2015-05-16 17:39:00

നമ്മെ സ്വര്‍ഗ്ഗോന്മുഖരാക്കാന്‍ അവിടുന്ന് സ്വര്‍ഗ്ഗാരിഹിതനായി


ശാസ്ത്രലോകത്ത് അഭൂതപൂര്‍വ്വമായ നേട്ടങ്ങളാണ് ഭാരതത്തിന് ഇന്നുമുള്ളത്.

ഇന്ത്യയുടെ എജ്യൂസാറ്റ്  Edustat എന്ന ഉപഗ്രഹ വിക്ഷേപണം ടിവിയില്‍ കണ്ടുകൊണ്ടിരുന്ന കുട്ടികളോട് അദ്ധ്യാപകന്‍ ചോദിച്ചു. ‘ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉയരുന്ന ചിന്ത എന്താണ്?’  ചിലര്‍ പറഞ്ഞു. ‘എനിക്കും പറക്കാന്‍ ആഗ്രഹമുണ്ട്.’ ഞാനും ഒരുനാള്‍ പറക്കും, സാര്‍.... ഗംഭീരമായിരിക്കുന്നു.’ മറ്റൊരാള്‍ പറഞ്ഞു. ‘മാനം മുട്ടിയുള്ള യാത്ര, സ്വര്‍ഗ്ഗയാത്ര പോലിരിക്കുന്നു.’ മറ്റൊരു മിടുക്കന്‍ പറഞ്ഞു. ‘ഒരിന്ത്യക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന്.’

ക്രിസ്തുവിന്‍റെ സ്വാര്‍ഗ്ഗാരോഹണ നാളില്‍ എന്താണ് നമ്മുടെ വികാരം?  ‘ക്രിസ്തുശിഷ്യന്‍ ആയരിക്കുന്നതില്‍  സന്തോഷിക്കുന്നു’ എന്നു പറയുവാനാകുമോ? അല്ലെങ്കില്‍, മനുഷ്യനായതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് പറയാനാകുമോ.  കാരണം, ക്രിസ്തുവിനെപ്പോലെ എല്ലാ മനുഷ്യരുടെയും അന്തിമലക്ഷൃം സ്വര്‍ഗ്ഗമാണ്, സ്വര്‍ഗ്ഗം തന്നെയാണ്. കാരണം, ബൈബിളില്‍ ദൈവത്തിനുള്ള ഒരു പര്യായപദമാണ്  സ്വര്‍ഗ്ഗം.

ഒരിക്കല്‍ നസ്രത്തിലും ജരൂസലേമിലും ഒതുങ്ങിനിന്ന മിശിഹാ ഉത്ഥാന-സ്വര്‍ഗ്ഗാരോഹണങ്ങളോടെയാണ് മനുഷ്യകുലത്തിന്‍റെ മുഴുവന്‍ നാഥനും രക്ഷകനുമായി തീരുന്നത്. ചരിത്രത്തില്‍ ക്രിസ്തുവിന്‍റെ ഈ സാര്‍വ്വലൗകികവും സാര്‍വ്വജനീനവുമായ വികാസത്തെ ആരോഹണമെന്നു വിളിക്കാം. അതിനെ സ്വര്‍ഗ്ഗാരോഹണമെന്നും വിശേഷിപ്പിക്കാം. അതിനൊരു മരണം ആവശ്യകമായിരുന്നു. ‘മരണത്തിലൂ‍‌ടെ, കുരിശുമരണത്തിലൂടെ അവിടുന്നു ദൈവമായി,’ എന്ന് പലോസ് അപ്പസ്തോലന്‍ പറയുന്നതിന്‍റെ അര്‍ത്ഥവും ഇതുതന്നെയല്ലേ.

