2015-05-31 16:47:00

ആശയവിനിമയത്തിന്‍റെ ശ്രേഷ്ഠ സങ്കേതമാണ് കുടുംബം


സ്നേഹദാനം പങ്കുവയ്ക്കപ്പെടുന്ന ആശയവിനിമയത്തിന്‍റെ ശ്രേഷ്ഠസങ്കേതം

പാപ്പാ ഫ്രാന്‍സിസിന്‍റെ 2015-ലെ സാമൂഹ്യ സമ്പര്‍ക്ക മാധ്യമദിന സന്ദേശം

1. ആശയവിനിമയം കുടുംബത്തില്‍

രണ്ട് സിനഡു സമ്മേളനങ്ങളിലൂടെ സഭയുടെ ആഴമായ വിചിന്തനങ്ങള്‍ക്ക് കുടുംബം. വിഷയമാവുകയാണ്. 2014 ഒക്ടോബറില്‍ കഴിഞ്ഞ പ്രത്യേക സിനഡു സമ്മേളനത്തില്‍ (Extraordinary Synod) കുടുംബമായിരുന്നു പ്രതിപാദ്യവിഷയം.  ഇനി 2015 ഒക്ടോബറില്‍ നടക്കുവാന്‍ പോകുന്ന സാധാരണ സിനഡും (Ordinary Synod of Bishops) കുടുംബം തന്നെയാണ് പഠനവിഷയമാക്കുന്നത്. അതുകൊണ്ട് ആഗോള സാമൂഹ്യസമ്പര്‍ക്ക മാധ്യമദിനത്തില്‍ കുടുംബം മുഖ്യചര്‍ച്ചാ വിഷയമാക്കുന്നത് പ്രസക്തമാണെന്നു ഞാന്‍ ചിന്തിക്കുന്നു. എന്തൊക്കെയായിരുന്നാലും ആശയ വിനിമയത്തിന്‍റെ ആദ്യ കളരിയാണ് കുടുംബം. കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ ആശയവിനിമയത്തെ വീക്ഷിക്കുവാനായാല്‍ അതിന് കൂടുതല്‍ ആധികാരികതയും മാനവികതയും കൈവരുമെന്നും കരുതുന്നു. അതൊടൊപ്പം ആശയവിനിമയ ശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ കുടുംബത്തെ നവമായൊരു കാഴ്ചപ്പാടില്‍ സമീപിക്കുവാനും സാധിക്കും.

2. ഉത്ഭവത്തില്‍ ലഭിക്കുന്ന സംവേദനശേഷി

മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്ന സുവിശേഷ ഭാഗത്തുനിന്നും പ്രചോദനം ഉള്‍ക്കൊള്ളാം (ലൂക്കാ 1, 3-56). ‘മറിയത്തിന്‍റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവളായി ഇങ്ങനെ ഉദ്ഘോഷിച്ചു, ‘സ്ത്രീകളില്‍ നീ അനുഗൃഹീതയാണ്. നിന്‍റെ ഉദരഫലവും അനുഗൃഹീതമാണ്’ (ലൂക്കാ1, 41-42).  

ശരീരിക ഭാഷയുമായി (body language) കലര്‍ന്ന സംവാദമാണ് ആശയവിനിമയമെന്ന് മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്ന സംഭവം ആദ്യമായി നമുക്കു കാണിച്ചു തരുന്നു. മറിയത്തിന്‍റെ അഭിവാദനത്തോടുള്ള ആദ്യത്തെ പ്രതികരണം എലിസബത്തിന്‍റെ ഉദരത്തില്‍ ആഹ്ലാദത്തോടെ തൂള്ളിച്ചാടിയ ശിശുവിന്‍റെതാണ്. എല്ലാവിധത്തിലുമുള്ള ആശയവിനിമയത്തിന്‍റെയും പ്രതീകവും പ്രഥമരൂപവുമാണ് മറ്റൊരാളെ കാണുമ്പോഴുണ്ടാകുന്ന സന്തോഷം. അതിനാല്‍ ശാരീരിക സംവാദം ഒരു വിധത്തില്‍ മനുഷ്യന്‍ ജനിക്കുന്നതിനു മുന്‍പേ ആര്‍ജ്ജിക്കുന്നുവെന്നും പറയാം. ഈ പശ്ചാത്തലത്തില്‍ വ്യക്തിക്ക് ആതിഥേയത്വമരുളുന്ന ഗര്‍ഭപാത്രമാണ് ആശയവിനിമയത്തിന്‍റെ ആദ്യ ‘പാഠശാല’യെന്നും സമര്‍ത്ഥിക്കാം.

