2015-07-18 18:06:00

ജാബുവായുടെ പുതിയ മെത്രാന്‍ ബെയ്സില്‍ ബുരിയ


പാപ്പാ ഫ്രാന്‍സിസ് ജൂലൈ 18-ാം തിയതി, മദ്ധ്യപ്രദേശിലെ രൂപതയായ ജാബുവയുടെ പുതിയ മെത്രാനായി, ദൈവവചന സഭാംഗമായ ഫാദര്‍ ബെയ്സില്‍ ബുരിയായെ നിയമിച്ചു.

ഫാദര്‍ ബെയ്സില്‍ ജാബുവായിലെ ഇടവക വികാരിയും ദൈവവചന സഭയുടെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറും ആയിരിക്കവേയാണ് പാപ്പായുടെ ഈ നിയമനം. 

ജാബുവാ രൂപതയിലെ പഞ്ചൂയി എന്ന സ്ഥലത്ത് 1956 മാര്‍ച്ച് 8-ന് ജനിച്ച ബെസില്‍, പൂനയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി, 1985 ജൂണ്‍ 12-നാണ് ദൈവവചന സഭാ വൈദികനായി പട്ടം സ്വീകരിച്ചത്.

രൂപതയിലെ വിവിധ ഇടവകകളില്‍ വികാരിയായും ഇന്‍ഡോര്‍ സെമിനാരിയിലെ വൈസ് റെക്ടറായും പിന്നെ റെക്ടറായും സേവന പരിചയമുള്ള വ്യക്തിയാണ് നിയുക്ത മെത്രാന്‍.

ഇന്‍ഡോര്‍-ഉദയ്പൂര്‍ രൂപതകള്‍ വിഭജിച്ച് 2002 മാര്‍ച്ച് 25-ന് രൂപം നല്കിയ ജാബുവാ രൂപതയിലെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 38,700-ല്‍പ്പരം മാത്രമാണ്. 30 ഇടവകകളാണ് ഈ രൂപതയ്ക്കുള്ളത്.

ഉദയ്പൂര്‍ രൂപതാദ്ധ്യക്ഷനായി 2012 ഡിസംബര്‍ 21-ന് ബിഷപ്പ് ദേവപ്രസാദ് ജോണ്‍ ഗണവ നിയമിതനായതിനെ തുടര്‍ന്ന് ജാബുവാ രൂപതയ്ക്ക് നാളിതുവരെ മെത്രാന്‍ ഇല്ലായിരുന്നു. അപ്പസ്തോലിക് അഡ്മിന്സ്ട്രേറ്റര്‍ എന്ന നിലയില്‍ ബിഷപ്പ് ദേവപ്രസാദ് തന്നെയായിരുന്നു ഇതുവരെ രൂപതയുടെ ഭരണകാര്യങ്ങള്‍ നോക്കിയിരുന്നത്.    
All the contents on this site are copyrighted ©.