2015-05-31 14:32:00

ത്രിത്വൈക കൂട്ടായ്മയെ മനുഷ്യര്‍ക്ക് മാതൃകയാക്കാം


മെയ് 31-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ ത്രികാലപ്രാര്‍ത്ഥന പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

പ്രിയ സഹോദരങ്ങളേ, ഇന്നു നാം പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ കൊണ്ടാടുകയാണ് . പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നുള്ള ത്രിയേക ദൈവത്തിന്‍റെ രഹസ്യമാണ് തിരുനാള്‍ നമ്മെ അനുസ്മരിപ്പിക്കുന്നത്. നിത്യം ജീവിക്കുന്നവനും മനുഷ്യകുലത്തെ സ്നേഹിക്കുന്നവനുമായ ദൈവത്തോടും ദൈവത്തിലും ദൈവത്തിലൂടെയുമുള്ള ദൈവിക വ്യക്തിത്വങ്ങളുടെ പരസ്പരമുള്ള കൂട്ടായ്മയാണ് പരിശുദ്ധ ത്രിത്വം. എന്നാല്‍ ആരാണ് ഈ ദിവ്യരഹസ്യം വെളിപ്പെടുത്തിയത്? അത് ക്രിസ്തുവാണ്! ദൈവത്തെ പിതാവായും, ആത്മാവായും, പിന്നെ തന്നെത്തന്നെ പുത്രനായും വെളിപ്പെടുത്തിയത് ക്രിസ്തുവാണ്. ഉത്ഥാനാനന്തരം അവിടുന്ന് ശിഷ്യന്മാരോട് നിങ്ങള്‍ ലോകമെങ്ങുംപോയി പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സകലരെയും ജ്ഞാനസ്നാനപ്പെടുത്തുവിന്‍ എന്ന് ആഹ്വാനംചെയ്തപ്പോഴും ഈ ത്രിത്വരഹക്യം വെളിപ്പെടുത്തുന്നുണ്ട് (മത്തായി 28, 19).

അപ്പസ്തോലന്മാരിലൂ‍ടെ ക്രിസ്തുവിന്‍റെ പ്രേഷിതദൗത്യം പൈതൃകമായി സ്വീകരിച്ചിട്ടുള്ള സഭ എക്കാലത്തും എവിടെയും ത്രിത്വമഹാരഹസ്യം പ്രഘോഷിക്കുന്നു. ജ്ഞാനസ്നാനത്തിലൂടെ ഈ സുവിശേഷപ്രഘോഷണ ദൗത്യത്തില്‍ നിങ്ങളും ഞാനും, നാമെല്ലാവരും പങ്കുകാരാകുന്നുമുണ്ടെന്ന്, വത്തിക്കാനില്‍ വിശുദ്ധ പത്രോസി‍ന്‍റെ ചത്വരം തിങ്ങിനിന്ന ജനാവലിയെ പാപ്പാ അനുസ്മരിപ്പിച്ചു.

