2015-07-10 00:50:00

പാവങ്ങളുടെ സ്പന്ദനമറിഞ്ഞ അപ്പസ്തോലിക പര്യടനം – പാപ്പാ ബൊളീവിയയില്‍


പ്രതീക്ഷിച്ചതിലും വലിയ അപ്പസ്തോലിക യാത്ര. അത്യപൂര്‍വ്വമായ ജനപങ്കാളിത്തം. പ്രതിസന്ധികളില്‍ പ്രത്യാശ പകരുന്ന പാപ്പായുടെ പ്രേഷിതയാത്ര – പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു.

ജൂലൈ 8-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-നാണ് പാപ്പാ ഫ്രാന്‍സിസ് ഇക്വഡോറില്‍നിന്നും ബൊളീവിയയിലെത്തിയത്. തെക്കെ അമേരിക്കയിലേയ്ക്കുള്ള അപ്പസ്തോലിക പര്യടനത്തിന്‍റെ മൂന്നാം ദിവസമാണിത്. ലാ പാസിലെ വിമാനത്താവളത്തില്‍ നല്കിയ ഔദ്യോഗിക സ്വീകരണച്ചടങ്ങ് ജനസാന്നിദ്ധ്യംകൊണ്ട് അത്യപൂര്‍വ്വവും ശ്രദ്ധേയവുമായി. അഞ്ചു ലക്ഷത്തിലേറെ ജനങ്ങളാണ് വിമാനത്താവളത്തിലും പരിസരത്തുമായി പാപ്പായെ സ്വീകരിക്കാന്‍ എത്തിയത്. പ്രസിഡന്‍റ് ഇവോ മൊറാലസ് സ്വാഗതം ആശംസിച്ചു. പാപ്പായും ബൊളീവിയന്‍ ജനതയെ അഭിസംബോധനചെയ്തു.

തുടര്‍ന്ന് പ്രസി‍ഡന്‍റിന്‍റെ മന്ദിരത്തിലേയ്ക്ക് യാത്രചെയ്ത പാപ്പാ മാര്‍ഗ്ഗമദ്ധ്യേ ബൊളീവയിലെ മിഷണറിയും രക്തസാക്ഷിയുമായ ഈശോസഭാ വൈദികന്‍ ഫാദര്‍ ലൂയി എസ്പിനാളിന്‍റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ചു. പാവങ്ങളുടെ പക്ഷത്തു നില്ക്കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയും ചെയ്ത, മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ഫാദര്‍ എസ്പിനാല്‍ 1980 മാര്‍ച്ച് 21-ാം തിയതിയാണ് സ്വേച്ഛാശക്തികളുടെ കൈകളില്‍ കൊല്ലപ്പെട്ടത്. ഫാദര്‍ ലൂയിസിന്‍റെ മരണശേഷം രണ്ടു ദിവസം കഴിഞ്ഞാണ് അയല്‍രാജ്യമായ എല്‍ സാല്‍വദോറില്‍ വാഴ്ത്തപ്പെട്ട ഓസ്ക്കര്‍ റൊമെയിരോ കൊല്ലപ്പെട്ടത്.

പ്രസിഡെന്‍‍ഷ്യല്‍ പാലസിലെ അനൗപചാരിക സ്വീകരണത്തിനുശേഷം, വൈകുന്നേരം 7 മണിക്ക് ഭരണകര്‍ത്താക്കളെയും ഉദ്യോഗസ്ഥ പ്രമുഖരെയും നയതന്ത്ര പ്രതിനധികളെയും പാപ്പാ അഭിസംബോധനചെയ്തു.

തിരികെ എല്‍ ആള്‍ത്തോ വിമാനത്താവളത്തിലെത്തി, രാത്രി 8 മണിയോടെ അടുത്തുള്ള വലിയനഗരമായ സാന്താക്രൂസിലേയ്ക്ക് പറന്നു. ഒരു മണിക്കൂറില്‍ അധികം യാത്രചെയ്ത പാപ്പാ 9.30-ന് സാന്താ ക്രീസിലെ വീറുവീറു വിമാനത്താവളത്തില്‍ ഇറങ്ങി. തെക്കെ അമേരിക്കയിലേയ്ക്കുള്ള അപ്പസ്തോലിക പര്യടത്തിന്‍റെ 4-ാം ദിവസം അന്ത്യത്തില്‍ സാന്താക്രൂസിലെ മുന്‍മെത്രാപ്പോലീത്തയും ഇപ്പോള്‍ വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന കര്‍ദ്ദിനാള്‍ ജൂലിയോ തെരാസ്സീസിന്‍റെ വസതിയില്‍ പാപ്പാ വിശ്രമിച്ചു.

ജൂലൈ 9-ാം തിയതി പാപ്പാ ഫ്രാന്‍സിസിന്‍റെ തെക്കെ അമേരിക്ക അപ്പസ്തോലിക തീര്‍ത്ഥാടനത്തിന്‍റെ 5-ാം ദിവസമായിരുന്നു. സാന്താക്രൂസില്‍ ക്രിസ്തു രക്ഷകന്‍റെ നാമത്തിലുള്ള പാര്‍ക്കിലെ സമൂഹദിവ്യബലിയാണ് ഏറ്റവും ശ്രദ്ധേയമായ ഈ ദിവസത്തെ പരിപാടി. ഉച്ചതിരിഞ്ഞ് ഡോണ്‍ബോസ്ക്കോയുടെ കേന്ദ്രത്തില്‍വച്ചു നടന്ന ബൊളീവിയയിലെ വൈദികരും സന്ന്യസിനിമാരും സന്ന്യസ്തരും സെമിനാരി വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച, ആഗോള പോപ്പുലര്‍ മൂവ്മെന്‍റിന്‍റെ രണ്ടാമത് ലോകസമ്മേളത്തിലുള്ള പങ്കുചേരല്‍ എന്നിവയായിരുന്നു ഈ ദിവസത്തെ പാപ്പായുടെ മറ്റു പരിപാടികള്‍.








All the contents on this site are copyrighted ©.