2015-06-24 17:36:00

ആശയങ്ങള്‍ മാത്രംപോരാ യാഥാര്‍ത്ഥ്യബോധത്തോടെ പ്രവര്‍ത്തിക്കണം


ആശയങ്ങള്‍ മാത്രംപോരാ, യാഥാര്‍ത്ഥ്യബോധവും വേണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ജൂണ്‍ 23-ാം തിയതി ചൊവ്വാഴ്ച ജനീവയില്‍ ചേര്‍ന്ന സംയുക്ത ആഗോള സഭൈക്യ പ്രസ്ഥാനത്തിന്‍റെ 50-ാം വര്‍ഷിക സമ്മേളനത്തിന് വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. ദൈവരാജ്യത്തിലേയ്ക്കുള്ള പ്രയാണപാതയില്‍ ആശയങ്ങള്‍ പ്രസംഗിക്കുക മാത്രമല്ല, വേദനിക്കുന്ന മാനവകുലത്തെ പിന്‍ചെല്ലുകയും തുണയ്ക്കുകയുമാണ് സഭകളുടെ കൂട്ടായ്മയുടെ ഇന്നിന്‍റെ ദൗത്യമെന്ന് പാപ്പാ സന്ദേശത്തില്‍ ആമുഖമായി പ്രസ്താവിച്ചു.

പരസ്പര സഹകരണത്തിന്‍റെ പ്രായോഗിക നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് മാനവികവും, ധാര്‍മ്മികവും, സാമൂഹികവുമായ ഇന്നത്തെ പ്രതിസന്ധികളില്‍ സുവിശേഷമൂല്യങ്ങളില്‍ ഊന്നിക്കൊണ്ട് മനുഷ്യരെ സഹായിക്കുന്നതായിരിക്കണം സഭകളുടെ കൂട്ടായ്മയുടെ ലക്ഷൃമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

1965-ല്‍, രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം തുടക്കമിട്ട കത്തോലിക്കരുടെയും, ഇതര ക്രൈസ്തവ സഭകളുടെയും, സഭകളുടെ ലോക കൗണ്‍സിലിന്‍റെയും സംയുക്ത പ്രസ്ഥാനം നല്കുന്ന ഐക്യത്തിന്‍റെ പാതയിലെ നീണ്ടകാലസേവനങ്ങളെ സന്ദേശത്തില്‍ പാപ്പാ ശ്ലാഘിച്ചു. ലോകത്ത് ഉയരുന്ന എല്ലാ വെല്ലുവിളികളോടും സേവനപാതയിലെ അവസരങ്ങളോടും തുറവുകാണിക്കുന്ന പ്രസ്ഥാനമായും, പ്രതിവിധി തേടുന്ന ആശയസ്രോതസ്സായും വളരുവാന്‍ പ്രസ്ഥാനത്തിനു സാധിക്കട്ടെയെന്നും, സഭകളുടെ ലോക കൗണ്‍സിലിന്‍റെ ജനറല്‍ സെക്രട്ടറി, ഒലാഫ് ഫിക്സേ ട്വൈറ്റിന് അയച്ച സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് ആശംസിച്ചു.

സുവിശേഷസന്തോഷം ലോകത്ത് പങ്കുവയ്ക്കുവാനും പ്രഘോഷിക്കുവാനുമുള്ള പരിശ്രമത്തില്‍ സഭകളുടെ കൂട്ടായ്മ സൃഷ്ടിക്കുവാനും അത് സാഹോദര്യത്തില്‍ നിലനിര്‍ത്തുവാനും ഇന്നുവരെയ്ക്കും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന സകലരെയും പാപ്പാ നന്ദിയോടെ സന്ദേശത്തില്‍ അനുസ്മരിച്ചു.








All the contents on this site are copyrighted ©.