2015-05-20 18:15:00

എല്‍ സാല്‍വദോറിന്‍റെ രക്തസാക്ഷി വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക്


ആര്‍ച്ചുബിഷപ്പ് റൊമേരോ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു.

മെയ് 23-ാം തിയതി ശനിയാഴ്ച ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിലെ കത്തീദ്രല്‍ ദേവാലയാങ്കണത്തില്‍വച്ചാണ് ആര്‍ച്ചുബിഷപ്പ് റൊമേരോയെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്. സാന്‍ സാല്‍വതോറിന്‍റെ മെത്രാപ്പോലീത്താ ആര്‍ച്ചുബിഷപ്പ് റൊമേരോ മനുഷ്യരുടെ മദ്ധ്യേയുള്ള അസമത്വത്തിനും, ഭരണകൂടത്തിന്‍റെ ക്രൂരതയ്ക്കുമെതിരെ ശബ്ദമുയര്‍ത്തിയ ക്രിസ്തുവിന്‍റെ പോരാളിയെയാണ് സഭ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തുന്നതെന്ന്, വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനള്‍ ആഞ്ചലോ അമാത്തോ വത്തിക്കാന്‍ റേ‍ഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

വിശ്വാസത്തോടുള്ള വിദ്വേഷത്താലാണ്, രാഷ്ട്രീയ കാരണങ്ങളാലല്ല ഈ നല്ലിടയന്‍ കൊല്ലപ്പെട്ടതെന്ന് പാപ്പാ ഫ്രാ‍ന്‍സിസ് ആര്‍ച്ചുബിഷപ്പ് രൊമേരോയുടെ രക്തസാക്ഷിത്വത്തെ വിശേഷിപ്പിച്ചു. ക്രൈസ്തവ വിശ്വാസവും വിശ്വാസ സമൂഹത്തെയും സംരക്ഷിക്കാന്‍  ക്രിസ്തുവിന്‍റെ ബലിവേദിയില്‍ ജീവന്‍ സമര്‍പ്പിച്ച ആര്‍ച്ചുബിപ്പ് റൊമേരോയെ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ മുഖ്യകാര്‍മ്മികനായുള്ള തിരുക്കര്‍മ്മങ്ങളി‍ലാണ് വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.

ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ റൊമേരോയുടെ രക്ഷസാക്ഷിത്വം പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ 2015 ഫെബ്രുവരി 3-ാം തിയതി ചൊവ്വാഴ്ച സമര്‍പ്പിച്ച നാമകരണ നടപടികള്‍ക്കുള്ള ഡിക്രി പരിശോധിച്ച് അംഗീകരിച്ചുകൊണ്ടാണ്, മദ്ധ്യമേരിക്കയിലെ എല്‍ സാല്‍വദോര്‍ അതിരൂപതാ മെത്രാപ്പോലീത്തായും പാവങ്ങളുടെ പോരാളിയുമായിരുന്ന ആര്‍ച്ചുബിഷപ്പ് റൊമേരോയുടെ രക്തസാക്ഷിത്വം പാപ്പാ ഫ്രാന്‍സിസിന് പ്രഖ്യാപിച്ചത്. ദൈവദാസന്‍റെ മാദ്ധ്യസ്ഥ്യത്തില്‍ പ്രത്യേക അത്ഭുതം ഇല്ലാതെയാണ് പാപ്പാ ഫ്രാന്‍സിസ് ആര്‍ച്ചുബിഷപ്പ് റൊമേരോയെ ദൈവദാസനായി ഉയര്‍ത്തുന്നതിനുള്ള അംഗീകാരം നല്കിയത്.

1980 മാര്‍ച്ച് 24-ാം തിയതി ജനങ്ങള്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിക്കവെയാണ് വിശ്വാസവിരുദ്ധരുടെ വെടിയേറ്റ് ബലിവേദിയില്‍ ആര്‍ച്ചുബിഷപ്പ് റൊമേരോ രക്തസാക്ഷിത്വം വരിച്ചത്. 








All the contents on this site are copyrighted ©.