2015-06-06 16:52:00

അനുദിനജീവിതത്തില്‍ മനുഷ്യര്‍ സമാധാനത്തിന്‍റെ പ്രായോക്താക്കളാകണം


സരയേവോയിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയിലെ മുഖ്യ ഇനമായിരുന്നു ശനിയായാഴ്ച രാവിലെ നഗരമദ്ധ്യത്തിലെ കൊസോവോ അന്താരാഷ്ട്ര സ്റ്റേ‍ഡിയത്തില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹദിവ്യബലി. പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു.

ഇന്നത്തെ വചന പാരായാണത്തില്‍ ആവര്‍ത്തിച്ചു കേട്ടൊരു വാക്കാണ് സമാധാനം.

ശക്താമായ പ്രവചക ധ്വനിയാണിത്, ശബ്ദമാണ് സമാധാനം.! മനുഷ്യകുലത്തിനും അതിന്‍റെ ചരിത്രത്തിനാകമാനവുമുള്ള ദൈവിക സ്വപ്നവും പദ്ധതിയുമാണ് സമാധാനം. എന്നാല്‍ ഈ ദൈവികപദ്ധതിക്ക് എന്നും എതിരായി നില്ക്കുന്നത് മനുഷ്യന്‍തന്നെയും തിന്‍മയുടെ ശക്തികളുമാണ്. നമ്മുടെ കാലഘട്ടത്തില്‍ സമാധാനത്തിനുള്ള അഭിവാഞ്ചയും പരിശ്രമങ്ങളും തച്ചുടയ്ക്കപ്പെടുന്നത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യര്‍ കാരണമാക്കുന്ന സായുധ പോരാട്ടങ്ങളും യുദ്ധങ്ങളുമാണ്. വിശ്വസാഹോദര്യത്തിന്‍റെ ആഗോള സംവേദന സൗകര്യങ്ങളും സാദ്ധ്യതകളും തട്ടിത്തെറിപ്പിച്ച്, ചിന്നിച്ചിതറിയ മൂന്നാം ലോകമഹായുദ്ധത്തിന്‍റെ ഭീകരാന്തരീക്ഷമാണ് ലോകം ഇന്ന് അനുഭവിക്കുന്നത്.

സംസ്ക്കാരങ്ങളെയും സമൂഹങ്ങളെയും പ്രകോപിപ്പിച്ചും, ചൂടുപിടിപ്പിച്ചും, മനഃപൂര്‍വ്വം യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നവരുണ്ട്. ആയുധ വിപണനമാണ് അവരുടെ ലക്ഷൃങ്ങളില്‍ ഒന്ന്. എന്നാല്‍ യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങളോ – കുട്ടികളും സ്ത്രീകളും പ്രായമായവരും അഭയാര്‍ത്ഥികളാക്കപ്പെടുന്നു, ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നു, ഭവനങ്ങളും, വീഥികളും തൊഴില്‍ശാലകളും നശിപ്പിക്കപ്പെടുന്നു, എല്ലാറ്റിനും ഉപരിയായി എത്രയെത്ര ജീവിതങ്ങളാണ് കുരുതി കഴിക്കപ്പെടുന്ന്ത്! യുദ്ധത്തിന്‍റെ വേദനയും വിനാശങ്ങളും നിങ്ങള്‍ ഇന്നാട്ടില്‍ അനുഭവിച്ചിട്ടുള്ളതാണ്. പ്രിയ സഹോദരങ്ങളേ, വീണ്ടും ഈ നഗരത്തില്‍നിന്നും ദൈവജനത്തിന്‍റെയും സന്മനസ്സുള്ള സകലരുടേയും കരച്ചില്‍ ഉയരട്ടെ – ഒരിക്കലും യുദ്ധമുണ്ടാകരുതേ! യുദ്ധം ഉണ്ടാകരുതേ....!!!

