2015-05-26 19:04:00

ഭൂമിയും സ്വര്‍ഗ്ഗവും ഒരുമിച്ചു നേടാനാവില്ലെന്ന് പാപ്പാ ഫ്രാന്‍സിസ്


ക്രിസ്തുവിനെയും ലൗകിക വസ്തുക്കളെയും ഒരുമിച്ച് അനുധാവനംചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്, മെയ് 26-ാം തിയതി ചൊവ്വാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചനസമീക്ഷയില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു.

ജീവിതത്തില്‍ മൗലികമായ ജീവിതശൈലി തിരഞ്ഞെടുക്കുവാന്‍ ക്രൈസ്തവര്‍ ബാദ്ധ്യസ്ഥരാണ്. പകുതി ക്രിസ്ത്യാനി ആയിക്കൊണ്ട് സ്വര്‍ഗ്ഗവും ഭൂമിയും ഒരുമിച്ചു നേടാമെന്നു കരുതുന്നത് മൗഢ്യമാണെന്ന് പാപ്പാ പ്രസ്താവിച്ചു. തന്നെ അനുഗമിച്ചാല്‍ തങ്ങള്‍ക്ക് എന്തു ലഭിക്കും, എന്ന പത്രോസിന്‍റെ ചോദ്യത്തിനു മറുപടിയായിരുന്നു ക്രിസ്തുവിന്‍റെ മൗലിക ദര്‍ശനങ്ങള്‍. അവിടുത്തെ അനുഗമിക്കാന്‍ ആഗ്രഹിച്ച ധനികനായ യുവാവിനോട്, പോയി ഉള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുത്തിട്ടു വന്ന് തന്നെ അനുഗമിക്കുക, എന്നു പ്രസ്താവിച്ച അവിടുത്തോടാണ് പത്രോസ് ചോദ്യം ആരാഞ്ഞത്.

ക്രിസ്ത്യാനിക്ക് രണ്ടു വഞ്ചിയില്‍ കാലുവച്ചു നില്ക്കാനാവില്ല – ഭൗമികവും സ്വര്‍ഗ്ഗിയവുമായ കാഴ്ചപ്പാട് ഒരുമിച്ച് സാധ്യമല്ലെന്നായിരുന്നു ക്രിസ്തുവിന്‍റെ വാദം. ഗുരുവിന്‍റെ മറുപടി ശിഷ്യന്മാര്‍ക്ക് അപ്രതീക്ഷിതവും ആശ്ചര്യാവഹവുമായിരുന്നെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അവിടുന്ന് തന്‍റെ ശിഷ്യന്മാരോട് ലൗകിക സമ്പത്തിനെക്കുറിച്ചല്ല സംസാരിക്കുന്നത്, മറിച്ച് ദൈവരാജ്യത്തിലെ സമ്പത്തിനെക്കുറിച്ചാണ്. അതുപോലെ പീ‍ഡനങ്ങളെക്കുറിച്ചും ജീവിതക്കുരിശുകളെക്കുറിച്ചുമാണ്.

ക്രിസ്ത്യാനി ലൗകിക വസ്തുക്കളില്‍ ദൃഷ്ടി പതിച്ചു ജീവിക്കുന്നത്, ഇരട്ട താപ്പു നയമാണ്, സ്വര്‍ഗ്ഗവും ഭൂമിയും ഒരുപോലെ. ഇവ രണ്ടിന്‍റെയും മാറ്റുരയ്ക്കലാണ്, പീഡനവും കുരിശുകളും. സ്വയം പരിത്യജിച്ച് കുരിശു വഹിക്കുക.... കുരിശും വഹിച്ചുകൊണ്ട് ഗുരുവിനെ പിഞ്ചെല്ലുക എന്ന സംജ്ഞ എങ്ങനെ പര്യവസാനിക്കും എന്ന് ശിഷ്യന്മാര്‍ക്കുതന്നെ രുപമൊന്നും ഉണ്ടായിരുന്നില്ല.

സെബദീ പുത്രന്മാരുടെ അമ്മ തന്‍റെ മക്കള്‍ക്കുവേണ്ടി ദൈവരാജ്യത്തിലെ രണ്ടു പ്രമുഖ സ്ഥാനങ്ങള്‍ അവശ്യപ്പെട്ട സംഭവവും പാപ്പാ വചനചിന്തിയില്‍ കൂട്ടിച്ചേര്‍ത്തു. ഒരാളെ പ്രധാനമന്ത്രിയും മറ്റെയാളെ ധനകാര്യമന്ത്രിയും ആക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ ആ അമ്മ ലൗകിക മാര്‍ഗ്ഗത്തിലാണ് കണ്ണിട്ടതെന്ന് പാപ്പാ പ്രസ്താവിച്ചു.

