2015-06-21 14:48:00

രൂപാന്തരപ്പെടുത്തുന്നതും രക്ഷണീയവുമായ ദൈവസ്നേഹം


ജൂണ്‍ 21-ാം തിയതി ഞായറാഴ്ച ട്യൂറിന്‍ സന്ദര്‍ശനത്തിലെ ദിവ്യബലിമദ്ധ്യേയാണ് പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു. പ്രശസ്തവും വിസ്തൃതവുമായ ‘വിത്തോറിയോ വെനേത്തോ’ ചത്വരത്തിലാണ് രാവിലെ പ്രാദേശിക സമയം 10.45-ന് പാപ്പാ ദിവ്യബലിയര്‍പ്പിച്ചത്.

ദൈവമേ, അങ്ങേ വിശുദ്ധനാമത്തെ സ്തുതിച്ചും സ്നേഹിച്ചും ജീവിക്കുന്നവര്‍ അങ്ങേ കൃപയാല്‍ ആ സ്നേഹത്തിന്‍റെ ശിലയില്‍ ഉറച്ചുനില്‍ക്കട്ടെ! ഇന്നത്തെ  തിരുവചനം ദൈവത്തിന്‍റെ വിശ്വസ്തമായ സ്നേഹം ചിത്രീകരിക്കുന്നു. സുരക്ഷയുള്ളതും സ്ഥായീഭാവമുള്ളതും വിശ്വസ്തവുമാണ് ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹമെന്ന് വചനം വെളിപ്പെടുത്തുന്നു.

ദൈവസ്നേഹം ശാശ്വതമാണെന്ന് സങ്കീര്‍ത്തന പദങ്ങളും അനുസ്മരിപ്പിക്കുന്നു. വിശ്വസ്തമായ സ്നേഹം നമ്മെ നിരാശപ്പെടുത്താത്തതുമാണ്. ഒരിക്കലും അത് തളരുന്നില്ല. തകരുന്നില്ല. ശാശ്വതവും അനന്തവുമായ ദൈവസ്നേഹത്തിന്‍റെ മൂര്‍ത്തഭാവമാണ് ക്രിസ്തു. ജീവിതയാത്രയില്‍ ആ സ്നേഹം നമ്മോടൊത്തു ചരിക്കുകയും നാം ബലഹീനതയാല്‍ വീഴുമ്പോഴും പാപംചെയ്യുമ്പോഴും ദൈവം നമ്മോടു ക്ഷമിക്കുന്നു. ‘ഞാന്‍ യുഗാന്തംവരെ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും,’ എന്നത് അവിടുത്തെ സ്നേഹത്തിന്‍റെ പാരമ്യം പ്രകടമാക്കുന്ന വചനമാണ് (മത്തായി 28, 20). അവിടുന്ന് നമ്മുടെ മദ്ധ്യേ മനുഷ്യനായി ജീവിച്ച്, മരിച്ച്, ഉത്ഥാനംചെയ്തതും ഈ സ്നേഹത്തെപ്രതിയാണ്. അത്രത്തോളം നമ്മെ അവിടുന്ന് സ്നേഹിച്ചതിനാല്‍ എനിക്കും നിങ്ങള്‍ക്കും പറയാം, അവിടുന്ന തന്‍റെ ജീവന്‍ നമുക്കായി സമര്‍പ്പിച്ചുവെന്ന്. നമ്മുടെ അവിശ്വസ്തയ്ക്കു മുന്നിലും ക്രിസ്തുവിന്‍റെ സ്നേഹം പതറുന്നില്ല, പിന്‍വാങ്ങുന്നില്ല. നാം അവിശ്വസ്തരായിരുന്നാലും അവിടുന്ന് വിശ്വസ്തനായിരിക്കും, എന്തെന്നാല്‍, തന്നെത്തന്നെ നിഷേധിക്കുവാന്‍ അവിടുത്തേയ്ക്കു സാദ്ധ്യമല്ല (2 തിമോത്തെയോസ് 2, 13). നാം തെറ്റുചെയ്യുമ്പോഴും പാപത്തില്‍ വീഴുമ്പോഴും ക്രിസ്തു ക്ഷമിക്കുകയും വിശ്വസ്തനായിരിക്കുകയും ചെയ്യുന്നു. അവിടുന്ന് സ്നേഹമുള്ള പിതാവായ ദൈവത്തിന്‍റെ കരുണാര്‍ദ്ര രൂപമാണ്.

