2015-07-05 18:57:00

ലാറ്റിനമേരിക്കയുടെ പുത്രന് ഹൃദ്യമായ സ്വീകരണം


ജൂലൈ 5-ാം തിയതി ഞായറാഴ്ച സമയം ഉച്ചതിരി‍ഞ്ഞ് പാപ്പാ ഫ്രാന്‍സിസ് തെക്കെ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ അപ്പസ്തോലിക പര്യടനം ആരംഭിച്ചു.

എല്ലാത്തരത്തിലും സമൂഹത്തിന്‍റെ വിളുമ്പിലേയ്ക്കുള്ള യാത്രയാണിത്.  9 ദിവസങ്ങള്‍ നീണ്ടുനില്ക്കുന്നതാണ് ഈ പര്യടനം. ഇക്വഡോര്‍, ബൊളീവിയ, പരാഗ്വേ എന്നിവടങ്ങളിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയുടെ ആദ്യഘട്ടമാണ് ഇക്വഡോര്‍.

യാത്രാപഥങ്ങളില്‍ വിവിധ രാഷ്ട്രാതിര്‍ത്തികള്‍ കടന്നപ്പോള്‍ അവിടത്തെ ഭരണാധിപന്മാര്‍ക്ക് പാപ്പാ ആശംസകള്‍ അയച്ചു. ഇറ്റാലിയന്‍ പ്രസി‍ഡന്‍റ് സേര്‍ജോ മത്തരേലാ, സ്പെയിനിലെ രാജാവ് ഫിലിപ്പ് ആറാമന്‍, പോര്‍ച്ചുഗലിലെ പ്രസി‍ഡന്‍റ് അനിബാള്‍ കവാകോ ഡിസില്‍വ, വെനിസ്വേലന്‍ പ്രസി‍‍ഡന്‍റ് നിക്കോളോ മാദരോ മെംറോസ് എന്നിവര്‍ക്കാണ് പാപ്പാ ഹ്രസ്വസന്ദേശങ്ങള്‍ അയച്ചത്.

ഇറ്റലിയന്‍ പ്രസിഡന്‍റ് മത്തരേലാ പാപ്പായുടെ ആശംസയോട് പ്രതികരികൊണ്ട് മറുപടി അയക്കുവാനും മറന്നില്ല. തെക്കെ അമേരിക്കന്‍ പര്യടനം ശുഭമാവട്ടെ! രാഷ്ട്രീയവും സാമൂഹികവുമായ പ്രതിസന്ധികള്‍ നേരിടുന്ന ഇക്വഡോര്‍, ബൊളീവിയ, പാരാഗ്വേ രാജ്യങ്ങള്‍ക്കും അവിടത്തെ ജനങ്ങള്‍ക്കും പ്രത്യാശയും ആത്മധൈര്യവും പകരുവാനാകട്ടെ, എന്ന ഹൃദ്യമായ ആശംസയായിരുന്നു മത്തരേലായുടെ മറുപടി.

സ്പെയിന്‍, പോര്‍ച്ചുഗല്‍, ട്രിനിഡാഡ്-റ്റൊബാഗോ, വെനുസ്വേലാ, കൊളുംമ്പിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി താണ്ടി പടിഞ്ഞാറന്‍ ചക്രവാളങ്ങള്‍ ലക്ഷ്യമാക്കി 13 മണിക്കൂറുകളുടെ നീണ്ട യാത്ര കഴിഞ്ഞ് ഞായറാഴ്ച ലാറ്റിനമേരിക്കന്‍ സമയം ഉച്ചതിരിഞ്ഞ് 3 മണിയോടെ (ഇന്ത്യയില്‍ സമയം തിങ്കളാഴ്ച വെളുപ്പിന് 5 മണിയോടെ) പാപ്പായുടെ വിമാനം ഇക്വഡോറിലെ ക്വീത്തോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇറങ്ങി.

ഇക്വഡോറിന്‍റെ പ്രസിഡന്‍റ് റാഫേല്‍ കൊറയയും രാഷ്ട്രപ്രതിനിധികളും സഭാതലവന്മാരും പരമ്പരാഗത വേഷധാരികളായ യുവജനങ്ങളും കുട്ടികളും വന്‍വിശ്വാസസമൂഹവും വിമാനത്താവളത്തില്‍ പാപ്പായെ സ്വീകരിക്കുന്നതിന് ഉണ്ടായിരുന്നു. നീണ്ട യാത്രയ്ക്കുശേഷവും ഉന്മേഷവാനായി മന്ദസ്മിതത്തോടെ വിമാനപ്പടവുകള്‍ ഇറങ്ങി വന്ന പാപ്പായെ പ്രസി‍ഡന്‍റും പത്നിയും ചേര്‍ന്ന് സ്വീകരിച്ച് അവിടെ തയ്യാറാക്കിയിരുന്ന താല്ക്കാലിക വേദിയിലേയ്ക്ക് ആനയിച്ചു. ഇക്വ‍‍ഡോറിന്‍റെയും വത്തിക്കാന്‍റെയും ദേശീയ ഗാനങ്ങള്‍ ആലപിക്കപ്പെട്ടു. തുടര്‍ന്ന് പ്രസി‍‍ഡന്‍റ് കൊറയ പാപ്പായ്ക്ക് സ്വാഗതമാശംസിച്ചു.

