2015-07-18 13:25:00

ക്രിസ്തു നല്കുന്ന രക്ഷയുടെ സ്നേഹസാന്നിദ്ധ്യം


ലത്തീന്‍ റീത്തിലെ ആരാധനക്രമമനുസരിച്ച് ആണ്ടുവട്ടം സാധാരണകാലം  16-ാം വാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍

വിശുദ്ധ മാര്‍ക്കോസിന്‍റെ  സുവിശേഷം  6, 30-34

അപ്പസ്തോലന്മാര്‍ ക്രിസ്തുവിന്‍റെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതും അവിടുത്തെ അറിയിച്ചു. അനേകം ആളുകള്‍ അവിടെ വരുകയും പോവുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാന്‍പോലും അവര്‍ക്ക് ഒഴുവു കിട്ടിയിരുന്നില്ല. അതിനാല്‍ അവിടുന്നു പറഞ്ഞു. നിങ്ങള്‍ ഒരു വിജനസ്ഥലത്തേയ്ക്കു വരുവിന്‍, അല്പം വിശ്രമിക്കാം. അവര്‍ വഞ്ചിയില്‍ കയറി ഒരു വിജനസ്ഥലത്തേയ്ക്കു പോയി. പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെയ്തു. എല്ലാ പട്ടണങ്ങളിലുംനിന്ന് ജനങ്ങള്‍ കരവഴി ഓടി അവര്‍ക്കുമുന്‍പേ അവിടെയെത്തി. അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവന് അനുകമ്പ തോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റംപോലെ ആയിരുന്നു. അവിടുന്ന് അവരെ പല കാര്യങ്ങളും പഠിപ്പിക്കുവാന്‍ തുടങ്ങി.

ജനമദ്ധ്യത്തില്‍പ്പോയി മടങ്ങിയെത്തിയ ശിഷ്യന്മാരെയാണ് ക്രിസ്തു വളിച്ചുകൂട്ടിയത്. അവര്‍ ഗ്രാമങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിച്ചു. എന്നിട്ട് ഇപ്പോഴിതാ, തിരിച്ചെത്തിയിരിക്കുന്നു. തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതും ക്രിസ്തുവിനെ, ഗുരുവിനെ അറിയിക്കുന്നു. അവിടുന്ന് അവരോടു പറഞ്ഞു. നിങ്ങള്‍ ഒരു വിജനസ്ഥലത്തേയ്ക്കു വരുവിന്‍. നമുക്കല്പം വിശ്രമിക്കാം. എന്താണ് തങ്ങള്‍ ചെയ്തത്, പഠിപ്പിച്ചത് എന്ന് അവര്‍ക്ക് ആഴത്തില്‍ മനസ്സിലാക്കി കൊടുക്കുവാനും, സൂക്ഷ്മ നിരീക്ഷണ വിധേയമാക്കുവാനും ആയിരുന്നിരിക്കണം ഈ ക്ഷണം. നമ്മുടെ അനുഭവങ്ങളെയും പ്രസ്ഥാനങ്ങളെയും സൂക്ഷ്മ വിധേയമാക്കാത്തതും, വസ്തുനിഷ്ഠമായി വിലയിരുത്താത്തതുമാണ് ഇന്നത്തെ സാമൂഹ്യ-സഭാ നേതൃത്വങ്ങള്‍ക്കു സംഭവിക്കുന്ന പോരായ്മയെന്നു തോന്നുന്നു An unreflected life is not worth living! വിലയിരുത്തപ്പെടാത്ത ജീവിതങ്ങള്‍ പാഴായിപ്പോകാന്‍ ഇടയുണ്ട്, സാദ്ധ്യതയുണ്ട്.

ലോക ശ്രദ്ധ ഏറെ പിടിച്ചുപറ്റിയിട്ടുള്ള വ്യക്തിത്വമാണ് പാപ്പാ ഫ്രാന്‍സിസിന്‍റേതെന്നു പറയേണ്ടതില്ലല്ലോ. അതിനു കാരണമെന്താണെന്നു ചിന്തിച്ചാല്‍. അദ്ദേഹത്തിന്‍റെ സംവേദന ശൈലിയാണെന്നു പറയാം. സാധാരണക്കാരായ ജനങ്ങളുടെ കൂടെ ആയിരിക്കുവാനും അവരോട് സംവദിക്കുവാനുമുള്ള താല്പര്യവും, അദ്ദേഹത്തിന്‍റെ ലഭ്യതയും ആരെയും അമ്പരപ്പിക്കുന്നതാണ്. ലോകത്ത് ഒരു നേതാവിനും ലഭിക്കാത്ത ജനപിന്‍തുണയാണ് പാപ്പാ ഫ്രാന്‍സിസിനു ഇന്നു ലഭിക്കുന്നതെന്നു പറയുന്ന്തില്‍ അതിശയോക്തിയില്ല, അത് അദ്ദേഹത്തിന് ആവശ്യമില്ലെങ്കില്‍പ്പോലും...!

