2015-06-07 19:10:00

മതാന്തരസംവാദം വിശ്വാസപരമല്ല അസ്തിത്വപരമെന്ന് പാപ്പാ ഫ്രാ‍ന്‍സിസ്


പാപ്പാ ഫ്രാന്‍സിസ് തന്‍റെ എട്ടാമത് അപ്പസ്തോലക യാത്ര നടത്തിയത് തെക്കു കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ബോസ്നിയ ഹെര്‍സെഗോവിനയിലേയ്ക്കായിരുന്നു.

ഏകദിന സന്ദര്‍ശനം ജൂണ്‍ ആറാം തിയതി  ശനിയാഴ്ച വിജയപ്രദമായി സമാപിച്ചു. അന്നു വൈകുന്നേരം അവിടത്തെ വിവിധ മതസമൂഹങ്ങളുടെ നേതാക്കളും പ്രതിനിധികളുമായി പാപ്പാ സൗഹൃദകൂടിക്കാഴ്ച നടത്തുകയും സന്ദേശം നല്‍കുകയും ചെയ്തു.

ബോസ്നിയ ഹെര്‍സെഗോവിനയിലെ വിവിധ മതനേതാക്കളെയും പ്രതിനിധികളെയും ഒരുമിച്ചു കാണുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. നിങ്ങളെ ഓരോരുത്തരേയും നിങ്ങളുടെ സമൂഹങ്ങളെയും അഭിവാദ്യംചെയ്യുന്നു. സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള അഭിവാഞ്ചയാണ് ഇന്നിങ്ങനെ നമ്മെ ഒരുമിച്ചു കൂട്ടിയിരിക്കുന്നത്. വര്‍ഷങ്ങളായി വര്‍ദ്ധിച്ചുവരുന്ന സഹകരണത്തിന്‍റെയും സൗഹൃദത്തിന്‍റെയും സാക്ഷൃമാണിതെന്നു വിശ്വസിക്കുന്നു. അതിന്‍റെ ഫലം ഇന്നാളുകളില്‍ നാം അനുഭവിക്കുന്നുണ്ടെന്നും എടുത്തു പറയട്ടെ. ഇവിടെ ഒന്നായ് ഒരുമയില്‍ വിവിധ മതസ്ഥര്‍ സന്നിഹിതരായിരിക്കുന്നതുതന്നെ എല്ലാവരും ആഗ്രഹിക്കുന്നതും അന്വേഷിക്കുന്നതുമായ സംവാദത്തിന്‍റെയും, കൂട്ടായ്മയുടെയും സന്ദേശവും സാക്ഷൃവുമാണ്.

ഐക്യത്തിനും അനുരഞ്ജനത്തിനുമായുള്ള ആഗ്രഹത്തിന്‍റെ ഫലമായി ഇന്നാട്ടില്‍ 1997-ല്‍ സ്ഥാപിതമായിട്ടുള്ള മതാന്തര സംവാദങ്ങള്‍ക്കായുള്ള പ്രാദേശിക കൗണ്‍സിലിനെ അനുസ്മരിക്കുകയാണ്.  അത് ക്രൈസ്തവ, മുസ്ലീം, യഹൂദ മതസ്ഥരെ ഒരുമിച്ചു കൂട്ടുന്നു. മതങ്ങള്‍ തമ്മില്‍ സംവാദവും, സഹകരണവും,പൊതുതാല്പര്യങ്ങള്‍ വളര്‍ത്തുവാനും, രാഷ്ട്രാധികാരികളുമായി ബന്ധം പുലര്‍ത്തുവാനും ഈ മാതാന്തരസംവാദ പ്രസ്ഥാനം ഉപകരിക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നു.

സംസ്ക്കാരങ്ങളുടെയും ജനതകളുടെയും നാല്‍ക്കവലയായ സരയേവോയില്‍ മതങ്ങളെ കൂട്ടിയിണക്കാന്‍ നിങ്ങള്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ മഹത്തരമാണ്. യഥാര്‍ത്ഥത്തില്‍ മതങ്ങളുടെ വൈവിധ്യമാണ് ഇന്നാട്ടിലെ സാമൂഹ്യ സാംസ്ക്കാരിക ആദ്ധ്യാത്മിക പുരോഗതിക്ക് കാരണമായിട്ടുള്ളത്. എന്നാല്‍ അതേ സമയം, അത് വേദനാജനകമായ ഭിന്നിപ്പിനും രക്തച്ചൊരിച്ചിലിനും ചരിത്രത്തില്‍ കാരണമായിട്ടുണ്ട് എന്നതില്‍ ഖേദിക്കുന്നു.

