2015-06-07 19:47:00

ദുരന്തമണ്ണിലെ വസന്തപ്പൂക്കളാണ് ബോസ്നിയന്‍ യുവതയെന്ന് പാപ്പാ


പാപ്പാ ഫ്രാന്‍സിസിന്‍റെ ബോസ്നിയ ഹെര്‍സെഗോവിന അപ്പസ്തോലിക സന്ദര്‍ശനത്തില്‍ ജൂണ്‍ ആറാം തിയതി ശനിയാഴ്ചത്തെ അവസാനത്തെ പരിപാടിയായിരുന്നു യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച. വൈകുന്നേരം 6.30-ന് സരയേവോയിലെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടമന്‍ പാപ്പായുടെ നാമത്തിലുള്ള കേന്ദ്രത്തില്‍ ആരംഭിച്ചത് രാത്രി 8.20-വരെ നീണ്ടുനിന്നു. യുവജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് പാപ്പാ മറുപടി നല്കി.

  1. പാപ്പാ  20 വര്‍ഷമായിട്ട് അങ്ങ് ടെലിവിഷന്‍ കാണാറില്ലെന്നു കേട്ടല്ലോ.... എന്തുകൊണ്ടാണ്?   (young man)

തൊണ്ണൂറുകളിലെ ഒരു രാത്രിയായിരുന്നു... അന്നെനിക്കു എനിക്കു മനസ്സിലായി. ടെലിവിഷന്‍ എന്നെ മറ്റുള്ളവരില്‍നിന്നും അകറ്റുകയാണെന്നും, അതെനിക്ക് വ്യക്തിപരമായി നല്ലതല്ലെന്നും. അന്നു ഞാന്‍ അത് ഉപേക്ഷിച്ചു. പിന്നെ അത്യാവശ്യം നല്ലൊരു സിനിമ കാണണമെങ്കില്‍ രൂപതാ മധ്യാമ കേന്ദത്തിലോ. തിയേറ്ററിലോ പോയി കാണുന്നതിനും മടിയില്ല.

ടെലിവിഷന്‍ നല്ല മാധ്യമമാണ്. എന്നാല്‍ ടിവി പരിപാടികള്‍ നല്ലതായിരിക്കണമെന്നില്ല. ടിവി പരിപാടികള്‍ വ്യക്തിയെ മെച്ചപ്പെടുത്തുന്നതാകണം, അവ ബലപ്പെടുത്തണം. ജീവിതത്തില്‍ കരുത്താര്‍ജ്ജിക്കാന്‍ സാഹിക്കണം. ടിവി പരിപാടികളും കമ്പ്യൂട്ടറും എന്നെ ഒറ്റപ്പെടുത്തുകയും മറ്റുള്ളവരില്‍നിന്നും അകറ്റുകയും ചെയ്യുന്നുവെങ്കില്‍ അത് അപകടമാണ്, ഒഴിവാക്കുക തന്നെ വേണം, എന്ന് പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

ഒരിക്കലും ടിവി പരിപാടികള്‍ ജീവിതമൂല്യങ്ങള്‍ക്ക് എതിരാവരുത്. മൂല്യാധിഷ്ഠിത പരിപാടികള്‍, അതായത് ‍പരിപാടിയുടെ നിര്‍മ്മാതാക്കള്‍ നല്ല പരിപാടികള്‍ക്ക് രൂപംനല്കാന്‍ ശ്രദ്ധിക്കണം. മറിച്ച് അത് നമ്മെ വഴിതെറ്റിക്കുകയും ജീവിതത്തിന്‍റെ അഴുക്കിലേയ്ക്ക് വലിച്ചെറിയുകയും, അന്തസ്സു കെടുത്തുകയും ചെയ്യുകയാണെങ്കിലോ.... ടിവി പരിപാടികള്‍ നമ്മെ വലുതാക്കണം, വളരാന്‍ സഹായിക്കണം, ഒരിക്കലും തളര്‍ത്തുകയോ, ചെറുതാക്കുകയോ ചെയ്യാന്‍ അനുവദിക്കരുതെന്ന് പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

  1. പാപ്പായുടെ സാന്നിദ്ധ്യത്തില്‍ യുവജനങ്ങള്‍ക്കുള്ള സ്നേഹവും സന്തോഷവും മനസ്സിലാക്കുന്നുണ്ടോ....? (young lady)

