2015-06-13 12:48:00

യേശുവിന്‍റെ തിരുഹൃദയം തീരാത്ത ദൈവസ്നേഹ പ്രതീകം


യോഹന്നാന്‍ 19, 31-37

അത് സാബത്തിനുള്ള ഒരുക്കത്തിന്‍റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍ വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കം ചെയ്യുവാനും യഹൂദര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു. അതിനാല്‍ പടയാളികള്‍ വന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ തകര്‍ത്തു. അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവിടുന്ന് മരിച്ചു കഴിഞ്ഞു എന്നു കാണുകയാല്‍ അവിടുത്തെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍ പടയാളികളിലൊരുവന്‍ അവന്‍റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്ന് രക്തവും വെള്ളവും പുറപ്പെട്ടു. അതു കണ്ടയാള്‍തന്നെ സാക്ഷൃപ്പെടുത്തിയിരിക്കുന്നു. അവന്‍റെ സാക്ഷൃം സത്യവുമാണ്. നിങ്ഹളും വിശ്വസിക്കേണ്ടതിനു താന്‍ സത്യമാണു പറയുന്നതെന്ന് അവന്‍ അറിയുകയും ചെയ്യുന്നു. അവന്‍റെ അസ്ഥികളില്‍ ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതു സംഭവിച്ചത്. മറ്റൊരു തിരുവെഴുത്തു പറയുന്നു. തങ്ങള്‍ കുത്തി മുറിവേല്പിച്ചവനെ അവര്‍ നോക്കിനില്‍ക്കും.

……………………

72 വയസ്സായിരുന്നു . അമ്മ സുഖമില്ലാതായി. ആശുപത്രിയിലെ ചികിത്സയ്ക്കിടെ വൈദികനായ മകനെ വിളിച്ച് രഹസ്യമായി പറഞ്ഞു. എന്‍റെ അസുഖം കുറയുന്നില്ല. രോഗിയായ ഞാന്‍ കിടപ്പിലായാല്‍ മകനോട് ഒരു സഹായം മാത്രം ചോദിക്കുകയാണ്. മാസത്തിന്‍റെ എല്ലാ ആദ്യവെള്ളിയാഴ്ചകളിലും എനിക്ക് ദിവ്യരുണ്യം കൊണ്ടുവന്നു തരണം. ദൈവസ്നേഹത്തിന്‍റെ ബാലപാഠങ്ങള്‍ പറഞ്ഞു തന്ന അമ്മയുടെ ലളിതമായ തിരുഹൃദയഭക്തിയില്‍ വിരിഞ്ഞ ആഴമായ വിശ്വാസത്തിന്‍റെ അവസാനത്തെ ആഗ്രഹമായിരുന്നു അത്. അടുത്ത ആദ്യവെള്ളി 2005- ജൂണ്‍ 3-ാം തിയതിയായിരുന്നു. അമ്മ ദിവ്യകാരുണ്യം ഭക്തിയോടും സന്തോഷത്തോടുംകൂടെ സ്വീകരിച്ചു. എന്നിട്ട് സംതൃപ്തിയോടെ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.  അതെനിക്കു നല്കിയ യാത്രാമൊഴിയായിരുന്നു. ജൂണ്‍ 10-ാം തിയതി പിറ്റെ വെള്ളായാഴ്ച വെളുപ്പിന് മക്കളെ കണ്ണുതുറന്ന് അവസാനമായി നോക്കിക്കൊണ്ട് അമ്മ യാത്രയായി. 2015 ജൂണ് 10-ന് അമ്മയുടെ സ്നേഹസ്മരണകളുമായി പത്തു വര്‍ഷങ്ങള്‍ പെട്ടന്നു പറന്നുപോയി. 

ക്രിസ്തുവിന്‍റെ തിരുഹൃദയത്തോടുള്ള ഭക്തി ക്രൈസ്തവ വിശ്വാസത്തിന്‍റെ പ്രതിഫലനമാണ്. സ്വയം ബലിയായ ക്രിസ്തുവിന്‍റെ ഹൃദയ സ്നേഹത്തെക്കുറിച്ച് നമുക്കിന്ന് ധ്യാനിക്കാം.

