2015-06-03 19:11:00

റോമിലെ ദിവ്യകാരുണ്യോത്സവം പാപ്പാ ഫ്രാന്‍സിസ് നേതൃത്വം നല്കും


പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ റോമില്‍‍ ജൂണ് 4-ാം തിയതി വ്യാഴാഴ്ച ആചരിക്കും.

പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലാണ് റോമിലെ ലാറ്ററന്‍, മേരി മേജര്‍ എന്നീ രണ്ടു ബസിലിക്കകള്‍ കേന്ദ്രീകരിച്ച് ക്രിസ്തുവിന്‍റെ തിരുശരീര രക്തങ്ങളുടെ തിരുനാള്‍ കൊണ്ടാടുന്നത്. വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് വത്തിക്കാനില്‍നിന്നും ഏകദേശം 5 കിലോമീറ്റര്‍ അകലെയുള്ള ലാറ്ററന്‍ ബസിലിക്കയിലെത്തുന്ന പാപ്പാ ഫ്രാന്‍സിസ് പരിശുദ്ധ കുര്‍ബാനയുടെ മഹോത്സവ ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.  

ദിവ്യബലിയെ തുടര്‍ന്ന് സമീപത്തുള്ള മേരി മേജര്‍ ബസിലിക്കയിലേയ്ക്ക് ചരിത്രപുരാതനമായ മെരുലാനാ വീഥിയിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തപ്പെടും. കത്തിച്ച ദീപങ്ങളുമായി ആയിരങ്ങള്‍ പങ്കെടുക്കുന്ന ദിവ്യകാരുണ്യംപ്രദക്ഷിണം മേരി മെയ്ജര്‍ ബസിലിക്കയില്‍ എത്തിക്കഴിയുമ്പോള്‍, പരിശുദ്ധ കുര്‍ബ്ബാനയുടെ ഹ്രസ്വമായ ആരാധന നയിച്ച് പാപ്പാ ഫ്രാന്‍സിസ് സമാപനാശീര്‍വ്വാദം നല്‍കുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

ഈസ്റ്റര്‍ കഴിഞ്ഞ് 60-ാം ദിനത്തിലും പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയും പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ റോമില്‍ ആഘോഷിക്കുന്ന പതിവിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. അജപാലനകാരണങ്ങളാല്‍  ആഗോളസഭയില്‍ ഇത് ത്രിത്വത്തിന്‍റെ തിരുനാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയിലാണ് (ഈ വര്‍ഷം ജൂണ്‍ ൭-ാം തിയതി) ആഘോഷിക്കപ്പെടുന്നത്.  








All the contents on this site are copyrighted ©.