തന്നോടു മാത്രമല്ല, ജീവിതാദര്‍ശങ്ങളോടും ജീവനോടും സ്നേഹമുള്ളവരും അതിന്‍റെ സന്തോഷം പ്രകടമാക്കുന്നവരുമാണ് യുവജനങ്ങള്‍. എന്നാല്‍ ബോസ്നിയ ഹെരെസെഗോവിനായിലെ യുവജനങ്ങളുടെ തനിമയും അന്യൂനതയും മറ്റൊന്നാണ്. നിങ്ങള്‍ ഇന്നാട്ടിലെ മഹാദുരന്തത്തിനു ശേഷമുള്ള യുവതയാണ്. വസന്തത്തിലെ ആദ്യ പൂക്കള്‍പോലെയാണു നിങ്ങള്‍....! ജീവിത സൗരഭ്യവുമായി നിങ്ങള്‍ സ്നേഹത്തിലും സമാധാനത്തിലും മുന്നോട്ട്, മുന്നോട്ടുതന്നെ ചരിക്കണം. നിങ്ങള്‍ ഒരിക്കലും നാശത്തിന്‍റെയോ ശത്രുതയുടെയോ കലഹത്തിന്‍റെയോ പിന്നാമ്പുറങ്ങളിലേയ്ക്ക് ഇറങ്ങാതിരിക്കട്ടെ..... നിങ്ങള്‍ ഒരുമിച്ച് മുന്നോട്ടു പോകേണ്ടവരാണ്.

ഇനി സമൂഹത്തില്‍ നിങ്ങളും ഞാനുമെന്നല്ല. നമ്മള്‍ - മുസ്ലിങ്ങളും, യഹൂദരും, കത്തോലിക്കരും ഓര്‍ത്ത‍ോക്സുകളുമെല്ലാം ഒരുമിച്ച് യാത്രചെയ്യേണ്ടവരാണ്. ഈ നാടിന്‍റെ നന്മയ്ക്കായ് ഒരുമിച്ചു നില്ക്കേണ്ടവരാണ്. അത് മതിലുകള്‍ കെട്ടി തിരിക്കുവാനല്ല, പാരസ്പര്യത്തിന്‍റെയും സൗഹൃദത്തിന്‍റേയും പാലങ്ങള്‍ നിര്‍മ്മിക്കുവാനുള്ള വിളിയും ദൗത്യവും യുവജനങ്ങള്‍ ഏറ്റെടുക്കണമെന്ന് ആഹ്വാനംചെയ്തു.

  യുവജനങ്ങള്‍ക്കുള്ള അങ്ങേ സമാധാന സന്ദേശം എന്താണ്? (young lady volunteer of St. John Paul II Center in Sarajevo)

മീര്‍ വാമാ....! Mir Vama! പാപ്പാ ആവര്‍ത്തിച്ചു. ബോസിനിയന്‍ ഭാഷയില്‍... സമാധാനം വളര്‍ത്തുക! സമാധാനത്തിന്‍റെ പ്രായോക്താക്കളാവുക! ഇതു നിങ്ങള്‍ എന്നും ഓര്‍ക്കണം. ഈ നാടിനെ സമാധാന പൂര്‍ണ്ണമാക്കുകയെന്നത് ഇവിടത്തെ യുവതലമുറയുടെ ലക്ഷൃമാണ്, നിങ്ങളുടെ കൂട്ടുത്തരവാദിത്വമാണ്. വിവിധ മതസ്ഥരായ നിങ്ങളുടെ സഹപാഠികളും കൂട്ടുകാരുമായി കൈകോര്‍ന്നു നില്ക്കുക. സാഹോദര്യത്തില്‍ ജീവിക്കുക! സാഹോദര്യം ഐക്യമാണ്. യുദ്ധത്തിന്‍റെയും കലാപത്തിന്‍റെയും കരിന്തിര കത്തിപ്പുകഞ്ഞു കഴി‍ഞ്ഞുണ്ടായ നാടിന്‍റെ പ്രഥമ വസന്തത്തില്‍ വിരിഞ്ഞ പൂക്കളാണു നിങ്ങള്‍.... മീര്‍ വാമാ.... സമാധാനം വളരട്ടെ...! എന്ന് പ്രസ്താവിച്ചുകൊണ്ട് തനിക്കുചുറ്റുമെത്തിയ ആയിരക്കണക്കിന് ബോസ്നിയന്‍ യുവജനങ്ങളെ പാപ്പാ അഭിവാദ്യംചെയ്തു. അവരുടെ വാത്സല്യത്തോട് പ്രത്യുത്തരിച്ചു. നന്ദി പറഞ്ഞു.








All the contents on this site are copyrighted ©.