പിന്നെ രാഷ്ട്രത്തെയും ഇക്വഡോറിലെ ജനങ്ങളെയും പാപ്പാ അഭിസംബോധനചെയ്തു. ഇക്വഡോറിന്‍റ മണ്ണില്‍ വീണ്ടും വരുവാന്‍ സാധിച്ചതിലുള്ള അതിയായ സന്തോഷം പാപ്പാ ആദ്യം രേഖപ്പെടുത്തി. ഇതിനും മുന്‍പും, ബ്യൂനസ് ഐരസ്സില്‍ പ്രവര്‍ത്തിക്കുന്ന കാലത്തും അജപാലന കാരണങ്ങള്‍ക്കായി പലവട്ടം ഇക്വഡോറില്‍ വിന്നിട്ടുള്ളത് പാപ്പാ അനുസ്മരിച്ചു. ഇന്നും അജപലന ദൗത്യവുമായി ദൈവസ്നേഹത്തിന്‍റെ സാക്ഷിയായിട്ടാണ് താന്‍ വന്നിരിക്കുന്നതെന്നും പാപ്പാ പ്രസ്താവിച്ചു. ഇക്വദോര്‍ ഭൂമിശാസ്ത്രപരമായി ഭൂമദ്ധ്യരേഖയോടു ചേര്‍ന്നുകിക്കുന്നതിനാല്‍ സൂര്യനോടും ഏറ്റവും അടുത്തിരിക്കുന്നുവെന്ന് അനുസ്മരിപ്പിച്ചു. ക്രൈസ്തവ വിശ്വാസത്തില്‍ സൂര്യന്‍, നീതിസൂര്യനായ ക്രിസ്തുവാണെന്നും, അവിടുത്തോടും സുവിശേഷത്തോടും സത്തയില്‍ അടുത്തിരിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ നാം നന്മയുടെ പൂവും ഫലവും അണിയുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അതുപോലെ ക്രിസ്തുവാണ് സൂര്യനെങ്കില്‍ ചന്ദ്രന്‍ അവിടുത്തെ സഭയാണെന്നും വിശേഷിപ്പിച്ചു. ചന്ദ്രന് അതില്‍ത്തന്നെ പ്രകാശമണിയാനാവില്ല, മറിച്ച് ക്രിസ്തുവിനോട് ചേര്‍ന്നു നില്ക്കുമ്പോഴാണ് നാം പ്രകാശമണിയുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ഞായറാഴ്ച രാവിലെ ഇറ്റലിയിലെ സമയം രാവിലെ 8.30-ന് പാപ്പാ വത്തിക്കാനില്‍നിന്നും കാറില്‍ റോമില ഫുമിച്ചീനോ വിമാനതാവളത്തിലെത്തി. അവിടെനിന്നുമാണ് പാപ്പാ യാത്രപുറപ്പെട്ടത്. ഒന്‍പതു ദിവസം നീണ്ടുനില്ക്കുന്ന പ്രേഷിതയാത്രയ്ക്ക് തുടക്കമായി. വത്തിക്കാന്‍റെ പ്രതിനിധികളും അല്‍മായപ്രതിനിധകളും, സ്ഥലത്തെ മെത്രാനും, അതിലധികാമായി മാധ്യമപ്രവര്‍ത്തകരും പാപ്പായെ യാത്രയയക്കുന്നതിന് വിമാനത്താവളത്തില്‍ എത്തിയിരുന്നു. യൂറോപ്പില്‍ കാലേകൂട്ടി എത്തിയ വേനല്‍ വെയില്‍ വിരിയിച്ച വെള്ളിമേഘങ്ങളിലേയ്ക്ക് പാപ്പായുടെ അല്‍ ഇത്താലിയ ബോയിങ് എ 330 വിമാനം പറന്നുയര്‍ന്നത് പ്രത്യാശയുടെ പൊന്‍കരിണങ്ങള്‍ തെളിയിച്ചുകൊണ്ടാണ്. കാരണം ആഗോള സമൂഹത്തിന്‍റെ വിളുമ്പില്‍ ശ്രദ്ധിക്കപ്പെടാത്ത മൂന്നു തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലേയ്ക്ക് അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും ദൂതുമായിട്ടാണ് ലാറ്റിനമേരിക്കന്‍ പുത്രനും അര്‍ജന്‍റീനക്കാരനുമായ പാപ്പാ ബര്‍ഗോളിയോയുടെ പ്രേഷിതയാത്ര.

 








All the contents on this site are copyrighted ©.