പാപ്പായുടെ തനിമയാര്‍ന്ന സംവേദന ശൈലിയെക്കുറിച്ച് അടുത്ത കാലത്ത് ഒരു ഇറ്റാലിയന്‍ പത്രത്തില്‍ ഇങ്ങനെയാണ് വായിച്ചത്. മനുഷ്യരെ സുവിശേഷത്തോടും ജീവിതനന്മയോടും കണ്ണിചേര്‍ക്കുന്ന സംവേദന രീതിയാണ്, സംസാര-പെരുമാറ്റ രീതിയാണ് പാപ്പായുടേത് എന്നായിരുന്നു

ചിത്രമെടുക്കാന്‍ ‘സെല്‍ഫി’യുമായി തന്നെ സമീപിക്കുന്ന ചെറുപ്പക്കാരനായ പൊലീസ് ഉദ്യോഗസ്ഥനോടും യുവതിയോടും പരിഭവമില്ലാതെ പ്രതികരിക്കുവാനും, അവരോടു സഹകരിക്കുവാന്‍ തുറവും സൗകര്യവുമുള്ള പാപ്പായുടെ സംവേദന രീതി ഇന്നത്തെ ജീവിതചുറ്റുപാടുകള്‍ക്ക് ഇണങ്ങുന്ന തനിമായാര്‍ന്നതും സത്യസന്ധവുമായ ശൈലിയാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. താന്‍ വളര്‍ന്നുവന്ന സംസ്ക്കാരത്തില്‍നിന്നും വ്യത്യാസ്തമായ തലമുറയോടു സംസാരിക്കുവാനും, വളരെ മൗലികമായ നിലപാടുകളെ സുതാര്യമായും സത്യസന്ധമായും, അത് തത്സമയം വിശദീകരിക്കുവാനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ കഴിവ് ആരെയും അമ്പരപ്പിക്കുന്ന ചൈതന്യമാര്‍ന്ന വാചാലതയാണെന്നു പ്രഗത്ഭര്‍ വിലയിരുത്തുന്നത്.

ഏറെ സ്വാഭാവികതയും തന്മയത്വവും തിങ്ങിനില്കുന്ന പാപ്പായുടെ സംവേദനശൈലയാണ് ലോകത്തെ ഇന്ന് അദ്ദേഹത്തിലേയ്ക്ക് ആകര്‍ഷിക്കുന്നത്. സുവിശേഷ സന്തോഷം Evangelii Gaudium, അങ്ങേയ്ക്കു സ്തുതി! Laudado Si’ എന്നീ പാപ്പായുടെ രണ്ടു ആസന്നകാല രചനകളില്‍, പ്രബോധനങ്ങളില്‍ തിങ്ങിനിലക്കുന്ന ഈ ശൈലി മാനവകുലത്തെ സുവിശേഷവുമായി ഒരുമിപ്പിക്കുന്ന അല്ലെങ്കില്‍ കണ്ണിചേര്‍ക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും ലോകം ഇന്ന് അംഗീകരിക്കുന്നുണ്ട്. 

“ സാധാരണക്കാരായ ജനങ്ങളെ ഇത്തരത്തോളം സനേഹിക്കുവാനും സഹായിക്കുവാനും, നയിക്കുവാനും ഈ മനുഷ്യന്‍ സര്‍, ക്രിസ്തുവോണോ?”  വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ജനങ്ങളുമായി ഇടപഴകുന്ന, വിശിഷ്യാ പാവങ്ങളും രോഗികളുമായും, കുട്ടികളുമായും ഇടപഴകുന്ന പാപ്പാ ഫ്രാന്‍സിസിനെ കണ്ടിട്ട്, വത്തിക്കാനില്‍ വന്ന അക്രൈസ്തവനായ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചതാണ്,...... മനുഷ്യരെ ഇത്രത്തോളം സ്നേഹിക്കുവാനും ആശ്ലേഷിക്കുവാനും... ഈ മനുഷ്യന്‍ ക്രിസ്തുവാണോ?....