അമ്മയുടെ ഹൃദയമിടിപ്പിന്‍റെ താളത്തിലും കവചിതമായ ഗര്‍ഭാശയത്തിന്‍റെ സുരക്ഷിത വലയത്തിലും വ്യക്തി പുറംലോകവുമായി ബന്ധപ്പെടുവാനും അതിനെ ശ്രവിക്കുവാനും തുടങ്ങുന്നു. അങ്ങനെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം, അമ്മയും കുഞ്ഞും തമ്മില്‍ വളരെ അടുത്ത ആത്മബന്ധം പുലര്‍ത്തുമ്പോഴും അവ വേറിട്ടുനില്ക്കുന്നു. എന്നാല്‍ ഒരുപാട് പ്രത്യാശകള്‍ ഉള്‍ക്കൊള്ളുന്ന ആശയവിനിമയത്തിന്‍റെ ആദ്യാനുഭവമാണ് ഈ ആത്മബന്ധം. അതുപോലെ നമ്മള്‍ എല്ലാവരും അമ്മമാരില്‍നിന്ന് ജനിച്ചതുകൊണ്ട് ഓരോരുത്തര്‍ക്കും എപ്പോഴും എവിടെയും പങ്കിടാവുന്ന അനുഭവവുമാണിത്.

3. കുടുംബം ആശയവിനിമയത്തിന്‍റെ ആദ്യകളരി

ജനനത്തിനു ശേഷവും ഗര്‍ഭപാത്രത്തിന്‍റെ സംരക്ഷണ വലയത്തിലാണ് നാം ഒരര്‍ത്ഥത്തില്‍. കാരണം പരസ്പര ബന്ധമുള്ള വ്യക്തികള്‍ ഉള്‍ച്ചേരുന്ന ഗര്‍ഭപാത്രം പോലെയാണ് കുടുബം. വ്യത്യസ്ഥതകള്‍ മാറ്റിവച്ചുകൊണ്ട് നാം മറ്റുള്ളവര്‍ക്കൊപ്പം ജീവിക്കുവാന്‍ പഠിക്കുന്നത് കുടുംബത്തിലാണ് (Evangelii Gaudium 66). ലിംഗഭേദവും, പ്രായവ്യത്യാസവും മാറ്റിനിറുത്തി കുടുംബത്തിലെ ഓരോരുത്തരും അദൃശ്യമായ ബാന്ധവത്തിലൂടെ പരസ്പരം അംഗീകരിക്കുന്നു. വ്യക്തികള്‍ തമ്മിലുള്ള പ്രായവ്യത്യാസം ഏറുന്തോറും, താല്പര്യങ്ങള്‍ വര്‍ദ്ധിക്കുന്തോറും കുടുംബാന്തരീക്ഷം കൂടുതല്‍ സമ്പുഷ്ടമാകുന്നു. ഭാഷയില്‍ രൂഢമൂലമാകുന്ന ബന്ധമാണ് തിരികെ അതിനെ ദൃഢപ്പെടുത്തുന്നത്. ഭാഷ നമ്മുടെ സൃഷ്ടിയല്ല, എന്നാല്‍ അത് ജന്മനാ സ്വീകരിച്ചതുകൊണ്ട് നമുക്കത് ഉപയോഗിക്കുവാന്‍ സാധിക്കുന്നു.

മാതൃഭാഷ അല്ലെങ്കില്‍ മുന്‍തലമുറയുടെ ഭാഷ സംസാരിക്കുവാന്‍ ശീലിക്കുന്നത് കുടുംബത്തിലാണ് (2 മക്കാബായര്‍ 7, 25, 27). അങ്ങനെ ജീവിക്കുവാനും, പിന്നെ ജീവന്‍ നല്കുവാനും, നല്ല കാര്യങ്ങള്‍ ചെയ്യുവാനും നമ്മെ പ്രാപ്തരാക്കുന്നത് ആദ്യമായി നമുക്കു മുന്നേ കുടുംബത്തില്‍ ജീവിച്ചിരുന്നവരാണെന്ന് മനസ്സിലാക്കാം – അത് കാരണവന്മാരാണെന്നതു വ്യക്തമാണ്. നല്ലതു സ്വീകരിച്ചതുകൊണ്ട് അതു പങ്കുവയ്ക്കുവാനും നമ്മള്‍ക്കാവണം. കുടുംബത്തിന്‍റെ കേന്ദ്രസ്ഥായിയായ ഈ ഉല്‍കൃഷ്ടവൃത്തമാണ് പരസ്പരവും മറ്റുള്ളവരുമായി ആശയവിനിമയം നടത്തുവാന്‍ നമ്മെ പ്രാപ്തരാക്കുന്നത്. പൊതുവേ പറഞ്ഞാല്‍, എല്ലാ ആശയവിനിമയത്തിനും മാതൃകയാണ് കുടുംബം.

