2015-07-04 17:50:00

ചെറുമ അണിയുന്ന ദൈവിക വലിമ


യേശു അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്മാര്‍ അവനെ അനുഗമിച്ചു. സാബത്തുദിവസം സിനഗോഗില്‍ അവിടുന്ന് പഠിപ്പിക്കാനാരംഭിച്ചു. അവന്‍റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു. ഇവന് ഇതെല്ലാം എവിടെനിന്നു? ഇവനു കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്‍റെ കരങ്ങള്‍വഴി സംഭവിക്കുന്നത്. ഇദ്ദേഹം മറിയത്തിന്‍റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്‍റെ സഹോദരമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി. യേശു അവരോടു പറഞ്ഞു. സ്വദേശത്തും ബന്ധുജനങ്ങളുടെ ഇടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല. ഏതാനും രോഗികളുടെമേല്‍ കൈകള്‍ വച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അത്ഭുതങ്ങള്‍ ഒന്നും അവിടെ പ്രവര്‍ത്തിക്കുവാന്‍ അവിടുത്തേയ്ക്കു കഴിഞ്ഞില്ല. അവിടുത്തെ വിശ്വാസ രാഹിത്യത്തെക്കുറിച്ച് അവിടുന്ന് വിസ്മയിച്ചു.

‘പ്രവാചകന്‍ സ്വന്തം നാട്ടില്‍ സ്വീകൃതനല്ല’ എന്ന സൂക്തം വിശുദ്ധ മാര്‍ക്കോസിന്‍റെ സുവിശേഷത്തെ ആധാരമാക്കിയാണ് പ്രയോഗത്തില്‍ വന്നിട്ടുള്ളത് (മാര്‍ക്ക് 6, 4). “സ്വദേശത്തും ബന്ധുജനങ്ങളുടെ ഇടയിലും സ്വഭവനത്തിലും അല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല,” (മാര്‍ക്ക് 6, 4). ക്രിസ്തു നസ്രത്തുകാരനാണെങ്കിലും സ്വന്തം ജനത്താല്‍ അവിടുന്ന് പരിത്യക്തനാകുന്നതായിട്ടാണ് ഈ സുവിശേഷ സംഭവം വ്യക്തമാക്കുന്നത്. മുപ്പതു വര്‍ഷക്കാലം ആ ഗ്രാമത്തില്‍ ജീവിച്ചവനാണ് ക്രിസ്തു. അവിടുന്ന് ദൈവരാജ്യം പ്രഘോഷിച്ചും രോഗികളെ സുഖപ്പെടുത്തിയും ഏതാനും നാളുകള്‍ ഗലീലിയായില്‍ ചെലവഴിച്ചശേഷം തിരികെ വന്ന് ഒരുനാള്‍ നസ്രത്തിലെ സിനഗോഗില്‍ പ്രസംഗിച്ചതാണ് സംഭവം. ക്രിസ്തു പങ്കുവച്ച വിജ്ഞാനം കേട്ട് നസ്രത്തുകാര്‍ ആശ്ചര്യപ്പെട്ടുപോയി. കാരണം അവര്‍ അവിടുത്തെ അറിഞ്ഞിട്ടുള്ളത് മറിയത്തിന്‍റെ മകനായിട്ടും, നാട്ടിലെ മരപ്പണിക്കാരനിയിട്ടുമാണ്. വിശ്വാസപൂര്‍വ്വം സ്വീകരിക്കുന്നതിനു പകരം അവര്‍ അവിടുത്തെ തിരസ്ക്കരിക്കുയാണ് ചെയ്തത്. മാനുഷികതയെ മറികടന്ന് ദൈവിക മാനങ്ങളിലേയ്ക്ക് ഉയരുവാനുള്ള വളരെ സ്വാഭാവികമായ വൈമുഖ്യമാണ് ഇവിടെ നസ്രത്തുള്ളവരില്‍ ദൃശ്യമാകുന്നത്. ഒരു നാട്ടുകാരനായ ഒരാളെ, അതും മരപ്പണിക്കാരനായിരുന്ന ക്രിസ്തുവിനെ ഏങ്ങനെ ദൈവപുരുഷനായി അംഗീകരിക്കും? ഇതാണ് അവരുടെ വൈമനസ്യം! സ്വന്തം ജനത്താല്‍ പരിത്യക്തനായ ഇസ്രായേലിലെ പ്രവാചകന്മാരുടെ ഉദാഹരണം ക്രിസ്തു ജനങ്ങളോടു പറയുകയും തന്നെത്തന്നെ ആ പ്രവാചകന്മാരോട് താദാത്മ്യപ്പെടുത്തുകയും ചെയ്യുന്നു. അവരുടെ വിശ്വാസ രാഹിത്യം കണ്ട് അവിടുന്നു വിസ്മയിക്കുന്നു!

