2015-07-12 00:44:00

തിരഞ്ഞെടുപ്പു നിയമങ്ങളല്ല ജനായത്ത ഭരണമാണാവശ്യം


വരവേല്പിന് നന്ദിപറഞ്ഞുകൊണ്ടാണ് പാപ്പാ ആരംഭിച്ചത്. സന്ദര്‍ശനത്തിലെ വിവിധ പരിപാടികള്‍ ഒരുക്കിയ സംഘടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേകം നന്ദിയര്‍പ്പിച്ചു. ഇത്ര ഹൃദ്യമായി അന്യരെ സ്വീകരിക്കുന്ന പരാഗ്വേ അമേരിക്കയുടെ ഹൃദയമാണ് എന്നു തെളിയിക്കുകയാണെന്ന് പാപ്പാ പ്രസ്താവിച്ചു.

സ്വാതന്ത്ര്യം ആര്‍ജ്ജിച്ച നാള്‍മുതല്‍ ഇന്നുവരെയ്ക്കും യുദ്ധത്തിന്‍റെയും സ്വേച്ഛാഭരണത്തിന്‍റെയും സഹോദരഹത്യയുടെയും സംഘട്ടനങ്ങള്‍ നിരന്തരമായി അനുഭവിച്ച നാടാണിത്. എന്നിട്ടും സാമാധാനപൂര്‍ണ്ണവും സമൃദ്ധവുമായൊരു നാടു പടുത്തുയര്‍ത്തുവാന്‍ പരാഗ്വേയിലെ ജനങ്ങള്‍ പതറാതെ പരിശ്രമിക്കുകയാണ്. താന്‍ നില്ക്കുന്ന പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിന്‍റെ തേട്ടത്തില്‍പ്പോലും ചരിത്രത്തില്‍ പേരുചേര്‍ക്കപ്പെടാത്ത, ഓര്‍ക്കാതെ പോകുന്ന എത്രയെത്ര ഗ്വരാനിവംശജരാണ് അവരുടെ ജീവന്‍ നാടിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ളത്. അവര്‍ ഈ നാടിന്‍റെ പ്രായോക്താക്കളാണ്. പുതിയ തലമുറയ്ക്ക് പ്രത്യാശ പകരേണ്ടവരാണ്..

വിദ്വേഷത്തിനും പകയ്ക്കും എതിരായി നീതിയുടെ പാതിയില്‍ വളര്‍ന്നിട്ടുളള രാഷ്ട്രത്തിന്‍റെ ചരിത്രവും അതിന്‍റെ മൂല്യങ്ങളും നമുക്ക് മറക്കാനാവില്ല. സമവായത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും നിലനില്പിലൂടെ, രാഷ്ട്രത്തിന്‍റെ ഭാവിയുടെ സ്രോതസ്സാകുവാന്‍ ഗതകാല സംഭവങ്ങള്‍ സഹായകമാകുമെന്നതില്‍ സംശയമില്ല.  ഇനിയും സമാധാനം നാട്ടില്‍ വളരണമെങ്കില്‍ ദാര്‍ഷ്ട്യത്തിന്‍റെ മനോഭാവം മാറ്റണം, വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും സംഭാഷണം ഉപേക്ഷിക്കണം, മറിച്ച് സംവാദവും സഹകരണവും വളര്‍ത്തുകയാണു വേണ്ടത്.

തിരഞ്ഞെടു നിയമങ്ങള്‍ പാലിച്ചതുകൊണ്ടു മാത്രമായില്ല, യഥാര്‍ത്ഥമായും ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനും ജനായത്ത ഭരണം നടപ്പില്‍വരുത്തുന്നതിനും ഇനിയും പരാഗ്വേയിലെ ജനങ്ങള്‍ പരിശ്രമിക്കണമെന്ന്, അപ്പരിസീദാ പ്രബോധനം ഉദ്ധരിച്ചുകൊണ്ടട് പാപ്പാ അനുസ്മരിപ്പിച്ചു.