‘അന്നു ജരൂസലേമിനെതിരെ വരുന്ന സകല ശത്രുക്കളെയും നശിപ്പിക്കും. അപ്പോള്‍ തങ്ങള്‍ കുത്തി മുറിവേല്പിച്ചവനെ നോക്കി, ഏകജാതനെപ്രതിയെന്നപോലെ അവള്‍ വിലപിക്കും...’ ദൈവം തന്‍റെ പരിശുദ്ധ നഗരമായ ജരൂസലേമിനെ വീണ്ടെടുക്കുന്നതിനെക്കുറിച്ചുള്ള പ്രാവചക ശബ്ദമാണിത്. ഈ പ്രവചനം പൂര്‍ത്തിയായതായി സുവിശേഷകന്‍ വിശുദ്ധ യോഹന്നാന്‍ സാക്ഷൃപ്പെടുത്തുന്നു. ക്രിസ്തുവിന്‍റെ പാര്‍ശ്വത്തില്‍ കുത്തി മുറിവേല്പിച്ചത് കണ്ട മനുഷ്യരും മാനസാന്തരപ്പെടുകയായിരുന്നെന്നാണ് സുചന. നമ്മുടെ വിശ്വാസത്തിന്‍റെ സവിശേഷ അടയാളമാണ് ക്രിസ്തുവിന്‍റെ ദിവ്യഹൃദയം. അന്ത്യബലിയുടെ ആത്യന്തിക ചിഹ്നമാണിത്. സ്നേഹത്താല്‍ തുടിക്കുന്നതും, കുരിശില്‍ കുത്തിത്തുറക്കപ്പെട്ട ക്രിസ്തുവിന്‍റെ തിരുഹൃദയം, ദിവ്യഹൃദയം! കുരിശിലെ ദിവ്യനാഥന്‍റെ പാര്‍ശ്വത്തില്‍നിന്നും ഒലിച്ച രക്തവും ജലവും പരിശുദ്ധ കുര്‍ബാനയുടെയും ജ്ഞാനസ്നാനത്തി‍ന്‍റെയും പ്രതീകങ്ങളായി സഭാ പിതാക്കന്മര്‍ പ്രബോധിപ്പിക്കുന്നുണ്ട്. പാപമോചനവും പുതുജീവനും നമുക്ക് അവിടെനിന്നും ലഭിക്കുന്നു.

1.സുവിശേഷകാരുണ്യം പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങളുടെ മുഖരേഖയാണ്. ദൈവത്തിന്‍റെ കൃപാസ്പര്‍ശം പകര്‍ന്നുനല്കുന്ന വാക്കാണ് ‘കാരുണ്യം’ ആ കാരുണ്യസ്പര്‍ശത്തിന്‍റെ സ്രോതസ്സ് ക്രിസ്തുവി‍ന്‍റെ തിരുഹൃദയമാണ്. അങ്ങനെ ദൈവികകാരുണ്യത്തിന്‍റെ സദ്ഫലങ്ങള്‍ വിശുദ്ധവത്സരത്തില്‍ കൊയ്തെടുത്തുകൊണ്ട്, ആ സുവിശേഷ കാരുണ്യം അനുദിന ജീവിതത്തില്‍ സഹോദരങ്ങളുമായി പങ്കുവയ്ക്കുകയെന്നതാണ് വിശുദ്ധവത്സരംകൊണ്ട് ലക്ഷൃമിടുന്നത്. കാരുണ്യം കൃപയുടെ അടയാളമാണ്. ദൈവം കാരുണ്യവാനാണ്. അവിടുന്ന് മനുഷ്യരോട് കരുണകാണിക്കുന്നു. വിശുദ്ധവത്സരം പ്രഖ്യാപിച്ചുകൊണ്ട് സഭ മനുഷ്യജീവിതത്തില്‍ ദൈവത്തിനുള്ള അന്യൂനവും പരമവും പ്രഥമവുമായ സ്ഥാനം അംഗീകരിക്കുകയും പ്രഖ്യാപിക്കുകയാണ്.

പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്ന അനിതരസാധാരണമായ വിശുദ്ധവത്സരം, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ചുകൂടെയാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. കൗണ്‍സിലിനുശേഷമുള്ള സഭയാണ് ചരിത്രത്തില്‍ ദൈവികകാരുണ്യത്തിന്‍റെ ദര്‍ശനവും പ്രബോധനങ്ങളുമായി ആധുനിക യുഗത്തിലേയ്ക്കു ഇങ്ങിപ്പുറപ്പെട്ടത്.

ബലഹീനനും പാപിയുമായ മനുഷ്യന്‍ അതുപിച്ച് ദൈവിക കാരുണ്യം സ്വീകരിക്കുകയും, തുടര്‍ന്നും ജീവിക്കുവാനുമുള്ള പ്രത്യാശയാറ്റുന്ന ഘടകമാണ് ദൈവികകാരുണ്യം. ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തില്‍നിന്നും വഴിഞ്ഞൊഴുകുന്ന ദൈവികകാരുണ്യം!

2015 ഡിസംബര്‍ 8 അമലോത്ഭവത്തിരുനാള്‍ മുതല്‍ 2016 നവംബര്‍ 24-ാം തിയതി ക്രിസ്തുരാജന്‍റെ തിരുനാള്‍ വരെയാണ് ദൈവിക കാരുണ്യത്തിന്‍റെ വിശുദ്ധവത്സരം ആചരിക്കപ്പെടുവാന്‍ പോകുന്നത്. മറ്റാര്‍ക്കും നല്കാനാവാത്ത സമ്പത്താണ് ക്രിസ്തുവിന്‍റെ ദിവ്യഹൃദയം തരുന്നത് :  നമ്മോടു ദൈവത്തിനുള്ള അചഞ്ചലമായ സ്നേഹത്തിന്‍റെ നിത്യസ്മാരകവും ചിഹ്നവുമാണ് തിരുഹൃദയം. ദിവ്യഹൃദയത്തിലെ സ്നേഹം അതത്ര വ്യാപ്തമാകയാല്‍ എവിടെയും മനുഷ്യന്‍റെ പാപാവസ്ഥയിലേയ്ക്ക് കടന്നുവന്ന് മാപ്പുനല്കുന്നു. നമ്മുടെ വേദനകളില്‍ സഹനശക്തി തരുന്നു. പാപത്തിന്‍റെ മരണ ഗര്‍ത്തങ്ങളിലേയ്ക്ക് ക്രിസ്തു കടന്നുവന്ന് അതിനെ കീഴ്പ്പെടുത്തി, നമുക്ക് രക്ഷ പ്രദാനംചെയ്യുന്നു. ക്രിസ്തുവിന്‍റെ ദിവ്യഹൃദയം ദൈവസ്നേഹത്തിന്‍റെ പൂര്‍ണ്ണതയും അവിടുത്തെ കാരുണ്യാതിരേകത്തിന്‍റെ അളവറ്റ സ്രോതസ്സുമാണ്. നമുക്ക് വിശ്വസിക്കാവുന്നതും വിശ്വാസം അര്‍പ്പിക്കാവുന്നതുമായ സ്നേഹപ്രദീപമാണ് തിരുഹൃദയം. നമ്മെത്തന്നെ ക്രിസ്തുവിന്‍റെ തിരുഹൃദയത്തില്‍ സമര്‍പ്പിക്കാം, പൂര്‍ണ്ണമായും അവിടുത്തേയ്ക്കു നല്കാം (Lumen Fidei, 16). കുരിശില്‍ മരിച്ച് ഉത്ഥാനംചെയ്ത ക്രിസ്തുവില്‍ മാത്രമേ, നമുക്ക് രക്ഷയും മോചനവും കണ്ടെത്താനാവൂ. അവിടുത്തോടുകൂടെ ആയിരിക്കുമ്പോള്‍ തിന്മയോ പീഡനങ്ങളോ, മരണമോ നമ്മെ ഏശുകയില്ല, കാരണം അവിടുന്നാണ് ജീവന്‍റെ പ്രത്യാശ! 