സഭയുടെ ശിരസ്സായ ‘ക്രിസ്തു മനുഷ്യകുലത്തിന്‍റെ ആദ്യജാതനായി’ എന്നും, അവിടുന്ന് ഉത്ഥാനത്തോടെ സൃഷ്ടിയുടെ ആദ്യജാതനായെന്നും പൗലോസ് അപ്പസ്തോലന്‍ പറയുന്നതു ശ്രദ്ധിക്കുക. ഇതാണ് ഉത്ഥാന – സര്‍ഗ്ഗാരോഹണങ്ങളോടെ സംഭവിച്ചത് – ക്രിസ്തു ഒരു പ്രാപഞ്ചിക വ്യക്തിത്വമായി മാറുന്നു, ‘പ്രാപഞ്ചികനായ ക്രിസ്തു’ – എന്നു വേണമെങ്കില്‍  ഫ്രഞ്ച് താത്വികനായ തെയാര്‍‍ഡ് ദെ ഷര്‍ദെയിന്‍റെ ഭാഷയില്‍ നമുക്ക് പ്രസ്താവിക്കാം the cosmic christ.

മരണത്തോടെ ക്രിസ്തു ഈ പ്രപഞ്ചവുമായി ഒന്നായിത്തീര്‍ന്നതിനാല്‍ സൃഷ്ടിയുടെ ആദ്യജാതനായി. നസ്രത്തിലെ പരിമിതകള്‍ തകര്‍ക്കപ്പെട്ടു. ആശാരിച്ചെറുക്കന്‍റെ പരിമിതികള്‍ ഇല്ലാതായി. എന്താണ് ദൈവം? നസ്രത്തിലെ ആശാരിയെ നോക്കൂ – ഉത്തരം കിട്ടും. എന്താണ് ദൈവത്തിന്‍റെ പക്ഷം? നസ്രത്തിലെ ക്രിസ്തുവിനെ നോക്കുക. ക്രിസ്തു ആരുടെ പക്ഷം ചേര്‍ന്നുവോ അതൊക്കെത്തന്നയാണ് ദൈവത്തിന്‍റെയും പക്ഷം. ഇതിന് സാര്‍വ്വലൗകിക – സാര്‍വ്വജനീക അംഗീകാരം ദൈവം കൊടുത്തതിനെയാണ് നാം സ്വര്‍ഗ്ഗാരോഹണമെന്നു വിളിക്കുന്നത്.

ഉത്ഥാനാനന്തരം നാല്പതാംനാള്‍, പിതാവിന്‍റെ പക്കലേയ്ക്ക് ക്രിസ്തു ആനീതനായതിന്‍റെ ഓര്‍മ്മയാണ് സ്വര്‍ഗ്ഗാരോഹണം. ശിഷ്യന്മാരോട് യാത്രപറഞ്ഞ് അവിടുന്ന് ഈ ലോകത്തോട് വിടപറയുന്ന സംഭവം അപ്പോസ്തോല നടപടി പുസ്തകം രേഖപ്പെടുത്തുന്നു (നടപടി 1, 6-9).  എന്നാല്‍  ശിഷ്യന്മാര്‍ക്ക് ക്രിസ്തു അവസാനമായി നല്കിയ കല്പന സുവിശേഷകന്‍ മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് : ലോകത്തിന്‍റെ നാനാഭാഗങ്ങളിലേയ്ക്കും ഇറങ്ങി പുറപ്പെടുവാനും, സകല ജനതകളോടും സുവിശേഷം പ്രഘോഷിക്കുവാനുമുള്ള സന്ദേശമായിരുന്നു (മത്തായി 28, 16-20). ‘പോവുക,’ അല്ലെങ്കില്‍ ‘പുറപ്പെടുക’ എന്ന ക്രിസ്തുവിന്‍റെ ആഹ്വാനമാണ് സ്വര്‍ഗ്ഗാരോഹണ മഹോത്സവത്തിന്‍റെ സവിശേഷമായ സന്ദേശം, പൊരുളും അതു വെളിപ്പെടുത്തുന്ന സുവിശേഷ സത്യവും.

