2015-07-08 19:42:00

നിത്യസഹായ നാഥയുടെ നവനാള്‍ ഭക്തിക്ക് 150 വയസ്സ്


നിത്യസഹായ മാതാവിന്‍റെ നവനാള്‍ ഭക്തിക്ക് 150 വയസ്സു തികയുന്നു. 2016 ജൂണ്‍ 27-ന്. ഒരുവര്‍ഷം നീണ്ടുനില്ക്കുന്ന ജൂബിലി ആഘോഷം റോമില്‍ പ്രഖ്യാപിച്ചു.

2016 ജൂണ്‍ 27-ാം തിയതിയാണ് നിത്യസഹായമാതാവിന്‍റെ നവനാള്‍ പ്രാര്‍ത്ഥനാ പാരമ്പര്യത്തിന് 150 വയസ്സു തികയുന്നതെന്ന് നവനാള്‍ പ്രാര്‍ത്ഥനയുടെ പ്രയോക്താക്കളായ ദിവ്യരക്ഷക സഭയുടെ (Redemptorists) ഇപ്പോഴത്തെ സുപീരിയര്‍ ജനറല്‍, ഫാദര്‍ മിഷേല്‍ ബ്രെഹില്‍ ജൂണ്‍ 27-ാം റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

സുവിശേഷകനായ വിശുദ്ധ ലൂക്കാ വരച്ചതെന്ന് വിശ്വസിച്ചുപോരുന്ന ഉണ്ണിയെ കൈയ്യിലേന്തിയ ദൈവമാതാവിന്‍റെ അത്ഭുതചിത്രം 9-ാം പിയൂസ് പാപ്പാ ദിവ്യരക്ഷക സഭാംഗങ്ങളെ ഏല്പിക്കുകയും, ദൈവമാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദൈവമാതാവിന്‍റെ അത്ഭുചിത്രത്തിന്‍റെ കൈമാറ്റത്തിന്‍റെയും ദൈവമാതാവിനോടുള്ള ഭക്തി ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനുള്ള ആഹ്വാനത്തിന്‍റെയും ഓര്‍മ്മയും ജൂബിലിയുമാണ് 150-ാം വാര്‍ഷികമായി തുടര്‍ന്നുള്ള ഒരു വര്‍ഷക്കാലം ആഗോളസഭയില്‍ ആചരിക്കപ്പെടുന്നത്. റെ‍ഡംപ്റ്റോരിസ്റ്റ് മിഷണറിമാരാണ് നിത്യസഹായമാതവിന്‍റെ ഭക്തി ലോകമെമ്പാടും എത്തിച്ചത്. അത് ഭാരതത്തിലെത്തിച്ചതും, എന്തിന് കേരളത്തില്‍ അത് എത്തിച്ചതും അവര്‍ തന്നെയാണ്. ദൈവമാതാവിനെ നിത്യസഹായിനി എന്നു വിശേഷിപ്പിച്ചുകൊണ്ടുള്ള ഭക്തി കേരളത്തില്‍ എത്തിയിട്ട് 100-ല്‍പ്പരം വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.

‍9-ാം പിയുസ് പാപ്പായുടെ ആഹ്വാനം ഉള്‍ക്കൊണ്ട് ലോകമെമ്പാടും പ്രചരിപ്പിക്കപ്പെട്ട നിത്യസഹായനാഥയോടുള്ള വണക്കത്തിന്‍റെ 150-വാര്‍ഷികമാണ് സഭയില്‍ ആചരിക്കപ്പെടുന്നതെന്ന് റെഡംപ്റ്റരിസ്റ്റ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാദര്‍ ബ്രെഹില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

2015 ജൂണ്‍ 27-ാം തിയതി ഞായറാഴ്ച ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട്. റോമിലെ വിയ മെരുലാനയിലുള്ള രക്ഷാകര സഭയുടെ ആസ്ഥാനത്തെ ദിവ്യരക്ഷകന്‍റെ നാമത്തിലുള്ള ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന നിത്യസഹായമാതാവിന്‍റെ അസ്സല്‍ ചിത്രത്തി‍ന്‍റെ സന്നിധിയില്‍ റോമാ രൂപതയുടെ വികാരി ജനറള്‍, കര്‍ദ്ദിനാള്‍ അഗസ്തീനോ വലീനി ദിവ്യബലിയര്‍പ്പിച്ചു.   

