2015-06-02 20:26:00

സരയേവോയ്ക്ക് പാപ്പായുടെ സ്നേഹദൂത്


ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ പക്കല്‍, സരയേവോയില്‍ എത്തുമെന്ന ചിന്ത എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. സരയേവോ നഗരവാസികളെ മാത്രമല്ല, ബോസ്നിയ-ഹെര്‍സെഗോവിനായിലെ ജനങ്ങളെ ആകമാനം ഞാന്‍ അഭിവാദ്യം ചെയ്യുന്നുവെന്നും ജൂണ്‍ രണ്ടാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍നിന്നും അയച്ച വിഡിയോ സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

അവിടത്തെ കത്തോലിക്കരെ വിശ്വാസത്തില്‍ ബലപ്പെടുത്തുന്നതിനും, സഭൈക്യ സംരംഭങ്ങളെയും മതാന്തരസംവാദ ശ്രമങ്ങളെയും പിന്‍തുണയ്ക്കുകയുമാണ് തന്‍റെ സന്ദര്‍ശന ലക്ഷൃമെന്ന് പാപ്പാ വ്യക്തമാക്കി. മാത്രമല്ല ജനങ്ങളുടെ സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വവും പ്രത്യേകം മനസ്സിലുണ്ടെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു. ഈ അപ്പസ്തോലിക യാത്രയുടെ ഫലപ്രാപ്തി അവിടുത്തെ ക്രൈസ്തവ സമൂഹത്തിനും, രാഷ്ട്രത്തിന് ആകമാനവും ലഭിക്കുവാന്‍ എല്ലാവരുടെയും  പ്രാര്‍ത്ഥന പാപ്പാ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

‘Mir Vama! ‘നിങ്ങള്‍ക്ക് സമാധാനം!’ പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യമാണിത്. ഉത്ഥാനനാളിലെ സായാഹ്നത്തില്‍ മേല്‍മുറിയില്‍ സമ്മേളിച്ചിരുന്ന അപ്പസ്തോലന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് ക്രിസ്തു ആദ്യം മൊഴിഞ്ഞ വാക്കുകളാണിത്. സമാധാന ദാതാവായ ക്രിസ്തുവായിരിക്കട്ടെ നിങ്ങളുടെ നാടിന്‍റെ ശക്തിയും പ്രത്യാശയും. അവിടുന്ന് സകലരുടെയും ഹൃദയങ്ങളെ സന്തോഷവും സ്നേഹവുംകൊണ്ടു നിറയ്ക്കട്ടെ!

സഹോദരനും സമാധാനദൂതനുമായിട്ടാണ് താന്‍ വരുന്നതെന്നും, സകലര്‍ക്കും സ്നേഹാദരങ്ങള്‍ നേരുന്നുവെന്നും പുഞ്ചിരിയോടെ പാപ്പാ വിഡിയോ സന്ദേശത്തിലൂ‍ടെ ആശംസിച്ചു. അന്നാട്ടിലെ ഓരോ പൗരനിലും, കുടുംബത്തിലും സമൂഹത്തിലും ദൈവത്തിന്‍റെ ആര്‍ദ്രമായ കാരുണ്യവും സ്നേഹവും വര്‍ഷിക്കപ്പെടട്ടെയെന്നും പ്രാര്‍ത്ഥിച്ചു.

ബോസ്നിയ-ഹെര്‍സെഗൊവേനിയയിലെ പ്രിയ ജനങ്ങളേ, ആത്മീയമായി എന്‍റെ സ്നേഹസാമീപ്യം എപ്പോഴും ഉറപ്പുതരുന്നു. കത്തോലിക്കരായ സഹോദരങ്ങള്‍ സഹപൗരന്മാര്‍ക്ക് ദൈവസ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും സാക്ഷികളായി ജീവിച്ചുകൊണ്ട്, സമാധാനത്തിന്‍റെയും സഹകരണത്തിന്‍റെയും പാതയില്‍ സഞ്ചരിക്കണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

 നേരില്‍ കാണുവാനുള്ള തീവ്രമായ ആഗ്രഹത്തോടെയും, ഒരിക്കല്‍ക്കൂടി സരയേവോ നഗരവാസികള്‍ക്കും അന്നാട്ടിലെ സകല ജനങ്ങള്‍ക്കും ദൈവാനുഗ്രഹം നേരുന്നു. പരിശുദ്ധ കന്യകാനാഥയുടെ മാതൃസംരക്ഷണം ഏവര്‍ക്കും എപ്പോഴും ഉണ്ടാവട്ടെയെന്നും പ്രാര്‍ത്ഥിച്ചു..

നന്ദി. ഇനി നേരില്‍ കാണുംവരെ....! - പാപ്പാ ഫ്രാ‍ന്‍സിസ്








All the contents on this site are copyrighted ©.