നമുക്കു ‘മുന്നേ സംഭവിക്കുന്ന’ പരസ്പര ബന്ധങ്ങളുടെ അനുഭവം, കുടുംബത്തില്‍ ആശയവിനിമയത്തിന്‍റെ അടിസ്ഥാന രൂപമായ പ്രാര്‍ത്ഥനയ്ക്കും രൂപംനല്കുന്നു.                                                                                                         

മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ഉറക്കാന്‍ കിടത്തുമ്പോള്‍ അവരെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുകയും, അവരെ കാത്തുപാലിക്കണമേ എന്ന് നിരന്തരമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കുട്ടികള്‍ കുറേക്കൂടി വളരുമ്പോള്‍ മാതാപിതാക്കള്‍ അവരെ ലളിതമായ ചില പ്രാര്‍ത്ഥനകള്‍ പഠിപ്പിക്കുന്നു. മറ്റള്ളവരെക്കുറിച്ച് സ്നേഹത്തോടെ ചിന്തിക്കുവാനും തങ്ങളുടെ കാരണവന്മാര്‍, ബന്ധുമിത്രാദികള്‍, രോഗികള്‍ എന്നിവര്‍ക്കും പൊതുവേ സഹായം ആവശ്യമുള്ളവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെടുന്നു. അങ്ങനെ ആശയവിനിമയത്തിന്‍റെ മതാത്മകമായ തലം നമ്മില്‍ മിക്കവരും പഠിക്കുന്നതും കുടുംബത്തില്‍നിന്നാണ്. അത് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സ്നേഹമസൃണമാണ്. ദൈവം നമ്മില്‍ വര്‍ഷിക്കുന്ന സ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതാണത്.

