2015-05-18 14:05:00

ബറൂണ്ടിയുടെ സമാധാനത്തിനായി ത്രികാല പ്രാര്‍ത്ഥനയില്‍ പാപ്പാ പ്രാര്‍ത്ഥിച്ചു


മെയ് 17-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഉമ്മറത്തെ ചത്വരത്തില്‍ അര്‍പ്പിച്ച ദിവ്യബലിക്കുശേഷം അവിടെ സമ്മേളിച്ച വിവിധ രാജ്യക്കാരായ ജനാവലിയ്ക്കൊപ്പം പാപ്പാ പതിവുള്ള ത്രികാല പ്രാര്‍ത്ഥന ചൊല്ലുകയും ഹ്രസ്വമായ സന്ദേശം നല്‍കുകയും ചെയ്തു.

ആഫ്രിക്കന്‍ രാജ്യമായ ബറൂണ്ടിയില്‍ നടക്കുന്ന അഭ്യന്തരകാലപാത്തെക്കുറിച്ച് പരാമര്‍ശിച്ചികൊണ്ടാണ് പാപ്പാ ആരംഭിച്ചത്. അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍തഥിക്കണമെന്ന് അഭ്യാര്‍ത്ഥിച്ചു. ഇപ്പോഴത്തെ ഭരണകൂടത്തെ അട്ടിമറിച്ച് അധികാരമേറുവാനുള്ള വിമതരുടെ ശ്രമമാണ് അവിടത്തെ സങ്കീര്‍ണ്ണവും അടിയന്തിരവുമായ കലാപങ്ങള്‍ക്കു പിന്നിലെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ധാരാളം പേര്‍ കൊല്ലപ്പെടുകയും രാജ്യത്താകമാനം ഭീതിയും അസ്വസ്ഥതയും ഉയര്‍ന്നിട്ടുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു. മദ്ധ്യാഫ്രിക്കന്‍ രാജ്യമായ ബറൂണ്ടിയുടെ രാഷ്ട്രീയ സന്തുലിതാവസ്ഥയ്ക്കും സമാധാനത്തിനുമായി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. അക്രമത്തിന്‍റെ പാത പരിത്യജിച്ച് ഉത്തരാവാദിത്വത്തോടെ പ്രവർത്തിക്കുവാൻ ക്രിസ്തു എല്ലാവരേയും സഹായിക്കട്ടെയെന്നും, അന്നാട്ടില്‍ സമാധാനം ഉണ്ടാവട്ടെയെന്നും പാപ്പാ ആശംച്ചു.

ആഗോള സഭയിലെ നാല് പുണ്യാത്മാക്കളെ വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തിയ ചടങ്ങിന് വിവിധ നാടുകളിൽനിന്നും എത്തിയ എല്ലാവരെയും പാപ്പാ അഭിവാദ്യംചെയ്തു. നാമകരണ നടപടിക്രമത്തില്‍ പങ്കെടുക്കുവാനായി പാലസ്തീൻ, ഇസ്രായേൽ, ജോർദ്ദാൻ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നെത്തിയ കർദ്ദിനാളന്മാരും, ബിഷപ്പുമാരും, വൈദികരും, അൽമായരും ഉൾപ്പെട്ട ഔദ്യോഗിക സംഘത്തെ പാപ്പാ പ്രത്യേകം അനുമോദിച്ചു. നവവിശുദ്ധരുടെ മാധ്യസ്ഥശക്തിയാൽ അവരവരുടെ രാജ്യത്തെ പ്രേഷിത ചൈതന്യത്തിൽ പുത്തന്‍ ഉണർവ്വുണ്ടാകട്ടെയെന്നും അന്നാട്ടിലെ ജനങ്ങള്‍ക്ക് വിശിഷ്യാ ക്രൈസ്തവര്‍ക്ക് നവവിശുദ്ധരുടെ ജീവിതമാതൃക പ്രചോദനമാകട്ടെയെന്നും ആശംസിച്ചു.

