2015-06-04 19:21:00

സാഹോദര്യത്തിന്‍റെ ഊട്ടിയുറപ്പിക്കലാകുന്ന പാപ്പായുടെ ബോസ്നിയ സന്ദര്‍ശനം


പാപ്പായുടെ സന്ദര്‍ശനം ബോസ്നിയയിലെ സമൂഹങ്ങളെ സാഹോദര്യത്തില്‍ ഊട്ടിയുറപ്പിക്കുമെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു.

ജൂണ്‍ 6-ാം തിയതി ശനിയാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് തെക്കു-കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ബോസ്നിയയിലെ സരയേവോയിലേയ്ക്ക് ഏകദിന അപ്പസ്തോലിക സന്ദര്‍ശനം നടത്തുന്നത്. പാപ്പാ ഫ്രാന്‍സിസിന്‍റെ 8-ാമത്തെ അന്തര്‍ദേശിയ യാത്രയാണിത്.

വംശീയ സമൂഹങ്ങളെ സാഹോദര്യത്തില്‍ അടുപ്പിക്കുവാനും സമാധാനം വളര്‍ത്തുവാനും പാപ്പായുടെ സന്ദര്‍ശനവും സാന്നിദ്ധ്യവും കാരണമാകുമെന്ന് ജൂണ്‍ 3-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ ടെലിവിഷനു നല്കിയ അഭിമുഖത്തില്‍, പാപ്പായ്ക്കൊപ്പം ബോസ്നിയയിലേയ്ക്ക് യാത്രചെയ്യുന്ന കര്‍ദ്ദിനാള്‍ പരോളിന്‍ പ്രത്യാശപ്രകടിപ്പിച്ചു.  

യൂറോപ്യന്‍ യൂണിയനില്‍ ഇനിയും ഉള്‍പ്പെടാത്ത രാജ്യമായ ബോസ്നിയ-ഹെര്‍സെ-ഗൊവീന ചരിത്രപരമായും സേര്‍ബുകള്‍, ക്രൊയേഷ്യക്കാര്‍, ബോസ്നിയക്കാര്‍ എന്നിങ്ങനെ മൂന്നു വംശീയ സമൂഹങ്ങളാല്‍ രൂപീകൃതമാണെന്നും, അവരെ സാഹോദര്യത്തിലും സമാധാനത്തിലും ഒന്നിപ്പിക്കുന്നതിന് പാപ്പായുടെ സന്ദര്‍ശനം സഹായകമാകുമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍‍ പ്രസ്താവിച്ചു.

ക്രൊയേഷ്യക്കാരാണ് ബോസ്നിയയിലെ വലിയ കത്തോലിക്കാ സമൂഹത്തിന് രൂപംനല്കുന്നതെന്നും, പലപ്പോഴും ഭിന്നിച്ചു നില്ക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ഇന്നാടിനെ ‘യൂറോപ്പിന്‍റെ ജരൂസലേ’മെന്നാണ് വിളിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളി‍ന്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

ഒരു ലക്ഷത്തിലേറെപ്പേരുടെ മരണത്തിന് കാരണമാക്കിയ രാഷ്ട്രീയ കലാപത്തിനു ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു വരുന്നുണ്ടെങ്കിലും തൊഴിലില്ലായ്മയും, ദാരിദ്യവുംമൂലം ധാരാളം ബോസ്നിയക്കാര്‍ ഇന്നും അന്യനാടുകളിലേയ്ക്ക് കുടിയേറുന്നുണ്ടെന്നും, അതില്‍ അധികവും ക്രൈസ്തവരാണെന്നും കര്‍ദ്ദിനാള്‍ പരോളില്‍ ചൂണ്ടിക്കാട്ടി.

സരയേവോ പാപ്പാ ഫ്രാന്‍സിസിന്‍റെ 8-ാമത്തെ അന്തര്‍ദേശീയ അപ്പസ്തോലിക യാത്രയാണ്. കൊസേവോ സ്റ്റേ‍ഡിയത്തിലെ സമൂഹബലിയര്‍പ്പണം, ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ച, ഇതര ക്രൈസ്തവ സമൂഹങ്ങളും, മറ്റു മതസ്ഥരുമായുള്ള സംഗമം, യുവജനങ്ങളുമായുള്ള നേര്‍ക്കാഴ്ച എന്നിവ പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്രയിലെ ശ്രദ്ധേയമായ ഇനങ്ങളാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.