2015-05-14 19:23:00

മുസ്ലീങ്ങളുമായി പ്രത്യാശയോടെ സംവാദത്തില്‍ ഏര്‍പ്പെടാം


മുസ്ലീങ്ങളുമായി ഇനിയും സംവാദത്തിന്‍റെ പാത തുറക്കണമെന്ന്, മതാന്തരസംവാദങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തവന്‍, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി തുറാന്‍ പ്രസ്താവിച്ചു.

മാര്‍ച്ച് 14-ാം തിയതി വ്യാഴാഴ്ച സ്വിറ്റ്സര്‍ലണ്ടിലെ സെന്‍റ് മാവുരൂസില്‍ സംഗമിച്ച യൂറോപ്പിലെ മെത്രാന്‍സമിതികളു‌ടെ മതാന്തരസംവാദത്തിനായുള്ള സമിതികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കര്‍ദ്ദിനാള്‍ ടുറാന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

ഇസ്ലാമിക തീവ്രവാദികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിക്രമങ്ങള്‍ അഴിച്ചുവിടുന്നുണ്ടെങ്കിലും, ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം സഹോദരങ്ങള്‍ അക്രമത്തിനും മതവിദ്വേഷത്തിനും എതിരാണെന്നും, സംവാദത്തിന്‍റെ മാര്‍ഗ്ഗങ്ങളിലൂ‌ടെ ഇനിയും സമാധാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും അവസ്ഥ ലോകത്ത് പുനഃസ്ഥാപിക്കാനാകുമെന്ന പ്രത്യാശ കൈവെടിയരുതെന്ന് കര്‍ദ്ദിനാള്‍ ടുറാന്‍ സമ്മേളനത്തില്‍ പങ്കുവച്ചു. ഇസ്ലാമിക ജിഹാദികള്‍ അ‌ടുത്ത കാലത്ത് യൂറോപ്പിലേയ്ക്ക് കുടിയേറിയതും വിവിധ സ്ഥലങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചതും ജനങ്ങളില്‍ ഭീതിയും വിദ്വേഷവും ഉണര്‍ത്തുന്നുണ്ടെങ്കിലും, പീ‍ഡനങ്ങള്‍ക്കിടയിലും സംവാദത്തിന്‍റെ ശൈലിയില്‍ മാത്രമേ പ്രത്യാശയ്ക്ക് വഴിതുറക്കാനാവൂ എന്ന് കര്‍ദ്ദിനാള്‍ ടുറാന്‍ പ്രസ്താവിച്ചു.

യൂറോപ്പില്‍ വളര്‍ന്നു വരുന്ന ഇസ്ലാംഭീതി ഇല്ലായ്മചെയ്യുന്ന പ്രക്രിയയില്‍ ഭൂഖണ്ഡത്തില്‍ പാര്‍ക്കുന്ന മുസ്ലിം സഹോദരങ്ങളാണ് മുന്നോട്ടു വരേണ്ടതെന്നും, അങ്ങനെ മതത്തിന്‍റെ മറയില്‍ അതിക്രമങ്ങളും കൂട്ടക്കുരുതിയും നടത്തുന്നവരെ കൈകാര്യം ചെയ്യാന്‍ മുസ്ലിം സഹോദരങ്ങള്‍ക്കും അവരുടെ സമൂഹത്തിനും സാധിക്കുമെന്നാണ് കര്‍ദ്ദിനാള്‍ ടുറാന്‍റെ പ്രത്യശ. സംവാദത്തിന്‍റെ പാതിയില്‍ ഒരു വ്യക്തിക്ക് യൂറോപ്യനും മുസ്ലിമും ആയിരിക്കാന്‍ ഒരേസമയം സാധിക്കുമെന്നാണ് കര്‍ദ്ദിനാള്‍ ടുറാന്‍റെ വാദം.

യൂറോപ്പിലെ ഇസ്ലാമിക ഭീതിയെയും മുസ്ലിങ്ങളുമായുള്ള സംവാദത്തെയും കുറിച്ചു പഠിക്കുന്ന യൂറോപ്പിലെ മെത്രാന്‍ സമിതികളുടെ പ്രതിനിധി സമ്മേളനം മെയ് 15 വെള്ളിയാഴ്ചവരെ തുടരും.   








All the contents on this site are copyrighted ©.