2015-05-17 19:56:00

ഉത്ഥിതന്‍റെ സാക്ഷൃമാണ് നവവിശുദ്ധരുടെ ജീവിതാര്‍പ്പണമെന്ന് പാപ്പാ ഫ്രാന്‍സിസ്


മെയ് 17-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ അനുഷ്ഠിച്ച പ്രത്യേക തിരുക്കര്‍മ്മങ്ങളില്‍ പാപ്പാ ഫ്രാന്‍സിസ് നാലു പുണ്യാത്മാക്കളെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തി. ദിവ്യബലിമദ്ധ്യേ നല്കിയ സുവിശേഷ ചിന്തയുടെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:

അപ്പസ്തോല കൂട്ടായ്മയിലും ക്രൈസ്തവ കൂട്ടായ്മയിലും നാം പങ്കുചേരുന്നത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന് സാക്ഷ്യമേകിക്കൊണ്ടാണ് (അപ്പസ്തോല നടപടി 1, 21-23). ആദിമ സഭയിലേയ്ക്ക് മത്തിയാസ് എന്ന വിശ്വാസിയെ പത്രോസ്ലീഹ അംഗമായി സ്വീകരിച്ചത് ഇങ്ങനെയാണ്. അദ്ദേഹം ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിന്‍റെ തീക്ഷ്ണത നിറഞ്ഞവനായിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതം ഉത്ഥിതന്‍റെ സ്നേഹസാക്ഷ്യവുമായിരുന്നു. ഉത്ഥിതനെക്കുറിച്ച് ആദിമ ക്രൈസ്തവര്‍ നല്കിയ, വിശിഷ്യാ അപ്പസ്തോലന്മാര്‍ നല്കിയ സജീവവും ഊര്‍ജ്ജിതവുമായ സാക്ഷൃമാണ് സഭയില്‍ കൂടുതല്‍ വിശ്വാസികളെ നേടിയത്. ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍നിന്നുമാണ് ക്രൈസ്തവ സമൂഹങ്ങള്‍ വളര്‍ന്നതും, പിന്നെയും അവ നിരന്തരമായി വളര്‍ന്നുകൊണ്ടിരിക്കുന്നതും. അങ്ങനെ നമ്മുടെ വിശ്വാസം ഗാഢമായും ഉത്ഥിതനായ ക്രിസ്തുവില്‍ അടിയുറച്ചിരിക്കുന്നു. നൂറ്റാണ്ടുകളെ ആശ്ലേഷിക്കുന്ന ക്രിസ്തുസാക്ഷൃത്തിന്‍റെ ശൃംഖല ഈ ലോകത്ത് യാഥാര്‍ത്ഥ്യമാകാന്‍ അപ്പോസ്തോലന്മാരില്‍ നിന്നെന്നപോലെ തുടര്‍ക്കാലത്ത് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ വളര്‍ന്നുവന്ന ക്രൈസ്തവ സമൂഹങ്ങളും കാരണമായിട്ടുണ്ട്. അതുപോലെ, ദൈവത്തെ മറന്നും, വിഭാഗീയതയില്‍ പരസ്പരം അകന്നും കലഹിച്ചും  ജീവിക്കുന്ന പരിസരങ്ങളില്‍ മനുഷ്യര്‍ ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിന് സാക്ഷികളാകാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ ക്രൈസ്തവനും.

ക്രിസ്തു സാക്ഷൃം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ നാം അവിടുത്തെ സ്നേഹത്തില്‍ വസിക്കണം. സ്നേഹത്തില്‍ ജീവിക്കുന്നവന്‍ ദൈവത്തില്‍ വസിക്കുന്നു. കാരണം ദൈവം അവനില്‍ വസിക്കുന്നു (1യോഹ. 4, 16). എന്നില്‍ വസിക്കുക, എന്‍റെ സ്നേഹത്തില്‍ വസിക്കുന്ന എന്ന ക്രിസ്തുവിന്‍റെ പ്രസ്താവം അവിടുന്ന് വിവിധ അവസരങ്ങളില്‍ ആവര്‍ത്തിച്ചിട്ടുള്ളതാണ് (യോഹ. 15, 4. 9).

1. ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ വസിച്ചു എന്നതാണ് വിശുദ്ധാത്മാക്കളുടെ ജീവിത വിജയം. മുന്തിരിത്തണ്ട് തായ്ച്ചെടിയോട് ഒട്ടിനില്ക്കുന്നതുപോലെ അവര്‍ ക്രിസ്തുവിനോടു ചേര്‍ന്ന്, അവിടുത്തേയ്ക്കായി, അവിടുന്നില്‍ ജീവിച്ചവരാണ്. അങ്ങനെ അവര്‍ ജീവിതത്തില്‍ ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും സമൃദ്ധമായ ഫലങ്ങള്‍ അണിഞ്ഞിരിക്കുന്നു.