ക്രിസ്തു പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങള്‍ ശക്തിപ്രകടനമല്ല, മറിച്ച് മനുഷ്യന്‍റെ വിശ്വാസത്തോട് പ്രത്യുത്തരിക്കുന്ന ദൈവസ്നേഹത്തിന്‍റെ പ്രകടമായ അടയാളങ്ങളാണ്. “കാന്തം ഇരുമ്പിനോടെന്നപോലെ ഭൗതിക വസ്തുക്കള്‍ പരസ്പരം ആകര്‍ഷിക്കുന്നു. അതുപോലെ മാനുഷിക വിശ്വാസം ദൈവിക ശക്തിക്കും ആകര്‍ഷണ വിധേയമാകുന്നു,” എന്നാണ് സഭാ പിതാവായ ഒറിജെന്‍ പഠിപ്പിക്കുന്നത്. സ്വന്തം നാട്ടില്‍ ക്രിസ്തു തിരസ്കൃതനാകുന്നതിനുള്ള കാരണം അവരുടെ വിശ്വാസമില്ലായ്മയാണ്. അവരുടെ അവിശ്വാസത്തില്‍ ക്രിസ്തു ആശ്ചര്യപ്പെട്ടു എന്ന് സുവിശേഷകന്‍ രേഖപ്പെടുത്തുന്നുണ്ട് (മാര്‍ക്ക് 6, 6). സ്വന്തം നാട്ടുകാരുടെ അവഗണനയു‌ടെ ആശ്ചര്യം ഒരു ഭാഗത്തും, മറുഭാഗത്ത് അതില്‍നിന്നുളവാകുന്ന മനോവേദനയും ഒരുപോലെ അവിടുന്ന് അനുഭവിച്ചിരിക്കണം. പ്രവാചകന്‍ സ്വന്തം നാട്ടില്‍ തിരസ്കൃതനാകുന്ന പ്രക്രിയയ്ക്കു പിന്നില്‍ സത്യത്തിന്‍റെ വെളിച്ചം അംഗീകരിക്കാത്ത ജനത്തിന്‍റെ ഹൃദയകാഠിന്യവും ആത്മീയ അന്ധതയുമാണ് കാണേണ്ടത്.

നസ്രായനായ യേശു ദൈവികതയുടെ സ്വച്ഛതയാണ്. മനുഷ്യര്‍ക്ക് ദൈവത്തെ പൂര്‍ണ്ണമായും വെളിപ്പെട്ടു കിട്ടുന്നത് യേശുവിലാണ്. മനുഷ്യാവതാരംചെയ്ത ദൈവമാണ് ക്രിസ്തു എന്ന തിരിച്ചറിവില്ലാതെ പോകുന്നതുകൊണ്ടാണ് മനുഷ്യന്‍ മറ്റ് അടയാളങ്ങളും അത്ഭുതങ്ങളും തേടിപ്പോകുന്നത്. ഈ പ്രപഞ്ചത്തിലെ അത്ഭുതമാണ് ക്രിസ്തു, ഇന്നും...! ദൈവസ്നേഹം ഒളിഞ്ഞിരിക്കുന്ന മനുഷ്യഹൃദയവും അതു പ്രസരിക്കുന്ന മനുഷ്യന്‍റെ മുഖച്ഛായയുമാണ് ക്രിസ്തു.

