഷൃപ്പെടുത്തി. അവരുടെ സംസ്ക്കാരത്തെയും, ജീവിതങ്ങളെയും നയിക്കുന്ന പ്രത്യാശയ്ക്കും വിശ്വാസത്തിനും പാപ്പാ ദൈവത്തിന് നന്ദിപറഞ്ഞു. ഒപ്പം ദൈവം ആ രാജ്യങ്ങള്‍ക്കു നല്കിയിട്ടുള്ള പ്രകൃതി രമണീയതയെയും പാപ്പാ സന്തോഷത്തോടെ പ്രകീര്‍ത്തിച്ചു. ആത്മീയവും മാനുഷികവുമായി വലിയ കരുത്തും സാദ്ധ്യതകളുമുള്ള ഭൂപ്രദേശമാണ് ലാറ്റിന്‍ അമേരിക്ക. അവിടെ ക്രിസ്തീയ മൂല്യങ്ങള്‍ വേരുറച്ചിട്ടുള്ളതാണ്. എന്നാല്‍ ധാരാളം സാമൂഹ്യ സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിക്കുന്ന രാജ്യങ്ങളുമാണിവ, എന്നും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

സമൂഹ്യ നന്മയുടെ ആരോഗ്യകരമായ വീക്ഷണമുള്ള സകല പ്രസ്ഥാനങ്ങളോടും കൈകോര്‍ത്തുകൊണ്ടും ധാര്‍മ്മികവും ആത്മീയവുമായ കരുത്തു പകര്‍ന്നുകൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാനും, അങ്ങനെ ഭൂഖണ്ഡത്തെ സമുദ്ധരിക്കുവാനുമാണ് അവിടെ സഭ പരിശ്രമിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. ഇന്ന് സുവിശേഷ പ്രഘോഷ​ണം നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും മുന്നില്‍ കണ്ടുകൊണ്ട് ക്രൈസ്തവ സാക്ഷൃത്തിനുള്ള സമര്‍പ്പണവും ശക്തിയും ക്രിസ്തുവില്‍നിന്നുതന്നെ യാചിക്കണമെന്ന് എല്ലാവരെയും പാപ്പാ അനുസ്മരിപ്പിച്ചു. അതുപോലെ അവിടത്തെ ജനങ്ങളുടെ മതാത്മക ജീവിതവും ആത്മീയ ചൈതന്യവും ഇനിയും വളരട്ടെ. അവര്‍ എന്നും വചനത്തോട് വിശ്വസ്തരായി ജീവിക്കാന്‍ ഇടയാവട്ടെ. അങ്ങനെ എവിടെയും ക്രിസ്തുസ്നേഹം പങ്കുവയ്ക്കുവാനുമുള്ള ചൈതന്യം അവര്‍ക്കു ലഭിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. ‘ഗ്വാദലൂപ്പെയിലെ കന്യകാനാഥ’  എന്നു ലാറ്റിനമേരിക്കന്‍ ജനത വിളിക്കുന്ന ദൈവമാതാവിന്‍റെ മാതൃസഹജമായ മാദ്ധ്യസ്ഥ്യത്തിന് ഈ അപ്പസ്തോലിക യാത്രയുടെ സകല ഫലങ്ങളും സമര്‍പ്പിക്കുന്നു, എന്ന പ്രസ്താവത്തോടെയാണ് പാപ്പാ ത്രികാലപ്രാ‍ര്‍ത്ഥനാ സന്ദേശം ഉപസംഹരിച്ചത്.

പിന്നെ ജനങ്ങള്‍ക്കൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലി. ചത്വരത്തില്‍ എത്തിയിരുന്ന വിവിധ രാജ്യക്കാരെയും പ്രത്യേക സംഘടനകളെയും, പ്രസ്ഥാനങ്ങളെയും പേരെടുത്തു പറഞ്ഞ് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും, അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു. പിന്നെ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറന്നുപോകരുതെന്ന പതിവ് അഭ്യര്‍ത്ഥനയോടെയാണ് പാപ്പാ ത്രികാലപ്രാര്‍ത്ഥനാ പരിപാടി ഉപസംഹരിച്ചത്.

 
All the contents on this site are copyrighted ©.