2015-06-05 11:50:00

വിശുദ്ധര്‍ക്കുള്ള സമ്മാനമല്ല പാപികള്‍ക്കുള്ള പാഥേയമാണ് ദിവ്യകാരുണ്യം


ക്രിസ്തുവി‍ന്‍റെ തിരുശരീര രക്തങ്ങളുടെ മഹോത്സവം പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ജൂണ്‍ നാലാം തിയതി വ്യാഴാഴ്ച ആചരിക്കപ്പെട്ടു. ത്രിത്വത്തിന്‍റെ തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ച എന്ന പാരമ്പര്യത്തിലാണ് റോമിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഈ തിരുനാള്‍ ഇന്നേ ദിവസം ആചരിക്കുന്നത്. ഉത്ഥാനമഹോത്സവം കഴിഞ്ഞുവരുന്ന 60-ാം ദിവസം കൂടിയാണിത്.

റോമാ രൂപതയുടെ ഭദ്രാസന ദേവാലയമായ ലാറ്ററന്‍ ബസിലിക്കയുടെ ഉമ്മറത്തു തയ്യാറാക്കിയ പ്രത്യേക വേദിയിലായിരുന്നു പാപ്പാ ദിവ്യബലിയര്‍പ്പിച്ചത്. ക്രിസ്തീയ വിശ്വാസത്തിന്‍റെ കേന്ദ്രമായ ദിവ്യകാരുണ്യ മഹോത്സവം ആഘോഷിക്കാന്‍ റോമാ വാസികള്‍ മാത്രമല്ല, ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും എത്തിയ തീര്‍ത്ഥാടകരും സന്ദര്‍ശകരുമായ ആയിരങ്ങളാണ് ചരിത്രപുരാതനമായ ലാറ്ററന്‍ ബസിലിക്കയുടെ ചത്വരം തിങ്ങിനിറഞ്ഞുനിന്ന് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.

മാര്‍ക്കോ ഫ്രിസീന നിയിച്ച റോമാ രൂപതയുടെ 200 അംഗഗായക സംഘവും, സിസ്റ്റൈന്‍ കപ്പേള ഗായക സംഘവും ചേര്‍ന്ന് ആലപിച്ച പരമ്പരാഗത ദിവ്യാകാരുണ്യഗീതികള്‍കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ പാപ്പാ ഫ്രാന്‍സിസ് തിരുനാള്‍ ദിവ്യബലിയര്‍പ്പിച്ചു.

ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു:

മനുഷ്യര്‍ രമ്യതയില്‍ ജീവിക്കുവാനും തിന്മയാല്‍ മുറിപ്പെട്ടുപോകാതിരിക്കുവാനും (not to break up), ദൈവികപദ്ധതിയിലെ കൂട്ടായ്മ തകരാതിരിക്കുവാനും സ്വയം മുറിപ്പെട്ടവനാണ് ക്രിസ്തു എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രിസ്തു നമുക്കായി മുറിച്ചു നല്കുന്ന അപ്പം അവിടുത്തെ ശരീരവും, നമ്മില്‍ വളരേണ്ട ആത്മീയ ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും പ്രതീകവുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അതിനാല്‍ നാം ചിന്നിച്ചിതറി പോകാതിരിക്കുവാന്‍ ദിവ്യകാരുണ്യത്തിന്‍റെ കൂട്ടായ്മയില്‍ എന്നും നിലനില്‍ക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

ജീവിതത്തില്‍ ദൈവവും അവിടുത്തെ വചനവും ഇല്ലാതാകുമ്പോഴാണ് നമ്മില്‍ പിളര്‍പ്പുണ്ടാകുന്നത്. ഞാന്‍ എന്ന ചിന്തയില്‍ സഹോദരങ്ങളെ മറക്കുമ്പോഴും ജീവിതങ്ങള്‍ വിഭജിക്കപ്പെടുകയാണ്. സ്നേഹത്തിന്‍റെ സാക്ഷികളാകാതെ പ്രത്യാശ അറ്റവരാകുമ്പോഴും ജീവിതത്തിന്‍റെ നന്‍മയും ഐക്യവും തകര്‍ന്ന് നാം മുറിപ്പെട്ടവരാകുമെന്ന് പാപ്പാ വിശ്വാസസമൂഹത്തെ അനുസ്മരിപ്പിച്ചു.