ഈ ദൈവിക യാഥാര്‍ത്ഥ്യങ്ങള്‍ ശരിയായി തിരിച്ചറിഞ്ഞവളാണ് പരിശുദ്ധ കന്യകാ മറിയം. കാരണം, കര്‍ത്താവ് അരുള്‍ചെയ്ത കാര്യങ്ങള്‍ നിറവേറും എന്നവള്‍ വിശ്വസിച്ചു (ലൂക്കാ 1, 45). തന്‍റെ മകന്‍റെ ചെയ്തികളില്‍ മറിയം ആശ്ചര്യഭരിതയാകുന്നില്ല, കാരണം അവളുടെ ആശ്ചര്യം വിശ്വാസ നിര്‍ഭരമായിരുന്നു. മാത്രമല്ല തന്‍റെ മകനെ പൂര്‍ണ്ണ മനുഷ്യനും പൂ‍ര്‍ണ്ണ ദൈവവുമായി കാണുന്നതിലുള്ള അതിയായ സന്തോഷവും സ്നേഹവും മറിയത്തിനുണ്ടായിരുന്നു.

ദൈവത്തിന്‍റെ രീതികള്‍ വിനീതവും നിശബ്ദവുമാണ്. പ്രകടനപരതയോ പ്രകടനമോ അതില്‍ ഇല്ല. നസ്രത്തിലെ ജനങ്ങളുടെ വിശ്വാസരാഹിത്യത്തെ ക്രിസ്തു ശകാരിക്കുന്നുണ്ട് (ലൂക്കാ 4, 24-30). ആദ്യം അവര്‍ മതിപ്പോടെ അവിടുത്തെ കേട്ടിരുന്നെങ്കിലും, പിന്നിതാ, നാളുകള്‍ക്കുശേഷം ദേഷ്യവും അവജ്ഞയുമാണ് പ്രകടമാക്കിയത്. അവര്‍ ആദ്യം അവിടുത്തെ പ്രശംസിച്ചു. പിന്നെ അധരങ്ങളില്‍നിന്നും പുറപ്പെട്ട കൃപാവചസ്സു കേട്ട് അത്ഭുതപ്പെടുകയും ചെയ്തു. എന്നാല്‍ ചിലര്‍ക്ക് അവിടുന്ന പറഞ്ഞ കാര്യങ്ങള്‍ സ്വീകാര്യമായില്ല. അതുകൊണ്ട് പിറുപിറുക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. എന്ത്, ഇവന്‍ നസ്രത്തിലെ ജോസഫിന്‍റെ മകനല്ലേ? ഇവനെന്താണ് ഞങ്ങളോടു പറയുവാന്‍ പോകുന്നത്? ഇവന്‍ ഏവിടെയാണ് പഠിച്ചത്? എന്ത് അറിവുണ്ട് ഇവന്?  അത്രയുമല്ല, അവര്‍ ദേഷ്യപ്പെട്ട് അവിടുത്തെ പട്ടണത്തിനു വെളിയിലാക്കുവാനും, കുന്നില്‍മുകളില്‍നിന്ന് താഴേയ്ക്ക് തള്ളിയിടുവാനും ശ്രമിച്ചു.

ക്രിസ്തു അവരോടു പറഞ്ഞു. കഫര്‍ണാമിലെ അത്ഭുതങ്ങളും അടയാളങ്ങളും ഇവിടെയും ചെയ്യണമെന്നാണോ, നിങ്ങള്‍ ആവശ്യപ്പെടുന്നത്? അതാണ് നിങ്ങളുടെ ആഗ്രഹം! എന്നിട്ട് ക്രിസ്തു പറഞ്ഞു, ഒരു പ്രവാചകനും സ്വദേശത്ത് സ്വീകൃതനല്ല!!