നയിക്കുന്നവനും അപരനെ തുണയ്ക്കുന്നവനും എല്ലാ അര്‍ത്ഥത്തിലും ക്രിസ്തുവിന്‍റെ ഇടയഭാവമാണ് അണിയുന്നത്. നല്ലിടയനായ ക്രിസ്തുവിന്‍റെ സ്നേഹം പങ്കുവയ്ക്കുകയാണ്. അതുകൊണ്ടാണ് പൗലോസ് അപ്പസ്തോലന്‍ കണക്കെ ഒരാള്‍ വിളിച്ചുപറഞ്ഞത്, “ഞാനല്ല, എന്നില്‍ ക്രിസ്തുവാണ് ജീവിക്കുന്നത്” (ഗലാത്തി. 2, 20). സ്വന്തം ആടുകളെ കൊന്നുതിന്നുന്ന കെട്ട-ഇടയന്മാരും, ആടുകള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്ന നല്ലിടയന്മാരുമുണ്ട് ലോകത്ത്.

“ഇസ്രായേലിന്‍റെ ഇടയനേ, തന്‍റെ ആട്ടിന്‍പറ്റത്തെപ്പോലെ ജോസഫിനെ നയിച്ചവനേ, എന്നെ ചെവിക്കൊള്ളണമേ...” (സങ്കീര്‍ത്തനം 80, 1) എന്ന് സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവത്തെ ഇടയനായി ഇസ്രായേല്‍ ജനം കണക്കാക്കി. ദൈവജനത്തെ നയിക്കുന്നവര്‍ ഇടയന്മാരാണ്. ദാവീദ് ഇടയച്ചെറുക്കനായിരുന്നു.

പിന്നീട് രാജാവ് എന്ന നിലയില്‍ അയാള്‍ ഇസ്രായേലിന്‍റെ ഇടയനായിരുന്നു. എന്നാല്‍ രാജ്യത്ത് പിന്നീടു വന്ന ഇടയന്മാര്‍. എല്ലാവരുംതന്നെ ആടുകളെ പോറ്റുന്നതിനു പകരം തങ്ങളെ പോറ്റുന്നവരായിരുന്നു.

“അവര്‍ കൊഴുത്തതിനെ കൊന്നുതിന്നുകയും, മേദസ്സു ഭക്ഷിക്കുകയും അതിന്‍റെ രോമംകൊണ്ടു വസ്ത്രമുണ്ടാക്കി ധരിക്കുകയും ചെയ്തു. ദുര്‍ബ്ബലമായ ആടുകളെ അവര്‍ താങ്ങിയില്ല. മുറിവേറ്റവയെ വച്ചുകെട്ടിയില്ല. വഴിതെറ്റിയതിനെ തിരികെ കൊണ്ടുവന്നില്ല. കാണാതായതിനെ തേടിയില്ല. മാത്രമല്ല, കഠിനമായും ക്രൂരമായും അവയോടു അവര്‍ പെരുമാറി. അവയെ തിരയാനോ, തേടുവാനോ ആരുമുണ്ടായില്ല” (എസേക്കിയേല്‍ 34, 1-10). എന്നാണ് എസേക്കിയേല്‍ പ്രവാചകന്‍ പറയുന്നത്. അതിനാല്‍ ദൈവം തന്നെ ഇസ്രായേലില്‍ ഇടയനായി വരുമെന്ന് എസെക്കിയേല്‍ പ്രവചിച്ചിട്ടുണ്ട്. “ഇതാ, ഞാന്‍തന്നെ എന്‍റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും, ഞാന്‍ അവയെ നയിക്കും” (എസെ. 34, 11). “ഞാനാണ് ആടുകളുടെ വാതില്‍, ഞാനാണ് നല്ല ഇടയന്‍” (യോഹ. 10. 10-11). ക്രിസ്തുവാണ് ആട്ടിന്‍പറ്റത്തെ ജീവനിലേയ്ക്കു നയിക്കുന്ന സ്നേഹകവാടം. അവിടുന്ന് നിത്യതയിലേയ്ക്കുള്ള വാതിലാണ്.