നവവിശുദ്ധ ജൊവാന്നി ​മരിയ വിലനോവെയുടെ ജീവിതസാക്ഷ്യത്തില്‍ തിങ്ങിവിളങ്ങുന്നത് സ്നേഹമാണ്. സ്നേഹത്തില്‍ അവള്‍ തന്‍റെ ജീവിതം പാവങ്ങള്‍ക്കും, രോഗികള്‍ക്കും, ജയില്‍വാസികള്‍ക്കും, ചൂഷിതര്‍ക്കുമായി സമര്‍പ്പിച്ച് ദൈവിക കാരുണ്യത്തിന്‍റെ സ്നേഹമുള്ള പ്രതീകമായി മാറി.

2. ഉത്ഥിതനായ ക്രിസ്തുവുമായുള്ള കൂട്ടായ്മയുടെ അന്തരീക്ഷത്തിലാണ് ക്രൈസ്തവര്‍ ജീവിക്കുന്നത്. തെറ്റിദ്ധാരണകള്‍ക്കും തടസ്സങ്ങള്‍ക്കുംമദ്ധ്യേ, സുവിശേഷത്തോട് വിശ്വസ്തരായി ജീവിക്കുന്നതിനുള്ള ശക്തി അവര്‍ക്ക് ലഭിക്കുന്ന അന്തരീക്ഷവും ഇതുതന്നെയാണ് - ‘ദൈവസ്നേഹത്തില്‍ വസിച്ച വനിതയാണ് സിസ്റ്റര്‍ മരിയ ക്രിസ്റ്റീന ബ്രാ‍ന്‍ഡോ. ദൈവസ്നേഹത്തിന്‍റെ തീക്ഷ്ണതയാല്‍ കത്തിജ്വലിച്ചവളാണിത്. പ്രാര്‍ത്ഥനയില്‍നിന്നും, ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായ ക്രിസ്തുവിനോടുള്ള നിരന്തരമായ ഐക്യത്തില്‍നിന്നും സഹനം ധാരാളമായി സ്വീകരിക്കുന്നതിനും, ദൈവത്തില്‍നിന്ന് അകന്നും അലഞ്ഞും, യഥാര്‍ത്ഥ സ്നേഹം അന്വേഷിച്ചവര്‍ക്കായി മുറിക്കപ്പെടുവാന്‍ സിസ്റ്റര്‍ മരിയ ക്രിസ്റ്റീനയ്ക്കു സാധിച്ചു.

3. സഹോദരങ്ങളുമായും കൂടെയുള്ളവരുമായുമുള്ള ഐക്യം ക്രിസ്തുസാക്ഷിയുടെ സവിശേഷമായ അടയാളമാണ്. പീ‍ഡാനുഭവത്തിന്‍റെ അന്ത്യനാളുകളില്‍ തന്‍റെ സ്നേഹപാരമ്യം ക്രിസ്തു പ്രകടമാക്കി. നമ്മള്‍ ഒന്നായിരിക്കുന്നതുപോലെ പിതാവേ, അവരും ഒന്നായിരിക്കട്ടെ എന്നാണ് അവിടുന്ന് അന്ത്യത്താഴവിരുന്നില്‍ പ്രാര്‍ത്ഥിച്ചത് (യോഹ. 17, 11). പിതാവും പുത്രനും തമ്മിലുള്ള അനന്തമായ സ്നേഹമാണ് പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിലേയ്ക്കും, നമ്മുടെ ദൗത്യങ്ങളിലേയ്ക്കും ചൊരിയപ്പെടുന്നത്. അതുപോലെ ദാരിദ്ര്യത്തിന്‍റെയും അനുസരണയുടെയും ബ്രഹ്മചര്യത്തിന്‍റെയും പാതയില്‍ ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ ലഭിക്കുന്ന സന്തോഷത്തിന്‍റെ പ്രേരകശക്തിയും അവിടുന്നില്‍നിന്നു നിര്‍ഗ്ഗളിക്കുന്ന സ്നേഹം തന്നെയാണ്.

