2015-06-25 19:17:00

പ്രസംഗമല്ല സേവനമാണ് ഭൂഷണം


മദര്‍ തെരേസാ പ്രാസംഗികയായിരുന്നില്ല, ക്രിസ്തുവിന്‍റെ നിശ്ശബ്ദസേവകയായിരുന്നെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ജൂണ്‍ 25-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഇന്നത്തെ സുവിശേഷത്തെ ആധാരമാക്കി പ്രവാചകനും വ്യാജപ്രവാചകനും ആരാണെന്ന് പാപ്പാ ഉദാഹരിച്ചു വ്യക്തമാക്കി.  

വചനം ശ്രവിക്കുകയും അതുപ്രകാരം ജീവിക്കുകയും ചെയ്യുന്നവരാണ് ദൈവരാജ്യത്തിന്‍റെ പ്രഘോഷകരും പ്രവാചകന്മാരും. വചനം പ്രസംഗിക്കുകയും അത് ജീവിക്കാതിരിക്കുകയും ചെയ്യുന്നവര്‍ വ്യാജപ്രവാചകന്മാരാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും അസ്തിത്വത്തിനും സ്ഥായീഭാവം ഇല്ലെന്നും , അതു സുവിശേഷം പഠിപ്പിക്കുന്ന പൂഴിയില്‍ വീടു പണിത ഭോഷനു തുല്യമായിരിക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. (മത്തായി 7, 21-29).

അധികാരമുള്ളവനെപോലെ ക്രിസ്തു സംസാരിച്ചു. അവിടുന്ന് ഫരീസേയരെപ്പോലെയായിരുന്നില്ല. സംസാരം, പ്രവൃത്തി, കേള്‍വി ഇവ മൂന്നും അധികാരത്തിന്‍റെയും അധികാരിയുടെയും മൂന്നു സമഗ്ര ക്രിയകളാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുന്നവരല്ല ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത്..... എന്നാല്‍ വചനം ശ്രവിക്കുകയും, അതിന്‍ പ്രകാരം ജീവിക്കുകയും ചെയ്യുന്നവരാണെന്ന സുവിശേഷ പ്രബോധനം പാപ്പാ വചനചിന്തയില്‍ ഉദ്ധരിച്ചു. മറിച്ച് കൂടുതല്‍ സംസാരിക്കുകയും, എന്നാല്‍ ഒന്നും ശ്രവിക്കുവാനുള്ള മനസ്സോ തുറവോ ഇല്ലാതിരിക്കുന്നതും വ്യക്തിത്വത്തിന്‍റെ വ്യാജഭാവമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ദൈവമാകുന്ന പാറയിലും, ദൈവവചനമാകുന്ന ശിലയിലും തന്നെതന്നെ അടിയുറപ്പിക്കുന്ന വ്യക്തി നിലനിലക്കും. ജീവിതപ്രതിസന്ധിയുടെ കാറ്റുംകോളും ഉയരുമ്പോഴും വചനത്തിന്‍റെയും ക്രിസ്തുവിലുള്ള വിശാസബോധ്യങ്ങളുടെയും പാറയില്‍ ഊന്നിനില്ക്കുന്നവര്‍ വീഴുകയില്ല, പതറുകയില്ലെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വചനത്തോടും ദൈവത്തോടും സഹോദരങ്ങളോടും ജീവിതത്തില്‍ തുറവുള്ളവര്‍ അവരെ ശ്രവിക്കുകയും, മനസ്സിലാക്കുകയും ചെയ്യുന്നു, അവരോടൊപ്പവും അവര്‍ക്കു നന്മചെയ്തും സന്തോഷത്തോടെ ജീവിക്കുമെന്നും പാപ്പാ പ്രസ്താവിച്ചു. വചനം ശ്രവിച്ചും ധ്യാനിച്ചും ജീവിച്ചുകൊണ്ട് പാവങ്ങളുടെ അമ്മയായിത്തീര്‍ന്ന കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ ജീവിതം പ്രവാചക ശക്തിയുള്ളതായിരുന്നുവെന്നു പാപ്പാ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.