2015-07-03 20:24:00

കൃപയുടെ അലയടി - വത്തിക്കാനിലെ കരിസ്മാറ്റിക്ക് സമ്മേളനം


ഇറ്റലിയിലെ കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിലെ അംഗങ്ങളുമായി ജൂലൈ 3-ാം തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6-മണിക്ക് പാപ്പാ ഫ്രാന്‍സിസ് പ്രത്യേക കൂടിക്കാഴ്ച നടത്തി. ഇറ്റലിയുടെ നാനാഭാഗത്തുനിന്നുമെത്തിയ പ്രസ്ഥാനത്തിന്‍റെ ആയിരക്കണക്കിന് ആബാലവൃന്ദം വിശ്വാസികളെക്കൊണ്ട് വത്തിക്കാനിലെ വിശുദ്ധ പത്രോസി‍ന്‍റെ ചത്വരം നിറഞ്ഞു കവിഞ്ഞു. 38-ാമത് ദേശീയ സമ്മേളനമാണ് വത്തിക്കാനില്‍ ചേര്‍ന്നത്. ഇക്കുറി പാപ്പാ ഫ്രാന്‍സിസിന്‍റെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് കരിസ്മാറ്റിക്ക് സമ്മേളനം വത്തിക്കാനിലെത്തിയത്. കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിലെ വിവിധ പ്രായക്കാരായ മുപ്പതിനായിരത്തിലേറെ പേരാണ് പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയത്.

നിശ്ചിത സമയത്തിനും മുന്നേ ചത്വരത്തിലേയ്ക്ക് കടന്നു വന്ന പാപ്പാ ഫ്രാന്‍സിസിനെ ഹോസാനാ ഗീതികളോടെ ആനന്ദലഹരിയില്‍ വിശ്വാസികള്‍ വരവേറ്റു. പ്രസ്ഥാനത്തിന്‍റെ ഈ വര്‍ഷത്തെ സമ്മേളനം ലോകത്തുള്ള പീഡിതരായ ക്രൈസ്തവരെ അനുസ്മരിച്ചുകൊണ്ടായിരുന്നു. സമ്മേളനത്തിന്‍റെ ഗായകസംഘത്തില്‍ അതിഥികളായും, ആവേശംപകരുവാനും ഇറ്റലിയുടെ പ്രിയ ഗായകന്‍ അന്ത്രയ ബൊചേലിയും, ഇസ്രായേലിന്‍റെ ഗാനകോകിലം നോവയും പ്രാര്‍ത്ഥനാഗീതങ്ങള്‍ ആലപിച്ചപ്പോള്‍ നിറഞ്ഞസദസ്സ് അത് ഏറ്റുപാടി സ്വര്‍ഗ്ഗീയാനുഭൂതി ഉയര്‍ത്തി.

ജനമദ്ധ്യത്തിലൂടെ തുറന്ന വാഹനത്തിലൂടെ എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ട് പാപ്പാ വേദിയിലേയ്ക്ക് മുന്നേറി.

ദേശീയ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ പ്രസി‍ഡന്‍റ്, സാല്‍വതോര്‍ മര്‍ത്തിനെസ് പാപ്പായ്ക്ക് സ്വാഗതം ആശംസിച്ചു. തത്സമയം ഉരുവിട്ട ആമുഖ പ്രാര്‍ത്ഥനയോടെയാണ് കൂടിക്കാഴ്ച ആരംഭിച്ചത്: ക്രിസ്തുവിലൂടെ വാഗ്ദാനംചെയ്ത പരിശുദ്ധാത്മാവിനെ ഇന്നും സ്വര്‍ഗ്ഗീയ പിതാവ് ലോകത്തിനു നല്കട്ടെ. അവിടുന്ന് മനുഷ്യകുലത്തെ ഐക്യത്തിന്‍റെ പാതയില്‍ നയിക്കട്ടെ. സഭയിലെ വൈവിധ്യങ്ങളിലും വ്യത്യസ്ത ദാനങ്ങള്‍ സ്വീകരിച്ച സകലരെയും ഐക്യത്തില്‍ നിലനിര്‍ത്തണമേ, എന്ന് പാപ്പാ പ്രാര്‍ത്ഥിച്ചു. ക്രിസ്തു പഠിപ്പിച്ച സത്യങ്ങള്‍ ഓര്‍ക്കുവാനും അതുപ്രകാരം ഇന്ന് ജീവിക്കാനും  പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കണമേ എന്നും, സഭയില്‍ ഐക്യം വളര്‍ത്തണമേ എന്നും പാപ്പാ പ്രാര്‍ത്ഥിച്ചു. വിഭിന്നതയും പിളര്‍പ്പും ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ദൈവാത്മാവ് സഭയിലും ലോകത്തും ഐക്യവും സമാധാനവും വളര്‍ത്താന്‍ ഇടയാക്കട്ടെ, എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ആമുഖപ്രാര്‍ത്ഥന പാപ്പാ ഉപസംഹരിച്ചത്.

പിന്നെയും സ്തുതിഗീതങ്ങളുമായി തുടര്‍ന്ന പ്രാര്‍ത്ഥനാഹ്നത്തെ  വയോധികനായ ന്യായാധപന്‍റെയും, വഴിതെറ്റിപ്പോയ യുവാവിന്‍റെയും ദൈവാനുഭവത്തിന്‍റെയും മാനസാന്തരത്തിന്‍റെയും ജീവിതസാക്ഷ്യങ്ങള്‍. അനുഭവസാന്ദ്രമാക്കി. തുടര്‍ന്ന് പാപ്പായുടെ സന്ദേശമായിരുന്നു.

വലിയ സമ്മേളനങ്ങള്‍ക്കായി കാത്തിരിക്കേണ്ട കുടുംബത്തിലും, തൊഴില്‍ശാലയിലും, ഓഫീസിലും ജീവിത പരിസരങ്ങളിലും ദൈവാത്മാവിന്‍റെ സാക്ഷികളാകാമെന്നും, വൈവിധ്യങ്ങളിലെ ഐക്യത്തിന്‍റെ ഘടകം പരിശുദ്ധാത്മാവും അവിടുത്തെ കൃപയും ആയിരിക്കട്ടെ, എന്നും പാപ്പാ പ്രത്യേകം ആശംസിച്ചു.

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥനയെ തുടര്‍‍ന്ന് പാപ്പാ നല്കിയ അപ്പസ്തോലിക ആശീര്‍വ്വാദത്തോടെ സമ്മേളനം സമാപിച്ചു.
All the contents on this site are copyrighted ©.