ആരാധനക്രമപരമായി ഈ ദിവസം തിരുനാളായി ആചരിച്ചുകൊണ്ട് അത്ഭുതാവഹമായ ഈ ദിവ്യരഹസ്യം നാം ധ്യാനിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു. അതുവഴി ത്രിത്വത്തിന്‍റെ മാതൃകയിലും ദൈവികൈക്യത്തിലും പങ്കുചേരുവാനും, സഹോദരങ്ങളുമായി ഐക്യത്തില്‍ ജീവിക്കുവാനുമുള്ള ദൗത്യം നവീകരിക്കപ്പെടുകയാണ്. ഒറ്റയ്ക്കു ജീവിക്കുവാനോ, കലഹിച്ചിരിക്കുവാനോ വിളിക്കപ്പെട്ടവരല്ല നാം, മറിച്ച് മറ്റുള്ളവരുടെ കൂടെയും, അവരുടെ കൂട്ടായ്മയിലും സമൂഹത്തിലും ജീവിക്കുവാന്‍ വിളിക്കപ്പെട്ടവരാണ്. അതായത് ജീവിത പരിസരങ്ങളി‍ല്‍ സന്തോഷവും സന്താപവും പങ്കുവച്ചുകൊണ്ടും, പരസ്പരം ക്ഷിമിച്ചും സഹിച്ചും ആദരിച്ചുകൊണ്ടും, സഭാ പിതാക്കന്മാരുടെ കീഴില്‍ സ്നേഹത്തില്‍ ജീവിച്ചുകൊണ്ട്, സുവിശേഷത്തിന്‍റെ മനോഹാരിതയ്ക്കും മൂല്യങ്ങള്‍ക്കും സാക്ഷികളായിരിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. ചുരുക്കത്തില്‍ ത്രിത്വത്തി‍ന്‍റെ പ്രഭ പ്രതിഫലിപ്പിക്കുന്ന സഭാ സമൂഹങ്ങളാകുവാനുള്ള ഉത്തരവാദിത്വം ക്രൈസ്തവ കുടുംബങ്ങള്‍ക്കുണ്ടെന്നും, സുവിശേഷവത്ക്കരണം വാക്കാല്‍ മാത്രമല്ല, നമ്മില്‍ വസിക്കുന്ന ദൈവത്തിന്‍റെ ശക്തിയാലാണ് യാഥാര്‍ത്ഥ്യമാക്കേണ്ടതെന്നും ഈ തിരുനാള്‍ അനുസ്മരിക്കണമെന്ന്, പാപ്പാ ഉദ്ബോധിപ്പിച്ചു. 

ജീവിതയാത്രയുടെ പരമമായ ലക്ഷൃം പരിശുദ്ധത്രിത്വവും, ഈ ദിവ്യരഹസ്യത്തിലുള്ള പങ്കുചേരലുമാണ്. അതിനാല്‍ ക്രൈസ്തവ ജീവിതം തീര്‍ച്ചയായും ത്രിത്വത്തിലേയ്ക്കുള്ള ആത്മീയയാത്രയാണ്. പരിശുദ്ധാത്മാവ് നമ്മെ ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെയും പ്രബോധനങ്ങളുടെയും അറിവിന്‍റെ പൂര്‍ണ്ണിമയിലേയ്ക്ക് നയിക്കുന്നു. മറുഭാഗത്ത് ക്രിസ്തു ഈ ലോകത്തിലേയ്ക്കു വന്നത് പിതാവിനെക്കുറിച്ചുള്ള അറിവു നമുക്ക് നല്‍കുന്നതിനും അവിടുന്നിലേയ്ക്ക് നമ്മെ നയിക്കുന്നതിനും, അവിടുന്നുമായി നമ്മെ രമ്യപ്പെടുത്തുന്നതിനുമാണ്. ക്രിസ്തീയ ജീവിതം ത്രിത്വരഹസ്യത്തില്‍ കേന്ദ്രീകൃതമായാണ് മുന്നോട്ടു പോകേണ്ടത്. അനന്തമായ ഈ ദിവ്യരഹസ്യത്തില്‍ സ്ഫുരിക്കുന്ന കൂട്ടായ്മയുടെ ക്രമത്തിലാണ് ക്രൈസ്തവ ജീവിതങ്ങള്‍ വളരേണ്ടത്. അതിനാല്‍ അനുദിന ജീവിതത്തില്‍ നാം നേടേണ്ട അമൂല്യമായ ത്രിത്വദാനത്തെ ധ്യാനിച്ചുകൊണ്ട്, യാതനയിലും വേദനയിലും, അദ്ധ്വാനത്തിലും സഹനത്തിലും പരമമായ ലക്ഷ്യം മാനിച്ചുകൊണ്ട് ക്രൈസ്തവ ജീവിതത്തിന്‍റെ പൊലിമ നിലനിര്‍ത്തവാന്‍ എന്നും പരിശ്രമിക്കേണ്ടതാണ്.

നമ്മുടെ ജീവിതങ്ങളെ പൂര്‍ണ്ണമായും ആശ്ലേഷിക്കുന്ന ഒന്നാണ് ത്രിത്വത്തിന്‍റെ ദിവ്യരഹസ്യം. നാം പിതാവിന്‍റെ പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെ നാമത്തിലാണ് കുരിശടയാളം വരയ്ക്കുന്നത്. അതിനാല്‍ ഒരുമിച്ചും ഉറക്കെയും ഈ ത്രിത്വസ്തുതി ഏറ്റുചൊല്ലാന്‍ സകലരെയും ക്ഷണിക്കുകയാണെന്ന് പാപ്പാ പ്രസ്താവിച്ചതും, ചത്വരം തിങ്ങിനിന്ന വന്‍ജനാവലി ഒന്നടങ്കം ത്രിത്വസ്തുതി ഏറ്റുചൊല്ലി. “പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആമ്മേന്‍!” 