ഭക്ഷൃവസ്തുക്കള്‍ ധാരാളമായി പാഴാക്കിക്കളയുന്ന ലോകത്ത് വിശപ്പും ദാഹവും അനുഭവിക്കുന്ന പാവങ്ങളോട് കുരിശില്‍ കിടക്കുന്ന ക്രിസ്തു തന്നെത്തന്നെ സാരൂപ്യപ്പെടുത്തുന്നുണ്ട്. വിശ്വാസത്തെപ്രതി പീഡിതരായവരുടെ പക്കലേയ്ക്കും, ജാതിയുടെയും നിറത്തിന്‍റെയും പേരില്‍ വിവേചിക്കപ്പെടുകയും പുറംതള്ളപ്പെടുകയും ചെയ്യുന്നവരെയും കുരിശിലെ ക്രിസ്തു ഉറ്റുനോക്കുന്നുണ്ട്. സ്വാര്‍ത്ഥതയുടെയും അഴിമതിയുടെയും സമൂഹ്യ രാഷ്ട്രീയ സംവിധാനങ്ങളില്‍ കുടുങ്ങി തങ്ങളുടെ വിശ്വാസം നഷ്ടമായവരുടെ പക്കലേയ്ക്കും, സഭാമക്കളുടെയോ സഭാദ്ധ്യക്ഷന്മാരുടെയോ വിപരീതസാക്ഷൃംവഴി സഭയിലും ദൈവത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട യുവജനങ്ങളിലേയ്ക്കും ക്രൂശിതനായ ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തിലെ കരുണാര്‍ദ്രമായ സ്നേഹം വഴിഞ്ഞൊഴുകുന്നുണ്ട്. ഓര്‍ക്കുക, നമ്മുടെയും മനുഷ്യകുലത്തിന്‍റെ മുഴുവന്‍ യാതനകളും പാപങ്ങളുമൂലം ക്രിസ്തുവിന്‍റെ ഹൃദയം മുറിപ്പെടുന്നുണ്ട്.

2. കുരിശില്‍ വിരിച്ചുപിടിച്ച കരങ്ങളും കുത്തിത്തുറക്കപ്പെട്ട വിരിമാറും, ദിവ്യഹൃദയവും എല്ലാം തന്നില്‍ ഉള്‍ക്കൊള്ളുന്ന ക്രിസ്തു  നിങ്ങളോടും എന്നോടും ‘ധൈര്യമായിരിക്കുവാന്‍’ ആഹ്വാനംചെയ്യുന്നു. മറ്റുള്ളവരോട്, വിശിഷ്യാ വേദനിക്കുന്നവരോടും സഹായം അര്‍ഹിക്കുന്നവരോടും കരുണയും വാത്സല്യവും കാട്ടാന്‍, ക്രിസ്തുവിന്‍റെ ദിവ്യഹൃദയം നമ്മോട് ആഹ്വാനംചെയ്യുന്നു. നല്ലൊരു വാക്കിനോ പ്രവൃത്തിക്കോവേണ്ടി കാത്തിരിക്കുന്നവരുടെ പക്കലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരെ കൈപിടിച്ചുയര്‍ത്താന്‍ ക്രിസ്തുവിന്‍റെ സ്നേഹം നമ്മെ ഉത്തേജിപ്പിക്കുകയും, അവിടുത്തെ കുരിശ് നമ്മെ ഉച്ചലിപ്പിക്കുകയും ചെയ്യട്ടെ.

