2015-06-03 19:27:00

ബോസ്നിയ അപ്പസ്തോലിക യാത്ര സമാധാനത്തിന്‍റെ തീര്‍ത്ഥാടനം


പാപ്പായുടെ ബോസ്‍നിയ സന്ദര്‍ശനം അവിടെ സമാധാനത്തിന്‍റെ തരംഗങ്ങളുയര്‍ത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ പ്രസ്താവിച്ചു.

ജൂണ് 6-ാം തിയതി ശനിയാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് തെക്കു-കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ബോസിനിയ-ഹെസെഗൊവീനിയയുടെ തലസ്ഥാന നഗരമായ സരയേവോയിലേയ്ക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്തുന്നത്.

ഒരു ദിവസം മാത്രം നീണ്ടുനില്ക്കുന്നതാണ് പാപ്പായുടെ സന്തര്‍ശനമെങ്കിലും സരയേവോയിലെ നഗരവാസികള്‍ മാത്രമല്ല, ബോസ്നിയ- ഹെര്‍സെഗൊവീനയിലെ ജനങ്ങള്‍ ചേരിതിരിവില്ലാതെ ഒന്നടങ്കം പാപ്പായെ സ്വീകരിക്കുവാന്‍ ഒരുങ്ങുന്നതെന്ന് റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

ഏ‍ഡ്രിയാറ്റിക്ക് തീരത്തുള്ള പുരാതന ബാള്‍ക്കന്‍ രാജ്യം വംശീയ രാഷ്ട്രീയ കലാപത്തില്‍ 1995-ല്‍ ഏറെ കെടുതികള്‍ അനുഭവിക്കുകയും, നിര്‍ദോഷികളുടെ രക്തച്ചൊരിച്ചിലിന് സാക്ഷൃമായിട്ടുമുള്ള നാടാണ്. അതിനാല്‍ ‘Mir Vama’ എന്ന സമാധാനദൂതുമായള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പര്യടനം ഹ്രസ്വമെങ്കിലും ഏറെ പ്രത്യാശ പകരുന്നതും, സാമൂഹ്യ-രാഷ്ട്രീയ ഐക്യത്തിന് വഴിതുറക്കുന്നതാകുമെന്നും വത്തിക്കാന്‍ റോ‍ഡിയോയുടെ ഡയറക്ടര്‍ ജനറല്‍കൂടിയായ ഫാദര്‍ ലൊമ്പാര്‍ഡി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സ്ഥാനാരോഹണത്തിന്‍റെ ആരംഭംമുതല്‍ എന്നും സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും സന്ദേശവാഹകനായ പാപ്പാ ഫ്രാന്‍സിസിന്‍റെ ബോസ്നിയ സന്ദര്‍ശനം 1995-വരെ രാഷ്ട്രീയ വംശീയ കലാപങ്ങളാല്‍ കലുഷിതമായ അവിടുത്തെ ജനതയ്ക്ക് ജാതിമത  ഭേദമെന്ന്യേ സ്വീകാര്യാമാണെന്ന പ്രതികരണമാണു അവിടെ നടക്കുന്ന ഒരുക്കങ്ങളില്‍നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നതെന്ന് പാപ്പായുടെ അപ്പസ്തോലിക യാത്രകളു‍ടെ സംവിധായകനുമായ ആല്‍ബര്‍ത്തോ ഗസ്ബാരിയും പങ്കുവച്ചു.








All the contents on this site are copyrighted ©.