രണ്ടാമതായി പാപ്പാ ഉദ്ബോധിപ്പിച്ചത്, എല്ലാം പുനരാവിഷ്ക്കരിക്കുവാനും പുനഃനിര്‍മ്മിക്കുവാനും കരുത്തുള്ളതാണ് ദൈവസ്നേഹം എന്നാണ്. അതെല്ലാം നവീകരിക്കുന്നു. സത്യത്തോട് തുറവുള്ളവരായി ജീവിച്ചുകൊണ്ട് നമ്മുടെ ബലഹീനതകളും പരിമിതികളും അംഗീകരിക്കുന്നവരായാല്‍ അത് ക്രിസ്തുവിന്‍റെ കാരുണ്യത്തിലേയ്ക്കും സ്നേഹത്തിലേയ്ക്കുമുള്ള വാതിലായിരിക്കും. തെറ്റുകളും പാപങ്ങളും മറന്ന് സത്യത്തിനായി നമ്മെത്തന്നെ തുറക്കുവാനായാല്‍ അത് രക്ഷയിലേയ്ക്കുള്ള പാതയുമാണ്. നീതമാന്മാരെ തേടിയല്ല അവിടുന്നു വന്നത്, പാപികളെയും രോഗികളെയും അന്വേഷിച്ചാണ് (മത്തായി 9, 12).

അവിടുത്തെ ക്ഷമ അനന്തമാണ്. സകലരോടും ക്ഷണിക്കുന്ന അവിടുത്തെ രക്ഷണീയ സ്നേഹവും ഔദാര്യവുമാണത്. പഴയത് ഉപേക്ഷിക്കുവാനും, ദൈവസ്നേഹത്താല്‍ രൂപാന്തരപ്പെടുവാനുമുള്ള തുറവാണ് രക്ഷയുടെ അടയാളം. ദൈവം നമ്മെ രൂപാന്തരപ്പെടുത്തുന്നതിന്‍റെ ചിഹ്നമാണത്, അടയാളമാണത്. ഇന്നത്തെ ലോകത്തിന്‍റെ ശൈലിയും സ്വഭവവുമാണ് നവമായത് തേടുകയാണ്, നവമായത് നേടിയെടുക്കുവാനുള്ള ശ്രമമാണ്. എന്നാല്‍ ക്രിസ്തു നല്കുന്ന നവ്യത യഥാര്‍ത്ഥമായ സ്നേഹത്തിന്‍റെയും രക്ഷയുടെയും നവ്യതയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അത് നമ്മെ നവസൃഷ്ടിയും പുതമനുഷ്യരുമാക്കുന്നു.

അവസാനമായി ദൈവസ്നേഹം രക്ഷണീയമാണെന്നും. അത് നമുക്ക് സുരക്ഷ നല്കുന്നതാണെന്നും സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു (മാര്‍ക്ക് 4, 31-47). തിബേരിയൂസ് കടലില്‍ ഉയര്‍ന്ന തിരമാലകള്‍ കണ്ട് ശിഷ്യന്മാര്‍ ഭീരുക്കളായി. തങ്ങള്‍ നശിക്കുകയാണെന്ന് തോന്നിയവര്‍ നഷ്ടധൈര്യരായി കേഴുവാന്‍ തുടങ്ങി. എന്നാല്‍ ക്രിസ്തുവാണ് അവര്‍ക്ക് വിശ്വാസത്തിന്‍റെ ധൈര്യവും പ്രത്യാശയും പകര്‍ന്നത്.

തിരയിലും തീരത്തും അവിടുന്ന് നമ്മുടെ ജീവിതനൗകയുടെ ചാരത്തുണ്ട്, അണയത്തുണ്ട്. നമുക്ക് ആശ്രയിക്കാവുന്ന അഭയശിലയാണ് ക്രിസ്തു! തുറന്ന കരവും ഹൃദയവുമായി ജീവിതസാഗരത്തിന്‍റ കാറ്റിലും കോളിലും നമ്മെ തുണക്കുവാന്‍ അവിടുന്ന് ഇതാ, ചാരത്തുണ്ട്...... ജീവിതതീരത്തുണ്ട്....!!

 








All the contents on this site are copyrighted ©.