സമാധാന പാലകര്‍ അനുഗ്രഹീതരാണ് (മത്തായി 5,9), യുദ്ധത്തിന്‍റെ കലുഷിതമായ അന്തരീക്ഷത്തില്‍ സുവിശേഷം വിരിയിക്കുന്ന ശാന്തിപ്രഭയാണത്. ഈ സൂക്തം എല്ലാ തലമുറകള്‍ക്കും എക്കാലത്തും പ്രസക്തവുമാണിത്. സമാധാനം പ്രഘോഷിക്കുന്നവര്‍, മൊഴിയുന്നവര്‍ അനുഗ്രഹീതരെന്നല്ല, യാതൊരു മറവോ തിരിവോ ഇല്ലാതെ, സമാധാനപാലകര്‍, സമാധാനം പാലിക്കുന്നവര്‍, അത് ജീവിക്കുന്നവര്‍ അനുഗ്രഹീതരെന്നാണ് ക്രിസ്തു പ്രസ്താവിച്ചത്, പഠിപ്പിച്ചത്. സമാധാനം പാലിക്കുക എന്നത് വളരെ വിദഗ്ദ്ധവും നൈപുണ്യവുമുള്ള പ്രവൃത്തിയാണ്. ഏറെ തീക്ഷ്ണതയും, ക്ഷമയും, ജീവിതാനുഭവവും നിശ്ചയദാര്‍ഢ്യവും ആവശ്യമുള്ള മേഖലയുമാണത്. തങ്ങളുടെ നല്ല മനഃസ്ഥിതിയും, കാരുണ്യപ്രവര്‍ത്തികളും, സാഹോദര്യവും സംവാദവും, കരുണയുംകൊണ്ട് അനുദിന ജീവിത പരിസരങ്ങളില്‍ സമാധാനം വിതയ്ക്കുന്നവര്‍ അനുഗ്രഹീതരാണെന്ന് പാപ്പാ എടുത്തുപറഞ്ഞു. ഇവര്‍ ദൈവപുത്രരെന്നു വിളിക്കപ്പെടും, കാരണം എവിടെയും എക്കാലത്തും സമാധാനം വിതയ്ക്കുന്നത് ദൈവമാണ്. അതിനാല്‍ സമാധാനപാലകര്‍ ദൈവമക്കളാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

ദൈവമാണ് സമാധാനദാതാവ്! മാത്രമല്ല ലോകത്ത് സമാധനം ഉണ്ടാകുന്നതിനുവേണ്ടി കാലത്തികവില്‍ ദൈവം തന്‍റെ തിരുക്കുമാരനെ ലോകത്തിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. അതിനാല്‍ ക്രമാനുഗതമായും അക്ഷീണവും അനുദിനം നാം നിവര്‍ത്തിക്കേണ്ടൊരു കാര്യമാണ് സമാധാന പാലനം.

എങ്ങനെയാണ് സമാധാനം വളര്‍ത്തുന്നത്? ഏശയാ നിരന്തരമായി നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. നീതിയുടെ ഫലമാണ് സമാധാനം, എന്ന് (32, 17). നീതിയുടെ പ്രവര്‍ത്തനങ്ങളാണ് സമാധാനം നല്കുന്നത്, പുണ്യശ്ലോകനായ 12-ം പിയൂസ് പാപ്പായുടെ ആപ്തവാക്യമായിരുന്നു. എന്നാല്‍ സമാധാനത്തിനുള്ള നീതി പ്രഖ്യാപിച്ചതുകൊണ്ടോ, പദ്ധതിയൊരുക്കിയതുകൊണ്ടോ, വിഭാവനംചെയ്തതുകൊണ്ടോ കാര്യമായില്ല. അത് പ്രാവര്‍ത്തികമാക്കേണ്ടതും ജീവിക്കേണ്ടതുമാണ്. നീതിയുടെ പൂര്‍ത്തീകരണം സ്നേഹമാണെന്ന് സുവിശേഷം പഠിപ്പിക്കുന്നുണ്ട്. നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക (മത്തായി 22, 39... റോമ. 13, 9). നാം ദൈവകല്പനകള്‍ പാലിക്കുമ്പോഴാണ്  മാറ്റമുണ്ടാകുന്നത്. നമ്മില്‍ പരിവര്‍ത്തനമുണ്ടാകുന്നത്. നാം ശത്രുക്കളായി കാണുന്നവര്‍ക്കും നമ്മുടെ മുഖമാണെന്ന് ഓര്‍ക്കണം, നമ്മുടെ ഹൃദയവും ആത്മവുമാണ് അവര്‍ക്ക്. കാരണം, ഏവര്‍ക്കും ഓരേ ദൈവമാണ് പിതാവായുള്ളതെന്ന് പാപ്പാ പ്രസ്താവിച്ചു. ‘മറ്റുള്ളവര്‍ എന്നോട് ഏപ്രകാരം വര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നുവോ, അപ്രകാരം അവരോടു പ്രവര്‍ത്തിക്കുന്നതും പെരുമാറുന്നതുമാണ്..’ .നീതിയെന്നും, നീതിനിഷ്ഠയെന്നും പാപ്പാ സുവിശേഷത്തെ ആധാരമാക്കി ഉദ്ബോധിപ്പിച്ചു.

