2015-06-21 12:09:00

തൊഴിലില്ലായ്മയും ദാരിദ്ര്യവും സാഹോദര്യംകൊണ്ട് മറികടക്കാം


ജൂണ്‍ 21-ാം തിയതി ഞായറാഴ്ച, വത്തിക്കാനില്‍നിന്നും പ്രാദേശിക സമയം രാവിലെ 6.30-ന് പുറപ്പെട്ട് പാപ്പാ ഫ്രാന്‍സിസ് 8 മണിയോടെ വടക്കെ ഇറ്റലിയിലെ ട്യൂറിന്‍-കസേലെ വിമാനത്താവളത്തില്‍ ഇറങ്ങി. നഗരാധികാരികളുടെയും ട്യൂറിന്‍ അതിരൂപതാദ്ധയക്ഷന്‍, ആര്‍ച്ചുബിഷപ്പ് ചെസാരെ നൊസാലിയ എന്നിവരുടെയും നേതൃത്വത്തിലുള്ള വന്‍ പൗരാവലിയാണ് പാപ്പായെ സ്വീകരിച്ചത്. 

പാപ്പാ ഫ്രാന്‍സിസിന്‍റെ രണ്ടു ദിവസത്തെ ട്യൂറിന്‍ അജപാലന സന്ദര്‍ശന പരിപാടിയിലെ പ്രഥമ ഇനം പിയഡ്മണ്ട് പ്രവിശിയയിലെ കര്‍ഷകരും തൊഴിലാളികളും അവരുടെ കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചയായിരുന്നു. റിയാലെ ചത്വരത്തില്‍ സമ്മേളി‍ച്ച വന്‍ കര്‍ഷകസമൂഹത്തെയും അവരുടെ കുടുംബാംഗങ്ങളും യുവജനങ്ങളും അടങ്ങിയ സമൂഹത്തെ പാപ്പാ ഇങ്ങനെ അഭിസംബോധനചെയ്തു:

കര്‍ഷകരും തൊഴിലാളികളും സമൂഹത്തിനു നല്കുന്ന സംഭാവനകള്‍ വലുതാണ്. അത് ശ്രേഷ്ഠമായ ഉത്തരവാദിത്തം വെളിപ്പെടുത്തുന്നു. തീര്‍ച്ചയായും സമൂഹം ഇന്നു നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കുറയ്ക്കുന്നതിനും ഇല്ലാതാക്കുന്നതിനും അത് ഏറെ സഹായകവുമാണ്. എന്‍റെ ട്യൂറിന്‍ സന്ദര്‍ശനം തുടങ്ങുന്നത് ഇവിടെ കര്‍ഷകരും തൊഴിലാളികളുമായ നിങ്ങള്‍ക്കൊപ്പാമാണ് എന്നത് ഏറെ അര്‍ത്ഥവത്താണ്. തൊഴിലാളികളായ നിങ്ങളോട്, വിശിഷ്യ തൊഴില്‍ രഹിതരും അതുവഴി ക്ലേശിക്കവരോടുളള സഹാനുഭാവവും ഐക്യദാര്‍ഢ്യവും പ്രകടമാക്കുവാനുള്ള അവസരമായും ഇതിനെ താന്‍ കണക്കാക്കുന്നുവെന്നും പാപ്പാ പ്രസ്താവിച്ചു. ഇവിടെ സന്നിഹിതരായിരിക്കുന്ന നിങ്ങളുടെ ഇടയില്‍ പ്രായാധിക്യത്തില്‍ എത്തിയവരെയും രോഗികളായവരെയും പ്രത്യേകം അഭിവാദ്യംചെയ്യുന്നതായി പാപ്പാ അറിയിച്ചു.

