2015-07-01 19:41:00

പാപ്പായുടെ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നു


പാപ്പായുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു.

ജൂണ്‍ 29-ാം തിയതി തിങ്കളാഴ്ച വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഉപവി പ്രവര്‍ത്തനങ്ങളുടെ ധനശേഖരാര്‍ത്ഥമുള്ള രണ്ടാമത്തെ ലോട്ടറിയുടെ നറുക്കെടുപ്പ് വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റ് നടത്തിയത്.

കണ്ണുകള്‍ മൂടിക്കെട്ടിയ 4 കുട്ടികളാണ് ഇക്കുറി ഞറുക്കെടുപ്പു നടത്തിയത്. പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് കൊണ്‍റാ‍ഡ് ക്രജേസ്ക്കി, വത്തിക്കന്‍റെ അറ്റ്ട്രോണി ജനറല്‍, ഗവര്‍ണ്ണറേറ്റിലെ ഉദ്യോഗസ്ഥന്മാര്‍ എന്നിവരുടെയും എതാനും പൗരപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പു നടന്നത്.

പാപ്പായ്ക്ക് സമ്മാനമായി കിട്ടിയ കാറ്, ബൈക്ക്, സൈക്കിള്‍, കമ്പ്യൂട്ടര്‍,  വിലപിടിപ്പുള്ള പേനകള്‍... തുടങ്ങി ചെറുതും വലുതുമായി 100 സമ്മാനങ്ങള്‍ വത്തിക്കാന്‍റെ പ്രസിദ്ധപ്പെടുത്തിയ ഫലപ്രഖ്യാപനത്തിലുണ്ട്.

ടിക്കറ്റൊന്നിന് 10 യൂറോ, ഏകദേശം 70 രൂപ നിരക്കലുള്ള ടിക്കറ്റുകള്‍ വത്തിക്കാന്‍റെ പോസ്റ്റോഫീസ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഫാര്‍മസി, മ്യൂസിയം, ഗ്രന്ഥശാല എന്നിവിടങ്ങളിലൂടെ മാത്രമാണ് വിറ്റഴിച്ചത്.  സമ്മാനാര്‍ഹരായവര്‍  ജൂലൈ 30-നു മുന്‍പ് വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റില്‍നിന്നും സമ്മാനങ്ങള്‍ രേഖാമൂലം കൈപ്പറ്റിയിരിക്കണമെന്ന് പ്രസ്താവനയിലൂ‍ടെ അറിയിച്ചു.

പാപ്പാ ഫ്രാന്‍സിസിന്‍റെ ഉപവപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആദ്യ ലോട്ടറി നടന്നത് 2015 മാര്‍ച്ച് 24-ാം തിയതിയായിരുന്നു.
All the contents on this site are copyrighted ©.