സിറിയ രാജാവിന്‍റെ സൈന്ന്യാധിപനായിരുന്ന നാമാന് കുഷ്ഠം പിടിപെട്ട കാര്യവും, അയാളുടെ സൗഖ്യദാനത്തിന്‍റെ കഥയും രാജാക്കന്മാരുടെ പുസ്തകത്തില്‍ വായിക്കുന്നുണ്ടല്ലോ. സഹായവും സൗഖ്യവും തേടി അയാള്‍ ഇസ്രായേലില്‍ ഏലിയ പ്രവാചകന്‍റെ പക്കല്‍ ചെന്നു. യോര്‍ദ്ദാനില്‍ കുളിക്കുവാനാണ് പ്രവാചകന്‍ കല്പിച്ചത്. ആദ്യം അവിശ്വാസം പ്രകടിപ്പിച്ചു. നാമാന്‍ വലിയ കാര്യങ്ങളാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പ്രവാചകന്‍ പറഞ്ഞത് തീരെ നിസ്സാര കാര്യമാണ്. വിശ്വസിക്കാനാകാതിരുന്ന പ്രവാചകനെ അനുസരിച്ചപ്പോള്‍ നാമാന്‍റെ രോഗം മാറി,  അയാള്‍ പൂര്‍ണ്ണ സൗഖ്യം പ്രാപിച്ചു. ഇതാ, ദൈവം ചെറിയ കാര്യങ്ങളിലൂടെ തന്‍റെ കൃപാസ്പര്‍ശം പകര്‍ന്നു നല്കുന്നു. ആദ്യം തന്‍റെ ദാസിയുടെ വാക്ക് നാമാന്‍ അനുസരിച്ച് പ്രവാചകനെ തേടിപ്പുറപ്പെട്ടു. പിന്നെ പ്രവാചകന്‍ പറഞ്ഞ ചെറിയകാര്യം അയാള്‍ വിശ്വസ്തതയോടെ നിര്‍വ്വഹിച്ചപ്പോള്‍ പൂര്‍ണ്ണസൗഖ്യം പ്രാപിച്ചു.

നാമാനെപ്പോലെ നസ്രത്തിലെ ജനങ്ങളും പ്രതീക്ഷിച്ചത് അവരുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ വലിയ ഇടപെടലും ആത്ഭുത ചെയ്തികളുമാണ്. എന്നാല്‍ ദൈവം വിനീതഭാവത്തിലും നിശബ്ദതയിലും ചെറിയ കാര്യങ്ങളിലൂടെയുമാണ് മനുഷ്യന്‍റെ ആവശ്യങ്ങളില്‍ ഇടപെടുന്നത്. വലിയ ‘ഷോ’ ഒന്നുമില്ലാതെയല്ലേ,...  ദൈവം സൃഷ്ടിചെയ്തത്. മാന്ത്രികവടി ഉപയോഗിച്ചല്ല. മണ്ണു മെനഞ്ഞാണ് അവിടുന്ന് മനുഷ്യനെ സൃഷ്ടിച്ചത്, രൂപപ്പെടുത്തിയത് ദൈവത്തിന്‍റെ നിസ്സാരതയാണ് രക്ഷാകര ചരിത്രത്തില്‍ ഉടനീളം തെളിഞ്ഞുനില്ക്കുന്നത്. ദൈവം ചെറിയ കാര്യങ്ങളുടെ ദൈവമാണ് (God of small things). ഈജിപ്തിലെ അടിമത്വത്തില്‍നിന്നും ഇസ്രായേല്യരെ മോചിക്കാന്‍ ദൈവം തിരഞ്ഞെടുത്തത് വിശ്വാസവും ആത്മവിശ്വാസവുമുള്ള സാധാരണക്കാരനെയാണ് – മോശ!  പ്രതാപമുള്ള ജെറീക്കോ പട്ടണത്തെ വീഴ്ത്തിയത് വേശ്യയെക്കൊണ്ടാണ്. സമേറിയായിലെ ജനങ്ങളുടെ മാനസാന്തരത്തിനു വഴി തെളിഞ്ഞത് പാപിനിയിലൂടെയാണ്. എന്തിന്  രാക്ഷസ സമനായ ഫിലീസ്തിയന്‍ ഗോലിയാത്തിനെ നിലംപറ്റിച്ചത് ദാവീദെന്ന ഇടയച്ചെറുക്കന്‍റെ കല്ലും കവണിയുമല്ലേ. ഒറ്റനോട്ടത്തില്‍ ഇതെല്ലാം നിസ്സാരമായോ,  കിറുക്കത്തരമായോ തോന്നാം. ദിവ്യരക്ഷകനെ തേടിയെത്തിയ ജ്ഞാനികള്‍ കണ്ടത്, പുല്‍ത്തൊട്ടിയില്‍ പിറന്നു വീണ പാവം പൈതലിനെയല്ലേ! ഇതെല്ലാം ദൈവത്തിന്‍റെ മനുഷ്യഭാവവും ലാളിത്യവുമാണ്, ദൈവിക നിസ്സാരതയാണ്. ഈ ലാളിത്യവും വിനീതഭാവവും ദൈവത്തിന്‍റെ ശൈലിയുമാണ്. 