ദിവ്യബിലിയുടെ അന്ത്യത്തില്‍ കര്‍ദ്ദിനാള്‍ വലീനി ജൂബിലി വര്‍ഷം പ്രഖ്യാപിക്കുകയും, ഇനിയും ലോകമെമ്പാടും നിത്യസഹായിനിയായ കന്യകാനാഥയോടുള്ള ഭക്തി പ്രചരിപ്പിക്കുകയും മാനവകുലത്തിന്‍റെ നന്മയ്ക്കും സമാധാനപൂര്‍ണ്ണമായ നിലനില്പിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കര്‍ദ്ദിനാള്‍ വലീനി ആഹ്വാനംചെയ്തു.  

നിത്യസഹായിനിയുടെ ചിത്രത്തിന്‍റെ ചരിത്രം:

പുരാതന വര്‍ണ്ണനചിത്രമാണ് നിത്യസഹായ നാഥയുടേത്. ഇംഗ്ലിഷില്‍ Icon (Iconography) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഇത് പൗരസ്ത്യക്രൈസ്തവ പാരമ്പര്യത്തില്‍ വളര്‍ന്ന ചിത്രണരീതിയും ശൈലിയുമാണ്. ചിത്രത്തിന്‍റെ വര്‍ണ്ണഭംഗിയെക്കാള്‍ വര്‍ണ്ണനഭംഗിയും അര്‍ത്ഥങ്ങളുമാണ് ചിത്രകാരന്‍ ഇതില്‍ കോറിയിടുന്നത്. വിശുദ്ധ ലൂക്കാ വരച്ചതാണ് നിത്യസാഹയനാഥയുടെ വര്‍ണ്ണനചിത്രമെന്ന് പാരമ്പര്യമുണ്ട്.

13-ാം നൂറ്റാണ്ടില്‍ ഗ്രീസിലെ ക്രീറ്റില്‍നിന്നും ഒരു വ്യാപാരി ചിത്രം റോമില്‍കൊണ്ടുവന്നതിന് ചരിത്രരേഖകളുണ്ട്. വ്യാപാരി മരണക്കിടക്കയില്‍ ചിത്രം പരസ്യവണക്കത്തിന് നല്കുവാന്‍ സുഹൃത്തിനെ ഏല്പിക്കുന്നു. ചിത്രം എത്തിപ്പെട്ടത് റോമിലെ മേരി മേജര്‍ ബസിലിക്കടുത്തുള്ള വിശുദ്ധ മത്തായിയുടെ ചെറിയ ദേവാലയത്തിലായിരുന്നു. 1812-ല്‍ നെപ്പോളിയന്‍റെ ആക്രമണത്തില്‍ ദേവാലയം നശിപ്പിക്കപ്പെട്ടു. ചിത്രം ആരോ മറ്റൊരു ദേവാലയത്തിലെത്തിച്ചു. റോമില്‍ത്തന്നെയുള്ള പോസ്തെരുളാനാ പള്ളിയിലായിരുന്നു. മൂന്നു നൂറ്റാണ്ടുകള്‍ കടന്നുപോയി. പള്ളിയില്‍ ഒരുകാലത്ത് അള്‍ത്താരശുശ്രൂഷകനും, പിന്നീട് സഭാതലവനുമായിത്തീര്‍ന്ന പിയൂസ് 9-ാമന്‍ പാപ്പായാണ് ദൈവമാതാവിന്‍റെ പുരാതന ചിത്രം വീണ്ടെടുക്കുന്നത്. അത്ഭുതചിത്രമുള്ള ദേവാലയത്തിന്‍റെ പരിസരത്ത് ഭൂസ്വത്തു വാങ്ങിയ ദിവ്യരക്ഷക സഭയുടെ (the Redemptorist) ആസ്ഥാനവും ദിവ്യരക്ഷകന്‍റെ നാമത്തില്‍ ദേവാലയവും പണിതീര്‍ത്ത സന്ന്യസ്തരോട് പാപ്പാ നിത്യസഹായനാഥയുടെ അപൂര്‍വ്വചിത്രത്തിന്‍റെ സംരക്ഷണം ഏറ്റെടുക്കുന്നതിനും ഭക്തി ലോകം മുഴുവനും പ്രചരിപ്പിക്കുന്നതിനും ആവശ്യപ്പെട്ടു. അത് 1866-ലെ ജൂണ്‍ 27-ാം തിയതി സ്നാപകയോഹന്നാന്‍റെ തിരുനാളിനോടു ചേര്‍ന്നുവന്ന ഞായറാഴ്ചയായിരുന്നു.