4. കുടുംബക്കൂട്ടായ്മയിലെ ആശയവിനിമയമെന്ന മൂല്യം

ഓരോരുത്തരെയും ആശ്ലേഷിക്കുവാനും പിന്‍തുണയ്ക്കുവാനും നാം പഠിക്കുന്നത് കുടുംബത്തില്‍നിന്നാണ്. സ്വയം തിരഞ്ഞെടുത്തതെങ്കിലും പരസ്പരം അനുപേക്ഷണീയരായ ആളുകളുമായി ഒന്നിച്ചു ചിരിക്കുവാനും കരയുവാനും, അവരുടെ മുഖച്ചേഷ്ടകളുടെ അര്‍ത്ഥം തിരിച്ചറിയുവാനും, നിശബ്ദ നിമിഷങ്ങളുടെ പ്രാധാന്യം അറിയുവാനും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പരസ്പരം അംഗീകരിക്കുന്നതും കൂട്ടായ്മ വളര്‍ത്തുന്നതുമാണ് ആശയവിനിമയമെന്ന് മനസ്സിലാക്കുവാന്‍ ഇതു നമ്മെ സഹായിക്കും. അകല്‍ച്ചയും വൈവിധ്യങ്ങളും മറന്ന് വ്യക്തികള്‍ അടുക്കുമ്പോഴും, പരസ്പരം അംഗീകരിക്കുമ്പോഴും ജീവിതത്തില്‍ നന്ദിയും സ്നേഹവും അനുഭവവേദ്യമാകുന്നു. മറിയത്തിന്‍റെ അഭിവാദനവും ഉദരസ്ഥനായ ശിശുവിന്‍റെ തുള്ളിച്ചാടലും എലിസബത്തിന് ഒരനുഗ്രഹമാണ്. തുടര്‍ന്നുള്ള സ്തോത്രഗീതത്തില്‍ ദൈവമഹത്വത്തേയും, ദൈവത്തിന് തനിക്കും തന്‍റെ ജനത്തിനുമുള്ള പദ്ധതികളെയും മറിയം പ്രകീര്‍ത്തിക്കുന്നു. വിശ്വാസത്തോടെ പറയുന്ന ‘അതേ,’ എന്നൊരു വാക്ക് അല്ലെങ്കില്‍ സമ്മതം ഭൂമിയിലുള്ള നമ്മുടെ ജീവിതത്തെയും ജീവിത ചുറ്റുപാടുകളെയും മാറ്റിമറിക്കുന്ന ഫലമുളവാക്കുന്നു. ‘സന്ദര്‍ശിക്കുക’ എന്നാല്‍ വാതില്‍ തുറക്കുക എന്നാണ്. അതായത് നമ്മുടെ കൊച്ചുലോകത്ത് അടച്ചുപൂട്ടി ഇരിക്കുകയല്ല, മറിച്ച് മറ്റുള്ളവരിലേയ്ക്ക് ഇറങ്ങി ചെല്ലുകയാണ്. അതുപോലെതന്നെ പുറത്തേയ്ക്കും മറ്റുള്ളവരിലേയ്ക്കും സ്നേഹത്തില്‍ ഇറങ്ങിച്ചെല്ലുന്ന കുടുംബമാണ് കൂടുതല്‍ സജീവമാകുന്നത്. അവര്‍ മറ്റുള്ളവരുമായി ജീവന്‍റേയും കൂട്ടായ്മയുടേയും സന്ദേശം പങ്കുവയ്ക്കുകയും, ദൂര്‍ബലമായ കുടുംബങ്ങള്‍ക്ക് സാന്ത്വനവും പ്രത്യാശയും പകരുകയും ചെയ്യുന്നു. ഇത് കുടുംബങ്ങളുടെ കുടുംബമായ സഭയുടെ നിര്‍മ്മിതി അല്ലെങ്കില്‍ വളര്‍ച്ച സാധ്യമാക്കുന്നു.

5. കുടുംബത്തിന്‍റെ പരിമിതികളിലും യാഥാര്‍ത്ഥ്യമാകുന്ന ആശയവിനിമയം

നമ്മുടെയും മറ്റുള്ളവരുടെയും പരിമിതികളും, സമാധാനപരമായ സഹവര്‍ത്തിത്വത്തെ തകര്‍ക്കുന്ന ചെറുതും വലുതമായ പ്രശ്നങ്ങളെക്കുറിച്ചും, മറ്റെവിടുത്തെക്കാളും അനുദിനം നമ്മള്‍ അറിയുന്നത് കുടുംബത്തിലാണ്. പൂര്‍ണ്ണതയുള്ള കുടുംബം ഉണ്ടായിരിക്കണമെന്നില്ല. കുടുംബത്തിലെ അപൂര്‍ണ്ണതകളെയും ബലഹീനതകളെയും, ചിലപ്പോള്‍ സംഘട്ടനങ്ങളെയും നാം ഭയക്കരുത്. മറിച്ച് അവയെ ക്രിയാത്മകമായി നേരിടാന്‍ പഠിക്കണം. നമ്മുടെ പാപങ്ങള്‍ക്കും പരിമിതികള്‍ക്കും അപ്പുറം പര്സപരം സ്നേഹിക്കുവാന്‍ ശീലിക്കുന്ന കുടുംബം ക്ഷമയുടെ പാഠശാലയായി മാറുന്നു. അതിനാല്‍ മാപ്പു നല്കുന്നതും അത് സ്വീകരിക്കുന്നതും ആശയവിനിമയത്തിന്‍റെ പ്രക്രിയതന്നെയാണ്.

കുറ്റം അംഗീകരിക്കുമ്പോഴും ഏറ്റുപറയുമ്പോഴും തകര്‍ന്നുപോയ ആശയവിനിമയശൃംഖല പുനഃസ്ഥാപിക്കുവാനുള്ള സാധ്യത തെളിയുകയാണ്. മറ്റുള്ളവരെ ക്ഷമയോടെ ശ്രവിക്കുവാനും മറ്റുള്ളവരോട് ആദരപൂര്‍വ്വം പെരുമാറുവാനും അവരെ നിഷേധിക്കാതെതന്നെ സ്വന്തം ആശയങ്ങള്‍ പ്രകാശിപ്പിക്കുവാനും കുടുംബങ്ങളില്‍ പരിശീലിക്കുന്ന കുട്ടി സമൂഹത്തില്‍ ആശയവിനിമയത്തിനും അനുരഞ്ജനത്തിനും ഉതകുന്ന ശക്തിയായി മാറുന്നു. ആശയനിവിമയത്തിന്‍റെ വെല്ലുവിളികളെക്കുറിച്ചു ചിന്തിക്കുമ്പോള്‍, വൈകല്യമുള്ള കുട്ടികള്‍ ഒന്നോ അതിലധികമോ ഉള്ള കുടുംബങ്ങളില്‍നിന്ന് നമുക്ക് ഏറെ പഠിക്കുവാനുണ്ട്.

