2015-06-18 17:52:00

ബലഹീനര്‍ക്കും ക്ഷമിക്കാന്‍ കുരുത്തു വേണം


ബലഹീനരെങ്കിലും ക്ഷമിക്കാന്‍ നമുക്ക് കരുത്തുണ്ടാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജൂണ്‍ 18-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചനധ്യാനത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഉത്ഭവപാപം മുതല്‍ക്കേ ബലഹീനതയുടെ മുറിവുക‍ള്‍ മനുഷ്യന്‍ പേറുകയാണെന്നും, അതുകൊണ്ടാണ് നാം നിരന്തരമായി ജീവിതത്തില്‍ വീഴുന്നതെന്നും, പാപംചെയ്യുന്നതെന്നും പാപ്പാ പ്രസ്താവിച്ചു. ദൈവത്തിന്‍റെ സഹായമില്ലാതെ അതിനാല്‍ നമുക്ക് ജീവിതത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും ഉയരാനാവില്ലെന്നും പാപ്പാ താക്കീതുനല്കി.

വിശ്വാസ ജീവിതത്തിലും മനുഷ്യന്‍ അതുപോലെ ബലഹീനനാണെന്നും, അതിനാല്‍ പാപാവസ്ഥയെക്കുറിച്ചുതന്നെ അവബോധമുള്ള വ്യക്തിയായി, നഷ്ടധൈര്യരാവാതെ ദൈവത്തില്‍ ആശ്രയിച്ചു മുന്നോട്ടു നീങ്ങണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

സുവിശേഷത്തെ ആധാരമാക്കി പ്രാര്‍ത്ഥനയെക്കുറിച്ചും പാപ്പാ ഉദ്ബോധിപ്പിച്ചു. പ്രാര്‍ത്ഥനയില്‍ അമിതഭാഷണം ആവശ്യമില്ലെന്നായിരുന്നു പാപ്പായുടെ പക്ഷം. നമ്മുടെ ആവശ്യങ്ങളും ഹൃദയ വികാരവിചരങ്ങളും അറിയുന്ന ദൈവം, സാമുവേലിന്‍റെ അമ്മയുടെ അധരചലനങ്ങള്‍ പ്രാര്‍ത്ഥനയായി സ്വീകരിച്ചതുപോലെ, വിശ്വാസത്തോടെ ദൈവത്തിങ്കലേയ്ക്കു തിരിഞ്ഞാല്‍ നമ്മുടെ ആവശ്യങ്ങളും അറിഞ്ഞ് അവ നിവര്‍ത്തിച്ചു തരുമെന്നും പാപ്പാ വചനസമീക്ഷയില്‍ ഉദ്ബോധിപ്പിച്ചു.

ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെ പാഠം ആവര്‍ത്തിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്. നമ്മോട് ദൈവം ക്ഷമിക്കുന്നതുകൊണ്ടാണ് നാം ജീവിക്കുന്നതെന്നും, നാം അതിനാല്‍ സഹോദരങ്ങളുടെ കുറവുകള്‍ ക്ഷമിക്കുകയും, അതുവഴി ദൈവത്തില്‍നിന്നും മാപ്പും കൃപാവരവും സ്വീകരിക്കാന്‍ യോഗ്യരാകുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

 








All the contents on this site are copyrighted ©.