സാമ്പത്തിക പുരോഗതിക്കുള്ള ഉപാധി മാത്രമല്ല തൊഴില്‍. മനുഷ്യന്‍റെ അന്തസ്സിനും, വ്യക്തിത്വത്തിനും സാമൂഹ്യസ്വഭാവത്തിനും, സംസ്ക്കാരങ്ങളുടെ വളര്‍ച്ചയ്ക്കും ദേശീയോദ്ഗ്രഥനത്തിനും അനിവാര്യമാണത്. ഇറ്റലിയുടെ തൊഴില്‍ കേന്ദ്രമാണ് ട്യൂറിന്‍ നഗരം, എന്നാല്‍ പ്രതിസന്ധികള്‍ അതിനെ തളര്‍ത്തിയിട്ടുണ്ട്. തൊഴില്‍രാഹിത്യം തീര്‍ച്ചയായും സാമൂഹ്യ സാമ്പത്തിക അസമത്വത്തിനും ദാരിദ്ര്യത്തിനും കാരണമാക്കിയിട്ടുണ്ട്. അതുമൂലം പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, എന്നീ അടിസ്ഥാന ആവശ്യങ്ങളുടെ മേഖലകളിലും ബുദ്ധിമുട്ടുകളുണ്ടെന്നും മനസ്സിലാക്കുന്നതായി പാപ്പാ പ്രസ്താവിച്ചു.

കുടിയേറ്റവും ജീവിതക്ലേശങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് ലോകത്തുള്ള നിയമരാഹിത്യവും രാഷ്ട്രീയ അതിക്രമങ്ങളും സാമ്പത്തിക മാന്ദ്യവും, അഭ്യന്തര കലാപം, കലാവസ്ഥ വ്യതിയാനം എന്നിവയെല്ലാം, പ്രത്യേകിച്ച് തൊഴില്‍മേഖലയില്‍ ജീവിതം ക്ലേശകരമാക്കുന്നുണ്ട്. നമ്മെ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ് കുടിയേറ്റമേഖലയില്‍ മനുഷ്യര്‍ കച്ചവടവസ്തുക്കളെപ്പോലെ വില്ക്കപ്പെടുന്നതെന്നും പാപ്പാ ഖേദപൂര്‍വ്വം പ്രസ്താവിച്ചു.

പാവങ്ങളായ നമ്മുടെ സഹോദരങ്ങളെ അവഗണിക്കുന്ന ഒരു സാമ്പത്തിക ധൂര്‍ത്തും സംസ്ക്കരവും പാടെ ഉപേക്ഷിക്കേണ്ടതാണെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. അങ്ങനെയെങ്കില്‍ നമുക്കു ചുറ്റുമുള്ള പാവപ്പെട്ടവരെ ഉപേക്ഷിക്കുന്നതും അവഗണിക്കുന്നതും അനീതിയാണ്. ഈ പശ്ചാത്തലത്തില്‍ വയോജനങ്ങളെയും ഇന്ന് 40 ശതമാനത്തോളം വരുന്ന തൊഴില്‍ രഹിതരായ യുവജനങ്ങളെയും പുറന്തള്ളുകയും അവഗണിക്കുകയും ചെയ്യുന്ന ‘വലിച്ചെറിയല്‍ സംസ്ക്കാരം’ സമൂഹത്തില്‍ വളരുന്നതിനെക്കുറിച്ചും പാപ്പാ താക്കീതു നല്കി. 

വളര്‍ന്നുവരുന്ന ദാരിദ്ര്യത്തിന്‍റെയും തൊഴിലില്ലായ്മയുടെയും ജീവിതക്ലേശങ്ങളുടെയും ചുറ്റുപാടുകളുടെ മദ്ധ്യത്തിലും നാമൊരിക്കലും പണത്തെ പൂവിട്ട് ആരാധിക്കേണ്ടതില്ലെന്നും, അങ്ങനെ സ്വാര്‍ത്ഥതയില്‍ എല്ലാം സ്വരുക്കൂട്ടുന്ന സംസ്കാരം വളര്‍ത്തരുതെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു.