പിതാവിന്‍റെ പക്കലേയ്ക്ക് യാത്രയാകുന്ന ക്രിസ്തുവാണ്, ശിഷ്യന്മാരോട് ലോകത്തിന്‍റെ നാനാ അതിര്‍ത്തികളിലേയ്ക്കും ഇറങ്ങി പുറപ്പെടാന്‍ ആവശ്യപ്പെട്ടത്. ഈ ലോകത്തിലേയ്ക്ക് തന്നെ അയച്ച പിതാവിന്‍റെ പക്കലേയ്ക്കുള്ള മടക്കയാത്രയായിരുന്നു ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണം. എന്നാല്‍ ഇതൊരു വേര്‍പാടല്ല, കാരണം അവിടുന്നു മറ്റൊരു രൂപത്തില്‍ എന്നേയ്ക്കുമായി ഈ ലോകത്ത് തുടര്‍ന്നും സന്നിഹിതനാണ്. സ്വര്‍ഗ്ഗാരോഹണത്തിലൂടെ ഉത്ഥിതനായ ക്രിസ്തു ശിഷ്യന്മാരുടെ ദൃഷ്ടികളെ പിതാവിങ്കലേയ്ക്ക് തിരിച്ചതുപോലെ, നമ്മുടെയും ദൃഷ്ടികളെ സ്വര്‍ഗ്ഗോന്മുഖമാക്കുകയാണ്, പിതാവിങ്കലേയ്ക്ക് ഉയര്‍ത്തുകയാണ്. പരിശുദ്ധാരൂപിയുടെ ശക്തിയിലൂടെയും വരദാനങ്ങളിലൂടെയും ക്രിസ്തു ഇന്നും മനുഷ്യചരിത്രത്തില്‍, നമ്മുടെമദ്ധ്യേ ജീവിക്കുന്നു. നാം അവിടുത്തെ കാണുന്നില്ലെങ്കിലും അവിടുന്നു നമ്മുടെ ചാരത്തുണ്ട്!

ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം നമുക്കും ഇന്ന് അനുഭവവേദ്യമാണ്. നമ്മെ അവിടുന്നു ഇന്നും നയിക്കുന്നു. വീഴുമ്പോള്‍ കൈപിടിച്ചുയര്‍ത്തുന്നു. പിന്നെയും കൂടെ നടക്കുന്നു, പാലിക്കുന്നു. ഓര്‍ക്കുക, മനുഷ്യര്‍ പീഡിപ്പിക്കപ്പെടുകയും, പരത്യക്തരാവുകയും ചെയ്യുന്ന ഇടങ്ങളിലും, വേദനിക്കുന്ന നേരത്തും, അവരുടെ സമീപത്തും ഉത്ഥിതനായ ക്രിസ്തു സന്നിഹിതനാണ്. അങ്ങനെ “ക്രിസ്തു എന്‍റെ കൂടെയുണ്ട്. ക്രിസ്തു എന്‍റെ ചാരത്തുണ്ട്!”

ദൗത്യനിര്‍വ്വഹണത്തിനായി ക്രിസ്തു സ്ഥാപിച്ച സഭയില്‍ അവിടുത്തെ സാന്നിദ്ധ്യം അനുഭവവേദ്യമാണ്. തന്‍റെ ശിഷ്യാന്മാര്‍ക്ക് അവിടുന്ന് അവസാനമായി നല്കിയ സന്ദേശം, “നിങ്ങള്‍ ലോകമെമ്പാടും പോയി സകലരെയും ശിഷ്യപ്പെടുത്തുക,” എന്നായിരുന്നു (മത്തായി 28, 19). അത് ക്രിസ്തുവിന്‍റെ വ്യക്തവും അനിഷേധ്യവുമായ കല്പനയാണ്.

ഈ കല്പനവഴി ക്രൈസ്തവര്‍ ‘പുറപ്പാടി’ന്‍റെ സമൂഹമായി മാറുകയാണ്. സ്വര്‍ഗ്ഗോന്മുഖരായി പുറപ്പെടുന്ന സമൂഹം! അങ്ങനെ നമ്മുടെ ഈ ഭൂമിയിലെ യാത്ര ഇനിയും സഹോദരങ്ങളുമായുള്ള സ്നേഹത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും തുടരുകയാണ്.