6. കുടുംബത്തിലെ കൂട്ടായ സംവേദനം

ശാരീരികമോ, മാനസികമോ, ബൗദ്ധികവുമോ ആയ പരിമിതിയുടെ ഫലമായി വ്യക്തികള്‍ കുടുംബങ്ങളില്‍ സ്വയം കൊട്ടിയടക്കപ്പെടാം. അതേ സമയംതന്നെ മാതാപിതാക്കളുടെയും സഹോദരങ്ങളുടേയും സുഹൃത്തുക്കളുടെയും സ്നേഹത്തിന്‍റെ പരിലാളനയില്‍ പങ്കുവയ്ക്കുവാനും, തുറന്ന് പെരുമാറുവാനും, ആശയവിനിമയം നടത്തുവാനുമുള്ള പ്രേരണയും പ്രചോദനവും ലഭിക്കുന്നതും നന്ദിയോടെ അനുസ്മരിക്കേണ്ടതാണ്. ഇത് സ്ക്കൂളുകള്‍ക്കും ഇടവകകള്‍ക്കും സാമുദായിക സംഘടനകള്‍ക്കും എല്ലാവരേയും ഒന്നായി ഉള്‍ക്കൊള്ളുവാനും സ്വാഗതം ചെയ്യുവാനുള്ള മാതൃകയാണ്.

മനുഷ്യര്‍ക്കിടയില്‍ ഭിന്നത വളര്‍ത്തുകയും നമ്മുടെ സാമൂഹ്യപരിസ്ഥിതിയെ മലീമസമാക്കുകയുംചെയ്യുന്ന പരദൂഷണത്തിന്‍റേയും പഴിക്കലിന്‍റേയും തെറിയുടെയും തൊഴിയുടെയും അപവാദങ്ങളുടെയും മദ്ധ്യേ ആശയവിനിമയം ഒരു വരദാനമാണെന്നു മനസ്സിലാക്കിക്കൊടുക്കുവാന്‍ കുടുംബങ്ങള്‍ക്കു സാധിക്കും. അക്രമവും വിദ്വേഷവും നടമാടുന്ന സാഹചര്യങ്ങളില്‍, അവയുടെ കനത്ത ഭിത്തികളാല്‍ കുടുംബങ്ങള്‍ വിഭജിക്കപ്പെടുമ്പോഴും മുന്‍വിധിയുടേയോ, വെറുപ്പിന്‍റേയോ വേദനയാല്‍ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുമ്പോഴും ‘കഴിഞ്ഞതെല്ലാം കഴിഞ്ഞു,’ എന്നു പറയുവാന്‍ വേണ്ടുവോളം കാരണമുള്ളപ്പോഴും ശപിക്കുന്നതിലൂടെയല്ല അനുഗ്രഹിക്കുന്നതിലൂടെയും, അകന്നിരിക്കുന്നതിലുമല്ല സാമീപ്യത്തിലൂടെയാണ്; കലഹിക്കുന്നതിലല്ല പരസ്പരം അംഗീകരിക്കുന്നതിലാണ് നമ്മള്‍ സായുജ്യം കണ്ടെത്തേണ്ടതെന്നും, തിന്മയുടെ പിരിയന്‍ കോണികള്‍ തകര്‍ത്താണ് നന്മയുടെ വിജയം സാധിതമാക്കുന്നതെന്നു തെളിയിക്കുവാനും, അങ്ങനെ ഇളംതലമുറയെ കൂട്ടായ്മയില്‍ വളര്‍ത്തുവാനും കുടുംബങ്ങള്‍ക്കു സാധിക്കും.