തുടര്‍ന്ന് മേരിയന്‍ ചിന്തയിലേയ്ക്കാണ് പാപ്പാ ജനങ്ങളെ നയിച്ചത്:

മേരിയന്‍ മാസത്തിന്‍റെ അവസാനദിനത്തില്‍ മെയ്മാസ റാണിയുടെ മാദ്ധ്യസ്ഥ്യം യാചിക്കാമെന്ന് പാപ്പാ ആഹ്വാനംചെയ്തു. മറ്റാരെയുംകാള്‍ ത്രിത്വമഹാരഹസ്യം അറിയുകയും സ്നേഹിക്കുകയും ധ്യാനിക്കുകയും ചെയ്ത അമ്മ, ഈ ലോകത്തിലെ സംഭവബാഹുലതയില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തിന്‍റെ അടയാളങ്ങള്‍ മനസ്സിലാക്കി ജീവിക്കത്തക്കവിധം നമ്മെ കൈപിടിച്ചു നടത്തട്ടെ. തിരുക്കുമാരനായ ക്രിസ്തുവിനെ ധ്യാനിച്ചുകൊണ്ട് ത്രിത്വദര്‍ശനത്തില്‍ വളരാന്‍ അവിടുന്ന് ഇടയാക്കട്ടെ. കൂട്ടായ്മയുടെ മൗതിക രഹ്യമായ സഭ സകലരെയും വിശിഷ്യ പാവങ്ങളും പരിത്യക്തരുമായവരെ ആശ്ലേഷിക്കുന്ന സ്നേഹസമൂഹമായി വളരുവാന്‍ സ്വര്‍ഗ്ഗപുത്രിയും സ്നേഹപൂര്‍ണ്ണയുമായ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്. തുടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം ത്രികാല പ്രാര്‍ത്ഥനചൊല്ലുകയും, ചത്വരം തിങ്ങിനിന്ന മുപ്പതിനായിരത്തില്‍ ഏറെ വന്ന തീര്‍ത്ഥാടകരെ കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്യുകയും, ആശീര്‍വ്വദികക്കുകയും ചെയ്തു.

അടുത്ത ആഴ്ചയില്‍ പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ തിരുനാളാണെന്ന കാര്യം പാപ്പാ എല്ലാവരെയും അനുസ്മരിപ്പിച്ചു (യൂറോപ്പില്‍ ചിലയിടങ്ങളില്‍ ത്രിത്വത്തിന്‍റെ തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയാണ്. മറ്റിടങ്ങളിലും ഭാരതത്തിലും ത്രിത്വത്തിന്‍റെ തിരുനാളിനു ശേഷമുള്ള ഞായറാഴ്ചയാണ് ആചരിക്കപ്പെടുന്നത്). ത്രികാലപ്രാ‍ര്‍ത്ഥനാ പ്രഭാഷണം അവസാനിപ്പിക്കുന്നതിനു മുന്‍പ് നമുക്കൊരുമിച്ച് ഒരിക്കല്‍ക്കൂടെ ത്രിത്വൈക ദൈവത്തെ പ്രകീര്‍ത്തിക്കാം എന്നു ആഹ്വാനംചെയ്ത പാപ്പായോട് ചേര്‍ന്ന് ‍‍ ആര്‍ത്തിരമ്പിക്കൊണ്ട് ജനങ്ങള്‍ വീണ്ടും ഏറ്റുചൊല്ലി, “പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആമ്മേന്‍!” 

തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറന്നുപോകരുതെന്ന് ജനങ്ങളെ പ്രത്യേകം അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ ത്രികാലപാര്‍ത്ഥനാ വേദിയില്‍നിന്നും പിന്‍വാങ്ങിയത്.


 








All the contents on this site are copyrighted ©.