2015-06-07 18:11:00

ജീവിതസാക്ഷൃം നന്മവളര്‍ത്തുമെന്ന് പാപ്പാ സന്ന്യസ്തരോടും വൈദികരോടും


പാപ്പാ ഫ്രാന്‍സിസിന്‍റെ ബോസ്നിയ ഹെര്‍സെഗോവിന അപ്പസ്തോലിക സന്ദര്‍ശനത്തില്‍ ജൂണ്‍ ആറാം തിയതി ശനിയാഴ്ച വൈകുന്നേരം 4-ന് സരയേവോയിലെ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള കത്തീ‍‍ഡ്രല്‍ ദേവാലയത്തില്‍വച്ച് സ്ഥലത്തെ വൈദികരുടെയും സന്ന്യസ്തരുടെയും കൂട്ടായ്മയെ പാപ്പാ അഭിസംബോധനചെയ്തു.

പ്രസംഗം ഒരുങ്ങിയിരുന്നു. ഒരുങ്ങിയ പ്രസംഗം നല്ലതല്ലാത്തതു കൊണ്ടല്ല മാറ്റിവച്ചത്. ഇവിടെ പങ്കുവച്ച സാക്ഷൃം കേട്ടിട്ട് എനിക്ക് സ്വതന്ത്രമായി സംസാരിക്കണെന്ന് തോന്നി.

ഇവിടത്തെ ജീവിതത്തെയും ജീവിതാനുഭവങ്ങളെയും കുറിച്ച് നേരിട്ടു മൂന്നു പേരില്‍നിന്നും കേട്ടപ്പോള്‍ ഹൃദയത്തില്‍നിന്നും സംസാരിക്കുകയാണ്. സാക്ഷൃങ്ങള്‍ അവയ്ക്കുവേണ്ടിത്തന്നെ സംസാരിക്കുന്നു. നിങ്ങളുടെ മുന്‍തലമുറക്കാരുടെ ഓര്‍മ്മകളാണ് സാക്ഷ്യം. ഗതകാല സ്മരണകള്‍ മറന്നു കളയുന്ന, അല്ലെങ്കില്‍ ചരിത്രം മറന്നു കളയുന്ന നാടിന് ഭാവിയില്ല. കാരണം അത് നിങ്ങളു‍ടെ പൂര്‍വ്വീകരുടെയും മാതാപിതാക്കളുടെയും സ്മരണകള്‍തന്നെയാണ്. മൂന്നു പേരാണ് ഇവിടെ സാക്ഷൃപ്പെടുത്തിയത്. അവര്‍ക്കു പിന്നില്‍ ഇനിയും അതുപോലെ ഒത്തിരിപ്പേരുണ്ടടെന്ന് അറിയാമെന്നും പാപ്പാ ആമുഖമായി പ്രസ്താവിച്ചു.

നിങ്ങളുടെ ചരിത്രം മറക്കാന്‍, പ്രിയ സഹോദരങ്ങളേ, നിങ്ങള്‍ക്ക് അവകാശമില്ല. ഇതു പറയുന്നത് പ്രതികാരത്തിനുവേണ്ടിയല്ല. മറിച്ച് സമാധാനത്തിനാണ്. വിചിത്രവും വേദനാജനകവുമായ സംഭവങ്ങള്‍ അനുസ്മരിച്ച് വൈരാഗ്യം വര്‍ദ്ധിപ്പിക്കുവാനുമല്ല, മറിച്ച് സാക്ഷൃമേകിയ ദൈവദികനും, സന്ന്യാസിനിയും സന്ന്യാസിയും – നിങ്ങളുടെ സഹോദരങ്ങള്‍ പ്രകടമാക്കിയ സ്നേഹംപോലെ, നമ്മളും പരസ്പരം സ്നേഹിക്കുവാനും, വിശ്വാസത്തില്‍ ജീവിക്കുവാനും, വേണ്ടിവന്നാല്‍ ജീവന്‍ സമര്‍പ്പിക്കുവാനുമാണ്. നിങ്ങളുടെ രക്തത്തിലും ദൈവവിളിയിലും ഇന്നാട്ടിലെ രക്തസാക്ഷികളുടെ രക്തം, അവരുടെ ചൈതന്യം കലര്‍ന്നിട്ടുണ്ട്. അതുപോലെ ഇന്നാട്ടിലെ രക്തസാക്ഷികളായ മറ്റു വൈദികരെയും സന്ന്യസ്തരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും നമുക്ക് അനുസ്മരിക്കാം. നിങ്ങള്‍ക്ക് വിശ്വാസം പകര്‍ന്നുതന്ന പൂര്‍വ്വീകരെ മറക്കരുതെന്ന്, പൗലോസ് അപ്പസ്തോലന്‍ ഹെബ്രായരുടെ ലേഖനത്തില്‍ പറയുന്നുണ്ട്. രക്തസാക്ഷികള്‍ ജീവസമര്‍പ്പണത്തിലൂടെ വിശ്വാസം കൈമാറിയപ്പോള്‍, നാം ജീവിക്കെ അത് പൂര്‍വ്വീകര്‍ നമുക്കായി പകര്‍ന്നുതന്നു. വീണ്ടും പൗലോസ് അപ്പസ്തോലന്‍ ഓര്‍പ്പിക്കുന്നില്ലേ, ക്രിസ്തുവാണ് നമ്മുടെ പ്രഥമ രക്തസാക്ഷി. മറ്റെല്ലാവരും അവിടുത്തെ പിന്‍പേ ചരിച്ചവരാണ്.