ദിവ്യകാരുണ്യം ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും ഉടമ്പടിയും പ്രതീകവുമാണ്. ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്‍റെ സജീവ അടയാളമാണ് ദിവ്യകാരുണ്യം. ദിവ്യബലിയില്‍ പരിപോഷിതരാകുന്നവര്‍ ഒരിക്കലും വിഭജിതരാകില്ല. കര്‍ത്താവിന്‍റെ വിരുന്നു മേശയില്‍ നമുക്ക് പരിപോഷിതരാകാം, ആത്മീയ വീര്യമാര്‍ജ്ജിക്കാം.

രണ്ടാമതായി ക്രൈസ്തവ ജീവിതാന്തസ്സിനെ ഒരിക്കലും തരംതാഴ്ത്തരുതെന്നും (not to devalue) പാപ്പാ ഉദ്ബോദിപ്പിച്ചു. ഇന്നിന്‍റെ വിഗ്രഹാരാധനയായ ഉപഭോഗസംസ്ക്കാരവും, സ്വാര്‍ത്ഥതയും വ്യക്തിമാഹാത്മ്യവാദവും മാത്സര്യവും, അഹങ്കാരവും, ധാര്‍ഷ്ട്യവും സ്വയം അംഗീകരിക്കാത്ത മനഃസ്ഥിതിയും ക്രൈസ്തവാന്തസ്സിന് വിരുദ്ധമാണ്. ഇവയെല്ലാം ക്രൈസ്തവ ജീവിതത്തെ മന്ദീഭവിപ്പിക്കുകയും, തരംതാഴ്ത്തുകയും, മരവിപ്പിക്കുകയും വിരസമാക്കുകയും ചെയ്യും.

സ്വയം വിനീതനായും ദാസനായും, നമുക്കായി ജീവന്‍ പകുത്തുനല്കിയ ക്രിസ്തു സ്വാര്‍പ്പണത്തിന്‍റെ മൂല്യമാണ് ദിവ്യകാരുണ്യത്തിലൂടെ പഠിപ്പിക്കുന്നത്. മനുഷ്യനെ പാപത്തില്‍‍നിന്നും വിമുക്തനാക്കിയ അവിടുത്തെ കുരിശുയാഗത്തിന്‍റെ തനിയാവര്‍ത്തണമാണത്. അങ്ങനെ അവിടുന്നു നേടിത്തന്ന ക്രൈസ്തവ ജീവിതാന്തസ്സ് തട്ടിക്കളയുവാനോ തരംതാഴ്ത്തുവനോ പാടില്ലെന്ന് പാപ്പാ വചനചിന്തയില്‍ ഉദ്ബോധിപ്പിച്ചു. അതിനാല്‍ നാം വീണുപോകുമ്പോഴും ആ ജീവിതാന്തസ്സ് തിരികെ നേടുവാനും, നഷ്ടമായ ജീവിതാന്തസ്സ് പുനഃപ്രതിഷ്ഠിക്കുവാനും കരുത്തുള്ള കൂദാശയാണ് പരിശുദ്ധ ദിവ്യകാരുണ്യം. സഖേവൂസിനെയും മഗ്ദലയിലെ മറിയത്തെയും തേടിപ്പുറപ്പെടുകയും, ആത്മാവിനും ശരീരത്തിനും ഒരുപോലെ സൗഖ്യവും മോചനവും നേടിത്തരുകയും ചെയ്യുന്ന അവിടുത്തെ ദൈവികസ്പര്‍ശമാണ് ദിവ്യകാരുണ്യ സാന്നിദ്ധ്യത്തിലും നാം അനുഭവിക്കുന്നതെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

അതിനാല്‍ മനുഷ്യരുടെ ജീവിത വിശുദ്ധീകരണവും കൂട്ടായ്മയും യാഥാര്‍ത്ഥ്യമാക്കുന്ന ആത്മീയസഖ്യത്തിന്‍റെ കൂദാശയാണ് ദിവ്യകാരുണ്യമെന്ന് പാപ്പാ വിശേഷിപ്പിച്ചു. വിശുദ്ധിക്കും വിശുദ്ധര്‍ക്കും മാത്രമുള്ള സമ്മാനമല്ല ദിവ്യകാരുണ്യം, അത് പാപികള്‍ക്കും ബലഹീനര്‍ക്കുമുള്ള പാഥേയമാണ്, കരുത്താണ്. അപ്പോള്‍ നാം ഓര്‍ക്കണം ജീവിതയാത്രയില്‍ തളരുമ്പോഴും ദുഃഖിതരാകുമ്പോഴും, അവശരും വിവശരുമാകുമ്പോള്‍, ക്ഷമിക്കുവാനും പൊറുക്കുവാനുമുള്ള കരുത്താണ് മുന്നോട്ടു നീങ്ങുവാനുള്ള കെല്പ് നല്കേണ്ടതെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