കുരിശുയാത്രയില്‍ ക്രിസ്തുവിന്‍റെ കൂടെയുണ്ടായിരുന്നത് പീലാത്തോസെന്ന റോമന്‍ ഗവര്‍ണ്ണറും, സൈറീന്‍കാരനായ ശിമയോനും, മറിയവും, ഏതാനും സ്ത്രീകളുമാണ്. ചിലപ്പോള്‍ നമ്മള്‍ പീലാത്തോസിനെപോലെ, ഒഴുക്കിനെതിരെ നീന്താനാവാതെ, കൈകഴുകുന്നവരാണ്. എന്നാല്‍ നമുക്ക് സൈറീന്‍കാരന്‍ ശിമയോനെപ്പോലെ ജീവിതയാതനയുടെ കുരിശു വഹിക്കാന്‍ കെല്പില്ലാത്ത മനുഷ്യരെ തുണയ്ക്കുന്നവരാകാം. ക്രിസ്തുവിന്‍റെ കുരിശുയാത്രയുടെ അവസാനം കാല്‍വരിവരെ സ്നേഹത്തോടും വാത്സല്യത്തോടുംകൂടെ അനുയാത്രചെയ്ത മറിയത്തെയും മറ്റു സ്ത്രീകളെയും നമുക്ക് അനുകരിക്കാം. ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ നാം ഒരിക്കലും ഭീരുക്കളാകരുത്.

നമ്മുടെ ജീവിതത്തിലെ സന്തോഷവും സഹനവും പരാജയവും ഒക്കെ ക്രിസ്തുവിന്‍റെ കുരിശില്‍ സമര്‍പ്പിക്കാം. മനുഷ്യരെ മനസ്സിലാക്കുകയും, അവരോടു ക്ഷമിക്കുകയും, അവരെ, ശത്രുവിനെയും സ്നേഹിക്കുന്നതാണ് ക്രിസ്തുവിന്‍റെ കുരിശിലെ സ്നേഹം. ആ സ്നേഹം നമ്മുടെ ജീവിതങ്ങളില്‍ പകര്‍ത്തിക്കൊണ്ട് സഹോദരങ്ങളെ സ്നേഹിക്കുവാനും തുണയ്ക്കുവാനും നമുക്കേവര്‍ക്കും സാധിക്കട്ടെ.

ഭിത്തിയിലെ തിരുഹൃദയം സ്നേഹപൂര്‍വ്വം ശാസിക്കുന്നു. അഗ്നിജ്വാലകളിലെ മുറിവേറ്റതും നിണമാര്‍ന്നതുമായ എന്‍റെ ഹൃദയത്തെയും എന്നെയും കാണാന്‍ തുടങ്ങിയിട്ട് നാളെത്രയായി. എന്നിട്ടും... നീ ഒന്നും പഠിച്ചില്ലേ. കുത്തി മുറിവേല്പിച്ച അന്ധതയെ സൗഖ്യപ്പെടുത്തുന്ന കാരുണ്യത്തിലേയ്ക്ക്, ദേവക്കരുണയിലേയ്ക്ക് ഇനിയും എത്രദൂരംകൂടി നിനക്ക് നടക്കാനുണ്ട്?

കാരുണ്യത്തിന്‍റെ ഈ വര്‍ഷത്തില്‍ ദേവക്കരുണയുടെ ഉറവിടമായ യേശുവിന്‍റെ ദിവ്യഹൃദയത്തിലേയ്ക്ക് നമുക്ക് തിരിയാം. അനുദിനം അവിടുത്തെ ഹൃത്തടത്തിന്‍റെ സ്പന്ദനമറി‍ഞ്ഞ് ചരിക്കുവാനും, ദൈവസ്നേഹത്തിന്‍റെ വഴികളില്‍ സഹോദരങ്ങളോടൊത്ത് ഐക്യത്തിലും സ്നേഹത്തിലും സമാധാനത്തിലും ജീവിക്കുവാനും വരമേകണേ, എന്നീ തിരുനാളില്‍ പ്രാര്‍ത്ഥിക്കാം..

 








All the contents on this site are copyrighted ©.