പിന്നെ ധ്യാനാത്മകമായ പ്രാര്‍ത്ഥനയില്‍ വളരുന്നതിനുള്ള ശക്തി നല്കുന്നതും ഈ സ്നേഹംതന്നെയാണ്. ദൈവസ്നേഹാനുഭവം അത്യധികമായി അനുഭവിച്ചവളാണ് നവവിശുദ്ധ പലസ്തീനയിലെ മിറിയം ബൊവാ‍ഡി. ദൈവശാസ്ത്രത്തിന്‍റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് അത് എളിയവരും പാവങ്ങളും നിരക്ഷരരുമായ  സഹോദരങ്ങള്‍ക്ക് സുവ്യക്തമായി പറഞ്ഞുകൊടുക്കുവാനും പഠിപ്പിക്കുവാനും മിറിയം ബൊവാര്‍ഡിക്കു സാധിച്ചു. ദിവ്യസ്നേഹത്താല്‍ നിറഞ്ഞ് പരിശുദ്ധാത്മാവുമായി നിരന്തരമായുള്ള സംവാദത്തിലൂടെയാണ് അവള്‍ക്ക് അതു ചെയ്യുവാന്‍ സാധിച്ചത്. അതുപോലെ പരിശുദ്ധാത്മാവിനോടുള്ള വിധേയത്വംവഴി വിശുദ്ധനാട്ടിലെ മുസ്ലീങ്ങളോടും സൗഹൃദം പുലര്‍ത്തുവാനും സംവാദത്തില്‍ ഏര്‍പ്പെടുവാനും വിശുദ്ധയ്ക്കു സാധിച്ചു.

4. നവവിശുദ്ധയായ മേരി അല്‍ഫോന്‍സീന്‍ ഡാനില്‍ ഗട്ടാസും പ്രേഷിതമേഖലയില്‍ ദൈവസ്നേഹം എപ്രകാരം പങ്കുവയ്ക്കണമെന്ന് വ്യക്തമായി മനസ്സിലാക്കുകയും അതിനെക്കുറിച്ച് നല്ല ധാരണ പുലര്‍ത്തുകയും ചെയ്തു, അതുവഴി അവള്‍ എളിമയുടെയും ഐക്യത്തിന്‍റെയും സാക്ഷിയായി ഈ ലോകത്ത് ജീവിക്കുകയും ചെയ്തു. ക്രൈസ്തവ ജീവിതത്തില്‍ നാം എപ്രകാരം മറ്റുസഹോദരങ്ങള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കണമെന്നും, എങ്ങനെ സേവനത്തിന്‍റെ പാതയില്‍ മുന്നേറണമെന്നും അവള്‍ മനസ്സിലാക്കുകയും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്തു.

ദൈവത്തിലും ദൈവസ്നേഹത്തിലും വസിച്ചതുകൊണ്ട്, ഉത്ഥിതനായ ക്രിസ്തുവിനെ വാക്കിലും പ്രവര്‍ത്തിയിലും പ്രഘോഷിക്കുക എന്നത്, സഹോദരങ്ങളോട് ഐക്യത്തിലും സ്നേഹത്തിലും ജീവിക്കുന്നതാണെന്നും വിശുദ്ധാത്മാക്കള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. പ്രകാശപൂരമായ അവരുടെ ജീവിതങ്ങള്‍ നമ്മുടെ ജീവിതങ്ങളെ വെല്ലുവിളിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു. ഞാന്‍ എങ്ങനെയാണ് ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷ്യമേകുന്നത്? ഞാന്‍ എപ്രകാരമാണ് അവിടുന്നില്‍ വസിക്കുന്നത്, അവി‌ടുന്നില്‍ ജീവിക്കുന്നത്? ത്രിത്വരഹസ്യത്തില്‍ എനിക്കു നല്കിയിട്ടുള്ള പങ്കാളിത്തം വഴി ലഭിക്കുന്ന ഐക്യത്തിന്‍റെ വിത്ത് എന്‍റെ ഭവനത്തിലും പണിസ്ഥലത്തും മുളയെടുക്കുന്നുണ്ടോ?

ഉത്ഥിതനായ ക്രിസ്തുവിന്‍റെ ദര്‍ശനഭാഗ്യം നമ്മുടെ ഭവനങ്ങളിലും ജീവിത പരിസരത്തും അനുഭവവേദ്യമാകട്ടെ! ദൈവസ്നേഹത്തില്‍ എന്നും വസിക്കുന്ന ശീലം വളര്‍ത്തിയെടുക്കാം. ഇന്ന് സഭ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയതും, സഭ നമുക്ക് മാതൃകയായി നല്കുന്നതുമായ നാലു സ്ത്രീ രത്നങ്ങളെയും അനുകരിച്ച്, നമുക്കെന്നും ക്രിസ്തുവിനോടു ചേര്‍ന്നു നില്ക്കാം.   








All the contents on this site are copyrighted ©.