യുദ്ധത്തിന്‍റെയും കലാപത്തിന്‍റെയും അന്തരീക്ഷത്തില്‍ മതാന്തരസംവാദത്തിനുള്ള കൗണ്‍സിലും, ഐക്യത്തിനും സംവാദത്തിനുമായുള്ള ഇതര പ്രസ്ഥാനങ്ങളും രൂപീകൃതമായത് ആകസ്മികമല്ല, മറിച്ച് കീറിമുറിക്കപ്പെട്ട നാട്ടില്‍ അനുരഞ്ജനത്തിന്‍റെയും പുനഃനിര്‍മ്മിതിയുടെയും ആവശ്യകതയോട് പ്രതികരിച്ചുകൊണ്ടാണ് ലോകത്തിന്‍റെ മാറ്റേതു ഭാഗത്തെന്നപോലെയും ഇവിടെ, ബോസിനിയ ഹെരെസെഗോവിനയിലും സമാധാനത്തിന് അനിവാര്യമായ ഘടകമായി മതാന്ത്രസംവാദം പിറവിയെടുത്തത്. അതിനാല്‍ എല്ലാം വിശ്വാസികളും അതില്‍ പങ്കുചേരേണ്ടതാണ് (EG. 250).

വിശ്വാസപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനു മുന്‍പേതന്നെ മതാന്തര സംവാദം മനുഷ്യാസ്തിത്വത്തെ സംബന്ധിക്കുന്ന സംഭാഷണമാണ്. ഈ സംഭാഷണം അനുദിന ജീവിതത്തിന്‍റെ വളരെ യാഥാര്‍ത്ഥ്യഭാവമുള്ള (concrete) സുഖദുഃഖങ്ങളും ആശകളും പ്രത്യാശകളും പങ്കുവയ്ക്കുന്നുണ്‌ട്. ഈ കൂട്ടായ്മയ്ക്ക് പങ്കുവയ്ക്കലിന്‍റെ ഉത്തരവാദിത്വമാണുള്ളത്. അത് സകലര്‍ക്കും ശോഭനമായൊരു ഭാവി വാഗ്ദാനംചെയ്യന്നുമുണ്ട്.

ഓരോ വ്യക്തിയിലുമുള്ള മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും വ്യത്യാസങ്ങള്‍ സ്വതന്ത്രമായി അംഗീകരിക്കുമ്പോഴാണ് നാം ഒരുമിച്ചു ജീവിക്കാന്‍ പഠിക്കുന്നത്. പരസ്പരം അറിയുകയും, തിരിച്ചറിഞ്ഞ് അംഗീകരിക്കുകയും ചെയ്യും. സംവാദത്തിലൂടെ സാഹോദര്യത്തിന്‍റെ അരൂപി വളര്‍ത്തുവാനും, അത് അംഗീകരിക്കുവാനും സാധിക്കും. അത് സമൂഹത്തില്‍ നീതിയുടെയും സ്വാതന്ത്യത്തിന്‍റെയും സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും ധാര്‍മ്മിക മൂല്യങ്ങള്‍ വളര്‍ത്തുന്നു, വളര്‍ത്തുവാന്‍ സഹായിക്കുന്നു.

