2015-07-15 15:49:00

കേന്ദ്രബില്ലിനെതിരെ കെസിബിസിയുടെ പ്രതിഷേധം


ഗര്‍ഭച്ഛിദ്രം സംബന്ധിച്ച ഭാരതസര്‍ക്കാര്‍ ഒരുക്കുന്ന പുതിയ ബില്ല് മനുഷ്യാവകാശ ലംഘനമാണെന്ന്, കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഫാദര്‍ വര്‍ഗ്ഗീസ് വള്ളിക്കാട്ട് പ്രതിഷേധിച്ചു.

ജൂലൈ 15-ാം തിയതി ബുധനാഴ്ച കൊച്ചിയില്‍ ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഭാരതസര്‍ക്കാരിന്‍റെ ജീവനോടുള്ള അധാര്‍മ്മികമായ നീക്കത്തിനെതിരെ ഫാദര്‍ വള്ളിക്കാട്ട് പ്രസ്താവന ഇറക്കിയത്.

1971-ലെ ഭ്രൂണഹത്യാ ബില്‍ (Termination  of Pregnancy Bill) പരിഷ്ക്കരണത്തിന്‍റെ പേരിലാണ് പാര്‍ളിമെന്‍റ് സമ്മേളനത്തില്‍ വീണ്ടും പുതിയ ബില്‍ കൊണ്ടുവരുവാനുള്ള ശ്രമം ആരംഭിച്ചത്.

ഗര്‍ഭധാരണത്തിന്‍റെ ഏതു ഘട്ടത്തിലും ആരോഗ്യപരമായ കാരണങ്ങളാല്‍ അജാത ശിശുവിന്‍റെ ജീവന്‍ ഇല്ലാതാക്കുവാനുള്ള അധാര്‍മ്മിക സ്വഭാവമുള്ള ബില്ലാണ് ഭാരത സര്‍ക്കാര്‍ താലോലിക്കുന്നതെന്നും, പ്രസ്തുത ബില്ലിലെ വ്യവസ്ഥകള്‍ മനുഷ്യാവകാശ സംഘടനകളാല്‍ ശക്തമായി എതിര്‍ക്കപ്പെട്ടിട്ടുള്ളതാണെന്നും ഫാദര്‍ വള്ളിക്കാട്ട് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പ്രത്യേക സാഹചര്യത്തില്‍ 20 ആഴ്ചവരെ പ്രായമുള്ള ഭ്രൂണത്തിന്‍റെ ഗര്‍ഭച്ഛിദ്രം നടത്താമെന്ന 1971-ലെ ബില്‍ 24 ആഴ്ചവരെ നീട്ടുവാന്‍  ശ്രമിക്കുന്നതുമാണ് പ്രസ്തുത ബില്ലെന്നും, എന്നാല്‍ ആ പ്രായത്തില്‍ അജാതശിശുവിന് ഗര്‍ഭപാത്രത്തിനു പുറത്ത് പരിചരണം ലഭിച്ചാല്‍ ജീവിക്കാന്‍ കഴിയുമെന്നും ഫാദര്‍ വള്ളിക്കാട്ട് ചൂണ്ടിക്കാട്ടി.

അണ്ഡബീജ സങ്കലന നിമിഷം മുതല്‍ ഒരു മനുഷ്യജീവിയുടെ വളര്‍ച്ച ആരംഭിക്കുന്നുവെന്ന് ഇന്ന് ശാസ്ത്രം വ്യക്തമായി പറയുന്നു. അതിനാല്‍ ഭൂണഹത്യയും ഗര്‍ഭച്ഛിദ്രവും നരഹത്യതന്നെയാണ്.

ഗര്‍ഭച്ഛിദ്രം വഴി സംഭവിക്കുന്നത് ബലഹീനരുടെ, പ്രതികരിക്കാന്‍ ശേഷിയില്ലാത്ത നിര്‍ദോഷികളുടെ മേലുള്ള ശക്തരുടെ കടന്നാക്രമണമാണ്. ജനാധിപത്യ സര്‍ക്കാരുകള്‍ എല്ലാ മനുഷ്യരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കടപ്പെട്ടിട്ടുണ്ട് എന്ന കാര്യം മറക്കരുതെന്നും, ജനിച്ചവര്‍ക്കു മാത്രമല്ല, ജനിക്കാന്‍ പോകുന്ന അമ്മയുടെ ഉദരത്തിലെ ശിശുവിനും ജീവിക്കുവാന്‍ അവകാശമുണ്ടെന്നും ഫാദര്‍ വള്ളിക്കാട്ട് പ്രസ്താവനയിലൂടെ സമര്‍ത്ഥിച്ചു.

 








All the contents on this site are copyrighted ©.