മരുഭൂമിയിലെ പരീക്ഷണങ്ങളുടെ മദ്ധ്യേ, വലിയ അത്ഭുതങ്ങളുടെ പ്രകടനങ്ങളാണ് സാത്താന്‍ ക്രിസ്തുവില്‍നിന്നും ആവശ്യപ്പെട്ടത്, ആദ്യമായി ദേവാലയത്തിന്‍റെ ഉച്ചിയില്‍നിന്നും ചാടുവാനായിരുന്നു.

അങ്ങനെ അവിടുത്തെ അത്ഭുതപ്രവൃത്തി കണ്ട് എല്ലാവരും അവിടുന്നില്‍ വിശ്വസിക്കണമെന്നായിരുന്നു. എന്നാല്‍ ക്രിസ്തു എപ്പോഴും തന്നെത്തന്നെ താഴ്മയില്‍ വെളിപ്പെടുത്തി. ശാന്തവും വിനീതവുമായ ദൈവിക വിസ്മയങ്ങളില്‍ വളരണമെന്നാണ് ക്രിസ്തു നമ്മെയും പഠിപ്പിക്കുന്നത്. ദിവ്യകാരുണ്യത്തിലും കൂദാശകളിലും നാം കാണുന്നത് ദൈവിക ലാളിത്യത്തിന്‍റെ വിസ്മയങ്ങളല്ലേ.

സുഖസൗകര്യങ്ങളുടെയും സന്ദേഹത്തിന്‍റെയും ശങ്കയുടെയും സാമൂഹ്യചുറ്റുപാടുകളില്‍ ഒളിച്ചിരിക്കാതെ, സടകുടഞ്ഞെഴുന്നേറ്റ് ജീവിതദൗത്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാനും, ദൈവം നമുക്കായി വച്ചുനീട്ടിയ വിളിയോടു ക്രിയാത്മകമായി പ്രതികരിക്കുവാനും നസ്രത്തുകാരോടു ക്രിസ്തു കാണിച്ച പ്രതികരണം നമുക്ക് ശക്തിപകരട്ടെ. അതുപോലെ വിളിയോടു പ്രത്യുത്തരിക്കുന്നവര്‍ക്ക് കൃപയുടെ അത്ഭുതകരമായ ധാരാളിത്തം അനുദിനം അനുഭവവേദ്യമാകുമെന്നും നസ്രത്തു സംഭവം നമ്മെ പ്രചോദിപ്പിക്കുന്നു. മതത്തിന്‍റെ മൂടുപടം അഹങ്കാരമോ മോഹങ്ങളോ, അധികാരമോഹമോ അല്ലെന്നും, എന്നാല്‍ ദൈവത്തിന്‍റെ കാരുണ്യം ലാളിത്യമാണെന്നും ഈ സുവിശേഷ സംഭവം നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തുവില്‍ ലഭ്യമായ പുതിയ രാജ്യവും പുതിയ നീതിയും നമുക്ക് പ്രഘോഷിക്കാം. അവിടുന്നില്‍ സകലരും വിശ്വസിക്കുന്നവര്‍ക്ക് ദൈവരാജ്യത്തിന്‍റെ അനുഭങ്ങള്‍ ഉണ്ടാകട്ടെ...!

 
All the contents on this site are copyrighted ©.