2015-07-08 22:43:00

പാപ്പാ ഫ്രാന്‍സിസിനെ ബൊളീവിയ ഹൃദ്യമായി വരവേറ്റു


പ്രസിഡന്‍റ് ഈവോ മൊറാലെസിന്‍റെ നേതൃത്വത്തില്‍ ലാ പാസിലെ അന്തര്‍ദേശീയ വിമാനത്താവളം എല്‍ ആള്‍ത്തോയില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ബൊളീവിയ പാപ്പായ്ക്കു നല്കിയത്. ഇക്വഡോറില്‍നിന്നും ബുധനാഴ്ച (ജൂലൈ 8-ാം തിയതി) പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കിക്ക് പറന്നുയരേണ്ട പാപ്പാ ഒരു മണിക്കൂര്‍ ശരാശരി വൈകിയാണ് യാത്ര ആരംഭിച്ചത്. ബൊളീവിയന്‍ ഏയര്‍ ലൈന്‍സിന്‍റെ ബി737 ബോയിങ് വിമാനത്തിലാണ് പാപ്പായും സംഘവും ഒരു മണിയോടെ പറന്നുയര്‍ന്നു. ഇക്വഡോറിന്‍റെ പ്രസി‍ഡന്‍റും മറ്റു രാഷ്ട്ര പ്രതിനിധികളും, സഭാധികാരികളും, വന്‍വിശ്വാസ സമൂഹവും പാപ്പായെ യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. മൂന്നു മണിക്കൂറും 15 മിനിറ്റും നീണ്ട യാത്രയായിരുന്നു ബൊളീവിയയിലേയ്ക്ക്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഏല്‍ ആള്‍ത്തോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ പ്രാദേശിക സമയം വൈകുന്നേരം 5.15-നാണ് (ഇന്ത്യയിലെ സമയം രാവിലെ 6.15-ന്) ഇറങ്ങിയത്.

വിമാനപ്പടവുകള്‍ ഇറങ്ങിവന്ന പാപ്പായെ പ്രസിഡന്‍റ് ഈവോ മോറാലസാണ് ആദ്യം ആശ്ലേഷിച്ചു സ്വീകരിച്ചത്. പിന്നെ പരമ്പരാഗത ശൈലിയില്‍ ഹാരാര്‍പ്പണവും ചെയ്തു. ദേശീയ സഭാനേതൃത്വവും വന്‍ വിശ്വാസസമൂഹത്തോടൊപ്പം സന്നിഹിതരായിരുന്നു. ലാ പാസിലെ പൗരാവലയെക്കൊണ്ട് വിമാനത്താവള പ്രദേശം നിറഞ്ഞു കാണപ്പെട്ടു. മിലിട്ടറി ബഹുമതിയോടെയുളള സ്വീകരണച്ചടങ്ങില്‍ പ്രസി‍ഡന്‍റ് മൊറാലസ് പാപ്പായ്ക്ക് രാഷ്ട്രത്തിന്‍റെ പേരില്‍ സ്വാഗതമാശംസിച്ചു. തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസും ബൊളീവിയന്‍ ജനതയെ അഭിസംബോധനചെയ്തു.

പ്രഥമദിന പരിപാടിയില്‍, പ്രസിഡന്‍റിന്‍റെ മന്ദിരത്തിലുള്ള അനൗപചാരികമായ സ്വീകരണം, ലാ പാസ് കത്തീഡ്രല്‍ ദേവാലയത്തില്‍വച്ച് രാഷ്ട്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ്. വീണ്ടും എല്‍ ആള്‍ത്തോയില്‍ വന്ന് പാപ്പാ രാത്രി 8 മണിയോടെ ഒരു മണിക്കൂറിലേറെ യാത്രചെയ്ത് സാന്താ ക്രൂസിലെത്തും. അവിടെ വിശ്രമജീവിതം നയിക്കുന്ന സാന്താക്രൂസിന്‍റെ മുന്‍മെത്രാപ്പോലീത്തയും തന്‍റെ സുഹൃത്തുമായ കര്‍ദ്ദിനാള്‍ ജൂലിയോ തേരാസാസ് സന്തോവാളിന്‍റെ വസതിയിലെത്ത്തി പാപ്പാ വിശ്രമിക്കും.

ജൂലൈ 8-ാം തിയതി ബുധനാഴ്ച മുതല്‍ 11-ാം തിയതി ശനിയാഴ്ചവരെയാണ് പാപ്പാ ഫ്രാന്‍സിസ് ബൊളീവിയയില്‍ അപ്പസ്തോലിക പര്യടനം നടത്തുന്നത്. ‘സുവിശേഷ സന്തോഷത്തിലൂടെ അനുരഞ്ജനവും നവീകരണവും’ എന്ന ആപ്തവാക്യവുമായിട്ടാണ് 9-ാമത് പ്രേഷിതയാത്രയുടെ രണ്ടാം ഘട്ടമായി പാപ്പാ ബൊളീവിയ സന്ദര്‍ശിക്കുന്നത്.

ക്രിസ്തുവിന്‍റെ സുവിശേഷം പകര്‍ന്നുനല്കുന്ന സന്തോഷം ലോകത്ത് ഐക്യത്തിനും സമാധാനത്തിനും വഴിതെളിക്കും എന്ന അടിസ്ഥാന ചിന്താണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങളുടെ സത്തയെന്നും, അതുതന്നെയാണ് തെക്കെ അമേരിക്കന്‍ അപ്പസ്തോലിക പര്യടത്തിലും തെളിഞ്ഞു നില്കുന്നതെന്നും ബൊളീവിയ സന്ദര്‍ശനത്തിന്‍റെ ലോഗോയുടെ വിവരണം നല്‍കിക്കൊണ്ട് വത്തിക്കാന്‍ പുറത്തു വിട്ട പ്രസ്താവന വ്യക്തമാക്കി.

ജൂലൈ 5-ാം തിയതി ഞായറാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍നിന്നും യാത്രയായത്. 5-മുതല്‍ 8-വരെ തിയതികളിലുള്ള ആദ്യഘട്ടം ഇക്വഡോര്‍ വിജയപ്രദമായി പൂര്‍ത്തീകരിച്ച ശേഷമാണ് പാപ്പാ ബൊളീവിയയില്‍ എത്തുന്നത്.








All the contents on this site are copyrighted ©.