ഇക്കാരണത്താല്‍ മതാന്തരസംവാദം മതനേതാക്കളുടെയും അവരുടെ പ്രതിനിധികളുടെയും ഇടയില്‍ മാത്രം ഒതുങ്ങി നില്ക്കേണ്ടതല്ല, മറിച്ച് അത് സാധാരണക്കാരുടെ ഇടയിലേയ്ക്ക്, സമൂഹത്തിന്‍റെ എല്ലാ തട്ടിലേയ്ക്കും തുടിയിലേയ്ക്കും ഇറങ്ങിചെല്ലേണ്ടതാണ്, പ്രത്യേകിച്ച് ഇന്നാടിന്‍റെ ഭാവിയുടെ വാഗ്ദാനങ്ങളായ യുവതീ യുവാക്കളിലേയ്ക്ക് എത്തിപ്പെടേണ്ടതാണ്. എപ്പോഴും ഓര്‍ക്കേണ്ടതാണ് സംവാദം യഥാര്‍ത്ഥമായും ഫലപ്രദമാകുന്നതിന് അതിന് ഈടുറ്റ വ്യക്തിത്വം അല്ലെങ്കില്‍ അസ്തിത്വഭാവം ആവശ്യമാണ്.. സ്ഥായീഭാവമുള്ള ഐഡെന്‍റിറ്റിയും തനിമയും മതാന്തരസംവാദത്തിന് സമൂഹത്തില്‍ ഇല്ലെങ്കില്‍ നാം ഉദ്ദേശിക്കുന്ന സംവാദം നടക്കണമെന്നില്ല, അത് അസാദ്ധ്യമായിരിക്കും. മാത്രമല്ല അതിന് വിപരീതഫലങ്ങള്‍ ഉണ്ടാകുവാനും സാദ്ധ്യതയുണ്‌ട്. യുവാക്കളെ മനസ്സില്‍ കണ്ടുകൊണ്ടു മാത്രമല്ല, പൊതുവെ സമൂഹത്തിലെ എല്ലാത്തരക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ടു വേണം നാട്ടില്‍ മതാന്തര സംവാദം വളര്‍ത്തുവാന്‍.  

ചിലപ്പോള്‍ തോന്നിയേക്കാം, മതാന്തരസംവാദംകൊണ്ട് കാര്യമായിട്ടൊന്നും നേടിയിട്ടില്ലല്ലോ എന്ന്, നിരശരാകാതെ അനുരഞ്ജനത്തിന്‍റെയും സംവാദത്തിന്‍റെ പാതയില്‍ നമുക്ക് ഇനിയും മുന്നേറാം. സത്യസന്ധമായി നാം ഗതകാലത്തെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തുകൊണ്ട് ചരിത്രത്തില്‍നിന്നും പാഠങ്ങള്‍ നമുക്കു പഠിക്കാം. എന്നാല്‍ നാം വിലാപകാവ്യങ്ങള്‍ പാടിനടക്കേണ്ടതില്ല, കഴിഞ്ഞതിനെ ഓര്‍ത്ത് കരയേണ്ടതില്ല. പകരം സകല കാലങ്ങളുടെയും ഭൂത-ഭാവി-വര്‍ത്തമാന കാലങ്ങളുടെ അതിനാഥനായ ദൈവത്താല്‍ നവീകൃതരായി, സമാധാനത്തിന്‍റെ ഉറവിടമായ അവിടുന്നില്‍ പ്രത്യാശയര്‍പ്പിച്ച് ഭാവിയെ ലക്ഷൃമാക്കി മുന്നേറാം.  

ഈ നഗരം, സരയേവോ അടുത്ത കാലത്ത് കലാപഭൂമിയായെന്നത് സത്യമാണ്. എന്നാല്‍ അതിലെ സംസ്ക്കാര ഭാഷാ മത പാരമ്പര്യങ്ങളുടെ വൈവിധ്യങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ഐക്യത്തിന്‍റെയും ശ്രേയസ്സിന്‍റെയും പ്രതീകമാകുവാനും സാധിക്കും. സാംസ്ക്കാരിക വൈവിധ്യം ഒരിക്കലും സമൂഹത്തിന് ഭീഷണിയേകേണ്ടതില്ല, മറിച്ച് അത് വളര്‍ച്ചുയ്ക്കും അഭിവൃദ്ധിക്കുമുള്ള ഉഭയസാദ്ധ്യതയായി പരിഗണിക്കപ്പെടേണ്ടതാണ്. വൈവിധ്യങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഐക്യവും ഐകരൂപ്യവും നമുക്ക് ഉണര്‍ത്തിയെടുക്കാം.

അങ്ങനെ ഭിന്നിപ്പും വംശീയതയും മതമൗലികവാദവുംകൊണ്ട് കലുഷിതമായ ലോകത്ത് സരയേവോയ്ക്ക് സമാധാനത്തിന്‍റെയും സഹോദര്യത്തിന്‍റെയും സന്ദേശം പകര്‍ന്നു നല്കുവാനാകട്ടെ .... വിവിധ മതനേതാക്കളുടെ സാന്നിദ്ധ്യത്തിന് നന്ദിപറഞ്ഞുകൊണ്ടും പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടുമാണ് പ്രഭാഷണത്തിന് പാപ്പാ ഫ്രാന്‍സിസ് വിരാമമിട്ടു.








All the contents on this site are copyrighted ©.