7. കുടുംബങ്ങളില്‍ തുടങ്ങേണ്ട മാധ്യമബോധനം

യുവാക്കളുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഭാഗമായി മാറിയിരിക്കുന്ന ആധുനിക മാധ്യമങ്ങള്‍ ഇന്ന് കുടുംബചുറ്റുപാടുകളില്‍ ആശയവിനിയത്തിന് ഓരേസമയം സഹായകവും പ്രതിബന്ധവുമായി മാറാവുന്നതാണ്. മറ്റുള്ളവരെ ശ്രവിക്കുന്നതിനും അവരുമായി ഇടപഴകുന്നതിനും മാധ്യമങ്ങള്‍ പ്രതിബന്ധമായി വരികയാണെങ്കിലും, കുടുംബത്തിലെ വിശ്രമത്തിന്‍റെയും നിശബ്ദതയുടെയും ഓരോ നിമിഷങ്ങളും കുത്തി നിറയ്ക്കുവാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതിലൂടെ നിശ്ബദതയും വിശ്രമവും ആശയവിനിമയത്തിന്‍റെ ഭാഗമാണെന്ന് നാം മറന്നുപോകുന്നു. (പാപ്പാ ബനഡിക്ട് 16-ാമന്‍, സന്ദേശം 2012)

ജീവിതകഥകള്‍ പങ്കുവയ്ക്കുവാനും, വിദൂരസ്ഥരായ സുഹൃത്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുവാനും, ചിലര്‍ക്ക് നന്ദിപറയുവാനും, മറ്റുചിലര്‍ക്ക് മാപ്പു നല്കുവാനും, മാപ്പു യാചിക്കുവാനും, പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കുവാനും ഇന്ന് മാധ്യമങ്ങള്‍ ഉതകിയേക്കാം. മറ്റുള്ളവരോട് ഇടപെടുന്നതിന്‍റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടും, തത്സമയം അതിന് വിധേയരാകാതെും, ഈ ‘പുതിയ മാധ്യമ സാദ്ധ്യതകള്‍’ നാം ബുദ്ധിപരമായി ഉപയോഗിക്കേണ്ടതാണ്; കുട്ടികളുടെ തനതായ രീതികളിലേയ്ക്കും ആധുനിക മാധ്യമങ്ങള്‍ക്കും വിട്ടുകൊടുക്കാതെ ഇവിടേയും മാതാപിതാക്കളാണ് അവര്‍ക്ക് പ്രധാന മാര്‍ഗ്ഗദര്‍ശികളാകേണ്ടത്. നവമായ മാധ്യമ പരിസരത്ത് ക്രൈസ്തവ സമൂഹം മനുഷ്യാന്തസ്സു മാനിച്ചുകൊണ്ടും പൊതുന്മയ്ക്കായ് പ്രവര്‍ത്തിച്ചുകൊണ്ടും എങ്ങനെ ജീവിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു (Media Education).

വിവരം നേടുവാനും അത് ഉപയോഗിക്കുവാനും പഠിക്കുന്നതിനെക്കാള്‍, പരസ്പരം സംവദിക്കുവാന്‍ എങ്ങനെ പഠിക്കും, എങ്ങനെ സാധിക്കും എന്നതാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. പ്രധാന്യവും സ്വാധീനവുമുള്ള ആധുനിക മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് വിവരം ആര്‍ജ്ജിക്കുവാനുള്ള പ്രവണതയാണ്. വിവരം അല്ലെങ്കില്‍ അറിവ് പ്രധാനമാണ്. എന്നാല്‍ അതുമാത്രംകൊണ്ടായില്ല. മിക്കവാറും സന്ദര്‍ഭങ്ങളില്‍ കാര്യങ്ങള്‍ ലളിതമാക്കപ്പെടുകയാണ്, വ്യത്യസ്ഥ നിലപാടുകളും വീക്ഷണ കോണുകളും പരസ്പര വിരുദ്ധമായിത്തീരുന്നു. പിന്നെ, കാര്യങ്ങള്‍ സമഗ്രമായി കാണുവാന്‍ സാധിക്കാതെ ആളുകള്‍ പക്ഷംചേരുവാന്‍ ക്ഷണിക്കപ്പെടുന്നു.