ജീവിതത്തില്‍ അഴിമതി പാടേ നിഷേധിക്കണമെന്നും ഇല്ലായ്മ ചെയ്യുവാന്‍ പരിശ്രമിക്കണമെന്നും, അതുപോലെ സമൂഹത്തിന്‍റെ സമാധനം കെടുത്തുകയും തിന്മ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന മാഫിയ സംഘങ്ങളെയും - അധോലോക പ്രവര്‍ത്തനങ്ങളെയും നാം ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും, പാപ്പാ ഉദ്ബോധിപ്പിച്ചു. കൂട്ടായ്മയിലും സാഹോദര്യത്തിലും കൈകോര്‍ത്തു ജീവിച്ചുകൊണ്ട് സമൂഹത്തില്‍ അതിക്രമം വളര്‍ത്തുന്ന അസമത്വത്തിനെതിരായി പോരാടുവാനും പ്രവര്‍ത്തിക്കുവാനും തൊഴിലാളികളെ പാപ്പാ ആഹ്വാനംചെയ്തു.......

‘അസമത്വം പാടില്ല, ഇല്ല’ എന്ന പാപ്പായുടെ ആഹ്വാനത്തോട് തൊഴിലാളികള്‍ ഒന്നടങ്കം അസമത്വം പാടില്ല, ഇല്ല, ഇല്ല... എന്ന് ആവര്‍ത്തിച്ചു പ്രത്യുത്തരിച്ചു. ഇന്നാടിന്‍റെ മദ്ധ്യസ്ഥനായ ‍ഡോണ്‍ ബോസ്ക്കോയുടെ നയവും പ്രബോധനവും സാമൂഹ്യസംഘട്ടനങ്ങള്‍ വളര്‍ത്തുന്ന അസമത്വം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ (preventive measures) എടുക്കുവാനാണു വേണ്ടതെന്ന കാര്യം പാപ്പാ അനുസ്മരിപ്പിച്ചു. അങ്ങനെ പൊതുനന്മ കണക്കിലെടുത്തകൊണ്ടുള്ള സാമൂഹ്യനീതിയുടെയും സമത്വത്തിന്‍റെയും മാതൃക പൊതുമേഖലയില്‍‍ വളര്‍ന്നു വരട്ടെയെന്നും പാപ്പാ ആശംസിച്ചു. തൊഴില്‍ മേഖലയില്‍ ഉണ്ടാകേണ്ട നീതിയും സമത്വവും വിശിഷ്യ സ്ത്രീകളുടെയു കുട്ടികളുടെയും കാര്യത്തില്‍ പാലിക്കണെന്ന് ആഹ്വാനംചെയ്തു. കാരണം നാം ലക്ഷൃം വയ്ക്കേണ്ട്ടത് പൊതുനന്മയാണ്, സമ്പത്തിക നേട്ടം മാത്രമല്ല. ഈ സാഹചര്യത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് പാപ്പാ എടുത്തുപറഞ്ഞു, കാരണം അവരാണ് കുടുംബത്തിന്‍റെയും കുട്ടികളുടെയും പ്രായമായവരുടെയും സൂക്ഷിപ്പുകാരെന്ന് പാപ്പാ വിശേഷിപ്പിച്ചു. എന്നാല്‍ ഇന്നും എവിടെയും സ്ത്രീകള്‍ അവഹേളിതരാകുകയും അവര്‍ക്കെതിരെ ധാരാളമായി അനീതി തലപൊക്കുന്നുണ്ടെന്നും പാപ്പാ ഖേദപൂര്‍വ്വം പ്രസ്താവിച്ചു.