പെന്തക്കൂസ്താനാളിലാണ് ശിഷ്യന്മാര്‍ക്ക് എല്ലാം വെളിപ്പെട്ടു കിട്ടിയത്. അന്നാണ് അവരുടെ ഹൃദയങ്ങള്‍ പവിത്രമായത്. അവര്‍ക്ക് ക്രിസ്ത്വാനുകരണത്തിന്‍റ പൊരുള്‍ മനസ്സിലായി. അത് പ്രതിഫലേച്ഛയൊന്നുമില്ലാത്ത അനുഗമിക്കലാണെന്ന് അവര്‍ക്ക് മനസ്സിലായി. അവിടുന്നു നല്കുന്ന പ്രതിഫലേച്ഛയൊന്നും ഇല്ലാത്ത സ്നേഹത്തിന്‍റെയും രക്ഷയുടെയും പ്രതീകമാണിത്. സാമ്പത്തിക നേട്ടത്തില്‍ ദൃഷ്ടിപതിച്ച ക്രിസ്തീയത ലൗകികവും സ്വാര്‍ത്ഥവുമാണെന്ന് പാപ്പാ വ്യക്തമാക്കി.

സമ്പത്തും, മിഥ്യയും അഹങ്കാരവും ക്രിസ്തുവില്‍നിന്നും നമ്മെ അകറ്റുന്നു. ധനാസക്തരായ ക്രൈസ്തവര്‍ നേരായ വീക്ഷണം നഷ്ടപ്പെട്ടവരും ലക്ഷൃബോധമില്ലാത്തവരുമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. പിന്നെയും ക്രിസ്തു പറയുന്നു. ഒന്നാമന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തെതാണെന്നും, ദാസനാണെന്നും, വിനീതനുമാണെന്ന ഭാവത്തില്‍ ജീവിക്കണമെന്ന് പറയുന്ന ക്രിസ്തുവി‍ന്‍റെ മൊഴികള്‍ പാപ്പാ വചനചിന്തയില്‍ അനുസ്മരിപ്പിച്ചു.

മാനുഷികമായ കാഴ്ചപ്പാടില്‍ ക്രിസ്തുവിനെ അനുഗമിക്കുക അത്ര എളുപ്പമല്ല, കാരണം അത് സ്വാഭാവികതയില്‍ നാം ഇഷ്ടപ്പെടാത്ത ദാസ്യമായ സേവനശുശ്രൂഷയാണ്. ക്രിസ്തു നല്കുന്ന അവസരം ആദ്യത്തേതാണെങ്കിലും, വിളിക്കപ്പെട്ടവന്‍ അതുചെയ്യേണ്ടത് അവസാനത്തേതുപോലെയും ദാസനെപ്പോലെയുമാണ്. അവിടുന്ന് സമ്പത്തു നല്കിയാലും അത് മറ്റുള്ളവര്‍ക്കായി ഉപയോഗിക്കുവാനും പങ്കുവയ്ക്കുവാനും സ്വീകര്‍ത്താവ് സന്നദ്ധനായിരിക്കണം. സമ്പത്തും മിഥ്യയും അഹങ്കാരവുമാണ് നമ്മെ ക്രിസ്തുവില്‍നിന്നും അകറ്റിനിര്‍ത്തുന്നത്. അവ നമ്മെ മിഥ്യാബോധത്തിലേയ്ക്ക് ഉയര്‍ത്തുന്ന അപകടങ്ങളാണ്. അതുവഴി അഹന്ത വര്‍ദ്ധിച്ച് വ്യക്തികള്‍ സ്വയം മറന്നു ജീവിക്കുന്ന അവസ്ഥയുണ്ടാകുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രിസ്തു പഠിപ്പിക്കുന്ന ഈ വിനീതഭാവവും സേവനമനഃസ്ഥിതിയും ഉള്‍ക്കൊള്ളുക എളുപ്പമല്ലെന്നും, അതിന് ശൂന്യവത്ക്കരണത്തിന്‍റെ അഹന്ത അഴിച്ചുമാറ്റുന്ന പ്രക്രിയ അഭ്യസിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഇത് വിനയത്തിന്‍റെ ശാസ്ത്രവും, പൊതുജീവിതത്തില്‍ ധാരാളം നന്മചെയ്യുകയും എന്നാല്‍ പിന്നാമ്പുറത്ത് ആയിരിക്കുന്ന മനോഭാവത്തി‍‍ന്‍റെ മനഃശാസ്ത്രവുമാണെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.