2015-07-01 19:20:00

പാപ്പായെ സ്വീകരിക്കാന്‍ ഇക്വഡോറും ബൊളീവിയയും പരാഗ്വേയും


ലാറ്റിനമേരിക്കന്‍ നാടുകളിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്ര ഞായറാഴ്ച ആരംഭിക്കും.

9 ദിവസങ്ങള്‍ നീണ്ടുനില്ക്കുന്നതും മൂന്നു തെക്കെ അമേരിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതുമായ പാപ്പാ ഫ്രാന്‍സിസിന്‍റെ  9-ാമത്തെ അപ്പസ്തോലിക യാത്ര ജൂലൈ 5-ാം തിയതി ഞായറാഴ്ച പ്രാദേശീക സമയം രാവിലെ 9 മണിക്ക് ആരംഭിക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്പാനിഷ് മാതൃഭാഷയായുള്ള ഇക്വഡോര്‍, ബൊളീവിയ, പരാഗ്വേ എന്നീ രാജ്യങ്ങളാണ് പാപ്പാ സന്ദര്‍ശിക്കുന്നതെന്ന്, കൂടെ സഞ്ചരിക്കാന്‍ പോകുന്ന ഫാദര്‍ ലൊമ്പാ‍ര്‍ഡി വ്യക്തമാക്കി.

ആദ്യം ഇക്വഡോര്‍, പിന്നെ ബൊളീവിയ തൂടര്‍ന്ന് പരാഗ്വേ എന്നീ രാജ്യങ്ങളാണ് പാപ്പാ സന്ദര്‍ശിക്കുന്നതെന്നും, ലോകരാഷ്ട്രങ്ങളി‍ല്‍ അധികം ശ്രദ്ധിക്കപ്പെടാത്തതും വളര്‍ച്ചയുടെ വിളുമ്പില്‍ കിടക്കുന്നതുമായ രാഷ്ട്രങ്ങളെയും ജനതകളെയുമാണ് പാപ്പാ ഫ്രാന്‍സിസ് ഇക്കുറി സന്ദര്‍ശിക്കുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

വലുപ്പത്തിലോ രാഷ്ട്രീയമായോ ലോകശ്രദ്ധയില്‍പ്പെടാത്ത ഇവിടങ്ങളിലെ ജനങ്ങള്‍ ആധുനികയുഗത്തിലും രാഷ്ട്രീയമായും സാമൂഹ്യമായും ഏകാധിപത്യത്തിന്‍റെയും സ്വേച്ഛാഭരണത്തിന്‍റെയും തിക്താനുഭവങ്ങളില്‍ വളര്‍ന്നവരാണെന്ന് ഫാദര്‍ ലൊമ്പാ‍ര്‍ഡി നിരീക്ഷിച്ചു.

സുവിശേഷസന്തോഷം, തന്‍റെ സന്ദര്‍ശനത്തിന്‍റെ സൂക്തമായി സ്വീകരിച്ചുകൊണ്ട്, ആത്മീയമായി സമാധാനത്തിലേയ്ക്കും, സാമൂഹ്യരാഷ്ട്രീയ തലത്തില്‍ വികസനത്തിന്‍റെയും ജനായത്തഭരണത്തിന്‍റെയും പാതയില്‍ ജനതകളെ നയിക്കുക എന്നതാണ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതും ശ്രമകരവുമായ ഈ അപ്പസ്തോലിക യാത്രകൊണ്ട് ലക്ഷൃംവയ്ക്കുന്നതെന്നും ഫാദര്‍ ലൊമ്പാ‍ര്‍ഡി വ്യക്തമാക്കി.
All the contents on this site are copyrighted ©.