ഐക്യദാര്‍ഢ്യത്തിന്‍റെ വിശാലമായ കാഴ്ചപ്പാട് ഇന്നിന്‍റെ വെല്ലുവിളിയാണ്. പരമ്പരാഗത തൊഴിലിന്‍റെയും വ്യവസായത്തിന്‍റെയും ഉല്പാദനത്തിന്‍റെയും മേഖലകളില്‍ നവമായ സാമൂഹ്യ സാമ്പത്തിക പുരോഗതിയുടെ പ്രായോക്താക്കളാകുവാന്‍ ട്യൂറിന്‍ നഗരം, ഇവിടത്തെ തൊഴിലാളികള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.  തൊഴിലാളിയെ ദൈവം അങ്ങനെ പ്രത്യേകമായി വിളിച്ചതും രൂപപ്പെടുത്തിയതുമാണെന്ന്, വിശുദ്ധ ഗ്രന്ഥത്തിലെ സൃഷ്ടിയുടെ കഥാതന്തുവിനെ ആധാരമാക്കി അവരെ അനുസ്മരിപ്പിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ അടുത്തകാലത്തുണ്ടായിട്ടുള്ള ‘പിന്നോട്ടു പോക്കി’നെക്കുറിച്ചായിരുന്നു പാപ്പായുടെ അടുത്ത പരാമര്‍ശം. സ്കൂള്‍ വിട്ടിറങ്ങുന്ന, അല്ലെങ്കില്‍ പഠനം ഉപേക്ഷിച്ചിരങ്ങുന്ന  കുട്ടികള്‍ നിരവധിയാണെന്നും, പിന്നെ അവര്‍ നിശാപാഠശാലകളില്‍ പോകുവാന്‍ ശ്രമിക്കുന്ന അവസ്ഥ ഇന്ന് സാധാരണമായിട്ടുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു.

പല രൂപതകളിലും ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന തൊഴില്‍-സാമ്പത്തിക ക്ഷേമപദ്ധതിയെ പാപ്പാ ശ്ലാഘിച്ചു. പഠനം, തൊഴില്‍ പരിശീലനം, തൊഴില്‍ സാദ്ധ്യതകള്‍ എന്നീ മേഖലകളി‍ല്‍‍ ഉപയുക്തമാകുന്ന ഈ പദ്ധതിയെ തുണയ്ക്കുകയും അത് ഇനിയും പ്രചരിപ്പിക്കകയും വളര്‍ത്തിയെടുക്കുകയും വേണമെന്ന് എല്ലാവരോടും പാപ്പാ അഭ്യര്‍ത്ഥിച്ചു.

ഓര്‍മ്മകളാണ് നമ്മെ നയിക്കേണ്ടത്. പ്രായമായവരെയും അവരുടെ നല്ല ശീലങ്ങളും പരിത്യജിക്കരുത്. കുടുംബത്തില്‍ പ്രായമായവരെ പരിചരിക്കണം. യുവതലമുറയും കുട്ടകളും പ്രായമായവരോട് കടപ്പെട്ടിരിക്കട്ടെ. അവര്‍ കൈമാറിയ തൊഴിലും നല്ല പാരമ്പര്യങ്ങളും കൈമുതലായിരിക്കണമെന്നും, അവര്‍ നല്കിയിട്ടുള്ള നന്മകള്‍ ചെറുതെങ്കിലും അവയില്‍ ഊന്നിവളരമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

അവസാനമായി ധൈര്യമായിരിക്കുക, ധൈര്യപൂര്‍വ്വം മുന്നേറുക! ക്രിയാത്മകമായി പ്രവര്‍ത്തിക്കുക, സമൂഹത്തിന്‍റെ ഭാവി നിര്‍മ്മിതി തൊഴിലാളിയുടെ കൈയ്യിലാണ്. ദൈവത്തില്‍ ആശ്രയിച്ച് മുന്നേറുക...!. എന്ന വാക്കുകളോടെ പാപ്പാ പ്രഭാഷണം ഉപസംഹരിച്ചു.

 

 

 

 

 








All the contents on this site are copyrighted ©.