നിത്യസഹായിനി – ചിത്രത്തിന്‍റെ വര്‍ണ്ണനം:

54 x 42 സെന്‍റിമീറ്റര്‍ വലുപ്പമുള്ള ഒറ്റപ്പലകയിലാണ് ചിത്രീകരണം. അമ്മയും മകനും - ദൈവമാതാവും ഉണ്ണിയേശുവും. മാതാവിന്‍റെ വലതുഭാഗത്ത് ഗബ്രിയേല്‍ മാലാഖ കുരിശും ആണികളുമായി നില്ക്കുന്നു. ഇടതുഭാഗത്ത് മിഖയേല്‍ മാലാഖ കുന്തവും നീര്‍പ്പഞ്ഞിയും പേറി നില്ക്കുന്നു. മാലാഖമാര്‍‍ ഉണ്ണിയേശുവെ ആസന്നമാകുന്ന പീ‍ഡകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതുപോലെയാണിത്. ഭയന്നോടിയ ഉണ്ണി അമ്മയുടെ കൈയ്യിലെത്തി, തന്‍റെ ഭാവിപീഡകളെ ധ്യാനിക്കുന്ന പ്രതീതിയിലാണ്. ഓട്ടത്തില്‍ പൊട്ടിപ്പോയ പാദരക്ഷയുടെ വാറ് പ്രതീകാത്മകമായും മനോവ്യഥയുടെ ചിത്രീകരണമാണ്. മകന്‍ അമ്മയുടെ കൈയ്യില്‍ മുറുകെ പിടിച്ചിരിക്കുന്നത് അഭയം തേടലാണ്. അമ്മയും സാന്ത്വനമായി മകനെ കൈക്കൊള്ളുന്നു. ഗ്രീക്കു ഭാഷയില്‍ മറിയത്തെ hodighitria, രക്ഷകന്‍റെ സഹായിനി എന്നും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. മറിയത്തിന്‍റെ സാരിയുടെ നെറുകയിലെ നക്ഷത്രം രക്ഷാകരചരിത്രത്തിലെ സവിശേഷ സ്ഥാനം, സമുന്നത പദവി, അല്ലെങ്കില്‍ ഉച്ചിസ്ഥായി പ്രതീകാത്മകമായി ചിത്രപ്പെടുത്തിയിരിക്കുന്നു.

മൊത്തമായും ചിത്രത്തിന് ശോകത്തിന്‍റെ ഇരുണ്ടനിറമെങ്കിലും പശ്ചാത്തലമായി വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണനിറം വേദനയില്‍നിന്നും ഉതിര്‍ക്കൊള്ളേണ്ട ഉത്ഥാനപ്രഭയും പ്രത്യശയും വിരിയിക്കുന്നു.
All the contents on this site are copyrighted ©.