2015-07-14 20:26:00

പാപ്പായുടെ സാമ്പത്തിക വീക്ഷണം സോഷ്യലിസമല്ല സഭാദര്‍ശനമാണ്


വിമാനത്തിലെ വാര്‍ത്താ സമ്മേളനം ലാറ്റിമേരിക്കന്‍ സന്ദര്‍ശനത്തിന്‍റെ അവലോകനവും ഒപ്പം പാപ്പായുടെ വ്യക്തിത്വത്തിലേയ്ക്കുളള ഉള്‍ക്കാഴ്ചയുമായിരുന്നു എന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊമ്പാ‍ര്‍ഡി പ്രസ്താവിച്ചു.

തെക്കെ അമേരിക്കയിലെ അസ്യൂണ്‍സിയോനില്‍ നിന്നും റോമിലേയ്ക്കുല്ള മടക്കയാത്രയില്‍ വിമാനത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ അഭിമുഖത്തെക്കുറിച്ച് ജൂലൈ 14-ാം തിയതി രാവിലെ വത്തിക്കാന്‍ റേ‍ഡിയോയില്‍ നല്കിയ പ്രത്യേക പരിപാടിയിലാണ് കൂടെയുണ്ടായിരുന്ന ഫാദര്‍ ലൊമ്പാ‍ര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്.

മൂന്നു രാജ്യങ്ങളിലും - ഇക്വഡോര്‍, ബൊളീവിയ, പരാഗ്വേ എന്നിവിടങ്ങളില്‍ പാപ്പായെ ആശ്ചര്യപ്പെടുത്തിയത് കുട്ടികളാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പാപ്പായെ ഉദ്ധരിച്ചുകൊണ്ടു പ്രസ്താവിച്ചു. എവിടെയും ധാരാളമായി കണാമായിരുന്ന കുട്ടികള്‍ രാഷ്ട്രത്തിനും ഒപ്പം സഭയ്ക്കും പ്രത്യാശ പകരുന്ന ഘടകമാണെന്നും, ഇതുപോലുള്ള ജീവിന്‍റെയും സമൃദ്ധിയുടെയും സംസ്ക്കാരം എവിടെയും വളരട്ടെ, പ്രത്യേകിച്ച് യൂറോപ്പില്‍ വളരട്ടെ, ​എന്ന് പാപ്പാ ആശംസിച്ചതായി ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.  

പാപ്പായുടെ ആസന്നമാകുന്ന ക്യൂബ, അമേരിക്ക അപ്പസ്തോലിക പര്യടനവും വിമാനത്തിലെ അഭിമുഖത്തില്‍ വിഷയമായി. ലാഭം മാത്രം മുന്നില്‍ കാണുകയും പാവങ്ങളെ അവഗണിക്കുകയും ചെയ്യുന്ന സമ്പത്തിക നയത്തെക്കുറിച്ച് ബൊളീവിയില്‍ ചേര്‍ന്ന ജനകീയ പ്രസ്ഥാനങ്ങളുടെ രണ്ടാമത് ആഗോള സംഗമത്തില്‍ പരാമര്‍ശിച്ചത് സഭയുടെ അടിസ്ഥാന പ്രബോധനമാണെന്ന് പാപ്പാ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥിതിയുടെ വിമര്‍ശനമായിരുന്നു ​അതെന്നു ചൂണ്ടിക്കാണിച്ചതിന് പാപ്പാ തുറന്ന മറുപടി പറഞ്ഞു. താന്‍ ഇനിയും ഇന്നത്തെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥിതി പഠിക്കേണ്ടതുണ്ടെന്നും, അത് സെപ്തംബറില്‍ പോകുന്നതിനു മുന്‍പ് ചെയ്യുമെന്നും പാപ്പാ ഉറപ്പു നല്‍കിയതായി ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുകയും പഠിക്കുകയും, അവസരം കിട്ടുമ്പോള്‍ സംവാദത്തിലൂടെ വിശദീകരിക്കുകയും ചെയ്യണമെന്ന അഭിപ്രായവും പാപ്പാ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചു.

പാവങ്ങളുടെ പക്ഷംചേരുന്ന പാപ്പാ, സമൂഹത്തിലെ ഇടത്തരക്കാരെ അവഗണിക്കുന്നുണ്ടെന്ന മാധ്യമ പ്രവര്‍ത്തകന്‍റെ വിമര്‍ശനത്തിനും മറുപടി നല്കി. പത്രപ്രവര്‍ത്തകന്‍റെ നിരീക്ഷണത്തെ ​അംഗീകരിക്കുയും അഭിനന്ദിക്കുകയും ചെയ്ത പാപ്പാ, ചേദ്യത്തിന് ഉചിതമായ വിശദീകരണം നല്കി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ധ്രൂവവത്ക്കരണം അനുദിനം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാല്‍ ഇടത്തരക്കാരുടെ എണ്ണം താരതമ്യേനെ കുറഞ്ഞുവരുന്നുണ്ടെന്നായിരുന്നു പാപ്പായുടെ നിരീക്ഷണം.

മൂന്നു രാജ്യങ്ങളിലായി ഈ ദിവസങ്ങളില്‍ ലോകം കണ്ട പാപ്പാ ഫ്രാന്‍സിസിന്‍റെ സ്നേഹസാന്നിദ്ധ്യം ‘സുവശേഷ സന്തോഷം’ പ്രസരിക്കുന്നതായിരുന്നു എന്ന അടിവരയോടെയാണ് ഏകദേശം ഒരു മണിക്കൂറോളം നീണ്ട മടക്കയാത്രിയിലെ വിമാനത്തില്‍വച്ചുള്ള പാപ്പായുടെ വാര്‍ത്താ സമ്മേളനത്തെക്കുറിച്ചുള്ള അവലോകനം ഫാദര്‍ ലൊമ്പാര്‍ഡി അവസാനിപ്പിച്ചത്.
All the contents on this site are copyrighted ©.