പൊതുമേഖലയില്‍ നീതിയും ന്യായവും നടപ്പിലാകത്തക്കവിധം സംവാദത്തിന്‍റെയും ഐക്യാദാര്‍ഢ്യത്തിന്‍റെയും സംസ്ക്കാരം വളര്‍ത്താന്‍ പരിശ്രമിക്കണമെന്നും, അഭിപ്രായഭിന്നതകളും ന്യായമായ വ്യത്യാസങ്ങളും മാനിക്കണമെന്നും പാപ്പാ അനുസ്മരിപ്പിച്ചു. അങ്ങനെ മാത്രമേ പൊതുനന്മ വളരുകയും അഴിമതിയില്ലാത്ത സമൂഹം വളര്‍ത്തിയെടുക്കുവാന്‍ സാധിക്കൂ എന്നും പാപ്പാ പ്രസ്താവിച്ചു. ഭരണസംവിധാനങ്ങളില്‍ സുതാര്യതയും, സമര്‍പ്പണവും സ്നേഹവും ഉണ്ടെങ്കിലേ ഇന്ന് സമൂഹത്തെ കാര്‍ന്നുതിന്നുന്ന അഴിമതി ഇല്ലാതാക്കാനാവൂ, എന്നും പാപ്പാ ചൂണ്ടിക്കാട്ടി.

സാമൂഹ്യ നന്മയും പുരോഗതിയും വികസനവും യാഥാര്‍ത്ഥ്യമാക്കാന്‍ സേവന മനഃസ്ഥിതിയും, പാവങ്ങളും പീഡതരുമായവരെ സഹായിക്കുവാനും വളര്‍ത്തുവാനുമുള്ള തുറവും രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

പഠിക്കാന്‍ അവസരമില്ലാത്ത കുട്ടികളും, വീടില്ലാത്ത കുടുംബങ്ങളും, ഭൂമിയില്ലാത്ത കര്‍ഷകരും, കുടിയിറക്കപ്പെടുന്ന പാവങ്ങളും ഈ നാട്ടില്‍ ഉണ്ടാവാതിരിക്കട്ടെയെന്ന്, പാപ്പാ ആശംസിച്ചു. അതുപോലെ അധിക്രമങ്ങളും, അനീതിയും, അഴിമതിയും, മയക്കുമരുന്നു വിപണനവും ഇല്ലാതാകട്ടെ....എന്നും പാപ്പാ ആശംസിച്ചു. പാവങ്ങളെ പാര്‍ശ്വവത്ക്കരിക്കുന്ന, അല്ലെങ്കില്‍ മാറ്റി നിറുത്തുന്ന വികസനം വികസനമല്ലെന്ന് പാപ്പാ പ്രഖ്യാപിച്ചു. സാമ്പത്തിക പുരോഗതി മനുഷ്യാന്തസ്സു മാനിക്കുന്നതാണെന്നും, മനുഷ്യന്‍റെ സമഗ്രപുരോഗതിക്കായി പരിശ്രമിക്കുന്നതും നിസ്സഹായരെയും പാവങ്ങളെയും പരിഗണിക്കുന്നതുമാണ്.

നല്ലൊരു നാളയ്ക്കും രാഷ്ട്രനിര്‍മ്മിതിക്കുമായുളള പരിശ്രമിക്കുന്ന പ്രക്രിയയില്‍ സഭയും എല്ലാ അജപാലകരും രാജ്യത്തെ സഭാദ്ധ്യക്ഷന്മാരും രാഷ്ട്രത്തോടു ചേര്ന്നു നില്ക്കുമെന്ന് പാപ്പ പ്രസ്താവിച്ചു. മനുഷ്യനായി നമ്മോടു കൂടെ വസിച്ച ദൈവത്തില്‍, ക്രിസ്തുവിലുള്ള വിശ്വാസം കളയരുത്. അവിടുന്നിലൂടെ ലഭിക്കുന്ന ദൈവികകാരുണ്യം ജീവിതയാത്രയില്‍ പ്രചേദമേകട്ടെ.

കക്കൂപ്പേയിലെ കന്യകാനാഥയ്ക്കു സമര്‍പ്പിച്ചിട്ടുള്ള ഈ നാട്ടിലേയ്ക്ക് ഏറെ സന്തോഷത്തോടെയാണ് താന്‍ എത്തിയതെന്നും, ഇവിടത്തെ ഓരോ കുടുംബത്തെയും,  വ്യക്തികളെയും ദൈവം അനുഗ്രഹിക്കട്ടെ, എന്ന പ്രാര്‍ത്ഥനയോടെ പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്. 

 
All the contents on this site are copyrighted ©.