8. ഉപസംഹാരം

പ്രത്യയ ശാസ്ത്രപരമായ സംവാദങ്ങള്‍ക്കോ, ആശയ സംഘട്ടനങ്ങള്‍ക്കോ ഉള്ള മേഖലയല്ല കുടുംബമെന്ന് നമുക്ക് സംഗ്രഹിക്കാം. മറിച്ച് കൂട്ടായ്മയുടെയും ഐക്യത്തിന്‍റെയും അനുഭവത്തിലൂടെ നാം ആശയവിനിമയം ചെയ്യുവാന്‍ പഠിക്കുന്ന ചുറ്റുപാടാണ് കുടുംബം. ‘ആശയവിനിമയം അടിത്തറയായ ആദര്‍ശ സമൂഹമാണിത്.’ ജീവിതത്തില്‍ വളരുവാനും ഫലവത്താകുവാനും സഹായിക്കുന്ന വേദിയാണ് കുടുംബം. ഇതു മനസ്സിലാക്കിയാല്‍, പ്രതിസന്ധിയിലായ സ്ഥാപനമോ പ്രശ്നസങ്കേതമോ അല്ല കുടുംബമെന്നും, മറിച്ച് മാനവികതയുടെ സമ്പുഷ്ടമായ നന്മയുടെയും ഉഭയസാധ്യതകളുടെയും സ്രോതസ്സായി സമൂഹത്തില്‍ അത് തുടരുമെന്ന് മനസ്സിലാക്കുവാന്‍ ഇതു നമ്മെ സഹായിക്കും.

ജീവിക്കുന്ന യാഥാര്‍ത്ഥ്യമായല്ല, പ്രത്യുത നിരസിക്കുവാനോ സ്വീകരിക്കുവാനോ, പ്രതിരോധിക്കുവാനോ ആക്രമിക്കുവാനോ ഉള്ള ഒരു അമൂര്‍ത്ത സങ്കല്പമായി പലപ്പോഴും മാധ്യമങ്ങള്‍ കുടുംബത്തെ അവതരിപ്പിക്കുന്നുണ്ട്. സ്നേഹം സ്വീകരിക്കുകുയം തിരിച്ചു നല്കുകയും ചെയ്യുന്നതിലൂടെ ആശയവിനിമയം സാധ്യമാക്കുന്ന ഒരു പരിസരമായിട്ടല്ല പ്രത്യയശാസ്ത്ര സംഘട്ടനങ്ങള്‍ക്കുള്ള വേദിയായി അല്ലെങ്കില്‍ കുടുംബം മാറും. ജീവിതാനുഭവങ്ങള്‍ വച്ചുനോക്കുമ്പോള്‍ തനിമയുള്ള വ്യക്തികളെയും വിഭിന്നാഭിപ്രായമുള്ളവരുടെ ജീവിതങ്ങളെയും കോര്‍ത്തിണക്കുന്ന യാഥാര്‍ത്ഥ്യമാണ് കുടുംബം. നമ്മുടെ സ്വരം വിഭിന്നമാണെന്നും ഓരോന്നിനും തനതു പ്രത്യേകതകളുണ്ടെന്നും ഒരൊറ്റ യാഥാര്‍ത്ഥ്യത്തോടെ ബന്ധിതമാണ് കുടുംബമെന്നും നാം മനസ്സിലാക്കുന്നു. സമൂഹത്തിന്‍റെ പ്രശ്നമായല്ല, ഉഭയസാധ്യതകളുടെ പ്രഭവ സ്ഥാനമായി കുടുംബങ്ങളെ കാണേണ്ടിയിരിക്കുന്നു.

സ്ത്രീയും പുരുഷനും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള  പരസ്പര ബന്ധത്തിന്‍റെ  ധാരണയ്ക്കും സാന്ദ്രതയ്ക്കും സമ്പന്നതയ്ക്കും സൗന്ദര്യത്തിനും സാക്ഷികളാകുന്നതിലൂടെയാണ് കുടുംബങ്ങളില്‍ യഥാര്‍ത്ഥമായ ആശയവിനിമയം നടക്കുന്നത്. ഭൂതകാലത്തെ പ്രതിരോധിക്കുവാന്‍ പോരാടുകയല്ല, മറിച്ച് ക്ഷമയോടും ആത്മവിശ്വാസത്തോടുംകൂടെ ശോഭനമായൊരു ഭാവി നാം ജീവിക്കുന്ന ലോകത്ത് വളര്‍ത്തുവാന്‍ പരിശ്രമിക്കുകയാണു വേണ്ടത്. End.

 

 

 








All the contents on this site are copyrighted ©.