ദൈവമേ, എന്തുകൊണ്ടാണ് ഈ വാതില്‍പ്പടികള്‍ നീ ഉണ്ടാക്കിയിരിക്കുന്നത്. തടിത്തരങ്ങള്‍ കൊണ്ടല്ല, മറിച്ച് സ്നേഹംകൊണ്ടാണെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങെ അനന്തമായ സ്നേഹം കടമ്പയായി കുറുകെ കിടക്കുമ്പോള്‍ ആര്‍ക്കാണ് ആ സ്നേഹ വലയം വിട്ട് വഴിതെറ്റിപ്പോകാന്‍ മനസ്സുവരിക. അതൊരു ഹെബ്രായ ശീലത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. നാടോടി ഇടയന്മാര്‍ തങ്ങളുടെ ആടുകളുമായി പച്ചയായ മേച്ചില്‍പ്പുറങ്ങള്‍ തേടി യാത്രയിലാണ്. രാത്രിയില്‍ അവയെ ഏതെങ്കിലും ഗുഹയിലേയ്ക്ക് ആനയിക്കുന്നു. ഗുഹാമുഖം അടയ്ക്കുക സാദ്ധ്യമല്ല. അതുകൊണ്ട് ഇടയന്‍ ഗുഹാമുഖത്ത് കുറുകെ കിടക്കുന്നു. ഒരാടിന് പുറത്തു കടക്കണമെങ്കില്‍ ഇടയന്‍റെ നെഞ്ചില്‍ ചവിട്ടാതെ തരമില്ല. ഒരു കള്ളനോ കുറുനിരക്കോ അകത്തു വരണമെങ്കിലും അയാള്‍ അറിയാതെ തരമില്ല. അതുകൊണ്ടാണ് “ആടുകളുടെ വാതില്‍ ഞാനാണ്,” എന്നു ക്രിസ്തു പറഞ്ഞപ്പോള്‍ അവിടുത്തെ കേള്‍വിക്കാരുടെ മിഴികള്‍ സജലമായത്. വീടുവിട്ടുപോയവരൊക്കെ അവനെ കുറുകെ കടന്നവരാണ്. അതിനാല്‍ ക്രിസ്തു പറഞ്ഞ ഈ വരികള്‍ അസാധാരണമായ സംരക്ഷണത്തിന്‍റെ, ദൈവിക രക്ഷണത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

ഇന്നത്തെ സങ്കീര്‍ത്തനത്തില്‍ നാം ഏറ്റുചൊല്ലുന്നത്. കര്‍ത്താവ്, എന്‍റെ ഇടയനാകുന്നു, എനിക്കൊന്നിനും കുറവുണ്ടാവുകയില്ലെന്ന്.... സങ്കീര്‍ത്തനം 23.

ക്രിസ്തുവിന് അവരോട് അനുകമ്പതോന്നി. കാരണം അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റംപോലയാണ്. സുവിശേഷകന്‍റെ വീക്ഷണത്തില്‍ ഒരു സമൂഹമാകാത്തവരെയാണ്, ഇടയനില്ലാത്ത ആട്ടിന്‍പറ്റം എന്നു വിളിക്കുന്നത്. എന്താണ് ജനക്കൂട്ടവും സമുദായവും തമ്മിലുള്ള വ്യത്യാസം. ജനക്കൂട്ടത്തിന് ഒരു പ്രത്യേക ലക്ഷൃമൊന്നും വേണമെന്നില്ല.

പല ലക്ഷൃസ്ഥാനങ്ങളാണ് അവര്‍ക്ക്. ഇടയനാകാന്‍ അവര്‍ ചെയ്തത്. യേശു അവരെ പഠിപ്പിച്ചു. ജീവിതത്തിന്‍റെ ആഴത്തിലേയ്ക്കു നോക്കാന്‍ ക്രിസ്തു അവരെ പഠിപ്പിച്ചു.

ആ സദ്വാര്‍ത്ത അവരെ ഒന്നായ്, ഒരുമയില്‍, ഒരു സമൂഹമാക്കി മാറ്റും എന്നു ക്രിസ്തു പ്രത്യാശിച്ചു. രണ്ടാമതായി, പുല്‍ത്തകിടിയില്‍ ഇരിക്കാന്‍ നിര്‍ദ്ദേശം നല്കി. ഇടയനും, പിന്നീട് ഇസ്രായേല്‍‍ ജനത്തിന്‍റെ രാജാവും നായകനുമായ ദാവീദ് ഇതെക്കുറിച്ച് “ഇങ്ങനെ പാടി. (Ps. 23) കര്‍ത്താവ് എന്‍റെ ഇടയനാണ്, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല, പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു....”

അനശ്വരതയുടെ പരിവേഷം പൂണ്ട സങ്കീര്‍ത്തനമാണ് 23, ‘കര്‍ത്താവ് എന്‍റെ ഇടയനാകുന്നു...,’ ‘The Lord is my shepherd…’  ഈ പ്രയോഗത്തിന്‍റെ സാര്‍വ്വലൗകികതയും ഉള്ളടക്കത്തിന്‍റെ സാധാരണത്വവും ഹൃദ്യതയുംകൊണ്ട് ‘സങ്കീര്‍ത്തനങ്ങളുടെ സങ്കീര്‍ത്തനം’ എന്നാണ് ഇതിനെ നിരൂപകന്മാര്‍ വിശേഷിപ്പിക്കുന്നത്. കര്‍ത്താവേ, അങ്ങ് എന്‍റെ ഇടയനായിരിക്കണമേ, ദൈവമേ, അങ്ങ് ഞങ്ങളുടെ ഇടയനായിരിക്കണമേ...! നാഥന്‍, കൃപാലു ഇടയന്‍, മമ ജീവരക്ഷ തരുവോന്‍..... മമ ജീവരക്ഷ തരുവോന്‍...!!

 
All the contents on this site are copyrighted ©.