സമാധാന ജീവിതത്തിന് അനുയോജ്യമായ മനഃസ്ഥിതിയെക്കുറിച്ച് പൗലോസ്ലീഹാ ഇന്നത്തെ വായനയില്‍ ഇങ്ങനെ അനുസ്മരിപ്പിക്കുന്നു. നിങ്ങള്‍ അനുകമ്പയും, കരുണയും, വിനീതഭാവവും, ക്ഷമയും അണിയുക, പരസ്പരം ക്ഷമിക്കുക, അപരനെതിരായി പരിഭവമുണ്ടെങ്കില്‍, പരാതിയുണ്ടെങ്കില്‍ ദൈവം നമ്മോടു ക്ഷമിക്കുന്നതുപോലെ അവരോടും ക്ഷമിക്കണമെന്നാണ് (കൊളോ. 3, 12..13).

അനുദിന ജീവിത പരിസരങ്ങളില്‍ നമുക്ക് സാധാനത്തിന്‍റെ പ്രായോക്താക്കളാകാം. എന്നാല്‍ എല്ലം നമ്മെ ആശ്രയിച്ചിരിക്കുന്നു എന്നു ചിന്തിക്കരുത്. അതോരു ധാര്‍മ്മിക മിഥ്യാബോധം മായിരിക്കും. കാരണം, സമാധാനം ദൈവികദാനമാണ്. എന്നാല്‍ ദൈവിക മാസ്മരികതയല്ല. ദൈവാത്മാവ് മനുഷ്യഹൃദയങ്ങളെ ഉത്തേജിപ്പിക്കുമ്പോഴാണ് നാം സമാധാനത്തിന്‍റെ ഉപകരണങ്ങളായി മാറുന്നത്. മനുഷ്യരോട് രമ്യപ്പെട്ട് ദൈവം നല്കുന്ന ദാനമാണ് സമാധാനമെന്ന്, പൗലോസ് അപ്പസ്തോലന്‍ വ്യക്തമാക്കുന്നുണ്ട്. അങ്ങനെ ദൈവത്തോട് രമ്യപ്പെടുമ്പോള്‍ മാത്രമാണ്, അനുരഞ്ജനപ്പെടുമ്പോള്‍ മാത്രമാണ് മനുഷ്യര്‍ സമാധാനത്തിന്‍റെ പ്രായോക്താക്കളാകുന്നത്.

സഹോദരങ്ങളേ, നീതിക്കുവേണ്ടി പരിശ്രമിക്കുന്നതിനും, കാരുണ്യത്തോടെ ജീവിക്കുന്നതിനും, സമാധാനത്തിന്‍റെ പ്രായോക്താക്കളാകുന്നതിനും, യുദ്ധവും കലഹവുമല്ല...സമൂഹത്തില്‍ സമാധാനം വിതയ്ക്കുന്നതിനും നമ്മെ യോഗ്യരാക്കുന്നതിന് പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഇതാണ് സന്തോഷത്തിന്‍റെയും, നമ്മെ വിശുദ്ധിയിലേയ്ക്കും നയിക്കുന്ന പാതയെന്ന്, പ്രസ്താവിച്ചുകൊണ്ട് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചു.








All the contents on this site are copyrighted ©.