അടച്ചുപൂട്ടി ആവൃതിയില്‍ ജീവിക്കുന്ന മിണ്ടാമഠക്കാരെ ഓര്‍ത്തുപോവുകയാണ്. ആവൃതിയില്‍ കഴിയുന്നവര്‍ ഫലശൂന്യരാണെന്നും ചിന്തിക്കുന്നവരുണ്ട്. ആവൃതിയില്‍ കഴിയുന്ന സന്ന്യസ്തര്‍ പ്രാര്‍ത്ഥനയിലൂടെ മനുഷ്യരുമായും  സഹോദരങ്ങളുമായും അനുനിമിഷം ബന്ധപ്പെട്ടിരിക്കുന്നവരാണ്. പ്രാര്‍ത്ഥനവഴി അവരുടെ ഹൃദയങ്ങള്‍ രോഗികളും നിരാലംബരുമായ മനുഷ്യജീവിതത്തിന്‍റെ മേഖലകളിലും, ഒപ്പം ആത്മീയ നിര്‍വൃതിയുടെ ദൈവിക ചക്രവാളത്തിലും നിറഞ്ഞിരിക്കുന്നു. അങ്ങനെ പ്രാര്‍ത്ഥനയിലൂടെ അവര്‍ ക്രിസ്തുവിന്‍റെ പീഡകളോടും പെസഹാരഹസ്യത്തോടും സാരൂപ്യപ്പെടുന്നു – സ്വര്‍ഗ്ഗോന്മുഖരായി, ദൈവോന്മുഖരായി ജീവിക്കാന്‍ സാഹായകമാകുന്നു.

ശിഷ്യന്മാരെ പ്രേഷിതദൗത്യം ഏല്പിച്ചുകൊണ്ട് ക്രിസ്തു പറഞ്ഞത്, “ഭയപ്പെടേണ്ട. ലോകാവസാനംവരെ ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്” (മത്തായി 28, 20) എന്നാണ്.  ക്രിസ്തുവില്ലാതെ, തനിച്ച് നമുക്കൊന്നും ചെയ്യാനാവില്ല!

പ്രേഷിത പ്രവര്‍ത്തനത്തിനാവശ്യമായ ശക്തിയും, ഉപായസാധ്യതകളും, സൗകര്യങ്ങളും ഉണ്ടായാല്‍ത്തന്നെയും, ക്രിസ്തുവിന്‍റെ അരൂപിയുടെ സാന്നിദ്ധ്യവും ചൈതന്യവുമില്ലാതെ, പ്രേഷിതവേലകള്‍ ഏറെ സംഘടിതവും കാര്യക്ഷമമായാലും, ഫലശൂന്യമാകാന്‍ ഇടയുണ്ട്. ക്രിസ്തുവിനോടൊപ്പം, അവിടുത്തെ അമ്മയായ പരിശുദ്ധ കന്യകാമറിയവും ജീവിതയാത്രയില്‍ നമ്മുടെ കൂടെയുണ്ട് നമ്മെ അനുഗമിക്കുന്നുണ്ട്,.

പിന്നെ തിരുക്കുമാരനോടൊപ്പം അമ്മ സ്വര്‍ഗ്ഗീയ ഗേഹത്തിലുമുണ്ട് – അങ്ങനെ പരിശുദ്ധ അമ്മ സ്വര്‍ഗ്ഗരാജ്ഞിയാണ്. പ്രത്യാശയുടെ അമ്മയാണ് മറിയം! ഈ അമ്മയുടെയും മകന്‍റെയും ജീവിതപാത, സ്വര്‍ഗ്ഗീയപാത നമുക്കും പിഞ്ചെല്ലാം.  ദൈവോന്മുഖരായി ജീവിക്കാം, സ്വാര്‍ഗ്ഗോന്മുഖരായി ജീവിക്കാം.  








All the contents on this site are copyrighted ©.