ക്രൈസ്തവ ജീവിതാന്തസ്സിന്‍റെ മൂല്യം പകര്‍ന്നുനല്കുന്ന മഹോത്സവവും ദിവ്യരഹസ്യവുമാണ് ക്രിസ്തുവിന്‍റെ തിരുശരീര രക്തങ്ങളുടെ തിരുനാള്‍. തിരുനാളിന്‍റെ ഭാഗമായ പ്രദക്ഷിണത്തില്‍ ദിവ്യകാരുണ്യ നാഥനെ നഗരം മുഴുവനും, നാടുമുഴുവനും സ്തുതിച്ചു പ്രകീര്‍ത്തിക്കുന്നതിലുള്ള അത്യപൂര്‍വ്വമായ ആനന്ദമാണ് ലഭിക്കേണ്ടത്. നമ്മുടെ ആത്മീയതയുടെ അടിമത്വത്തില്‍നിന്നും, ദാരിദ്ര്യത്തിന്‍റെയും ക്ലേശങ്ങളുടെയും മരുപ്രദേശത്തിലൂടെ ദൈവിക വാഗ്ദാനങ്ങളോളം നടന്നടുക്കുവാനുള്ള കരുത്തുനല്കുന്ന സ്നേഹത്തിന്‍റെ കൂദാശയെയാണ് നാം ദിവ്യകാരുണ്യപ്രദക്ഷിണത്തിലൂടെ അനുഷ്ഠിക്കുന്നതും പ്രഘോഷിക്കുന്നതുമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. ഈ തിരുനാള്‍ നാം കൊണ്ടാടുമ്പോള്‍ ക്രിസ്തുവിലുള്ള വിശ്വാസം പ്രഘോഷിക്കാന്‍ സ്വാതന്ത്രമില്ലാത്ത സഹോദരങ്ങളെ നമുക്ക് അനുസ്മരിക്കാം. ഒപ്പം വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിക്കേണ്ടി വന്നിട്ടുള്ള ക്രൈസ്തവരെയും പ്രത്യേകമായി അനുസ്മരിക്കാം. അവര്‍ ചിന്തിയ രക്തം ക്രിസ്തുവിന്‍റെ രക്തത്തോടു ചേര്‍ന്ന് ലോകത്ത് അനുരഞ്ജനവും സമാധാനവും വളര്‍ത്തട്ടെ.

ദിവ്യകാരുണ്യത്തിലൂടെ ആര്‍ജ്ജിക്കുന്ന ക്രിസ്തീയ കൂട്ടായ്മ നഷ്ടമാക്കാതിരിക്കാന്‍, തകര്‍ക്കാതിരിക്കാന്‍ പരിശ്രമിക്കാം. അതുപോലെ ദിവ്യകാരുണ്യം പകര്‍ന്നു നല്കുന്ന രക്ഷയുടെ വീര്യമാര്‍ന്ന പാനത്തെ അവഗണിക്കാതെയും, തരംതാഴ്ത്താതിരിക്കാമെന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ ചിന്തകള്‍ ഉപസംഹരിച്ചത്.

ദിവ്യബലി തുടര്‍ന്നു. ദിവ്യകാരുണ്യ സ്വീകരണകര്‍മ്മത്തെ തുടര്‍ന്ന് ദിവ്യാകാരുണ്യ പ്രദക്ഷിണമായിരുന്നു. ലാറ്ററന്‍ ബസിലിക്കയില്‍നിന്നും ചരിത്രപുരാതനമായ മെരുലാനാ വീഥിയിലൂടെയുള്ള ദിവ്യാകാരുണ്യ പ്രദക്ഷിണത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് (രണ്ടു പേപ്പല്‍ ബസിലിക്കകള്‍ തമ്മിലുള്ള അകലം 1.7 കി.മീറ്റര്‍ അല്ലെങ്കില്‍ ശരാശരി 7 മിനിറ്റ് നടപ്പുദൂരമാണ്).

കത്തിച്ച ദീപങ്ങളുമേന്തി ആയിരങ്ങള്‍ ഭക്തിനിര്‍ഭരമായി ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ പങ്കെടുത്തു. അലംകൃത വാഹനത്തില്‍ പരിശുദ്ധ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സമീപത്തുള്ള മേരി മെയ്ജര്‍ ബസിലിക്കയിലേയ്ക്കായിരുന്നു. ഹ്രസ്വമായ ദിവ്യകാരുണ്യ ആരാധനയെ തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് നല്കിയ സമാപാനാശീര്‍വ്വാദത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ സമാപിച്ചത്.








All the contents on this site are copyrighted ©.