2015-07-02 19:18:00

ആത്മീയോന്മേഷത്തിന്‍റെ കുളിര്‍കാറ്റായി പാപ്പായുടെ ലാറ്റിനമേരിക്കന്‍ പര്യടനം


പാപ്പായുടെ സന്ദര്‍ശനത്തിലൂടെ സാമൂഹ്യ നവോത്ഥാനം തങ്ങള്‍ക്ക് ഉണ്ടാകുമെന്നാണ് ലാറ്റിനമേരിക്കന്‍ ജനതയുടെ പ്രത്യാശയെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

ഇക്വഡോര്‍, ബൊളീവിയ, പരാഗ്വേ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ഞായറാഴ്ച ആരംഭിക്കുന്ന അപ്പസ്തോലിക പര്യടനം അവിടെ കൂടുതല്‍ അനുരഞ്ജനത്തിനും സമാധാനത്തിനും വഴിതെളിക്കും. അങ്ങനെ സാമൂഹ്യ നവോത്ഥാനം കൈവരിക്കാനാകുമെന്നാണ് ജനങ്ങളുടെ പ്രത്യാശയെന്ന് പാപ്പായുടെ ആസന്നമാകുന്ന അപ്പസ്തോലിക യാത്രയുടെ ബലതന്ത്രം മനസ്സിലാക്കിയിട്ടുള്ള ഫാദര്‍ ലൊമ്പാര്‍ഡി പറഞ്ഞു. ജൂണ്‍ 1-ാം തിയതി ബുധനാഴ്ച റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലും രാഷ്ട്രീയ അരിഷ്ടിതാവസ്ഥയും, സ്വച്ഛേധിപത്യവും അനുഭവിച്ചിട്ടുള്ള ഇക്വഡോര്‍, ബൊളീവിയ, പരാഗ്വേ എന്നീ ചെറിയ രാജ്യങ്ങളുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥ ഇനിയും ആശങ്കാജനകമായി തുടരുമ്പോള്‍, പാപ്പായുടെ ആത്മീയ സാന്നിദ്ധ്യവും അത്യപൂര്‍വ്വമായ ധാര്‍മ്മിക ശക്തിയും രാഷ്ട്ര നേതാക്കള്‍ക്കും, സഭാ നേതൃത്വത്തിനും ജനങ്ങള്‍ക്കു പൊതുവെയും ഒരുപോലെ നവീകരണത്തിന്‍റെയും നവോന്മേഷത്തിന്‍റെയും കുളി‍ര്‍കാറ്റായിരിക്കുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രത്യാശ പ്രകടിപ്പിച്ചു.  

നീണ്ട കാലത്തോളം നിലനിന്നിരുന്ന മൂന്നു രാഷ്ട്രങ്ങളിലെയും എകാധിപത്യ സര്‍ക്കാരുകളും, അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള നിലയ്ക്കാത്ത അതിര്‍ത്തി പോരാട്ടങ്ങളും അവ കാരണമാക്കിയിട്ടുള്ള കെടുതികളും ഇന്നും ഈ ചെറിയ രാജ്യങ്ങളെ തളര്‍ത്തുന്നുണ്ടെന്ന് ഫാദര്‍ ലൊമ്പാര്‍ഡി നിരീക്ഷിച്ചു.

ഓരോ രാജ്യത്തും ശരാശരി മൂന്നു ദിവസങ്ങള്‍ ചിലവഴിക്കുന്നതാണ് ഈ അപ്പസ്തോലിക പര്യടനം. നാടിന്‍റെ സ്പന്ദനം അറിയുന്ന ലാറ്റിമേരിക്കന്‍ സ്വദേശിയായ പാപ്പായുടെ സന്ദര്‍ശം അവിടത്തെ ജനങ്ങള്‍ക്ക് ഏറെ പ്രത്യാശപകരുന്നതും, സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും ജനായത്ത ഭരണത്തിന്‍റെയും പാതിയിലെ പൊന്‍വെളിച്ചവുമായിരിക്കുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ വിശദീകരിച്ചു.

ഇക്വഡോറില്‍ ജൂലൈ 6, 7, 8 തിങ്കള്‍ ചൊവ്വാ ബുധന്‍ ദിവസങ്ങളിലും, ബോളീവിയയില്‍ 8, 9, 10 ബുധന്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും, പരാഗ്വേയില്‍ 10, 11, 12 വെള്ളി ശനി ഞായര്‍ ദിവസങ്ങളിലുമാണ് പാപ്പായുടെ അപ്പസ്തോലിക പര്യടനം.
All the contents on this site are copyrighted ©.