സമാധാനത്തിന്‍റെ ചിന്തയിലും പാതയിലും നാം അവിടുത്തെ ഓര്‍മ്മ പുതുക്കേണ്ടതാണ്. അവിടുന്ന് കുരിശില്‍ ഉരുവിട്ട അവസാനത്തെ വാക്കുകള്‍ നാം എന്നും ഓര്‍ക്കേണ്ടതാണ്. ഉദാഹരണത്തിന് ക്ഷമിക്കുക. നമ്മോട് ഇഷ്ടമില്ലാത്ത ഒരാളോട്... നമുക്കെതിരെ മോശമായ സംസാരിച്ച വ്യക്തിയോട്... കലഹിച്ചൊരാളോട്, അസൂയപ്പെട്ട കന്യാസ്ത്രിയോട്, ഇവരോടെല്ലാം ക്ഷമിക്കുക അത്ര ബുദ്ധമുട്ടുള്ള കാര്യമല്ല. എന്നാല്‍ നമ്മെ തല്ലിയ ഒരാളോട്, പീഡിപ്പിച്ച വ്യക്തിയോട്, തോക്കു കാണിച്ച് വധഭീഷണി നടത്തിയവനോട് ക്ഷമിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അപ്രകാരം ചെയ്തവരുണ്ട്. അങ്ങനെ ചെയ്യുവാന്‍ അവര്‍ നമ്മോടും ആവശ്യപ്പെടുന്നു.

മറ്റൊരു കാര്യം വേദനയോടെ ഓര്‍മ്മിക്കുന്നത് 120 ദിവസങ്ങള്‍ നീണ്ടുനിന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പാണ്. അവിടെ സഹിച്ച നമ്മുടെ മുന്‍തലമുറയെ നാം സൗകര്യാര്‍ത്ഥം മറന്നുകളയുകയാണ്. അവരുടെ വേദനയുടെ ദിവസങ്ങള്‍ മാത്രമല്ല, നിമിഷങ്ങളും, ഓരോ നിമിഷവും എണ്ണപ്പെട്ടതായിരുന്നു, ത്യാഗത്തിന്‍റേതായിരുന്നു. അത്ര കഠോരമായിരുന്നു ആ ദിവസങ്ങള്‍. അഴുക്കില്‍ കൂട്ടമായി, ഭക്ഷണമില്ലാതെ, അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയാണ് അവര്‍ കഴിഞ്ഞൂകൂടിയത്. ചിലര്‍ മരിച്ചുവീണത്.

എന്നാല്‍ മുറിയില്‍ ടിവി ഇല്ലെന്നും, ചെറിയ പല്ലുവേദനയുണ്ടെന്നുമെല്ലാം നാം പരാതിപ്പെടുന്നു. സുപ്പീരിയറെ ബുദ്ധിമുട്ടിക്കുന്നു.

