2015-07-02 19:41:00

പാപ്പായുടെ ധീരമായ പാരിസ്ഥിതിക വീക്ഷണം


പോപ്പ് ഫ്രാന്‍സിസിന്‍റെ പുതിയ പ്രബോധനം ധീരവും ജനകീയവുമായ  പാരിസ്ഥിതിക വീക്ഷണമാണെന്ന്, അമേരിക്കയിലെ പരിസ്ഥിതി ശാസ്ത്രജ്ഞ, നവോമി ക്ലെയിന്‍ പ്രസ്താവിച്ചു.

പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനം, Laudato Si’ അങ്ങേയ്ക്കു സ്തുതി...യെക്കുറിച്ച് റോമിലെ അഗസ്റ്റീനിയന്‍ യൂണിവേഴ്സിറ്റിയില്‍ ജൂലൈ 2-ാം തിയതി വ്യാഴാഴ്ച ആരംഭിച്ച ദ്വിദിന പഠനശിബിരത്തില്‍ പ്രബന്ധം അവതരിപ്പിക്കവെയാണ് യഹൂദമതസ്ഥയും പാരിസ്ഥിതിക വിദഗ്ദ്ധയുമായ നവോമി ക്ലെയിന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

രാഷ്ട്രനേതാക്കളെയും ശാസ്ത്രജ്ന്മാരെയും, എന്തിന് ഇന്നത്തെ സാമൂഹ്യഘടനയെത്തന്നെ വെല്ലുവിളിക്കുന്ന ധീരവും ജനകീയവുമായ ശൈലിയിലാണ് ഭൂമിയെയും മനുഷ്യനെയും സംബന്ധിക്കുന്ന പാപ്പായുടെ  പ്രബോധനത്തില്‍ ചുരുളഴിയുന്ന ചിന്തകളെന്ന് നവോമി ക്ലെയിന്‍ അഭിപ്രായപ്പെട്ടു.

സാമ്പത്തിക നേട്ടവും സാങ്കേതിയതയുടെ തള്ളിക്കയറ്റവുമുള്ള വികസന പദ്ധതികള്‍ പലതും ലോകത്തെ കബളിപ്പിക്കുകയും, പരീക്ഷണങ്ങള്‍ പരാജയപ്പെടുകയും ചെയ്തിട്ടുള്ള ചരിത്രഘട്ടത്തിലാണ് ധാര്‍മ്മിക ബോധവും മാനുഷിക പരിഗണയുമുളള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം പുറത്തുവന്നിരിക്കുന്നതെന്ന് പ്രസ്താവിച്ച നവോമി, അത് ക്രൈസ്തവര്‍ക്കു മാത്രമുള്ള പ്രമാണരേഖയല്ല, മാനവകുലത്തിനു മുഴുവന്‍റെയും, രാഷ്ട്രനേതാക്കളുടെയും കണ്ണുതരുറപ്പിക്കുന്ന വിപ്ലവകരമായ ഭൂമി വീക്ഷണവും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുമാണെന്ന് പ്രബന്ധത്തില്‍ എടുത്തുപറഞ്ഞു.

നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും, ആഗോള കത്തോലിക്കാ വികസന സംഘടനകളും സംയുക്തമായി നടത്തുന്ന സെമിനാര്‍ ജൂലൈ 3-വരെ നീണ്ടുനില്ക്കും. റോമിലെ അഗസ്തീനിയാനും യൂണിവേഴ്സിറ്റിയാണ് പാപ്പായുടെ പ്രബോധനത്തിന്‍റെ പഠനവേദി.  
All the contents on this site are copyrighted ©.