വിശുദ്ധ നാട്ടില്‍നിന്നുമുള്ള  വാഴ്ത്തപ്പെട്ട സിസ്റ്റര്‍ മരിയ അല്‍ഫൊന്‍സീന ‍ഡാനില്‍ ഗട്ടാസ്, (1843-1927). പരിശുദ്ധ ജപമാലയുടെ ജരുസലേമിലെ സഹോദരികളുടെ സഭസ്ഥാപകയാണ്. അന്നാട്ടില്‍നിന്നു തന്നെയുള്ള വാഴ്ത്തപ്പെട്ട ക്രൂശിതനായ ക്രിസ്തുവിന്‍റെ സിസ്റ്റര്‍ മിറിയം (1846-1878) വിശുദ്ധനാട്ടില്‍ വിരിഞ്ഞ സഭയുടെ കര്‍മ്മല പ്രേഷിതയാണ് മൂന്നാമതായി, ഫ്രഞ്ചു സ്വദേശിനി വാഴ്ത്തപ്പെട്ട ജൊവാന്നി എമീലിയ ദെ വിലനോവെ (1811-1854). അമലോത്ഭവ നാഥയുടെ നാമത്തില്‍ അതുര ശുശ്രൂഷയ്ക്കായി തുടക്കമിട്ട സന്ന്യാസിനീ സഭയുടെ സ്ഥാപകയുമാണ് (Congregation of the Sisters of the Immaculate Conception). അമലോത്ഭവ നാഥയുടെ വാഴ്ത്തപ്പെട്ട മരിയ ക്രിസ്തീന (1856-1906) ദിവ്യകാരുണ്യ നാഥന്‍റെ സഹോദരിമാരുടെ സഭാസ്ഥാപകയാണിത്. മരിയ ക്രിസ്തീന ഇറ്റലിയിലെ നേപിള്‍സ് സ്വദേശിനിയാണ്.

നവവിശുദ്ധരുടെ ക്ഷമയുടെയും സ്നേഹത്തിന്‍റെയും ജീവിതമാതൃകയും ഉപവി പ്രവർത്തനങ്ങളും, അനുരഞ്ജനമാതൃകയും ആ ദേശത്തുള്ള ജനങ്ങളെ പ്രത്യാശയോടെ ഭാവിയെ ഉറ്റുനോക്കിയും ഐക്യദാർഢ്യത്തിലും ജീവിക്കാൻ സഹായിക്കും എന്നതിൽ സംശയമില്ലെന്നും പാപ്പാ പ്രസ്താവിച്ചു.

മെയ് 16-ാം തിയതി ശനിയാഴ്ച ഇറ്റലിയില്‍ വെനീസിലെ ധന്യനായ വൈദികന്‍ ലൂയി കബുര്‍ലോത്തോ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ട കാര്യം പാപ്പാ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.

തുടര്‍ന്ന് ജനോവ അതിരൂപതിയില്‍നിന്നും സ്ഥൈര്യലേപനം സ്വീകരിച്ച് തീര്‍ത്ഥടകരായി എത്തിയ യുവജനങ്ങളെയും അവരുടെ വൈദികരെയും അദ്ധ്യാപകരെയും പാപ്പാ പ്രത്യേകം അഭിനന്ദിച്ചു.

വിശുദ്ധനായ ജോണ് പോൾ പാപ്പാ ചെക്ക് റിപ്പബ്ലിക്കിലേയ്ക്ക് നടത്തിയ ചരിത്ര സന്ദര്‍ശനത്തെ അനുസ്മരിച്ചുകൊണ്ട് അവിടത്തെ സ്വാതി സ്കോപ്ജെ കത്തീ‍‍ഡ്രല്‍ ദേവാലയത്തില്‍ സംഗമിച്ചിരിക്കുന്ന തീർത്ഥാടകരെയും വിശ്വാസസമൂഹത്തെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

സഭയുടെ അമ്മയും വിശുദ്ധരുടെ രാജ്ഞിയും ക്രൈസ്തവര്‍ക്ക് മാതൃകയുമായ കന്യകാനാഥ ഏവരെയും മാതൃവത്സല്യത്താല്‍ കടക്ഷിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.