അതിനാല്‍ നമ്മുടെ പൂര്‍വ്വീകരുടെ യാതനകള്‍ ഓര്‍ക്കുന്നതു നല്ലതാണ്. പീഡനങ്ങളെ അതിജീവിക്കാന്‍ വേണ്ടി സ്വന്തം പിതാവില്‍നിന്നും ആറു ലീറ്റര്‍ രക്തം പകര്‍ന്നെടുക്കേണ്ടി വന്ന വൈദികന്‍റെ സാക്ഷൃം മറക്കരുത്. അതിനാല്‍ ക്രിസ്തുവിന്, ക്രൂശിതനായ ക്രിസ്തുവിന് അനുയോജ്യമായൊരു ജീവിതം നയിക്കാം, എന്ന് സമര്‍പ്പിതരുടെയും വൈദികരുടെയും കൂട്ടായ്മയെ പാപ്പാ അനുസ്മരിപ്പിച്ചു.

ലൗകായത്വത്തില്‍ മുഴുകിയ വൈദികരും, സന്ന്യസ്തരും മെത്രാന്മാരും സെമിനാരി വിദ്യാര്‍ത്ഥികളം അപ്രസ്ക്തമായ ഹാസ്യകഥാപാത്രങ്ങള്‍ പോലെയാണ്. അവര്‍ രക്തസാക്ഷികളെയും, അവര്‍ അനുഗമിക്കേണ്ട ക്രിസ്തുവിനെയും, ക്രൂശിതനായ ക്രിസ്തുവിനെയും മറന്നുപോയി.

ആര്‍ക്കും നന്മചെയ്യാം, നന്മ ആരു ചെയ്താലും നാം അംഗീകരിക്കണമെന്ന്, മുന്‍ജീവിതസാക്ഷൃങ്ങളെ ആധാരമാക്കി പാപ്പാ പ്രസ്താവിച്ചു. നന്മചെയ്ത മുസ്ലിം സ്ത്രീയും, കന്യാസ്ത്രിയെ സഹായിച്ച പട്ടാളക്കാരനുമെല്ലാം പരിശുദ്ധാത്മാവിനാല്‍ പ്രേരിതരായിട്ടാണ് നന്മചെയ്തതെന്ന് പാപ്പാ പ്രസ്താവിച്ചു. എല്ലാവരിലും നനമയുണ്ട്, നന്‍മയുടെ ബീജമുണ്ട്. അതിനാല്‍ നന്മചെയ്യുവാനുള്ള അവസരം ഒഴിവാക്കരുത്, കാരണം നാം എല്ലാവരും സര്‍വ്വം നന്‍മയായ ദൈവപിതാവിന്‍റെ മക്കളാണ്, ദൈവമക്കളാണ്!

ജീവിതത്തില്‍ തിക്താനുഭവങ്ങള്‍ ധാരാളമുണ്ട്, ഉണ്ടാകും. സ്വന്തക്കാര്‍ നഷ്ടമായ സംഭവങ്ങള്‍, മാതാപിതാക്കള്‍, മക്കള്‍ അപ്രതീക്ഷിതമായി കടന്നുപോയവര്‍. ഏകമകള്‍ സന്ന്യാസിനി മരണമടഞ്ഞ സംഭവം.... പരിത്യക്തരായ മക്കള്‍... അവഗണിക്കപ്പെടുന്ന കാരണവന്മാര്‍... എല്ലാമെല്ലാം ക്രൂരതയുടെ കഥകളാണ്. ഇന്നും ലോകത്ത് മനുഷ്യന്‍റെ ക്രൂരത തുടരുകയാണ്. എന്നാല്‍ തിന്മയ്ക്കെതിരെ നമുക്ക് ഉയരാം, ഉയിര്‍ത്തെഴുന്നേല്‍ക്കാം... ലാളിത്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും, ക്ഷമയുടെയും മനസ്സിന്‍റെ ഉടമകളാകാം നമുക്ക്. ക്രിസ്തുവിന്‍റെ കുരിശ് ഇന്നും ഇനിയും നാം വഹിക്കേണ്ടതുണ്ട്. സഭയ്ക്ക് സഭാമാതാവിന് നിങ്ങളുടെ സേവനവും ശുശ്രൂഷയും ആവശ്യമുണ്ട്. അനുദിന ജീവിതത്തിന്‍റെ ചെറുതും വലുതുമായ കുരിശികള്‍ക്കു മുന്‍പില്‍ നിങ്ങള്‍ പതറിപ്പോകരുത്. ജീവിതക്കുരിശുകള്‍ ക്ഷമയോടെ വഹിച്ചുകൊണ്ട് നമുക്കും ചെറിയ, എളിയ രക്തസാക്ഷികളാകാം.....

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്. നന്ദി!








All the contents on this site are copyrighted ©.