2015-06-24 19:32:00

തിരുക്കച്ചയുടെ പ്രദര്‍ശനം ട്യൂറിനില്‍ സമാപിച്ചു


കാലാതീതവും അനന്തവുമായ ദൈവസ്നേഹത്തിന്‍റെ അടയാളമാണ് തിരുക്കച്ചയെന്ന് അതിന്‍റെ സൂക്ഷിപ്പുകാരനും, ട്യൂറിന്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് ചെസാരെ നൊസാലിയ പ്രസ്താവിച്ചു.

ജൂണ്‍ 24-ാം തിയതി ബുധനാഴ്ച  ട്യൂറിന്‍ അതിരൂപതയുടെ മദ്ധ്യസ്ഥന്‍ വിശുദ്ധ സ്നാപകയോഹന്നാന്‍റെ തിരുനാളി‍ല്‍, ട്യൂറിനിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ തിരുനാള്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടും, മൂന്നു മാസക്കാലം നീണ്ടുനിന്ന ക്രിസ്തുവി‍ന്‍റെ മൃതദേഹം പൊതിഞ്ഞതെന്നു വിശ്വസിക്കുന്ന തിരുക്കച്ചയുടെ പ്രദര്‍ശനം ഔദ്യോഗികമായി അവസാനിപ്പിച്ചുകൊണ്ടും നടത്തിയ പ്രഭാഷണത്തിലാണ് ആര്‍ച്ചുബിഷപ്പ് നൊസാലിയ ഇങ്ങനെ പ്രസ്താവിച്ചത്. 

ലോകത്ത് മനുഷ്യര്‍ ഇന്ന് അനുഭവിക്കുന്ന അനീതിയും അക്രമവും തിന്മയും മറികടന്ന് നീതിയുടെയും സാമാധാനത്തിന്‍റെയും സമത്വത്തിന്‍റെയും, കൂടുതല്‍ ആനന്ദമുള്ള നാളുകള്‍ ഉണ്ടാകുമെന്നാണ് ക്രിസ്തുവിന്‍റെ മുറിപ്പെട്ട മുഖച്ഛായ പതിഞ്ഞ തിരുക്കച്ച വെളിപ്പെടുത്തുന്നതെന്ന് ദിവ്യബലിമദ്ധ്യേ നല്കിയ വചനചിന്തിയില്‍ ആര്‍ച്ചുബിഷപ്പ് നൊസീലിയ ഉദ്ബോധിപ്പിച്ചു.

നീതിക്കും സത്യത്തിനും വേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നതാണ് സമുന്നതമായ സ്നേഹമെന്നും ക്രിസ്തുവിന്‍റെ പ്രതിഛായ പകര്‍ന്ന തിരുക്കച്ചയും, ഒപ്പം ക്രിസ്തുവിന്‍റെയും അവിടുത്തെ രാജ്യത്തിന്‍റെ ആഗമനത്തിനുംവേണ്ടി ജീവന്‍ സമര്‍പ്പിച്ച സ്നാപകയോഹന്നാനും  പഠിപ്പിക്കുന്നുവെന്നും ആര്‍ച്ചുബിഷപ്പ് നൊസീലിയ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

ലോകരക്ഷയ്ക്കുവേണ്ടി ക്രിസ്തു സമുന്നതുവും ശ്രേഷ്ഠവുമായ സ്നേഹം പ്രകടമാക്കിയെങ്കില്‍ ആ സ്നേഹത്തിന്‍റെ സാക്ഷികളായി ജീവിക്കാന്‍, സത്യത്തിനും നീതിക്കുംവേണ്ടി ജീവിക്കാന്‍ ഇന്ന് ക്രൈസ്തവര്‍ക്ക് സാധിക്കണമെന്നാണ് ക്രിസ്തുവിലുള്ള രക്ഷയുടെ അഗമനും മുന്നേകൂട്ടി അറിയിച്ച, ക്രിസ്തുവിന്‍റെ മുന്നോടിയുമായിരുന്ന സ്നേഹപക യോഹന്നാന്‍ പഠിപ്പിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് ചെസാരെ  വചനസമീക്ഷയില്‍ പങ്കുവച്ചു.








All the contents on this site are copyrighted ©.